rajasooyam

Friday, December 10, 2010

രാധേടെ ധ

അതിഖര-ഖോഷാക്ഷരങ്ങളോട് എന്തെന്നില്ലാത്ത കമ്പമാണ് നമ്പൂരാര്‍ക്ക്.
ഉദാഹരണത്തിന് നമ്മള്‍ സാധാരണക്കാര്‍ സമ്പവം എന്നു പറയുമ്പോള്‍ സംഭവം എന്നേ നമ്പൂരിമാര്‍ പറയൂ. അതുപോലെ കതകളിക്ക് കഥകളിയെന്നും പാടകത്തിന് പാഠകമെന്നും നാനാര്‍ത്തത്തിന് നാനാര്‍ത്ഥമെന്നും അബ്യാസത്തിന് അഭ്യാസമെന്നുമാണ് തിരുമേനിമാര്‍ പറയുക.
ഇനി കാര്യത്തിലേക്ക് കടക്കാം.
നമ്മുടെ പാച്ചുനമ്പൂരി (എന്‍.ബി.പരമേശ്വരന്‍) ഏതോ പി എഫ് സെക്ഷനില്‍ ജോലി ചെയ്യുന്ന കാലം.
ഒരുദിവസം തിരുമേനി പുറത്തുപോയി തിരിച്ചുവന്നപ്പോള്‍ സെക് ഷനിലുള്ളവര്‍ പറഞ്ഞു:
-പാച്ചൂനെ ആപ്പീസറന്വേഷിക്കണ് ണ്ട്
-ഉവ്വ്വോ? ആരാണാവോ ആപ്പീസറ്?
-രാധ മേഡം.
-എം.സി. രാധയാണോ?
-അല്ല. മെയിനാപ്പീന്നു വന്ന രാധയാണ്.
-ആളെ ഞാന്‍ അറിയില്ലല്ലൊ.
-അതിനെന്താ. ക്യാബിനുമുമ്പില്‍ പേരെഴുതിവെച്ചിട്ടില്ലേ.
-അ: അത് ശെരിയാണല്ലൊ.
മുണ്ട് മാടിക്കെട്ടി, കൈ രണ്ടും പതിവുപോലെ പുറകില്‍ കെട്ടി എന്‍ ബി രാധസാറിന്റെ ക്യാബിന്‍ ലക്ഷ്യമാക്കി നടന്നു...
ക്യാബിനു മുന്നില്‍ രണ്ട് ബോര്‍ഡുകള്‍ ഞാന്നുകിടന്നൂയലാടുന്നുണ്ട്. ഒന്നൊരു രാധ. പിന്നെയൊരു ഗീത. ദൈവം സഹായിച്ച് രണ്ടാളേയും തിരുമേനിക്കറിയില്ല! രണ്ടു പേരും തിരുവനന്തപുരത്തുകാരാണ്.
മടക്കിക്കുത്തിയ മുണ്ട് അഴിച്ചിടാതെതന്നെ വളരെ പ്രയാസപ്പെട്ട് ഹാഫ്‌ഡോറിനടിയിലൂടെ തിരുമേനി അകത്തുകടന്നു. നോക്കുമ്പോള്‍ രണ്ടാപ്പീസര്‍മാരും അവരവരുടെ കസേരയിലിരുന്ന് ഉറക്കം തൂങ്ങുകയാണ്. (പാവങ്ങള്‍. ട്രെയിനിലെ ഉറക്കം ശെരിയായിട്ടുണ്ടാവില്ല. തിരുമേനി മനസ്സില്‍ പറഞ്ഞു.)
അനന്തരം പുറകില്‍നിന്നും ഇടതുകൈ അഴിച്ചെടുത്ത് കൈപ്പത്തിയിലെ ചെറുവിരലൊഴികെ മറ്റെല്ലാം മടക്കി ചെറുവിരല്‍ ചൂണ്ടി റിസ്റ്റ് മേലോട്ടും കീഴോട്ടും ചലിപ്പിച്ച് തനി നമ്പൂരിശ്ശൈലിയില്‍ തിരുമേനി ചോദിച്ചു:
'' അപ്പൊഴേയ് ഇതിലാരാ രാ... ?''
തിരുമേനീടെ കേട്ടതും ഉറക്കം തൂങ്ങുകയായിരുന്ന രാധസാറ് ധീംതരികിടധോം എന്ന് നിലംപതിച്ചതും ഒന്നിച്ചായിരുന്നു !!!

No comments:

Post a Comment