ഓർമ്മത്തിരകൾ-14
(സ്വഭാവരൂപീകരണത്തിൽ
സുഹൃത്തുക്കളുടെ പങ്ക്)
അന്ന് വാസുദേവൻ തൃശൂർ ബ്രാഞ്ചിലാണ്.
എറണാകുളത്തേയ്ക്ക് ട്രാൻസ്ഫറായിട്ടില്ല. കല്യാണം കഴിഞ്ഞിട്ടേയുള്ളൂ. പാസഞ്ചറിലും
ബൊക്കാറോയിലുമൊക്കെയാണ് ഓഫീസിലേക്കും തിരിച്ചുമുള്ള യാത്ര. സാജു പനമേൽ, സുനിൽ.പി.ചെറിയാൻ,
പോസ്റ്റ് ഗ്രാജ്വേറ്റ് സുനിൽ, സജീവ്കുമാർ,
വിശ്വജിത്ത്, ജയകുമാർ തുടങ്ങിയവരായിരുന്നു
യാത്രയിൽ വാസുദേവന്റെ കൂട്ടുകാർ. കൂട്ടുകാരെല്ലാം പി.ശാന്തനെപ്പോലെ ശാന്തരും
ശുദ്ധരുമായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ദുഷ്ടന്മാരുടെ കർമ്മം ചെയ്യാതിരിക്കാനാവില്ലായിരുന്നു.
അല്ലെങ്കിൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ആപ്തവാക്യം തെറ്റിപ്പോവില്ലേ. അങ്ങനെ
വരാൻ പാടില്ലല്ലൊ. അതേപ്പറ്റിയാണ് പറഞ്ഞുവരുന്നത്.
നേരം പുലരാൻ ഏതാണ്ട് ഏഴേഴര
ഏഴേമുക്കാൽ നാഴിക രാവുള്ളപ്പോൾ വാസുദേവൻ ഏണീക്കും. കുളി തേവാരാദികൾ കഴിഞ്ഞ്
ഡ്രെസ്സുചെയ്തുവരുമ്പോഴേക്കും തീൻ മേശയിൽ ആവിപറക്കുന്ന ഒരു കുറ്റി പുട്ടും
അതിനൊത്ത കടലക്കറിയും ഒരു നേന്ത്രപ്പഴവും ഹാജരുണ്ടാവും. പുട്ടും കടലയും വാസുദേവൻ
ഒറ്റയടിക്ക് അകത്താക്കും. നേന്ത്രപ്പഴം തിന്നാനിരുന്നാൽ തീവണ്ടി പാട്ടും പാടി
അതിന്റെ പാട്ടിനുപോകും. അതുകൊണ്ട് വാസുദേവൻ പഴം ഒരു കടലാസിൽ പൊതിഞ്ഞ് പ്ലാസ്റ്റിക്
കവറിലാക്കി കൈയിൽ പിടിക്കും. ട്രെയിനിലിരുന്ന് സൌകര്യം പോലെ കഴിക്കാമല്ലോന്ന്
കരുതിയാണ് അങ്ങനെ ചെയ്യാറ്. പക്ഷേ അതൊരിക്കലും നടക്കാറില്ലെന്നുമാത്രം.
തിരക്കിനിടയിൽ വാസുദേവൻ ഒന്നങ്ങോട്ടുതിരിഞ്ഞ് ഇങ്ങോട്ടുതിരിയുമ്പോഴേക്കും
കവറിൽനിന്ന് നേന്ത്രപ്പഴം അപ്രത്യക്ഷമായിട്ടുണ്ടാവും. അത് മേൽ പറഞ്ഞ സുഹൃത്തുക്കളിലാരുടെയെങ്കിലും
വായിൽ ചെന്നിട്ടുണ്ടാവും. കവറിൽ വെറും തൊലി മാത്രമുണ്ടാവും.
ഇതൊരു തുടർക്കഥയായപ്പോൾ വാസുദേവൻ
പഴപ്പൊതി സീറ്റിലോ ബെർത്തിലോ വെക്കാതായി. എത്ര തെരക്കുണ്ടായാലും അതങ്ങനെ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ട്
നിൽക്കും. ആപ്പീസിലെത്തിയാൽ കാന്റീനിൽ ചെന്ന് സ്വസ്ഥമായിരുന്ന്
കഴിക്കാമല്ലോന്നായിരുന്നു വാസുദേവൻ കണക്കുകൂട്ടിയിരുന്നത്. നിർഭാഗ്യമെന്നുപറയട്ടെ,
അതും ഒരിക്കലും സംഭവിക്കുകയുണ്ടായില്ല. പഴപ്പൊതി കാന്റീനിലെ
മേശപ്പുറത്തുവെച്ച് വാസുദേവൻ കൈകഴുകാൻ പോകും. തിരിച്ചുവരുമ്പോഴേക്കും
സുഹൃത്തുക്കളിൽ ആരെങ്കിലും അത് അടിച്ചുമാറ്റിയിരിക്കും.
ഇതിങ്ങനെ പലവട്ടം
ആവർത്തിക്കപ്പെട്ടപ്പോഴാണ് വാസുദേവൻ
ഒടുവിലത്തെ അടവെടുത്തത്. അതിൽ പിന്നെ തയ്യൽകാരൻ ആനയോട് കളിച്ചിട്ടില്ല
എന്നുപറഞ്ഞപോലെ അതിൽ പിന്നെ ആർക്കും വാസുദേവന്റെ പഴം മോഷ്ടിക്കാൻ പറ്റിയിട്ടില്ല.
പക്ഷേ അതോടെ ആ അടവ് വാസുദേവന്റെ
സ്വഭാവത്തിന്റെ ഭാഗമായിത്തീർന്നത്രേ!
ഇപ്പോൾ ഉരിഞ്ഞ നേന്ത്രപ്പഴം
എവിടെക്കണ്ടാലും വാസുദേവൻ അതെടുത്ത് പാന്റ്സിന്റെ പോക്കറ്റിലിടുമെന്നാണ്
വാസുദേവന്റെ മറ്റൊരു ആത്മാർത്ഥ സുഹൃത്തായ തൃശൂർ ബ്രാഞ്ചിലെ വേണുപ്പണിക്കർ
പറയുന്നത് !!!
No comments:
Post a Comment