rajasooyam

Saturday, December 18, 2010

REIMBURSEMENT

-ബിആര്‍ അറിഞ്ഞായിരുന്നോ?
-എന്താണ് കണ്ണാ?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്റെ ട്യൂഷന്‍ഫീ റീയിംബേഴ്‌സ്‌മെന്റ് ബില്ല് ഓഈ സെക്ഷന്‍ ഒബ്‌ജെക്റ്റ് ചെയ്തു.
(കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കഥ അന്യത്ര പ്രതിപാദിച്ചിട്ടുണ്ട്.
വടക്കേ ബസ്സ്റ്റാന്റില്‍ ചെന്നാല്‍ കിട്ടും അന്യത്രയ്ക്കുള്ള ബസ്സ്.
വട്ടണാത്ര കഴിഞ്ഞ് നെക്സ്റ്റ് സ്റ്റോപ്പാണ്.)
-അസംഭവ്യം. അസംഭവ്യം. ചരിത്രത്തില്‍ ഇതേ വരെ ആരുടേയും ട്യൂഷന്‍ ബില്ല്
ഒബ്‌ജെകറ്റ് ചെയ്ത സംഭവമുണ്ടായിട്ടില്ല.
-പക്ഷേ ഓരോന്നിനും അതിന്റേതായ പ്രൊസീജ്യറുണ്ടല്ലൊ ബിആര്‍. അത് വയലേറ്റ്
ചെയ്താല്‍ പിന്നെ എന്തു ചെയ്യും?
-അതിന് ഇവിടെ വയലേറ്റ് ചെയ്യാന്‍ എന്തിരിക്കുന്നു. പേമെന്റ് നടത്തിയതിന്റെ
റെസീറ്റുകള്‍ കൃത്യമായി പ്രൊഡ്യൂസ് ചെയ്താപ്പോരേ?
-കൃത്യമായി അതുതന്നെയാണ് കൃഷ്‌ണേട്ടന്‍ ചെയ്യാതിരുന്നതും.
-ഒന്നു മനസ്സിലാവണ ഭാഷയില്‍ പറയൂ കണ്ണാ.
-ദാ, ബിആര്‍ ഈ റെസീറ്റൊന്ന് വായിച്ചുനോക്ക്. എന്നിട്ട് പറയൂ ഓഈക്കാര്‍
ചെയ്തത് തെറ്റോ ശെരിയോ എന്ന്. ഇതാണ് ട്യൂഷന്‍ ഫീ റീയിംബേഴ്സ്മെന്റ് ബില്ലിനൊപ്പം
കൃഷ്‌ണേട്ടന്‍ പ്രൊഡ്യൂസ് ചെയ്തത്.

റെസീറ്റില്‍ എഴുതിയിരുന്നത് ഇതായിരുന്നു:
1 കോഴി 2.530 Kg x 58 = 146
cutting charge = 5
പൊതി = 2
ആകെ = 153 !!!

*****


ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണന്‍ പറഞ്ഞത് അപ്പാടെ വിഴുങ്ങാന്‍ ബിആര്‍ തയ്യാറായിരുന്നില്ല.
കണ്ണനല്ലേ ആള്. ഇന്നതേ പറയുള്ളൂന്ന് ല്ല്യ.
അതുകൊണ്ട് അസോസിയേഷന്‍ ഹാളില്‍ വെച്ച് കൃഷ്ണനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-കൃഷ്ണാ, നമ്മടെ കണ്ണന്‍ ഏതാണ്ടൊക്കെ പറഞ്ഞുനടക്കണ് ണ്ടല്ലൊ. സംഗതി
ശെരിയാണോ?
-ഓ.........ഈ കണ്ണനെക്കൊണ്ട് തോ....റ്റു. അത് നാട്ടില് മുഴുവന്‍ പാട്ടാക്കി. അല്ലേ.
-അതു പോട്ടെ. ആക്ച്വലി എന്താണുണ്ടായത്?
-അത് എനിക്ക് ചെറിയൊരു മിസ്റ്റേക്ക് പറ്റിയതാണ് ബിആര്‍.
-ച്ചാല്‍?
-മറ്റേ ബില്ലിന്റെ കൂടെ വെക്കേണ്ട റെസീറ്റ് ഈ ബില്ലിന്റെ കൂടെ വെച്ചു.
-അത് ശെരി. ഏതായിരുന്നു മറ്റേ ബില്ല്?
-മെഡിക്കല്‍ റീയിംബേഴ്‌സ്‌മെന്റ് ബില്ല് !!!

1 comment: