rajasooyam

Friday, December 10, 2010

ത്യാഗം

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, താങ്കളൊരു സത്യകൃസ്ത്യാനിയാണല്ലൊ അല്ലേ?
-ബീആറിന് എന്താണ് തോന്നുന്നത്?
-ഇതുവരെ മറിച്ച് തോന്നിയിട്ടില്ല. മാത്രമല്ല, കത്തോലിക്കാസഭയുടെ ചരിത്രമെഴുതുമ്പോള്‍ അതില്‍ മാന്യമായൊരു സ്ഥാനം താങ്കള്‍ക്കുണ്ടാവുമെന്നും ഞാന്‍ കരുതുന്നു.
-അയാം ഓണേഡ്.
-അവിടം കൊണ്ടവസാനിക്കുന്നില്ല. ഒരാര്‍ച്ച്ബിഷപ്പാവാനുള്ള യോഗ്യതയും ഞാന്‍ താങ്കളില്‍ ദര്‍ശിക്കുന്നു.
-അതെന്താമ്പേ?
-ഒരു വളവ്!
-രക്ഷപ്പെട്ടു. വിളവെന്നു പറഞ്ഞില്ലല്ലൊ! ആട്ടെ, ഇപ്പോഴത്തെ ഈ ചോദ്യോത്തരപംക്തിയുടെ പ്രസക്തിയെന്താണ്?
-ഞാനൊന്നു കേട്ടു?
-എന്ത് കേട്ടു.
-നൂറ് ശതമാനം സത്യകൃസ്ത്യാനിയും കര്‍ത്താവിന്റെ കുഞ്ഞാടും മറ്റുമായ താങ്കള്‍ ഇടവകക്കാര്‍ വെള്ളിത്താലത്തില്‍ വെച്ചുതന്ന അമ്പാഘോഷക്കമ്മറ്റി ചെയര്‍മാന്‍ സ്ഥാനം നിരസിച്ചു എന്ന്.
-അത് ശെരിയാണ്.
-എങ്കില്‍ അതിന്റെ കാരണം പറയൂ. അല്‍മായരൊരു കാര്യം പറഞ്ഞാല്‍ അത് അക്ഷരം പ്രതി അനുസരിക്കാനുള്ള ബാധ്യത ഒരു സത്യകൃസ്ത്യാനിയായ താങ്കള്‍ക്കില്ലേ?
-അതങ്ങ് പള്ളീപ്പോയി പറഞ്ഞാ മതി. വേല വില്‍ഫിയോട് വേണ്ട. ഇത് കളി വേറെ ബിആറേ.
-എനിക്കൊന്നും മനസ്സിലാവുന്നില്ല. ഒന്ന് തെളിച്ച് പറ.
-അത് പിന്നെ എടവകക്കാര് എനിക്കിട്ടൊരു വേല വെക്കാന്‍ നോക്കിയതാണ്. പക്ഷേ ഞാന്‍ അതില് വീണില്ല.
-ച്ചാല്‍?
-അമ്പാഘോഷക്കമ്മറ്റിചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്താല്‍ ഉപ്പായിമാപ്ലക്ക് പറ്റിയത് എനിക്കും പറ്റും.
-സാള്‍ട്ടായിമാപ്ലക്ക് എന്ത് പറ്റിയെന്നാണ്?
-അപ്പൊ ബിആര്‍ അത് ഇതുവരെ അറിഞ്ഞില്ലേ?
-ഇല്ല്യാ...
-ഉപ്പായി മാപ്ലയെപ്പോലെ സാത്വികനായ ഒരു സത്യകൃസ്ത്യാനി ഇതുവരെ ഈ ബൂമിമലയാളത്തില്‍ ഉണ്ടായിട്ടില്ല. ഇനിയൊട്ടുണ്ടാവുമെന്നും തോന്നുന്നില്ല. ബൈബിളില്‍ പറയുന്ന പത്തുകല്പനകളും അണുവിടതെറ്റാതെ അനുസരിച്ച് ജീവിച്ച വ്യക്തി. സ്വഗ്ഗസ്ഥനായ ഉപ്പായിമാപ്ല എന്നാണ് നാട്ടുകാര്‍ അദ്ദേഹത്തെ ആദരപൂര്‍വം വിളിച്ചിരുന്നത്. കാരണം അവര്‍ക്കുറപ്പായിരുന്നു ഉപ്പായിമാപ്ല മരിച്ചുകഴിഞ്ഞാല്‍ ചെല്ലുന്നത് മറ്റെങ്ങോട്ടുമാവില്ലെന്ന്. അങ്ങനെയിരിക്കെ ഒരു ദിവസം ഉപ്പായിമാപ്ലയങ്ങ് മരിച്ചു. പരലോകത്തെത്തിയ ഉപ്പായി നേരെ സ്വര്‍ഗ്ഗത്തിന്റെ പടിവാതിലിലേക്ക് വെച്ചുപിടിക്കുകയാണ്. അന്നേരം പിന്നില്‍നിന്നൊരാള്‍ കൈകൊട്ടി വിളിച്ചു.
-ഏത് ദുഷ്ടനാണ് പിന്‍ വിളിവിളിച്ചത്?
-അത് വി. പത്രോസായിരുന്നു.
-അതാര്?
-ആളുകള്‍ മരിച്ച് പരലോകത്ത് ചെല്ലുമ്പോള്‍ ബയോഡാറ്റ പരിശോധിച്ച് അവരെ സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ ഡയരക്റ്റ്‌ചെയ്ത് വിടുന്നയാള്‍.
-അത് ശെരി. എന്തിനാണ് വി. പത്രോസ് ഉ. മാപ്ലയെ വിളിച്ചുനിര്‍ത്തിയത്?
-ധൃതികൂട്ടാതെ ബിആര്‍. വി.പത്രോസും ഉ.മാപ്ലയും തമ്മിലുണ്ടായ സംഭാഷണം ഞാന്‍ ചുരുക്കിപ്പറയാം:
'മൂപ്പില്‍സ് ഇതെവിടെപ്പോവാ വാണം വിട്ടപോലെ?''
'സ്വര്‍ഗ്ഗത്തിലേക്ക്''
'അങ്ങനെ ഏത് അണ്ടനും അടകോടനും ഇടിച്ചുകയറിപ്പോകനുള്ളതല്ല സ്വര്‍ഗ്ഗം. കാര്‍ന്നോരവിടെ നില്ല്. ഞാന്‍ ബയോഡാറ്റയൊന്ന് പരിശോധിക്കട്ടെ''
'വെറുതേ സമയം കളയണ്ടാ വി. പത്രോസേ'' ഊറിച്ചിരിച്ചുകൊണ്ട് ഉപ്പായിമാപ്ല മനസ്സില്‍ പറഞ്ഞു.
ബയോഡാറ്റ പരിശോധിച്ച വി.പത്രോസിന് ആകപ്പാടെ സംശയമായി. നൂറില്‍ നൂറ്റൊന്ന് മാര്‍ക്കാണ് ദൈവം ഉപ്പായി മാപ്ലക്ക് കൊടുത്തിരിക്കുന്നത്. അതേ സമയം അലോട്ട്‌മെന്റ് കോളത്തില്‍ എഴുതിയിരിക്കുന്നത് നരകം എന്നും! അതെങ്ങനെ സംഭവിക്കും? ഇനി ദൈവത്തിന് തെറ്റുപറ്റിയതായിരിക്കുമോ? ഏയ്, ദൈവത്തിനങ്ങനെ തെറ്റ്പറ്റില്ലല്ലൊ. ഒടുവില്‍ ഉ.മാപ്ലേടെ ബയോഡാറ്റ ഒന്നുകൂടി അരിച്ചുപെറുക്കാന്‍ തന്നെ തീരുമാനിച്ചു വി. പത്രോസ്. അങ്ങനെ അരിച്ചുപെറുക്കുന്നതിനിടയിലാണ് മാര്‍ക്കിട്ടിരിക്കുന്നതിന്റെ അടുത്തായി തീരെ ചെറിയ ഒരു നക്ഷത്രചിഹ്നം കിടക്കുന്നത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്. പേജിന്റെ അടിയിലായി സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണാവുന്ന തരത്തില്‍ ഇങ്ങനെയൊരു എക്സ്പ്ലനേഷനുമുണ്ടായിരുന്നു : നൂറില്‍ നൂറ്റൊന്ന് മാര്‍ക്കുണ്ടെങ്കിലും ഇയാളെ നരകത്തിലേക്കയക്കണം. കാരണം, കഴിഞ്ഞ ഇരുപത്തഞ്ചുവര്‍ഷമായി ഇയാള്‍ നാട്ടിലെ അമ്പാഘോഷക്കമ്മറ്റിയുടെ ചെയര്‍മാനാണ്.
- അതെങ്ങനെ അയോഗ്യതയാവും ? എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലൊ ആന്റണ്‍ വില്‍ഫ്രഡ്.
-ഈ ബിആറിതേതുലോകത്താണ്? അമ്പുപെരുന്നാളെന്നുപറഞ്ഞാല്‍ എന്താണെന്നാ വിചാരിച്ചേ?
-പുണ്യശ്ലോകനായ വി. സെബസ്റ്റിയാനോസിന്റെ തിരുനാള്‍.
-പുസ്തകപ്രകാരം അത് ശെരിയാണ്. ബട്ട്, പ്രാക്റ്റിക്കലി, നസ്രാണികളായ നസ്രാണികള്‍ക്കൊക്കെ കള്ള്കുടിക്കാനും തല്ലുപിടിക്കാനും വാളു വെക്കാനും വാഴവെട്ടാനും കുത്തിമറിയാനും കാന നിറക്കാനുമുള്ള ഒരു ദിവസമായിട്ടാണ് അത് കൊണ്ടാടപ്പെടുന്നത്....ഈ കോപ്രായങ്ങള്‍ക്കൊക്കെ പത്തിരുപത്തഞ്ചുവര്‍ഷം ആദ്ധ്യക്ഷം വഹിച്ചതിനാണ് ജീവിതത്തില്‍ ഒരു തുള്ളി കള്ളുപോലും കുടിക്കാത്ത പാവം ഉപ്പായിമാപ്ല ശിക്ഷിക്കപ്പെട്ടത്! അപ്പൊപ്പിന്നെ ഞാനെന്തിനാ വെറുതെ വടികൊടുത്ത് അടി വാങ്ങണത്. പണ്ടാരാണ്ട് പറഞ്ഞതുപോലെ വേലീമ്മെക്കെടക്കണത് അവടെത്തന്നെ കെടന്നാപ്പോരേ....!!!

No comments:

Post a Comment