rajasooyam

Saturday, March 18, 2023

 

രാജി

 

തനിക്കിത്താന്‍ പോന്ന  ഒരു കൂറ്റന്‍ കരിങ്കല്ലിന്‍റെ ഇടനെഞ്ചിലേക്കാണ്‌ ഗുരുവിന്‍റെ അരുമശിഷ്യന്‍ സ്കൂട്ടറോടിച്ചുകേറ്റിയത്! ഇടി കഴിഞ്ഞതും  വാഹന്‍ പരിവാഹന്‍ന്‍റെ ഫ്രണ്ട് വീല്‍ അങ്ങ് മക്കത്തേക്ക്  തിരിഞ്ഞ് അഞ്ചുവട്ടം നിസ്ക്കരിച്ചു. പിന്നെ സ്റ്റക്കായി നിന്നു. അങ്ങോട്ടൂല്ല്യ ഇങ്ങോട്ടൂല്ല്യ. ഭാഗ്യവശാല്‍ അരുമയ്ക്ക് കാര്യമായൊന്നും പറ്റിയില്ല. കൈയിലേം കാലിലേം കുറച്ച് പെയിന്‍റ് പോയെന്നുമാത്രം. പക്ഷേ ഗുരുവാണ്‌ ശിഷ്യനേക്കാള്‍ ബേജാറായത്. തത്രഭവാന്‌ ഇപ്രകാരം ചിന്തിക്കാതിരിക്കാനായില്ല:

എല്ലാം മണിമണിയായി താന്‍ പറഞ്ഞുകൊടുത്തതായിരുന്നില്ലേ...വണ്ടി സ്റ്റാര്‍ട്ടാക്കിയശേഷം ക്ലച്ച് മെല്ലെ അയച്ച് ആക്സിലറേറ്റര്‍ പതിയെ റെയ്സ് ചെയ്യണം. നേരെ നോക്കി ഓടിക്കണം. അല്ലാതെ വരണോരേം പോണോരേം നോക്കി ഓടിക്കരുത്. തണ്ടല്‌ വെട്ടാമ്പാടില്ല. ഇടയ്ക്കിടെ ഹോണടിക്കണം. എന്തൊക്കെ ആയിരുന്നു. എന്നിട്ടിപ്പോള്‍  എന്തുണ്ടായി . എല്ലാം ശുദ്ധമായ പച്ചവെള്ളത്തില്‍ കഖ ഗഘ ചഛ ഞഞ വരച്ചപോലെയായില്ലേ...കല്ലിന്‍റെ കാര്യം പോട്ടേന്ന് വെക്കാം. ആര്‍ക്കോവേണ്ടി തിളക്കുന്ന സാമ്പാര്‍ എന്നു പറഞ്ഞപോലെ ആരോ എന്തിനോ വേണ്ടി അവിടെ കൊണ്ടുവന്നിട്ട ഒരു കല്ല് എന്നുവെക്കാം. പക്ഷേ അതല്ലല്ലോ കാര്യം.  പന്ത്രണ്ടേക്കര്‍ വരുന്ന (ഒരു പോയിന്‍റെങ്ങാന്‍ കൊറയേരിക്കും) ആ മുനിസിപ്പല്‍ സ്റ്റേഡിയത്തിലോ ആയതിന്‍റെ പ്രാന്തപ്രദേശത്തോ ആ ഒരു കല്ലല്ലാതെ മറ്റൊരു കല്ലിന്‍റെ പൊടിപോലുമുണ്ടായിരുന്നില്ല.  എന്നിട്ടാണ്‌ അരുമശിഷ്യന്‍ കിറുകൃത്യമായി അതിന്‍റെ നെഞ്ചിലേക്കുതന്നെ സ്കൂട്ടറോടിച്ചുകേറ്റിയത്! ഇല്ല, ഈ ശിഷ്യന്‍റെ ഗുരുവായിരിക്കാന്‍ താന്‍ യോഗ്യനല്ല...

അങ്ങനെയാണ്‌ സഖാവ് ജോസ് മാത്യു സഹരാജന്‍ നായര്‌ടെ സ്കൂട്ടറദ്ധ്യാപകന്‍ എന്ന പദവി രാജിവെക്കുന്നത്.

No comments:

Post a Comment