rajasooyam

Friday, August 25, 2023

 

മങ്ക്യോഡിറ്റ്!

സിപ്രന്‍റെ കല്യാണം കഴിഞ്ഞ് സീയാര്‍ ബാബൂന്‍റെ കാറില്‍ തിരിച്ചുപോരുമ്പോള്‍ അക്കൗണ്ടാപ്പീസിലെ സ്വാതന്ത്ര്യമില്ലായ്മയായിരുന്നു ചര്‍ച്ചാവിഷയം. എ ഐ ക്യാമറയും മൂവ്മെന്‍റ് റെജിസ്റ്ററും മറ്റും വെച്ചതോടെ ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയായെന്ന് രാജേന്ദ്രന്‍. വല്ലപ്പോഴും ശ്വാസം വിട്ടില്ലെങ്കില്‍ ചത്തുപോവുമെന്ന് ബീയാര്‍. എ ഐ യില്‍ പെട്ടാലോന്ന് പേടിച്ച് ആര്‍ കണ്ണന്‍ മൂത്രമൊഴിക്കാന്‍ പോലും പോകാറില്ലെന്ന് സീയാര്‍ബി. അന്നേരം ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് സഹരാജന്‍ നായര്‍ പറഞ്ഞു: എന്തുമാത്രം സ്വാതന്ത്ര്യമുണ്ടായിരുന്ന ആപ്പീസായിരുന്നു അത്. നീലാകാശത്തിലെ പറവകളെപ്പോലെ വിതയ്ക്കാതെ കൊയ്യാതെ കളപ്പുരയില്‍ കൂട്ടിവെക്കാതെ പാറിനടന്ന ഒരു കാലം! നിങ്ങക്കറിയ്വോ ആപ്പീസ് കെ എസ് എഫ് ഇ ബില്‍ഡിംഗില്‍ ആയിരുന്ന കാലത്ത് ഒരിക്കല്‍ നമ്മള്‍ അവിടെ കരിങ്കുരങ്ങ് രസായനമുണ്ടാക്കാനുള്ള ശ്രമം പോലും നടത്തിയിട്ടുണ്ട്!

-ഓ മൈ ഗോ! ആപ്പീസിലോ? (ഉദ്വേഗത്തോടെ ബീയാര്‍)

-യാ യാ. പുറകിലെ കോമ്പൗണ്ടില്‍

-ശ്രമം നടത്തി എന്നു പറയുമ്പൊ?

-മുഴുവനാക്കാന്‍ പറ്റീല്ല്യാന്നര്‍ത്ഥം. പക്ഷേ അതല്ലല്ലോ കാര്യം. അതുപോലും  ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടല്ലോ. അതാണ്‌ അതിന്‍റെ ഇത്.

-സംഭവമാകുമ്പോള്‍ കഥ പോലെ അര്‍ദ്ധോക്തിയില്‍ നിര്‍ത്താന്‍ പറ്റില്ല. മുഴുവന്‍ പറയണം.

-എങ്കില്‍ പറയാം. ഒരു ദിവസം ജോസ് മാത്യു പുറത്ത് ചായകുടിക്കാന്‍ പോയി തിരിച്ചുവന്നപ്പൊ കൂടെ ലാടവൈദ്യനെപ്പോലെ തോന്നിക്കുന്ന ഒരു താടിക്കാരനുമുണ്ടായിരുന്നു. താടിക്കാരന്‍റെ കൈയില്‍ ഒരു ചരടുണ്ടായിരുന്നു. ചരടിന്‍റെ അറ്റത്ത് ഒരു കരിങ്കുരങ്ങും. ദെന്താ സംഭവമെന്നു ചോദിച്ചപ്പൊ ജോസ് മാത്യു പറഞ്ഞു:ഇയാള്‍ ഈ കരിങ്കുരങ്ങിനെ നമ്മുടെ മുമ്പിലിട്ട് കൊന്ന് രസായനമുണ്ടാക്കിത്തരും, ലൈവായിട്ട്. കുപ്പിയൊന്നിന്‌ 250 രൂപ കൊടുത്താ മതി’. അന്നത്തെ അങ്ങാടിനിലവാരം വെച്ചുനോക്കുമ്പൊ കരിങ്കുരങ്ങ് രസായനം കുപ്പിയൊന്നുക്ക് ആയിരം റുപ്യയെങ്കിലും വരും. ചായക്ലബ്ബിലെ ഓണറബ് ള്‍ മെംബര്‍മാരോടൊക്കെ ആലോചിച്ച് സമവായത്തിലെത്തിയശേഷം ജോസ് മാത്യു പ്രൊസീഡ് ബട്ടണ്‍ അമര്‍ത്തി. ലാടന്‍ കുരങ്ങുമായി നേരെ ബാക് ഗ്രൌണ്ടിലേക്ക് പോയി. മൂരണ്ടാറ് ഇഷ്ടികയെടുത്ത് അടുപ്പ് കൂട്ടി. ഭാണ്ഡമഴിച്ച് ഓട്ടുരുളിയെടുത്ത് പകുതിയോളം വെള്ളമൊഴിച്ച് അടുപ്പത്തുവെച്ച് അടിയില്‍ തീ കൂട്ടി. വെള്ളം തിളച്ചുതുടങ്ങിയപ്പോള്‍ മറ്റൊരു പൊതിയഴിച്ച് അതില്‍ നിന്ന് പത്തിരുപത് പച്ചമരുന്നുകളെടുത്ത് തുരുതുരാന്ന് വെള്ളത്തിലേക്കിട്ടു. മരുന്ന് കുറുകിവന്നപ്പോള്‍ സഞ്ചിയില്‍ നിന്ന് കത്തിയെടുത്ത് മൂര്‍ച്ചനോക്കി കുരങ്ങിനെ വിളിച്ചു: രാമ!

എല്ലാം ശുഭമായങ്ങനെ നീങ്ങുമ്പോള്‍ പൊടുന്നനെയാണത് സംഭവിച്ചത്. രണ്ടാം നിലയിലെ ഓഡിറ്റ് വിങ്ങില്‍ നിന്ന് പേര്‌ വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലാത്ത നമ്മടെ ഒരോഡിറ്റര്‍  ചടപടാന്നിറങ്ങിവന്ന് ലാടന്‍റെ മുമ്പില്‍ അറ്റന്‍ഷനായി നിന്ന് ഇടിവെട്ടുമ്പോലെ ഒരു ചോദ്യമുതിര്‍ത്തു ലാടനോട്.

ചോദ്യം കേട്ടതും ലാടന്‍ അടുപ്പില്‍ വെളളമൊഴിച്ച് തീ കെടുത്തി. രാമനേയും വിളിച്ച് സ്ഥലം വിട്ടു!

-എന്തായിരുന്നു ആ ഇടിവെട്ട് ചോദ്യം?

-“ ഡോ, സത്യം പറ. ഇത് സാദാ കൊരങ്ങനെ കറുത്ത പെയ്ന്‍റടിച്ചതല്ലേ?”!!!

Saturday, July 29, 2023

 പരസ്യശാസന

 

-എവിടേയ്ക്കാ കണ്ണാ ഇത്ര ധൃതിയില്‍ ഓടുന്നത്?

-അത്യാവശ്യമായി തൃപ്രയാറ് വരെ ഒന്നു പോകണം

-ശ്രീകുമാറിന്റെ വീട്ടിലേയ്ക്കാണോ?

-വീട്ടിലേയ്ക്കല്ല. എങ്കിലും അതിന്റെ ചുറ്റുവട്ടത്തേയ്ക്കാണ്

-ഒന്ന് തെളിച്ച് പറഞ്ഞൂടേ?

-ആറരയ്ക്ക് തൃപ്രയാര്‍ സെന്ററില്‍ ഒരു പൊതുയോഗമുണ്ട്. അതൊന്ന് അറ്റന്‍ഡ്

 ചെയ്യണം

-ആരുടെ പൊതുയോഗമാണ്?

-സി പി എം ന്റെ

-കണ്ണന്‍ അത്തരക്കാരനാണോ?

-കുറേ നാളായി എന്റെ മനസ്സിലുള്ള ഒരു മോഹം അവിടെ പൂവണിയാന്‍ പോവ്വാണ്.

-മനസ്സിലായില്ല

-ബീആറിനറിയ്വോ, ഈ ശ്രീകുമാറ് എന്തുമാത്രം ദ്രോഹമാണ് എന്നോട് ചെയ്തിട്ടുള്ളതെന്ന്. പേടിച്ചിട്ട് ഞാന്‍ തിരിച്ചൊന്നും പറയാറില്ല. പക്ഷേ ഇപ്പൊ സൊന്തം പാര്‍ട്ടിക്കാര് തന്നെ ഓനെ മൈക്കിലൂടെ ചീത്ത പറയാന്‍ പോവ്വാത്രേ.      ദേശാഭിമാനിയില്‍ കണ്ടതാണ്

-കണ്ണന്‍ എന്താണീ പറയണത്? മൈക്കിലൂടെ ചീത്ത പറയ്യ്യേ ?

-അതെ ബിആര്‍. പോളിറ്റ്ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം പുള്ളിക്കാരനെ

പരസ്യമായി ശാസിക്കാന്‍ ഏരിയാകമ്മറ്റി തീരുമാനിച്ചിരിയ്ക്കയാണ്.

-പരസ്യമായി ശാസിക്കാന്നു പറഞ്ഞാ പൊതുയോഗം കൂടി മൈക്കിലൂടെ 

ചീത്ത  പറയുക എന്നാണോ അര്‍ത്ഥം?

-എന്നാണ് വേണ്വേട്ടന്‍ പറഞ്ഞത്. വേണ്വേട്ടന്റെ ഒറപ്പിലാണ് ഞാന്‍ പോണത്

-ആട്ടെ. പോളിറ്റ് ബ്യൂറൊ ഇടപെടാന്‍ മാത്രം എന്താണ് സഖാവ് ചെയ്ത കുറ്റം?

-ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിയ്ക്കലും ചെയ്യാന്‍ പാടില്ലാത്ത അപരാധമല്ലേ      പുള്ളിക്കാരന്‍ ചെയ്തത്

-അതെന്താണെന്നാണ് എന്റെ ചോദ്യം

-ഡീലറുടടുത്ത് കടും ചുവപ്പുനിറത്തിലുള്ള നൂറുകണക്കിന് കാറുകള്‍  സ്റ്റോക്കുണ്ടായിരുന്നിട്ടും നീലക്കാറ് ബുക്ക് ചെയ്തു !!!

Thursday, July 20, 2023

 ലക്ഷ്മണന്‍റെ രണ്ടാമൂഴം

(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)

Sunday, May 14, 2023

 

ബൈബിള്‍ തമാശകള്‍

(സത്യം സത്യമായി ബിആര്‍ നിങ്ങളോട് പറയുന്നു, ഇതില്‍ പറയുന്ന തമാശകളൊക്കെ യേശു പറഞ്ഞതാണെന്ന് ബിആര്‍ വിശ്വസിക്കുന്നില്ല. ബിആറിന്‍റെ യേശു അങ്ങനെയൊന്നും പറയില്ല...)  

 

“ എന്നാല്‍ ഞാന്‍ നിങ്ങളോട് പറയുന്നു, ദുഷ്ടനെ എതിര്‍ക്കരുത്”

“വലതുകരണത്തടിക്കുന്നവന്‌ മറ്റേക്കരണം കൂടി കാണിച്ചുകൊടുക്കുക”

”നിന്നോട് കലഹിച്ച് നിന്‍റെ ഉടുപ്പ് കരസ്ഥമാക്കാനുദ്യമിക്കുന്നവന്‌ മേലങ്കി കൂടി കൊടുക്കുക”

“വായ്പ വാങ്ങാന്‍ ഇച്ഛിക്കുന്നവനില്‍നിന്ന് ഒഴിഞ്ഞുമാറരുത്”

                                                                      (മത്തായി 5, 39-42)

“ശത്രുക്കളെ സ്നേഹിക്കുവിന്‍. നിങ്ങളെ പീഢിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍”

                                                                      (മത്തായി 5, 44)

“എന്തു ഭക്ഷിക്കും, എന്തു പാനം ചെയ്യും, എന്തു ധരിക്കും എന്നുവിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗീയപിതാവ് അറിയുന്നു. നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയും നിങ്ങള്‍ക്ക് ലഭിക്കും. അതിനാല്‍ നാളെയെക്കുറിച്ച് നിങ്ങള്‍ ആകുലനാകരുത്”

                                                                      (മത്തായി 6, 31-34)

വലതുകണ്ണ് നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് ചൂഴ്ന്നെടുത്ത് എറിഞ്ഞുകളയുക. വലതുകരം നിനക്ക് പാപഹേതുവാകുന്നെങ്കില്‍ അത് വെട്ടി ദൂരെയെറിയുക”

                                                                      (മത്തായി 5, 29-30)

ഭൂമിയില്‍ സമാധാനമാണ്‌ ഞാന്‍ കൊണ്ടുവന്നിരിക്കുന്നത് എന്ന് നിങ്ങള്‍ വിചാരിക്കരുത്. സമാധാനമല്ല, വാളാണ് ഞാന്‍ കൊണ്ടുവന്നിരിക്കുന്നത്. എന്തെന്നാല്‍ ഒരുവനെ തന്‍റെ പിതാവിനെതിരായും മകളെ അമ്മയ്ക്കെതിരായും മരുമകളെ അമ്മായിയമ്മയ്ക്കെതിരായും ഭിന്നിപ്പിക്കാനാണ്‌ ഞാന്‍ വന്നിരിക്കുന്നത്”

                                                                      (മത്തായി 10, 34-36)

“എന്‍റെ നാമത്തെപ്രതി ഭവനത്തേയോ സഹോദരന്മാരേയോ സഹോദരികളേയോ പിതാവിനേയോ മാതാവിനേയോ മക്കളേയോ വയലുകളേയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും”

                                                                      ( മത്തായി 19,29)

 

( ഈ പുസ്തകത്തില്‍ തന്നെ പലയിടങ്ങളിലായി  മാര്‍ക്കോസും ലൂക്കായും ജോണേട്ടനും ഇതേ  തമാശകള്‍ പങ്കുവെക്കുന്നുണ്ട് )

Tuesday, May 2, 2023

 

ഫ്രെഷ് റിക്രൂട്ട്

 

മജീദിന്‍റെ മകളുടെ നിക്കാഹിന്‌ സകുടുംബം പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വഴിക്കുവെച്ച് മിസിസ് ആന്‍റണ്‍ വില്‍ഫ്രഡ് മിസ്റ്റര്‍ വില്‍ഫ്രഡിനോട് ചോദിച്ചു:

-അതേയ്, ഏജീസ് ഓഫീസില്‌ കാലങ്ങളായി റിക്രൂട്ട്മെന്‍റൊന്നും നടക്കണ്‌ല്ല്യാന്നല്ലേ നിങ്ങള്‌ പറയാറുള്ളത്.

-അതേ

-അപ്പൊ നിങ്ങള്‌ ഇന്ന് ഒരാളെ പരിചയപ്പെടുത്തിയപ്പൊ ഫ്രെഷ് റിക്രൂട്ടാണെന്നാണല്ലൊ പറഞ്ഞത്.

-അത് പിന്നെ ഇപ്പൊ കൊറേശ്ശെ റിക്രൂട്ട്മെന്‍റ് തൊടങ്ങീട്ട്ണ്ട്.

-അതാണല്ലേ. എന്താ ആ പയ്യന്‍റെ പേര്‌ പറഞ്ഞത്? ഞാന്‍ മറന്നുപോയി.

-കെ.ബി.വേണുഗോപാലന്‍, ഊരകം !!!

 

Sunday, April 30, 2023

 

കാണും, കാണാതിരിക്കില്ല...

സഖാവ് മജീദിന്‍റെ  മകളുടെ നിക്കാഹിന് പുല്ലൂറ്റ് ഡർബാർ ഹാളിൽ ചെന്ന ബീയാർ ആദ്യം കണ്ടത് ഇരുഭാഗവും നിറഞ്ഞിരിക്കുന്ന പുരുഷാരത്തിന്‍റെ ഇടയിലൂടെ ആരെയോ അന്വേഷിച്ച് ഊളിയിട്ടുഴറിനടക്കുന്ന ആർ കണ്ണനെയാണ്!

ദെന്താ സമ്പവം? ബീയാറിന് ഒരെത്തും പിടിയും കിട്ടിയില്ല.

ഹാളിന്‍റെ മധ്യധരണ്യാഴി ഭാഗത്ത് നന്ദനും സിപ്രനും ശ്യാംകുമാറും കൂട്ടം  കൂടിയിരിപ്പുണ്ട്. അവരോട് ചോദിച്ചുനോക്കാമെന്നുകരുതി ബീയാറ് അങ്ങോട്ടുനീങ്ങി. കണ്ണന്‍റെ പരതല്‍ ചൂണ്ടിക്കാട്ടി നന്ദനോട് ചോദിച്ചു:

-ദെന്താ സമ്പവം?

-ആ. എനിക്കറിയില്ല

-സിപ്രനറിയ്വോ?

-ഞാനും കൊറേ നേരായി ശ്രദ്ധിക്കണു. നിയ്ക്കൊന്നും മനസ്സിലാവണ്‌ല്ല്യേയ്.

-ശ്യാമിനെന്തെങ്കിലും മണമടിക്കണ്‌ണ്ടോ?

-അതേയ്. പരതലിനിടയില്‍ പുള്ളിക്കാരന്‍ ചില വാക്കുകള്‍ പിറുപിറുക്കുന്നത് കേട്ടായിരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ഡെഡ്യൂസ് ചെയ്യാന്‍ പറ്റ്വോന്ന് നോക്ക്.

-എന്തായിരുന്നു പിറുപിറുപ്പ്?

-“ വിളിച്ചിട്ടുണ്ടവും. മജീദല്ലേ... വിളിക്കാതിരിക്കില്ല”

- പിന്നെയോ?

-“ വരും... വരാതിരിക്കില്ല” എന്നും പറയുന്നതുകേട്ടു.

- കഴിഞ്ഞോ?

-ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല” എന്നും പറയുന്നുണ്ട്.

നന്ദന്‍ ഇടയ്ക്ക് കയറി:

-ഇതില്‍ നിന്ന് ബീയാറിന്‌ എന്തെങ്കിലും ക്ലൂ കിട്ടുന്നുണ്ടോ?”

-അയാം സോറി, മൈ ഡിയര്‍ വാട്സണ്‍

-എന്നാപ്പിന്നെ ഒരു കാര്യം ചെയ്യ്. ബീയാര്‍ തന്നെ നേരിട്ട് ചോദിയ്ക്ക്.

-അത് വേണോ?

-തീര്‍ച്ചയായും വേണം. കണ്ണന്‌ ബീയാറിനോട് ഒരു മൃദുമൂല അഥവാ സോഫ്റ്റ് കോര്‍ണര്‍ ഉണ്ട്. അതുകൊണ്ട് പറയും. പറയാതിരിക്കില്ല.

അടുത്ത റൗണ്ടില്‍ അടുത്തൂടെ പോയപ്പോള്‍ ബീയാര്‍ കണ്ണന്‍റെ ചെവിയില്‍ ക്ലിപ്പിട്ടു. പിന്നെ ചോദിച്ചു:

-ദെന്താ സമ്പവം?

-ഞാന്‍ ഒരാളെ തേടിനടക്കുകയാണ്‌ ബീയാര്‍. ആളെ മജീദ് വിളിച്ചിട്ടുണ്ടാവും. വിളിക്കാതിരിക്കില്ല. ആള്‍ ഇവിടെവിടെങ്കിലും കാണും. കാണാതിരിക്കില്ല.

-ആള്‍ടെ പേര്‌ പറയൂ കണ്ണശ്ശാ.

-പേര്‌ തപന്‍ സെന്‍ !!!

Monday, April 24, 2023

 

ഗൂഗ് ള്‍ മേപ്പ്

 


 

സഖാവ് മജീദ് ബീയാറിനയച്ചുതന്ന ഒരു ഗൂഗ്ള്‍ മേപ്പാണ്‌ ചിത്രത്തില്‍ കാണുന്നത്; സഖാവിന്‍റെ മകള്‍ ഫെമിനയുടെ നിക്കാഹ് നടക്കുന്ന  കൊടുങ്ങല്ലൂര്‍ ഡര്‍ബാര്‍ ഹാളിന്‍റെ ലൊക്കേഷന്‍ കൃത്യമായി കാണിക്കുന്ന മേപ്പ് . അതില്‍ ചുവന്ന അടയാളത്തില്‍ കാണുന്നതാണ്‌ ഡര്‍ബാര്‍ ഹാള്‍. ശ്രദ്ധിക്കുക, പച്ചയല്ല. (ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ ഏതാണ്ട് ഓരം ചേര്‍ന്നാണ്‌ ഹാളിന്‍റെ കിടപ്പ്. തൊട്ടടുത്താണ്‌ കനോലി കായല്‍. അതുവഴി പാക്കിസ്ഥാനിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോകാന്‍ എളുപ്പമാണ്‌. ഒരു ഉരുവില്‍ കേറി കാറ്റിന്‍റെ ഗതി നോക്കി പോയാല്‍ മതി. പെട്ടെന്നെത്തും).

ഈ മേപ്പ് കൈവശമുണ്ടെങ്കില്‍ പിന്നെ ആര്‍ക്കും ഹാളിലേയ്ക്കുള്ള വഴിയന്വേഷിച്ച് ചുറ്റിത്തിരിയേണ്ടിവരില്ല. ചോയ്ച്ച് ചോയ്ച്ച് പോകേണ്ട ആവശ്യവും വരില്ല. അതുകൊണ്ട് ഇത് വായിക്കുന്നവരൊക്കെ മാക്സിമം ഷെയര്‍ ചെയ്യുക.

ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ!