rajasooyam

Sunday, April 30, 2023

 

കാണും, കാണാതിരിക്കില്ല...

സഖാവ് മജീദിന്‍റെ  മകളുടെ നിക്കാഹിന് പുല്ലൂറ്റ് ഡർബാർ ഹാളിൽ ചെന്ന ബീയാർ ആദ്യം കണ്ടത് ഇരുഭാഗവും നിറഞ്ഞിരിക്കുന്ന പുരുഷാരത്തിന്‍റെ ഇടയിലൂടെ ആരെയോ അന്വേഷിച്ച് ഊളിയിട്ടുഴറിനടക്കുന്ന ആർ കണ്ണനെയാണ്!

ദെന്താ സമ്പവം? ബീയാറിന് ഒരെത്തും പിടിയും കിട്ടിയില്ല.

ഹാളിന്‍റെ മധ്യധരണ്യാഴി ഭാഗത്ത് നന്ദനും സിപ്രനും ശ്യാംകുമാറും കൂട്ടം  കൂടിയിരിപ്പുണ്ട്. അവരോട് ചോദിച്ചുനോക്കാമെന്നുകരുതി ബീയാറ് അങ്ങോട്ടുനീങ്ങി. കണ്ണന്‍റെ പരതല്‍ ചൂണ്ടിക്കാട്ടി നന്ദനോട് ചോദിച്ചു:

-ദെന്താ സമ്പവം?

-ആ. എനിക്കറിയില്ല

-സിപ്രനറിയ്വോ?

-ഞാനും കൊറേ നേരായി ശ്രദ്ധിക്കണു. നിയ്ക്കൊന്നും മനസ്സിലാവണ്‌ല്ല്യേയ്.

-ശ്യാമിനെന്തെങ്കിലും മണമടിക്കണ്‌ണ്ടോ?

-അതേയ്. പരതലിനിടയില്‍ പുള്ളിക്കാരന്‍ ചില വാക്കുകള്‍ പിറുപിറുക്കുന്നത് കേട്ടായിരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ഡെഡ്യൂസ് ചെയ്യാന്‍ പറ്റ്വോന്ന് നോക്ക്.

-എന്തായിരുന്നു പിറുപിറുപ്പ്?

-“ വിളിച്ചിട്ടുണ്ടവും. മജീദല്ലേ... വിളിക്കാതിരിക്കില്ല”

- പിന്നെയോ?

-“ വരും... വരാതിരിക്കില്ല” എന്നും പറയുന്നതുകേട്ടു.

- കഴിഞ്ഞോ?

-ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല” എന്നും പറയുന്നുണ്ട്.

നന്ദന്‍ ഇടയ്ക്ക് കയറി:

-ഇതില്‍ നിന്ന് ബീയാറിന്‌ എന്തെങ്കിലും ക്ലൂ കിട്ടുന്നുണ്ടോ?”

-അയാം സോറി, മൈ ഡിയര്‍ വാട്സണ്‍

-എന്നാപ്പിന്നെ ഒരു കാര്യം ചെയ്യ്. ബീയാര്‍ തന്നെ നേരിട്ട് ചോദിയ്ക്ക്.

-അത് വേണോ?

-തീര്‍ച്ചയായും വേണം. കണ്ണന്‌ ബീയാറിനോട് ഒരു മൃദുമൂല അഥവാ സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അതുകൊണ്ട് പറയും. പറയാതിരിക്കില്ല.

അടുത്ത റൗണ്ടില്‍ അടുത്തൂടെ പോയപ്പോള്‍ ബീയാര്‍ കണ്ണന്‍റെ ചെവിയില്‍ ക്ലിപ്പിട്ടു. പിന്നെ ചോദിച്ചു:

-ദെന്താ സമ്പവം?

-ഞാന്‍ ഒരാളെ തേടിനടക്കുകയാണ്‌ ബീയാര്‍. ആളെ മജീദ് വിളിച്ചിട്ടുണ്ടാവും. വിളിക്കാതിരിക്കില്ല. ആള്‍ ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല.

-ആള്‍ടെ പേര്‌ പറയൂ കണ്ണശ്ശാ.

-പേര്‌ തപന്‍ സെന്‍ !!!

Monday, April 24, 2023

 

ഗൂഗ് ള്‍ മേപ്പ്

 


 

സഖാവ് മജീദ് ബീയാറിനയച്ചുതന്ന ഒരു ഗൂഗ്ള്‍ മേപ്പാണ്‌ ചിത്രത്തില്‍ കാണുന്നത്; സഖാവിന്‍റെ മകള്‍ ഫെമിനയുടെ നിക്കാഹ് നടക്കുന്ന  കൊടുങ്ങല്ലൂര്‍ ഡര്‍ബാര്‍ ഹാളിന്‍റെ ലൊക്കേഷന്‍ കൃത്യമായി കാണിക്കുന്ന മേപ്പ് . അതില്‍ ചുവന്ന അടയാളത്തില്‍ കാണുന്നതാണ്‌ ഡര്‍ബാര്‍ ഹാള്‍. ശ്രദ്ധിക്കുക, പച്ചയല്ല. (ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏതാണ്ട് ഓരം ചേര്‍ന്നാണ്‌ ഹാളിന്‍റെ കിടപ്പ്. തൊട്ടടുത്താണ്‌ കനോലി കായല്‍. അതുവഴി പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ എളുപ്പമാണ്‌. ഒരു ഉരുവില്‍ കേറി കാറ്റിന്‍റെ ഗതി നോക്കി പോയാല്‍ മതി. പെട്ടെന്നെത്തും).

ഈ മേപ്പ് കൈവശമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കും ഹാളിലേയ്ക്കുള്ള വഴിയന്വേഷിച്ച് ചുറ്റിത്തിരിയേണ്ടിവരില്ല. ചോയ്ച്ച് ചോയ്ച്ച് പോകേണ്ട ആവശ്യവും വരില്ല. അതുകൊണ്ട് ഇത് വായിക്കുന്നവരൊക്കെ മാക്സിമം ഷെയര്‍ ചെയ്യുക.

ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ!

Friday, March 31, 2023

 

സംഘാടനപാടവം

 

സമാധാനപൂര്‍ണ്ണവും സന്തോഷപ്രദവുമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതത്തിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ സീയാര്‍ ബാബു വളരെ നേരത്തേതന്നെ തുടങ്ങിയിരുന്നുവെന്നാണ്‌ മാള സഹായമെത്രാന്‍ അന്‍റോണിയോ വില്‍ഫ്രെഡ് ഗ്രാംഷി ആശംസാപ്രസംഗത്തില്‍ പറഞ്ഞത്. അതിന്‌ ഉപോല്‍ബലകമായി ഒരു സംഭവവും പറഞ്ഞു. അത് ഏതാണ്ട് ഇപ്രകാരം:

ശ്രീകുമാറും ഹരിയും മജീദും മറ്റും വെരകിനടക്കുന്നിടത്തോളം കാലം തനിക്ക് രാഷ്ട്രീയ രംഗത്തും പെന്‍ഷന്‍സംഘടനാ രംഗത്തും സ്ഥാനമൊന്നും കിട്ടാന്‍ സാധ്യതയില്ലെന്നുറപ്പിച്ച ബാബു

(നാക്കുപിഴകാരണമാണെന്നുതോന്നുന്നു, ബാബുഎഴുത്തച്ഛന്‍ എന്നാണ്‌ ഗ്രാംഷി ആദ്യം പറഞ്ഞത്. പിന്നീടത് തിരുത്തി ) കളമൊന്നു മാറ്റിച്ചവിട്ടി ആത്മീയരംഗത്ത് ഒരു പിടിപിടിക്കാനാണ്‌ തീരുമാനിച്ചത്. അതിന്‍റെ ആദ്യപടിയായി ബാബു ഇടവകപ്പള്ളീലെ വികാരിയച്ചനെ ചെന്നുകണ്ട് ഇംഗിതമറിയിച്ചു. അച്ചന്‌ ഇത്രളവേ സന്തോഷം വന്നുള്ളൂന്ന്ല്ല്യ. എങ്ങനെ സന്തോഷിക്കാതിരിക്കും?

കൂട്ടം തെറ്റിപ്പോയ കുഞ്ഞാടല്ലേ തിരിച്ചുവന്നിരിക്കുന്നത്? തുടക്കത്തില്‍ തന്നെ നല്ലൊരു ഉത്തരവാദപ്പെട്ട ജോലി ബാബുവിന്‌ കൊടുക്കണമെന്ന് അച്ചന്‍ തീരുമാനിച്ചു. ബാബു മികച്ച സംഘാടകനാണെന്ന് അച്ചനറിയാം. എന്തുപരിപാടിക്കായാലും ആളുകളെ സംഘടിപ്പിക്കുന്നതില്‍ ഒരു പ്രത്യേക ഇതുണ്ട് ബാബൂന്‌. ആ സംഘാടനമികവിന്നനുയോജ്യമായ ഒരു ടാസ്ക്ക് കൊടുക്കാന്‍ തന്നെ അച്ചന്‍ തീരുമാനിച്ചു. ഒരു വ്യാഴവട്ടവും ചില്വാനവും കാലം ഇടവകക്കാരെ തന്‍റെ പ്രഭാഷണപരമ്പരകൊണ്ട് പമ്പരം കറക്കിയശേഷം പ്രൊമോഷന്‍ കിട്ടി പോയ മുമ്പത്തെ വികാരിയച്ചന്‍ ഒരു ഹ്രസ്വസന്ദര്‍ശനത്തിനും പ്രഭാഷണത്തിനുമായി പള്ളിയിലേക്ക് വരുന്നുണ്ട്. പ്രസ്തുത ചടങ്ങില്‍ പരമാവധി ഇടവകക്കാരെ പങ്കെടുപ്പിക്കേണ്ട ചുമതലയാണ്‌ അച്ചന്‍ ബാബുവിനെ ഏല്‍പ്പിച്ചത്. ഓകെ. റെഡി. ബാബു അച്ചനെ തമ്പ്സപ്പ് കാണിച്ചു (നല്ല അര്‍ത്ഥത്തില്‍ തന്നെ) . ചീള്‌ കേസെന്ന് മനസ്സില്‍ പറഞ്ഞു.

സ്വിച്ചിട്ടതുപോലെയായിരുന്നു പിന്നത്തെ കാര്യങ്ങള്‍. എന്തിനും ഏതിനും ബാബു മുമ്പില്‍തന്നെയുണ്ടായിരുന്നു...

തലേന്നത്തെ അവലോകനയോഗത്തില്‍ അച്ചന്‍ ബാബൂനോട് ചോദിച്ചു:

ഏകദേശം എത്രപേര്‍ പങ്കെടുക്കും?

ബാബു പറഞ്ഞു: ഒരു ടൂ കെ പ്ലസ്. രണ്ടായിരത്തില്‍ പരം

അപ്പോള്‍ അച്ചന്‍: ലേശം കൊറയ്ക്കണോ

അപ്പോള്‍ ബാബു: വേണ്ടച്ചോ

അപ്പോള്‍ അച്ചന്‍: ഏത് ടെക്നിക്കാണ്‌ പ്രയോഗിച്ചത്?

അപ്പോള്‍ ബാബു: അതൊരു സീക്രട്ടാണച്ചോ. അച്ചന്‌ നാളെ മനസ്സിലാവും.

അച്ചന് സന്തോഷം കൊണ്ട് നില്‍ക്കാനും ഇരിക്കാനും പറ്റിയില്ല. ഒരു ഗ്ലാസ് വൈന്‍ കുടിച്ചപ്പൊ സമാധാനമായി. ഒരു ഗ്ലാസ് ബാബൂനും കൊടുത്തു. എല്ലാം ശുഭം!

പിറ്റേന്ന് നേരം വെളുത്തു. 10 മണിക്കാണ്‌ മീറ്റിങ്ങ് വെച്ചിരുന്നത്. 10-05ന്‌ വികാരിയച്ചന്‍റേയും ബാബൂന്‍റേയും അകമ്പടിയോടെ വേദിയിലെത്തിയ ഗസ്റ്റച്ചന്‍റെ കണ്ണുതള്ളിപ്പോയി. സദസ്സില്‍ ആകെയുണ്ടയിരുന്നത് ഒരേയൊരാള്‍. പള്ളീലെ കപ്യാര്‍ മാത്രം!

ക്രുദ്ധനയനങ്ങളോടെ ഗസ്റ്റച്ചന്‍ വികാരിയച്ചനെ നോക്കി. പിന്നെ ചോദിച്ചു: ഞാന്‍ വരുന്ന കാര്യം ഇടവകക്കാരെ അറിയിച്ചിരുന്നില്ലേ?

വികാരി അതീവദയനീയമായി ബാബൂനെ നോക്കി പറയൂഎന്നു പറഞ്ഞു.

ഒന്നും ഒളിച്ചുവെക്കാനറിയാത്ത ബാബു വെട്ടിത്തുറന്നു പറഞ്ഞു: അറിയിക്കാതിരിക്കാന്‍ ഞാന്‍ മാക്സിമം നോക്കിയച്ചോ. പക്ഷേ അത് എങ്ങനെയോ ലീക്കായീന്നാ തോന്നണേ !!!

Saturday, March 18, 2023

 

രാജി

 

തനിക്കിത്താന്‍ പോന്ന  ഒരു കൂറ്റന്‍ കരിങ്കല്ലിന്‍റെ ഇടനെഞ്ചിലേക്കാണ്‌ ഗുരുവിന്‍റെ അരുമശിഷ്യന്‍ സ്കൂട്ടറോടിച്ചുകേറ്റിയത്! ഇടി കഴിഞ്ഞതും  വാഹന്‍ പരിവാഹന്‍ന്‍റെ ഫ്രണ്ട് വീല്‍ അങ്ങ് മക്കത്തേക്ക്  തിരിഞ്ഞ് അഞ്ചുവട്ടം നിസ്ക്കരിച്ചു. പിന്നെ സ്റ്റക്കായി നിന്നു. അങ്ങോട്ടൂല്ല്യ ഇങ്ങോട്ടൂല്ല്യ. ഭാഗ്യവശാല്‍ അരുമയ്ക്ക് കാര്യമായൊന്നും പറ്റിയില്ല. കൈയിലേം കാലിലേം കുറച്ച് പെയിന്‍റ് പോയെന്നുമാത്രം. പക്ഷേ ഗുരുവാണ്‌ ശിഷ്യനേക്കാള്‍ ബേജാറായത്. തത്രഭവാന്‌ ഇപ്രകാരം ചിന്തിക്കാതിരിക്കാനായില്ല:

എല്ലാം മണിമണിയായി താന്‍ പറഞ്ഞുകൊടുത്തതായിരുന്നില്ലേ...വണ്ടി സ്റ്റാര്‍ട്ടാക്കിയശേഷം ക്ലച്ച് മെല്ലെ അയച്ച് ആക്സിലറേറ്റര്‍ പതിയെ റെയ്സ് ചെയ്യണം. നേരെ നോക്കി ഓടിക്കണം. അല്ലാതെ വരണോരേം പോണോരേം നോക്കി ഓടിക്കരുത്. തണ്ടല്‌ വെട്ടാമ്പാടില്ല. ഇടയ്ക്കിടെ ഹോണടിക്കണം. എന്തൊക്കെ ആയിരുന്നു. എന്നിട്ടിപ്പോള്‍  എന്തുണ്ടായി . എല്ലാം ശുദ്ധമായ പച്ചവെള്ളത്തില്‍ കഖ ഗഘ ചഛ ഞഞ വരച്ചപോലെയായില്ലേ...കല്ലിന്‍റെ കാര്യം പോട്ടേന്ന് വെക്കാം. ആര്‍ക്കോവേണ്ടി തിളക്കുന്ന സാമ്പാര്‍ എന്നു പറഞ്ഞപോലെ ആരോ എന്തിനോ വേണ്ടി അവിടെ കൊണ്ടുവന്നിട്ട ഒരു കല്ല് എന്നുവെക്കാം. പക്ഷേ അതല്ലല്ലോ കാര്യം.  പന്ത്രണ്ടേക്കര്‍ വരുന്ന (ഒരു പോയിന്‍റെങ്ങാന്‍ കൊറയേരിക്കും) ആ മുനിസിപ്പല്‍ സ്റ്റേഡിയത്തിലോ ആയതിന്‍റെ പ്രാന്തപ്രദേശത്തോ ആ ഒരു കല്ലല്ലാതെ മറ്റൊരു കല്ലിന്‍റെ പൊടിപോലുമുണ്ടായിരുന്നില്ല.  എന്നിട്ടാണ്‌ അരുമശിഷ്യന്‍ കിറുകൃത്യമായി അതിന്‍റെ നെഞ്ചിലേക്കുതന്നെ സ്കൂട്ടറോടിച്ചുകേറ്റിയത്! ഇല്ല, ഈ ശിഷ്യന്‍റെ ഗുരുവായിരിക്കാന്‍ താന്‍ യോഗ്യനല്ല...

അങ്ങനെയാണ്‌ സഖാവ് ജോസ് മാത്യു സഹരാജന്‍ നായര്‌ടെ സ്കൂട്ടറദ്ധ്യാപകന്‍ എന്ന പദവി രാജിവെക്കുന്നത്.

Tuesday, December 27, 2022

 

പിരിവിന്‍റെ മണം!

കല്യാണഹാളിന്‍റെ പടിയിറങ്ങിവരുമ്പോളാണ്‌ പടികയറിവരുന്ന ആര്‍ കണ്ണനെ കണ്ടത്.

കണ്ടയുടന്‍ കണ്ണന്‍ പറഞ്ഞു:

-ബി ആര്‍ മെയിന്‍ ഗേറ്റിലൂടെ പോകണ്ട. വേറെ വല്ല വഴിയുമുണ്ടെങ്കില്‍ അതിലേ പോവുകയാവും ബുദ്ധി.

-വൈ? ക്യോം?

-നേതാക്കന്മാരൊക്കെ അവിടെ ചുറ്റിപ്പറ്റി നിക്കണ്‌ണ്ട്. ഒരു പിരിവ് മണക്കണ്‌ണ്ട്.

-എന്തിന്‍റെ പിരിവാണ്‌?

-അവര്‍ക്ക് അങ്ങന്യൊന്നൂല്ല്യ !!!

Sunday, December 25, 2022

 

കൂട്ടിലെ കണ്ണന്‍

          (5/08)

-ഇതെന്താ പ്രകാശേ, മനുഷ്യരായാല്‍ വാക്കിനൊരു വ്യവസ്ഥയും വെള്ളിയാഴ്ചയുമൊക്കെ  വേണ്ടേ?

-അതെന്താ ബിആര്‍ അങ്ങനെ പറഞ്ഞത്?

-അസിസ്റ്റന്റ് കാഷ്യറായി പോസ്റ്റ് ചെയ്യാന്‍ പോകുന്നൂന്ന് കേട്ടപ്പോള്‍ കണ്ണന്‍ പ്രകാശിനോട് ഇവിടത്തെ ജോലിയെപ്പറ്റി അഭിപ്രായം ചോദിച്ചിരുന്നോ?

-ചോദിച്ചിരുന്നു.

-അത് ശെരി. അപ്പോള്‍ കണ്ണന്‍ പറയുന്നത് ശരിയാണല്ലേ. ഇപ്പോള്‍ ശ്വാസം വിടാന്‍ പോലും നേരമില്ലെന്നും രാവിലെ മുതല്‍ വൈകുന്നേരം വരെ കമ്പിക്കൂടിനുള്ളില്‍ കിടന്ന് നരകിക്കുകയാണെന്നുമാണ് കണ്ണന്‍ പറയുന്നത്.

-പാവം!

-പക്ഷേ പ്രകാശിനാണ് അതിന്റെ പഴി മുഴുവന്‍.

-അതെന്തിന്?

-അഭിപ്രായം ചോദിച്ചപ്പോള്‍ ഇവിടത്തെ വര്‍ക്കിന്റെ ശരിയായ ചിത്രം പറഞ്ഞുകൊടുത്തില്ലെന്നും പ്രകാശ് പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്നുമാണ് കണ്വന്‍ പറഞ്ഞുപരത്തുന്നത്.

-ശ്ശെടാ. ഞാനങ്ങനെ ആരേയും പറഞ്ഞുപറ്റിക്കാറില്ല. പറഞ്ഞ വാക്കില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. ആട്ടെ. ബിആറിന് എന്നെ വിശ്വാസമുണ്ടോ?

-സെന്റ് പെര്‍ സെന്റ്.

-എന്നാല്‍ ഞാന്‍ കണ്ണനോട് എന്താണ് പറഞ്ഞതെന്ന് ഒന്നു കേള്‍ക്കൂ. എന്നിട്ട് പറയൂ ഞാന്‍ ഫ്രാഡാണോന്ന്.

-എന്നാല്‍ പിന്നെ അപ്രകാരം തന്നെയാകട്ടെ. തത്രഭവാന്‍ കണ്വമഹര്‍ഷിയോട് എപ്രകാരമാണ് ഉരചെയ്തതെന്ന്‌വള്ളി പുള്ളി വിസര്‍ഗ്ഗം വിരാമം അര്‍ദ്ധവിരാമംകര്‍ത്താവ് കര്‍മ്മം ക്രിയ മുറ്റുവിന പറ്റുവിന വിനയച്ചം പേരച്ചം അച്ചപ്പം മുതലായവ തെറ്റാതെ ഉദ്ധരിയ്ക്കൂ.

-' കണ്ണന്‍ ധൈര്യമായി ഇങ്ങോട്ട് പോന്നോളൂ. ഇവിടത്തെ വര്‍ക്കെല്ലാം വളരെ ഈസിയാണ്. പക്ഷേ മാസത്തിലെ ആദ്യത്തെ പതിനഞ്ച് ദിവസം നമുക്ക് അല്പം ബുദ്ധിമുട്ടേണ്ടി വരും. അത് കഴിഞ്ഞുകിട്ടിയാല്‍ രക്ഷപ്പെട്ടു. പിന്നെ ഒടുവിലത്തെ പതിനഞ്ച് ദിവസമേ ബുദ്ധിമുട്ടുള്ളൂ....''!!!

 

ഗൂഗ്ലി

 (6/99)

                                             

വേള്‍ഡ്കപ്പ്ക്രിക്കറ്റ് പൊടിപൊടിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ബിആര്‍ ശ്യാംകുമാറിനോട് ചോദിച്ചു: ശ്യാം, എന്താണീ ഗൂഗ്ലി?

ശ്യാം പറഞ്ഞു: ഒരു തരം വ്യവസ്ഥയില്ലാത്ത സ്പിന്‍ബോളാണത്. അഭ്യാസിയായ കളരിപ്പയറ്റുകാരന്‍ ഓതിരം കടകം തിരിഞ്ഞ് ഈരേഴ്പതിനാല്‌കോലുയരത്തില്‍ ചാടിമറിഞ്ഞെത്തുമ്പോള്‍ താഴെ വെറും നിലത്തുനില്‍ക്കുന്ന നിരായുധനായ ഒരു നിരക്ഷരകുക്ഷി അയാള്‍ടെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്താലെങ്ങനിരിക്കും? ഗൂഗ്ലിപോലിരിക്കും! ദാ, ഇപ്പൊ ഇത് ബാറ്റ്‌സ്മാനാണെന്നു വിചാരിയ്ക്ക. ഇവിടെ പിച്ച് ചെയ്തശേഷം ഇവിടെനിന്ന് ഇങ്ങോട്ട് തിരിയുന്ന പന്തിനെ ലെഗ്‌ബ്രെയ്‌ക്കെന്ന് പറയും. നേരെ മറിച്ച് പന്ത് ഇവിടെനിന്ന് ഇവിടേയ്ക്കാണ് തിരിയുന്നതെങ്കില്‍ അതിനെ ഓഫ്‌സ്പിന്നെന്നാണ് പറയുക. ദാ, ഇങ്ങനെ എറിയുമ്പൊ ബാറ്റ്‌സ്മാന്‍ എന്താണ് വിചാരിക്കുക? ലെഗ് ബ്രെയ്ക്കാണെന്നും പന്ത് ഇവിടെ കുത്തി ഇങ്ങോട്ട് തിരിയുമെന്നും. പക്ഷേ കുറ്റി തെറിച്ചുകഴിയുമ്പോഴേ മനസ്സിലാവൂ ഓനെറിഞ്ഞത് ഓഫ്‌സ്പിന്നായിരുന്നൂന്ന്. അതാണ് ഗൂഗ്ലി.

ശ്യാമിന്റെ എക്‌സ്പ്ലനേഷന്‍ കേട്ടതും ബിആര്‍ ക്ലീന്‍ബൗള്‍ഡായി പവലിയനിലേക്ക് മടങ്ങി!

കാരണം ബിആര്‍ ഗൂഗ്ലിയെപ്പറ്റി ചോദിച്ചതും അതിന് മറുപടിയായി ഇവിടെനിന്നെറിയുമ്പോള്‍ പന്ത് ഇവിടെകുത്തി ഇങ്ങനെ തിരിഞ്ഞ് ഇതിലെ ഇങ്ങോട്ട്‌പോവുമെന്നൊക്കെ ശ്യാം പറഞ്ഞുതന്നതും ടെലിഫോണിലൂടെയായിരുന്നു!!!