rajasooyam

Saturday, December 16, 2023

 

ഒരു നകാര കേസ്

-ഹലോ, ബീയാറല്ലേ?

-അതേലൊ

-സിപ്രനാണ്‌

-അത് മനസ്സിലായി

-ഞാനൊരു കാര്യം ചോദിക്കട്ടെ

-ഷൂട്ടിറ്റ്

-നമ്മളൊക്കെ സീനിയര്‍ സിറ്റിസണ്‍സല്ലേ

-വെരി റെവറന്‍ഡ് എന്നുകൂടി ചേര്‍ക്കണം

-അങ്ങനെയുള്ള നമ്മള്‍ കൊച്ചുപിള്ളേരെപ്പോലെ പെരുമാറുന്നത് ശരിയാണോ?

-നെവര്‍ എവര്‍

-എന്നാല്‍ ഒരാള്‍ എന്നോട് അങ്ങനെ പെരുമാറി

-ഏതൊരാള്‍?

-നമ്മടെ സുരേഷ് ബാബു

-അത് കള. സുരേഷ് അത്തരക്കാരനല്ല

-സത്യമാണ്‌ ഞാന്‍ പറയണത്

-അത് പരിശോധിച്ച ശേഷമേ പറയാന്‍ പറ്റൂ. ആദ്യം എന്താണുണ്ടായതെന്നു പറ

-ആ സഖാവിപ്പോള്‍ എന്നോട് മിണ്ടണില്ല!

-കാരണം വല്ലതുമുണ്ടായോ?

-അതല്ലേ പറഞ്ഞത്. തീരെ നിസ്സാരമായ ഒരു കാര്യത്തിനാണ്‌.

-നിര്‍ത്തിനിര്‍ത്തിപ്പറ. എന്നാലേ ഭാവം വരൂ

-വീട്ടില്‍ നൂറുകൂട്ടം കാര്യങ്ങള്‍ ചെയ്യാന്‍ കിടക്കുമ്പോള്‍ ഞാന്‍ ആ സഖാവിനെ ഇല്ലാത്ത മീറ്റിങ്ങിന്‌ വിളിച്ചോണ്ടുപോയി എന്നാണ്‌ പരാതി!

-ഇല്ലാത്ത മീറ്റിങ്ങോ?

-അതെ. ഡിസംബര്‍ 17ന്‌ ദാദാഘോഷ് ഭവനില്‍ പെന്‍ഷന്‍ ദിനാചരണമുണ്ടല്ലൊ. അതിനുവേണ്ടി ഞാന്‍ സഖാവിനെ നിര്‍ബ്ബന്ധിച്ച് വിളിച്ചോണ്ടുപോയെന്നാണ്‌ കേസ്.

-അതെങ്ങനെ ഇല്ലാത്ത മീറ്റിങ്ങാവും?

-എനിക്കൊരു ചെറിയേ തെറ്റുപറ്റി. ഞാന്‍ സഖാവിനെ വിളിച്ചോണ്ടുപോയത് ഡിസംബര്‍ 15നാണ്‌!

-അത് ശെരി. അവിടെ ചെന്നപ്പോ ഈച്ചപൂച്ചയില്ലല്ലേ?

-അതെ. അത് അത്രവലിയ തെറ്റാണോ ബീയാര്‍? കേവലം രണ്ടുദിവസത്തെ വ്യത്യാസമല്ലേയുള്ളൂ? മാസങ്ങളോ വര്‍ഷങ്ങളോ യുഗങ്ങളോ ഒന്നുമില്ലല്ലൊ.

-അതില്ല. മണിക്കൂറിലേക്ക് കണ്‍വര്‍ട്ട് ചെയ്താല്‍ വെറും 48 മണിക്കൂറേ വരൂ.

-ഈ നിസ്സാരവ്യത്യാസത്തിന്‌ ആ സഖാവ് ഇങ്ങനെ പെരുമാറുന്നത് ശെരിയാണോ?

-ഒട്ടും ശരിയല്ല

-ഇതിന്‌ മിണ്ടാതിരിക്കായാണോ വേണ്ടത്?

-അല്ല (മറ്റു ചിലതാണ്‌...)

-അപ്പോള്‍ വിധിയെങ്ങനെ?

-കേസ് തള്ളുന്നു. ചെലവ് സഹിതം!

Tuesday, October 17, 2023

 

സാക്ഷ്യം

പ്രിയപ്പെട്ടവരേ,

എന്‍റെ പേര്‌ മജീദ് ചൂളക്കടവില്‍.

ഞാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്‌. എനിക്ക് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഒരു കേന്ദ്രഗവണ്മെന്‍റ് ആപ്പീസിലായിരുന്നു എനിക്ക് ജോലി. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. കേന്ദ്രഗവണ്മെന്‍റ് ജോലി എന്നൊക്കെ ഒരു പത്രാസിനങ്ങനെ പറയാമെന്നാല്ലാതെ അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഒരു കുടുംബം പുലര്‍ത്തുക  എന്നത് അത്ര എളുപ്പമായ സംഗതിയൊന്നുമല്ല. പത്രം, പാല്‍, പഴം, പഴമ്പൊരി, പച്ചക്കറി, പലചരക്ക്, പച്ചമീന്‍, കൊത്തുപൊറോട്ട, കുഴിമാന്തി, കുലുക്കിസര്‍ബ്ബത്ത് ഇങ്ങനെ എന്തെല്ലാം  ചെലവുകള്‍ . സൈക്കിളഡ്വാന്‍സ്, സ്കൂട്ടറഡ്വാന്‍സ്, കമ്പ്യൂട്ടറഡ്വാന്‍സ്, ഹൗസ്ബില്‍ഡിംഗഡ്വാന്‍സ് ഇങ്ങനെ എന്തെല്ലാം അടവുകള്‍. ഇതൊക്കെ തട്ടിക്കിഴിച്ചുവരുമ്പോള്‍ പിന്നെ ഒരിക്കലും രണ്ടറ്റോം കൂട്ടിമുട്ട്ല്ല്യ.

 

ഈ മധ്യധരണ്യാഴി എങ്ങനെ തരണം ചെയ്യുമെന്നാലോചിച്ച് അന്തം വിട്ട് ചിന്തിച്ച്കുന്തിച്ചിരിക്കുമ്പോള്‍ ഒരു ദിവസം എന്‍റെ അന്തരംഗം കൃത്യമായി വായിച്ചറിഞ്ഞിട്ടെന്നവണ്ണം  ഒരു സഹപ്രവര്‍ത്തകന്‍  അടുത്തുവന്ന് പറയുകയാണ്‌: ഞങ്ങടെ എടവകപ്പള്ളീല്‌ പള്ളിമേനോന്‍റെ പോസ്റ്റ് വേക്കന്‍റായിട്ടുണ്ട്. സായ് വൊരു കാര്യം ചെയ്യ്. ആ പോസ്റ്റിലേക്ക് ഒരപേക്ഷ കൊടുക്ക്. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ അനുഗ്രഹമുണ്ടെങ്കില്‍ സായ് വിന്‌ അത് കിട്ടും. കിട്ടിയാല്‍ പിന്നെ സായ് വിന്‍റെ സാമ്പത്തികപരാധീനതകളൊക്കെ കരൂപ്പടന്ന കായല്‌ കടക്കും. നല്ലൊരു തുക അവര്‍ റെമ്യൂണറേഷനായി തരും, ചായയ്ക്കും പിന്നെ വടയോ സമൂസയോ ഏതാന്നുവെച്ചാല്‍ അതിനും പുറമെ. സംഗതി അനൗദ്യോഗികമായതുകൊണ്ട് ഒന്നും പേടിക്കാനുമില്ല. കോണ്‍ഡക്റ്റ് റൂള്‍സൊന്നും ഇന്‍വോക്ക് ചെയ്യില്ല. വര്‍ക്കൊക്കെ ഹോളിഡേയ്സിലും ഔട്ട് സൈഡ് ഓഫീസ് അവേഴ്സിലും ചെയ്താ മതി.

 

പ്രിയപ്പെട്ടവരേ,

ആ സഹപ്രവര്‍ത്തകന്‍റെ ഉപദേശം ഞാന്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. മേനോന്‍ പോസ്റ്റിന്‌ അപ്ലൈ ചെയ്തു. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ കൃപകൊണ്ട് പിറ്റേന്നുതന്നെ എന്നെ അവിടെ അപ്പോയിന്‍റ് ചെയ്തുകൊണ്ടുള്ള ഉത്തരവുമിറങ്ങി!

 

പ്രിയപ്പെട്ടവരേ,

അന്നുമുതല്‍ എനിക്ക് വെച്ചടി കേറ്റമായിരുന്നു. പള്ളിമേനോനായി  ചാര്‍ജെടുക്കുമ്പോള്‍ ഞാന്‍ ഞങ്ങളുടെ അസോസിയേഷന്‍റെ ഒരു സാദാ മെമ്പറായിരുന്നു. അധികം താമസിക്കാതെ ഞാന്‍ ബ്രാഞ്ച് അസോസിയേഷന്‍റെ ഖജാന്‍ജിയായി. അടുത്ത സംസ്ഥാന സമ്മേളനത്തില്‍ സ്റ്റേറ്റ് ഖജാന്‍ജിയായി. അഖിലേന്ത്യാസമ്മേളനം കഴിഞ്ഞപ്പോള്‍ ഓള്‍ ഇന്ത്യാ അസോസിയേഷന്‍റെ ട്രഷററായി. പിന്നെ പെന്‍ഷന്‍ പറ്റിയപ്പോള്‍ ഓള്‍ ഇന്ത്യാ പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ ഫൈനാന്‍സ് സെക്രട്ടറിയുമായി!

അടുത്ത ഫെബ്രുവരിയില്‍ ട്രേഡ് യൂണിയനുകളുടെ അഖിലലോക സമ്മേളനം നടക്കുന്നുന്നുണ്ട്. അതോടെ ഞാന്‍ മിക്കവാറും ഇന്‍റര്‍നാഷണല്‌ കടക്കും!

ഐ എം എഫ് ന്‌ ലോണ്‍ കൊടുക്കാവുന്നത്ര പണം ഞാന്‍ കൈകാര്യംചെയ്യും!

 

പ്രിയപ്പെട്ടവരേ,

എന്‍റെ ഈദൃശമായ ഉയര്‍ച്ചയ്ക്കെല്ലാം കാരണം ആന്‍റണ്‍ വില്‍ഫ്രഡ് എന്ന ആ സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ഇടവകപ്പള്ളിയും ആ പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളനുമാണ്‌!

സാക്ഷ്യം ! സാക്ഷ്യം! സാക്ഷ്യം!

Friday, August 25, 2023

 

മങ്ക്യോഡിറ്റ്!

സിപ്രന്‍റെ കല്യാണം കഴിഞ്ഞ് സീയാര്‍ ബാബൂന്‍റെ കാറില്‍ തിരിച്ചുപോരുമ്പോള്‍ അക്കൗണ്ടാപ്പീസിലെ സ്വാതന്ത്ര്യമില്ലായ്മയായിരുന്നു ചര്‍ച്ചാവിഷയം. എ ഐ ക്യാമറയും മൂവ്മെന്‍റ് റെജിസ്റ്ററും മറ്റും വെച്ചതോടെ ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയായെന്ന് രാജേന്ദ്രന്‍. വല്ലപ്പോഴും ശ്വാസം വിട്ടില്ലെങ്കില്‍ ചത്തുപോവുമെന്ന് ബീയാര്‍. എ ഐ യില്‍ പെട്ടാലോന്ന് പേടിച്ച് ആര്‍ കണ്ണന്‍ മൂത്രമൊഴിക്കാന്‍ പോലും പോകാറില്ലെന്ന് സീയാര്‍ബി. അന്നേരം ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് സഹരാജന്‍ നായര്‍ പറഞ്ഞു: എന്തുമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന ആപ്പീസായിരുന്നു അത്. നീലാകാശത്തിലെ പറവകളെപ്പോലെ വിതയ്ക്കാതെ കൊയ്യാതെ കളപ്പുരയില്‍ കൂട്ടിവെക്കാതെ പാറിനടന്ന ഒരു കാലം! നിങ്ങക്കറിയ്വോ ആപ്പീസ് കെ എസ് എഫ് ഇ ബില്‍ഡിംഗില്‍ ആയിരുന്ന കാലത്ത് ഒരിക്കല്‍ നമ്മള്‍ അവിടെ കരിങ്കുരങ്ങ് രസായനമുണ്ടാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്!

-ഓ മൈ ഗോ! ആപ്പീസിലോ? (ഉദ്വേഗത്തോടെ ബീയാര്‍)

-യാ യാ. പുറകിലെ കോമ്പൗണ്ടില്‍

-ശ്രമം നടത്തി എന്നു പറയുമ്പൊ?

-മുഴുവനാക്കാന്‍ പറ്റീല്ല്യാന്നര്‍ത്ഥം. പക്ഷേ അതല്ലല്ലോ കാര്യം. അതുപോലും  ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അതാണ്‌ അതിന്‍റെ ഇത്.

-സംഭവമാകുമ്പോള്‍ കഥ പോലെ അര്‍ദ്ധോക്തിയില്‍ നിര്‍ത്താന്‍ പറ്റില്ല. മുഴുവന്‍ പറയണം.

-എങ്കില്‍ പറയാം. ഒരു ദിവസം ജോസ് മാത്യു പുറത്ത് ചായകുടിക്കാന്‍ പോയി തിരിച്ചുവന്നപ്പൊ കൂടെ ലാടവൈദ്യനെപ്പോലെ തോന്നിക്കുന്ന ഒരു താടിക്കാരനുമുണ്ടായിരുന്നു. താടിക്കാരന്‍റെ കൈയില്‍ ഒരു ചരടുണ്ടായിരുന്നു. ചരടിന്‍റെ അറ്റത്ത് ഒരു കരിങ്കുരങ്ങും. ദെന്താ സംഭവമെന്നു ചോദിച്ചപ്പൊ ജോസ് മാത്യു പറഞ്ഞു:ഇയാള്‍ ഈ കരിങ്കുരങ്ങിനെ നമ്മുടെ മുമ്പിലിട്ട് കൊന്ന് രസായനമുണ്ടാക്കിത്തരും, ലൈവായിട്ട്. കുപ്പിയൊന്നിന്‌ 250 രൂപ കൊടുത്താ മതി’. അന്നത്തെ അങ്ങാടിനിലവാരം വെച്ചുനോക്കുമ്പൊ കരിങ്കുരങ്ങ് രസായനം കുപ്പിയൊന്നുക്ക് ആയിരം റുപ്യയെങ്കിലും വരും. ചായക്ലബ്ബിലെ ഓണറബ് ള്‍ മെംബര്‍മാരോടൊക്കെ ആലോചിച്ച് സമവായത്തിലെത്തിയശേഷം ജോസ് മാത്യു പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തി. ലാടന്‍ കുരങ്ങുമായി നേരെ ബാക് ഗ്രൌണ്ടിലേക്ക് പോയി. മൂരണ്ടാറ് ഇഷ്ടികയെടുത്ത് അടുപ്പ് കൂട്ടി. ഭാണ്ഡമഴിച്ച് ഓട്ടുരുളിയെടുത്ത് പകുതിയോളം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് അടിയില്‍ തീ കൂട്ടി. വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ മറ്റൊരു പൊതിയഴിച്ച് അതില്‍ നിന്ന് പത്തിരുപത് പച്ചമരുന്നുകളെടുത്ത് തുരുതുരാന്ന് വെള്ളത്തിലേക്കിട്ടു. മരുന്ന് കുറുകിവന്നപ്പോള്‍ സഞ്ചിയില്‍ നിന്ന് കത്തിയെടുത്ത് മൂര്‍ച്ചനോക്കി കുരങ്ങിനെ വിളിച്ചു: രാമ!

എല്ലാം ശുഭമായങ്ങനെ നീങ്ങുമ്പോള്‍ പൊടുന്നനെയാണത് സംഭവിച്ചത്. രണ്ടാം നിലയിലെ ഓഡിറ്റ് വിങ്ങില്‍ നിന്ന് പേര്‌ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത നമ്മടെ ഒരോഡിറ്റര്‍  ചടപടാന്നിറങ്ങിവന്ന് ലാടന്‍റെ മുമ്പില്‍ അറ്റന്‍ഷനായി നിന്ന് ഇടിവെട്ടുമ്പോലെ ഒരു ചോദ്യമുതിര്‍ത്തു ലാടനോട്.

ചോദ്യം കേട്ടതും ലാടന്‍ അടുപ്പില്‍ വെളളമൊഴിച്ച് തീ കെടുത്തി. രാമനേയും വിളിച്ച് സ്ഥലം വിട്ടു!

-എന്തായിരുന്നു ആ ഇടിവെട്ട് ചോദ്യം?

-“ ഡോ, സത്യം പറ. ഇത് സാദാ കൊരങ്ങനെ കറുത്ത പെയ്ന്‍റടിച്ചതല്ലേ?”!!!

Saturday, July 29, 2023

 പരസ്യശാസന

 

-എവിടേയ്ക്കാ കണ്ണാ ഇത്ര ധൃതിയില്‍ ഓടുന്നത്?

-അത്യാവശ്യമായി തൃപ്രയാറ് വരെ ഒന്നു പോകണം

-ശ്രീകുമാറിന്റെ വീട്ടിലേയ്ക്കാണോ?

-വീട്ടിലേയ്ക്കല്ല. എങ്കിലും അതിന്റെ ചുറ്റുവട്ടത്തേയ്ക്കാണ്

-ഒന്ന് തെളിച്ച് പറഞ്ഞൂടേ?

-ആറരയ്ക്ക് തൃപ്രയാര്‍ സെന്ററില്‍ ഒരു പൊതുയോഗമുണ്ട്. അതൊന്ന് അറ്റന്‍ഡ്

 ചെയ്യണം

-ആരുടെ പൊതുയോഗമാണ്?

-സി പി എം ന്റെ

-കണ്ണന്‍ അത്തരക്കാരനാണോ?

-കുറേ നാളായി എന്റെ മനസ്സിലുള്ള ഒരു മോഹം അവിടെ പൂവണിയാന്‍ പോവ്വാണ്.

-മനസ്സിലായില്ല

-ബീആറിനറിയ്വോ, ഈ ശ്രീകുമാറ് എന്തുമാത്രം ദ്രോഹമാണ് എന്നോട് ചെയ്തിട്ടുള്ളതെന്ന്. പേടിച്ചിട്ട് ഞാന്‍ തിരിച്ചൊന്നും പറയാറില്ല. പക്ഷേ ഇപ്പൊ സൊന്തം പാര്‍ട്ടിക്കാര് തന്നെ ഓനെ മൈക്കിലൂടെ ചീത്ത പറയാന്‍ പോവ്വാത്രേ.      ദേശാഭിമാനിയില്‍ കണ്ടതാണ്

-കണ്ണന്‍ എന്താണീ പറയണത്? മൈക്കിലൂടെ ചീത്ത പറയ്യ്യേ ?

-അതെ ബിആര്‍. പോളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം പുള്ളിക്കാരനെ

പരസ്യമായി ശാസിക്കാന്‍ ഏരിയാകമ്മറ്റി തീരുമാനിച്ചിരിയ്ക്കയാണ്.

-പരസ്യമായി ശാസിക്കാന്നു പറഞ്ഞാ പൊതുയോഗം കൂടി മൈക്കിലൂടെ 

ചീത്ത  പറയുക എന്നാണോ അര്‍ത്ഥം?

-എന്നാണ് വേണ്വേട്ടന്‍ പറഞ്ഞത്. വേണ്വേട്ടന്റെ ഒറപ്പിലാണ് ഞാന്‍ പോണത്

-ആട്ടെ. പോളിറ്റ് ബ്യൂറൊ ഇടപെടാന്‍ മാത്രം എന്താണ് സഖാവ് ചെയ്ത കുറ്റം?

-ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത അപരാധമല്ലേ      പുള്ളിക്കാരന്‍ ചെയ്തത്

-അതെന്താണെന്നാണ് എന്റെ ചോദ്യം

-ഡീലറുടടുത്ത് കടും ചുവപ്പുനിറത്തിലുള്ള നൂറുകണക്കിന് കാറുകള്‍  സ്റ്റോക്കുണ്ടായിരുന്നിട്ടും നീലക്കാറ് ബുക്ക് ചെയ്തു !!!

Thursday, July 20, 2023

 ലക്ഷ്മണന്‍റെ രണ്ടാമൂഴം

(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)

Sunday, May 14, 2023

 

ബൈബിള്‍ തമാശകള്‍

(സത്യം സത്യമായി ബിആര്‍ നിങ്ങളോട് പറയുന്നു, ഇതില്‍ പറയുന്ന തമാശകളൊക്കെ യേശു പറഞ്ഞതാണെന്ന് ബിആര്‍ വിശ്വസിക്കുന്നില്ല. ബിആറിന്‍റെ യേശു അങ്ങനെയൊന്നും പറയില്ല...)  

 

“ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിര്‍ക്കരുത്”

“വലതുകരണത്തടിക്കുന്നവന്‌ മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക”

”നിന്നോട് കലഹിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കി കൂടി കൊടുക്കുക”

“വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്”

                                                                      (മത്തായി 5, 39-42)

“ശത്രുക്കളെ സ്നേഹിക്കുവിന്‍. നിങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍”

                                                                      (മത്തായി 5, 44)

“എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നുവിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയും നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലനാകരുത്”

                                                                      (മത്തായി 6, 31-34)

വലതുകണ്ണ് നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. വലതുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി ദൂരെയെറിയുക”

                                                                      (മത്തായി 5, 29-30)

ഭൂമിയില്‍ സമാധാനമാണ്‌ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കരുത്. സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍ ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്”

                                                                      (മത്തായി 10, 34-36)

“എന്‍റെ നാമത്തെപ്രതി ഭവനത്തേയോ സഹോദരന്മാരേയോ സഹോദരികളേയോ പിതാവിനേയോ മാതാവിനേയോ മക്കളേയോ വയലുകളേയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും”

                                                                      ( മത്തായി 19,29)

 

( ഈ പുസ്തകത്തില്‍ തന്നെ പലയിടങ്ങളിലായി  മാര്‍ക്കോസും ലൂക്കായും ജോണേട്ടനും ഇതേ  തമാശകള്‍ പങ്കുവെക്കുന്നുണ്ട് )

Tuesday, May 2, 2023

 

ഫ്രെഷ് റിക്രൂട്ട്

 

മജീദിന്‍റെ മകളുടെ നിക്കാഹിന്‌ സകുടുംബം പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വഴിക്കുവെച്ച് മിസിസ് ആന്‍റണ്‍ വില്‍ഫ്രഡ് മിസ്റ്റര്‍ വില്‍ഫ്രഡിനോട് ചോദിച്ചു:

-അതേയ്, ഏജീസ് ഓഫീസില്‌ കാലങ്ങളായി റിക്രൂട്ട്മെന്‍റൊന്നും നടക്കണ്‌ല്ല്യാന്നല്ലേ നിങ്ങള്‌ പറയാറുള്ളത്.

-അതേ

-അപ്പൊ നിങ്ങള്‌ ഇന്ന് ഒരാളെ പരിചയപ്പെടുത്തിയപ്പൊ ഫ്രെഷ് റിക്രൂട്ടാണെന്നാണല്ലൊ പറഞ്ഞത്.

-അത് പിന്നെ ഇപ്പൊ കൊറേശ്ശെ റിക്രൂട്ട്മെന്‍റ് തൊടങ്ങീട്ട്ണ്ട്.

-അതാണല്ലേ. എന്താ ആ പയ്യന്‍റെ പേര്‌ പറഞ്ഞത്? ഞാന്‍ മറന്നുപോയി.

-കെ.ബി.വേണുഗോപാലന്‍, ഊരകം !!!