മങ്ക്യോഡിറ്റ്!
സിപ്രന്‍റെ കല്യാണം കഴിഞ്ഞ് സീയാര്‍ ബാബൂന്‍റെ കാറില്‍ തിരിച്ചുപോരുമ്പോള്‍
അക്കൗണ്ടാപ്പീസിലെ സ്വാതന്ത്ര്യമില്ലായ്മയായിരുന്നു ചര്‍ച്ചാവിഷയം. എ ഐ ക്യാമറയും മൂവ്മെന്‍റ്
റെജിസ്റ്ററും മറ്റും വെച്ചതോടെ ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയായെന്ന് രാജേന്ദ്രന്‍.
വല്ലപ്പോഴും ശ്വാസം വിട്ടില്ലെങ്കില്‍ ചത്തുപോവുമെന്ന് ബീയാര്‍. എ ഐ യില്‍ പെട്ടാലോന്ന്
പേടിച്ച് ആര്‍ കണ്ണന്‍ മൂത്രമൊഴിക്കാന്‍ പോലും പോകാറില്ലെന്ന് സീയാര്‍ബി. അന്നേരം ചര്‍ച്ചയില്‍
ഇടപെട്ടുകൊണ്ട് സഹരാജന്‍ നായര്‍ പറഞ്ഞു: എന്തുമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന ആപ്പീസായിരുന്നു
അത്. നീലാകാശത്തിലെ പറവകളെപ്പോലെ വിതയ്ക്കാതെ കൊയ്യാതെ കളപ്പുരയില്‍ കൂട്ടിവെക്കാതെ
പാറിനടന്ന ഒരു കാലം! നിങ്ങക്കറിയ്വോ ആപ്പീസ് കെ എസ് എഫ് ഇ ബില്‍ഡിംഗില്‍ ആയിരുന്ന കാലത്ത്
ഒരിക്കല്‍ നമ്മള്‍ അവിടെ കരിങ്കുരങ്ങ് രസായനമുണ്ടാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്!
-ഓ മൈ ഗോ! ആപ്പീസിലോ? (ഉദ്വേഗത്തോടെ ബീയാര്‍)
-യാ യാ. പുറകിലെ കോമ്പൗണ്ടില്‍
-ശ്രമം നടത്തി എന്നു പറയുമ്പൊ?
-മുഴുവനാക്കാന്‍ പറ്റീല്ല്യാന്നര്‍ത്ഥം.
പക്ഷേ അതല്ലല്ലോ കാര്യം. അതുപോലും ചെയ്യാനുള്ള
സ്വാതന്ത്ര്യമുണ്ടല്ലോ. അതാണ് അതിന്‍റെ ഇത്.
-സംഭവമാകുമ്പോള്‍ കഥ പോലെ അര്‍ദ്ധോക്തിയില്‍
നിര്‍ത്താന്‍ പറ്റില്ല. മുഴുവന്‍ പറയണം.
-എങ്കില്‍ പറയാം. ഒരു ദിവസം ജോസ് മാത്യു പുറത്ത് ചായകുടിക്കാന്‍
പോയി തിരിച്ചുവന്നപ്പൊ കൂടെ ലാടവൈദ്യനെപ്പോലെ തോന്നിക്കുന്ന ഒരു താടിക്കാരനുമുണ്ടായിരുന്നു.
താടിക്കാരന്‍റെ കൈയില്‍ ഒരു ചരടുണ്ടായിരുന്നു. ചരടിന്‍റെ അറ്റത്ത് ഒരു കരിങ്കുരങ്ങും.
ദെന്താ സംഭവമെന്നു ചോദിച്ചപ്പൊ ജോസ് മാത്യു പറഞ്ഞു:’ ഇയാള്‍ ഈ കരിങ്കുരങ്ങിനെ നമ്മുടെ മുമ്പിലിട്ട് കൊന്ന് രസായനമുണ്ടാക്കിത്തരും,
ലൈവായിട്ട്. കുപ്പിയൊന്നിന് 250 രൂപ കൊടുത്താ മതി’. അന്നത്തെ അങ്ങാടിനിലവാരം വെച്ചുനോക്കുമ്പൊ കരിങ്കുരങ്ങ് രസായനം കുപ്പിയൊന്നുക്ക്
ആയിരം റുപ്യയെങ്കിലും വരും. ചായക്ലബ്ബിലെ ഓണറബ് ള്‍ മെംബര്‍മാരോടൊക്കെ ആലോചിച്ച് സമവായത്തിലെത്തിയശേഷം
ജോസ് മാത്യു പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തി. ലാടന്‍ കുരങ്ങുമായി നേരെ ബാക് ഗ്രൌണ്ടിലേക്ക്
പോയി. മൂരണ്ടാറ് ഇഷ്ടികയെടുത്ത് അടുപ്പ് കൂട്ടി. ഭാണ്ഡമഴിച്ച് ഓട്ടുരുളിയെടുത്ത് പകുതിയോളം
വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് അടിയില്‍ തീ കൂട്ടി. വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍
മറ്റൊരു പൊതിയഴിച്ച് അതില്‍ നിന്ന് പത്തിരുപത് പച്ചമരുന്നുകളെടുത്ത് തുരുതുരാന്ന് വെള്ളത്തിലേക്കിട്ടു.
മരുന്ന് കുറുകിവന്നപ്പോള്‍ സഞ്ചിയില്‍ നിന്ന് കത്തിയെടുത്ത് മൂര്‍ച്ചനോക്കി കുരങ്ങിനെ
വിളിച്ചു: രാമ!
എല്ലാം ശുഭമായങ്ങനെ നീങ്ങുമ്പോള്‍ പൊടുന്നനെയാണത് സംഭവിച്ചത്.
രണ്ടാം നിലയിലെ ഓഡിറ്റ് വിങ്ങില്‍ നിന്ന് പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത
നമ്മടെ ഒരോഡിറ്റര്‍ ചടപടാന്നിറങ്ങിവന്ന് ലാടന്‍റെ മുമ്പില്‍ അറ്റന്‍ഷനായി
നിന്ന് ഇടിവെട്ടുമ്പോലെ ഒരു ചോദ്യമുതിര്‍ത്തു ലാടനോട്.
ചോദ്യം കേട്ടതും ലാടന്‍ അടുപ്പില്‍ വെളളമൊഴിച്ച് തീ കെടുത്തി.
രാമനേയും വിളിച്ച് സ്ഥലം വിട്ടു!
-എന്തായിരുന്നു ആ ഇടിവെട്ട് ചോദ്യം?
-“ ഡോ, സത്യം പറ.
ഇത് സാദാ കൊരങ്ങനെ കറുത്ത പെയ്ന്‍റടിച്ചതല്ലേ?”!!!
No comments:
Post a Comment