ഗൂഗ്ലി
(6/99)
വേള്‍ഡ്കപ്പ്ക്രിക്കറ്റ് പൊടിപൊടിച്ചുകൊണ്ടിരിക്കെ ഒരു ദിവസം ബിആര്‍ ശ്യാംകുമാറിനോട് ചോദിച്ചു: ശ്യാം, എന്താണീ ഗൂഗ്ലി?
ശ്യാം പറഞ്ഞു: ഒരു തരം വ്യവസ്ഥയില്ലാത്ത സ്പിന്‍ബോളാണത്.
അഭ്യാസിയായ കളരിപ്പയറ്റുകാരന്‍ ഓതിരം കടകം തിരിഞ്ഞ് ഈരേഴ്പതിനാല്‌കോലുയരത്തില്‍
ചാടിമറിഞ്ഞെത്തുമ്പോള്‍ താഴെ വെറും നിലത്തുനില്‍ക്കുന്ന നിരായുധനായ ഒരു
നിരക്ഷരകുക്ഷി അയാള്‍ടെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്താലെങ്ങനിരിക്കും? ഗൂഗ്ലിപോലിരിക്കും!
ദാ, ഇപ്പൊ
ഇത് ബാറ്റ്‌സ്മാനാണെന്നു വിചാരിയ്ക്ക. ഇവിടെ പിച്ച് ചെയ്തശേഷം ഇവിടെനിന്ന്
ഇങ്ങോട്ട് തിരിയുന്ന പന്തിനെ ലെഗ്‌ബ്രെയ്‌ക്കെന്ന് പറയും. നേരെ മറിച്ച് പന്ത്
ഇവിടെനിന്ന് ഇവിടേയ്ക്കാണ് തിരിയുന്നതെങ്കില്‍ അതിനെ ഓഫ്‌സ്പിന്നെന്നാണ് പറയുക. ദാ, ഇങ്ങനെ എറിയുമ്പൊ
ബാറ്റ്‌സ്മാന്‍ എന്താണ് വിചാരിക്കുക?
ലെഗ് ബ്രെയ്ക്കാണെന്നും പന്ത് ഇവിടെ കുത്തി ഇങ്ങോട്ട് തിരിയുമെന്നും. പക്ഷേ
കുറ്റി തെറിച്ചുകഴിയുമ്പോഴേ മനസ്സിലാവൂ ഓനെറിഞ്ഞത് ഓഫ്‌സ്പിന്നായിരുന്നൂന്ന്.
അതാണ് ഗൂഗ്ലി.
ശ്യാമിന്റെ എക്‌സ്പ്ലനേഷന്‍ കേട്ടതും ബിആര്‍ ക്ലീന്‍ബൗള്‍ഡായി
പവലിയനിലേക്ക് മടങ്ങി!
കാരണം ബിആര്‍ ഗൂഗ്ലിയെപ്പറ്റി ചോദിച്ചതും അതിന് മറുപടിയായി
ഇവിടെനിന്നെറിയുമ്പോള്‍ പന്ത് ഇവിടെകുത്തി ഇങ്ങനെ തിരിഞ്ഞ് ഇതിലെ ഇങ്ങോട്ട്‌പോവുമെന്നൊക്കെ
ശ്യാം പറഞ്ഞുതന്നതും ടെലിഫോണിലൂടെയായിരുന്നു!!!
No comments:
Post a Comment