സാക്ഷ്യം
പ്രിയപ്പെട്ടവരേ,
എന്‍റെ പേര് മജീദ് ചൂളക്കടവില്‍.
ഞാന്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.
എനിക്ക് ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ഒരു കേന്ദ്രഗവണ്മെന്‍റ് ആപ്പീസിലായിരുന്നു
എനിക്ക് ജോലി. ഇപ്പോള്‍ റിട്ടയര്‍ ചെയ്തു. കേന്ദ്രഗവണ്മെന്‍റ് ജോലി എന്നൊക്കെ ഒരു പത്രാസിനങ്ങനെ
പറയാമെന്നാല്ലാതെ അതില്‍ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ഒരു കുടുംബം പുലര്‍ത്തുക
എന്നത് അത്ര എളുപ്പമായ സംഗതിയൊന്നുമല്ല. പത്രം, പാല്‍, പഴം, പഴമ്പൊരി, പച്ചക്കറി, പലചരക്ക്, പച്ചമീന്‍, കൊത്തുപൊറോട്ട, കുഴിമാന്തി, കുലുക്കിസര്‍ബ്ബത്ത് ഇങ്ങനെ എന്തെല്ലാം ചെലവുകള്‍ . സൈക്കിളഡ്വാന്‍സ്, സ്കൂട്ടറഡ്വാന്‍സ്, കമ്പ്യൂട്ടറഡ്വാന്‍സ്, ഹൗസ്ബില്‍ഡിംഗഡ്വാന്‍സ് ഇങ്ങനെ എന്തെല്ലാം അടവുകള്‍. ഇതൊക്കെ തട്ടിക്കിഴിച്ചുവരുമ്പോള്‍
പിന്നെ ഒരിക്കലും രണ്ടറ്റോം കൂട്ടിമുട്ട്ല്ല്യ.
ഈ മധ്യധരണ്യാഴി എങ്ങനെ തരണം
ചെയ്യുമെന്നാലോചിച്ച് അന്തം വിട്ട് ചിന്തിച്ച്കുന്തിച്ചിരിക്കുമ്പോള്‍ ഒരു ദിവസം എന്‍റെ
അന്തരംഗം കൃത്യമായി വായിച്ചറിഞ്ഞിട്ടെന്നവണ്ണം ഒരു സഹപ്രവര്‍ത്തകന്‍ അടുത്തുവന്ന് പറയുകയാണ്: ഞങ്ങടെ എടവകപ്പള്ളീല്
പള്ളിമേനോന്‍റെ പോസ്റ്റ് വേക്കന്‍റായിട്ടുണ്ട്. സായ് വൊരു കാര്യം ചെയ്യ്. ആ പോസ്റ്റിലേക്ക്
ഒരപേക്ഷ കൊടുക്ക്. വിശുദ്ധ അന്തോണീസ് പുണ്യാളന്‍റെ അനുഗ്രഹമുണ്ടെങ്കില്‍ സായ് വിന്
അത് കിട്ടും. കിട്ടിയാല്‍ പിന്നെ സായ് വിന്‍റെ സാമ്പത്തികപരാധീനതകളൊക്കെ കരൂപ്പടന്ന
കായല് കടക്കും. നല്ലൊരു തുക അവര്‍ റെമ്യൂണറേഷനായി തരും, ചായയ്ക്കും പിന്നെ വടയോ സമൂസയോ ഏതാന്നുവെച്ചാല്‍
അതിനും പുറമെ. സംഗതി അനൗദ്യോഗികമായതുകൊണ്ട് ഒന്നും പേടിക്കാനുമില്ല. കോണ്‍ഡക്റ്റ് റൂള്‍സൊന്നും
ഇന്‍വോക്ക് ചെയ്യില്ല. വര്‍ക്കൊക്കെ ഹോളിഡേയ്സിലും ഔട്ട് സൈഡ് ഓഫീസ് അവേഴ്സിലും ചെയ്താ
മതി.
പ്രിയപ്പെട്ടവരേ,
ആ സഹപ്രവര്‍ത്തകന്‍റെ ഉപദേശം
ഞാന്‍ രണ്ടുകൈയും നീട്ടി സ്വീകരിച്ചു. മേനോന്‍ പോസ്റ്റിന് അപ്ലൈ ചെയ്തു. വിശുദ്ധ അന്തോണീസ്
പുണ്യാളന്‍റെ കൃപകൊണ്ട് പിറ്റേന്നുതന്നെ എന്നെ അവിടെ അപ്പോയിന്‍റ് ചെയ്തുകൊണ്ടുള്ള
ഉത്തരവുമിറങ്ങി!
പ്രിയപ്പെട്ടവരേ,
അന്നുമുതല്‍ എനിക്ക് വെച്ചടി
കേറ്റമായിരുന്നു. പള്ളിമേനോനായി ചാര്‍ജെടുക്കുമ്പോള്‍
ഞാന്‍ ഞങ്ങളുടെ അസോസിയേഷന്‍റെ ഒരു സാദാ മെമ്പറായിരുന്നു. അധികം താമസിക്കാതെ ഞാന്‍ ബ്രാഞ്ച്
അസോസിയേഷന്‍റെ ഖജാന്‍ജിയായി. അടുത്ത സംസ്ഥാന സമ്മേളനത്തില്‍ സ്റ്റേറ്റ് ഖജാന്‍ജിയായി.
അഖിലേന്ത്യാസമ്മേളനം കഴിഞ്ഞപ്പോള്‍ ഓള്‍ ഇന്ത്യാ അസോസിയേഷന്‍റെ ട്രഷററായി. പിന്നെ പെന്‍ഷന്‍
പറ്റിയപ്പോള്‍ ഓള്‍ ഇന്ത്യാ പെന്‍ഷനേഴ്സ് അസോസിയേഷന്‍റെ ഫൈനാന്‍സ് സെക്രട്ടറിയുമായി!
അടുത്ത ഫെബ്രുവരിയില്‍ ട്രേഡ്
യൂണിയനുകളുടെ അഖിലലോക സമ്മേളനം നടക്കുന്നുന്നുണ്ട്. അതോടെ ഞാന്‍ മിക്കവാറും ഇന്‍റര്‍നാഷണല്
കടക്കും!
ഐ എം എഫ് ന് ലോണ്‍ കൊടുക്കാവുന്നത്ര
പണം ഞാന്‍ കൈകാര്യംചെയ്യും!
പ്രിയപ്പെട്ടവരേ,
എന്‍റെ ഈദൃശമായ ഉയര്‍ച്ചയ്ക്കെല്ലാം
കാരണം ആന്‍റണ്‍ വില്‍ഫ്രഡ് എന്ന ആ സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ ഇടവകപ്പള്ളിയും
ആ പള്ളിയിലെ വിശുദ്ധ അന്തോണീസ് പുണ്യാളനുമാണ്!
സാക്ഷ്യം ! സാക്ഷ്യം! സാക്ഷ്യം!
ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിനു് ഉപകാരസ്മരണ
ReplyDeleteതാമസിച്ചതിനു ക്ഷമാപണം എന്നു കൂടി ചേർത്തിരുന്നെങ്കിൽ സാക്ഷ്യത്തിനു പൂർണ്ണത കൈവരുമായിരുന്നു.
അപ്പൊ മജീദിനെ ഇനി മുതൽ മേൻനെ എന്ന് ധൈര്യമായി വിളിക്കാമല്ലോ, അല്ലേ, ബിയ്യാർ? വി കെ കൃഷ്ണമേനോന് ശേഷം അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ അന്തസ്സുയർത്താൻ പോകുന്ന നമ്മുടെ സ്വന്തം മജീദ് മേനോൻ...🥰
ReplyDeleteമജീദ് മേനോൻ 🤣🤣
ReplyDeleteഒരു സാക്ഷ്യം കൂടി കളഞ്ഞുകിട്ടിയിട്ടുണ്ട്. ഏതാ ശരിയെന്ന് ആർക്കറിയാം?
ReplyDeleteഎനിക്കും ചിലത് പറയാനുണ്ട് ...
90 കളിൽ പി.എഫ് 31 ൽ മിസ്സിംഗ് ക്രെഡിറ്റും ട്രാൻസ്ഫർ ഔട്ടുമായി ഒരു വിധം സുഖമായി കഴിയുമ്പോഴാണ് മാളക്കാരൻ വിചിത്രമായ ഒരാവശ്യവുമായി എന്നെ വളരെ രഹസ്യമായി സമീപിക്കുന്നത്.
മാള ഇടവകപ്പള്ളിയിലെ കണക്കാകെ കുളമാണ്. , മജീദ് അതൊന്ന് ശരിയാക്കിത്തരണം.. ശ്രീകുമാർ പറഞ്ഞു താനാണ് പറ്റിയ ആളെന്ന് ..
ഞാൻ ഞെട്ടി.. ഒരു നാലാം വേദക്കാരൻ മൂന്നാം വേദക്കാരന്റെ കണക്ക് പുസ്തകം തിരുത്തിയെഴുതുകയോ ? സംശയം ഞാൻ ഉന്നയിച്ചു.. അതൊന്നും പ്രശ്നമില്ലടോ അതൊക്കെ ഞാൻ Solve ചെയ്തോളാം.. അന്നു മുതൽ പളളി മേനോന്റെ പണിയേറ്റെടുത്തു. ആദ്യമൊക്കെ വളരെ ഭവ്യതയോടെ വന്നയാൾ പിന്നെ പിന്നെ കണക്ക് തയ്യാറാക്കുന്നതിന്റെ ഗുട്ടൻസ് ചോദിച്ചറിയാൻ തുടങ്ങി.. സംഗതി കൈവിട്ടു പോകുമെന്നറിഞ്ഞ ഞാൻ പ്രധാന thread ഒന്നും നൽകാതെ സൂത്രത്തിൽ നിന്നു. വീട്ടിൽ ചെല്ലുമ്പോൾ സ്വല്പം കുരുമുളക്, അല്പം കുടംപുളി ഇതല്ലാതെ ഓഡിറ്റ് ഫീ ഇനത്തിൽ നയാ പൈസ ഹേ... ഹെ..
അത് കൊണ്ട് ഒരു ഗുണമുണ്ടായി .. വാർത്ത നാടാകെ പരന്നു.. അഖിലേന്ത്യൻ അഖിലേന്ത്യാതലത്തിൽ പ്രചരണവും കൊടുത്തു..
പിന്നെ ബി.ആർ പറഞ്ഞത് പോലെ വെച്ചടി വെച്ചടി കേറ്റമായിരുന്നു..
ഫ്ലൈറ്റിൽ പറന്ന് നടന്ന് കണക്ക് നോക്കുന്ന ആരെ കുറിച്ചെങ്കിലും മുമ്പ് കേട്ടിട്ടുണ്ടോ..?
അല്പം സെന്റിമെന്റ്സ്..
83 ൽ B.Com കഴിഞ്ഞിറങ്ങി ഒരു സുഹൃത്തിന്റെ അമ്മാവന്റെ സഹായത്തോടെ കൊടുങ്ങല്ലൂരിൽ ആദ്യത്തെ ചാർട്ടേർഡ് അക്കൗണ്ടന്റ് സ്ഥാപനത്തിൽ പ്രധാന ചുമതലക്കാരനായ കണക്കപ്പിള്ളയായി ജീവിതം ആരംഭിച്ച എനിക്ക് നിങ്ങളോടൊപ്പം ഇന്ത്യയുടെ മഹത്തായ ഓഡിറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞു എന്നത് തന്നെ സൗഭാഗ്യമാണ്.. അക്കൗണ്ട്സ് ഒരു ഹരമായി സിരകളിൽ സന്നിവേശിച്ചിരിക്കുന്നു. റിട്ടയർമെന്റിന് ശേഷവും ആ സപര്യ അഭംഗുരം തുടരുന്നു.
ഏജീസ് ഓഫീസിൽ വന്ന് മന്ത്‌ലി അക്കൗണ്ട്സ് പരിചയപ്പെടും മുമ്പേ ആരംഭിച്ച എന്റെ പേഴ്സണൽ മന്ത്‌ലി അക്കൗണ്ട്‌സ് 1986 ആഗസ്റ്റ് (സർവ്വീസിൽ കയറിയ ദിനം ) മുതൽ ഇന്നേ വരെയുള്ളത് എന്റെ അക്കൗണ്ട്സ് ലെഡ്ജറിൽ ഭദ്രമായിരിക്കുന്നു.. ജീവിതത്തിൽ കൈത്താങ്ങായി നിന്നവരുടെ മുഖങ്ങൾ അതിൽ തെളിയുന്നു..
പറഞ്ഞാൽ തീരാത്ത
കടപ്പാടോടെ....
വായിച്ചു. ഇനി ഏതു സ്വീകരിക്കണം എന്ന് തീരുമാനിക്കട്ടെ. ഒന്നാം സാക്ഷ്യതോട് ഒരു ചായ്‌വ്🤣🤣
ReplyDeleteവടമ പള്ളിയിൽ കാലെടുത്തുവെച്ചതിനുശേഷം മജീദ് ചൂളക്കടവിന് ഉണ്ടായ നേട്ടങ്ങളെ പറ്റി വിവരിച്ചത് ഭാഗികം മാത്രമേ ആകുന്നുള്ളൂ. മനോഹരമായ ഒരു വീട്, മകളുടെ കല്യാണം... എത്രയെത്ര നേട്ടങ്ങൾ! കോൺഡക്ട് റൂൾസ് ബാധക മാകുമെന്നതിനാൽ, പ്രതിഫലം ഒന്നും നൽകിയിട്ടില്ലായെന്നെ പറയാനൊക്കൂ.
ReplyDeleteഅപ്പോ അംശം മേനോൻ അധികാരി ആയതും തുടർന്ന് ദിവാൻ പേഷകാർ വരെ ആയതും വടമ പള്ളിയിൽ നിന്നും കിട്ടിയ അനുഗ്രഹം കൊണ്ട് തന്നെയാണ് എന്നു സാരം. പോരെ പ്രതിഫലം🤣
ReplyDeleteജോലിക്ക് കൂലി നെല്ലായി കൊടുക്കുന്നത് കേട്ടിട്ടുണ്ട്. കൊടംപുളി കൊടുക്കുന്നത് ആദ്യമായി കേൾക്കുകയാണ്!
ReplyDeleteഒറിജിനൽ കേട്ടപ്പോൾ വരാൻ ഇരിക്കുന്നത് ഏതാണ്ട് ഊഹിച്ചിരുന്ന്. ഒട്ടും തെറ്റിയില്ല. കുറിക്കു കൊണ്ടു. ഭേഷ് 👍
ReplyDelete