ഓർമ്മത്തിരകൾ-14
(മാനം
ഉരുണ്ടപ്പോൾ)
തലയിൽ
മുണ്ടിട്ട് ബിവറേജസിനുമുമ്പിൽ ക്യൂ നിൽക്കുന്നത് ഒരു സർക്കാരുദ്യോഗസ്ഥന്റെ മാന്യതയ്ക്ക്
ചേർന്ന കാര്യമല്ലല്ലോന്നോർത്തിട്ടാണ് പ്രദീപ് സാറ് പാലക്കാട് ബാൽകിഷൻ സാറിന്റെ മിലിട്ടറി
ക്വാട്ടയിൽ നിന്ന് ഒരു കുപ്പിയ്ക്ക് ഓർഡർ കൊടുത്തത്.
ഇടനേരത്ത്
ബാൽകിഷൻ സാറ് തോൾ സഞ്ചിയുമായി മിലിറ്ററികാന്റീനിലേക്ക് പുറപ്പെടുമ്പോൾ പ്രദീപ് സാറ്
സ്വകാര്യമായി ഓർമ്മിപ്പിച്ചു:
-സാറെ, സംഗതി സ്ട്രിക്
റ്റ് ലി കോൺഫിഡെൻഷ്യലായിരിക്കണം കേട്ടോ. സാറിനറിയാലൊ,
സെക് ഷനിലെങ്ങാൻ അറിഞ്ഞാൽ എന്റെ മാനം പോവും. അതുകൊണ്ട് സാറ് തിരിച്ചുവരുമ്പൊ
സാധനം വളരേ ഗോപ്യമായി എനിക്ക് ഹേൻഡോവർ ചെയ്യണം. സാധനം കയ്യിലുണ്ട് സാധനം കയ്യിലുണ്ട്
എന്ന് വിളിച്ചുകൂവുകയും മറ്റും ചെയ്യരുത്.
-കൊള്ളാം.
രണ്ട് പതിറ്റാണ്ടോളം ഇന്ത്യൻ പട്ടാളത്തിലെ ഇന്റെലിജെൻസ് വിങ്ങിൽ കോൺഫിഡെൻഷ്യൽ അസിസ്റ്റന്റായി
സേവനമനുഷ്ഠിച്ച എന്നോടാണോ സാറിത് പറയണത്? സാറ് ധൈര്യമായി ഇരിക്കണം. ഒരീച്ചപൂച്ച അറിയില്ല.
ഞാനത് ഫൂൾപ്രൂഫായി ഡീല് ചെയ്തോളാം.
ഏതാണ്ട്
ഒരു മണിക്കൂറിനുശേഷം ബാൽകിഷൻ സാറ് തിരിച്ചെത്തുമ്പോൾ തോൾസഞ്ചിയിൽ അര ഡസനോളം ഫുൾ ബോട്ടിലുകൾ
ഉണ്ടായിരുന്നു.
സാറ്
സെക് ഷന് പുറം തിരിഞ്ഞുനിന്ന് ഒന്ന് കുനിഞ്ഞ് സഞ്ചിയിൽനിന്ന് സാവധാനം ഒരു കുപ്പിയെടുത്ത്
പ്രദീപ് സാറിന്റെ പുറകിലെ വേസ്റ്റ് ബാസ്കറ്റിന്റെ പിന്നിൽ ഒളിപ്പിച്ചുവെച്ചു.
ആരും
കാണാതിരിക്കാൻ വേണ്ടി കണ്ണടച്ചുകൊണ്ടാണ് കർമ്മം നിർവ്വഹിച്ചത്. അതുകൊണ്ടാണോ എന്നറിയില്ല, കുപ്പിയുടെ സെന്റർ
ഓഫ് ഗ്രാവിറ്റി തെറ്റുകയും അത് വെള്ളമടിച്ച ആളെപ്പോലെ നിലത്തോട്ട് ചെരിഞ്ഞുവീഴുകയും
ചെയ്തു. ബാൽകിഷൻ സാറ് ഇതൊന്നും അറിഞ്ഞതുമില്ല. പുള്ളി നേരെ സീറ്റിൽ പോയി ഇരുന്നു.
ഭാഗ്യവശാൽ
കുപ്പി പൊട്ടിയില്ല. പക്ഷേ മിനുസമായ തറയായതുകൊണ്ട് അത് കിടന്നേടത്തുനിന്ന് മെല്ലെ
ഉരുളാൻ തുടങ്ങി!
ഉരുണ്ടുരുണ്ട്
സെക് ഷൻ മൊത്തം വലംവെച്ചു!
ശങ്കരൻ
ശ്യാമിനെ നോക്കി കണ്ണിറുക്കി.
ശ്യാം
വേണൂനെ നോക്കി ആംഗ്യം കാണിച്ചു.
വേണു
സേതൂനെ നോക്കി അടക്കിച്ചിരിച്ചു.
ലേഡീസ്
ഞാനൊന്ന്വറിഞ്ഞില്ലേ രാമനാരായണാ മട്ടിലിരുന്നു.
എല്ലാം
കണ്ടിട്ടും ഒന്നും കാണാത്തമട്ടിൽ പ്രദീപ് സാർ ഒട്ടകപ്പക്ഷിയെപ്പോലെ ഏതോഫയലിൽ തല പൂഴ്
ത്തി....
ഏല്ലാവരുടേയും
പാദചുംബനമേറ്റുവാങ്ങിയ കുപ്പി അടുത്ത സെക് ഷനിലേക്കുള്ള പ്രയാണം തുടങ്ങിയപ്പോളാണ്
സംഗതി ബാലകൃഷ്ണൻ സാറിന്റെ ശ്രദ്ധയിൽ പെട്ടത്.
‘അ:അ:ആ’
എന്നും പറഞ്ഞ് സാറ് സീറ്റിൽനിന്നും എഴുന്നേറ്റ് കുപ്പീടെ പിന്നാലെ പാഞ്ഞു.
കുപ്പി
അടുത്ത സെക് ഷന്റെ എൻട്രൻസിൽ ഒന്നു ശങ്കിച്ചുനിന്നപ്പോഴേക്കും സാറ് അതിന്റെ കഴുത്തിൽ
പിടുത്തമിട്ടു. പിന്നെ മാർക്കറ്റിൽ നിന്ന് താറാവിനെ കഴുത്തിനുപിടിച്ച് കൊണ്ടുവരുന്നപോലെ
കൊണ്ടുവന്ന് ‘ഇതവടെ ഉരുണ്ട് കളിക്ക്യാ’ന്നും
പറഞ്ഞ് മണികിണി നോക്കാതെ ഒരു ചെറിയ ശബ്ദത്തോടെ അത് പ്രദീപ് സാറിന്റെ മേശപ്പുറത്ത്
കുത്തനെയങ്ങ് വെച്ചു!!!
അന്നേരം
ഫയലിൽനിന്ന് കണ്ണെടുത്ത് പ്രദീപ് സാറ് ബാലകൃഷ്ണൻ സാറിനെ നോക്കിയ ആ നോട്ടം ജീവിതത്തിൽ
ഒരിക്കലും മറക്കാൻ പറ്റില്ലെന്നാണ് വേണു പറഞ്ഞത്....
No comments:
Post a Comment