ഓർമ്മത്തിരകൾ-11
(ഒരു പാലക്കാടൻ ചിട്ട/1999)
ഒരമ്മാവനും മരുമകനും തമ്മിലുള്ള ബന്ധമാണ്
പാലക്കാട് ബാലകൃഷ്ണൻ സാറും കൊടുങ്ങല്ലൂർ സേതുനാഥനും തമ്മിലുള്ളതെന്ന് ബിആറിന് പലപ്പോഴും
തോന്നിയിട്ടുണ്ട്. മിലിറ്ററി കാന്റീനിൽനിന്ന് ക്വാട്ട വാങ്ങാൻ പോകുമ്പോൾ ബാൽകിഷൻ
സാറ് എന്നും കൂടെ കൂട്ടുന്നത് സേതുവിനെയാണ്. സേതുവിനെ മാത്രമാണ്.
ആ ക്വാട്ടയിൽനിന്ന് ഒരു ക്വാട്ട സേതുവിനുള്ളതാണ്.
അതുപോലെ കൊടുങ്ങല്ലൂർ ഭരണിയ്ക്ക് ആപ്പീസിൽനിന്ന്
സേതു ക്ഷണിക്കുന്നത് ബാൽകിഷൻ സാറിനെ മാത്രമാണ്.
അത്രയ്ക്ക് സുദൃഢമാണ് രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം. മലബാർ സിമന്റുപോലത്തെ ബന്ധം
എന്നു പറയാം. ച്ചാൽ മലപോലുറച്ച ബന്ധം.
എന്നാൽ ഈ മലബന്ധത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി
ചാലക്കുടി പാലത്തിലേതുപോലെ ഒരു വിള്ളൽ കാണപ്പെടുന്നുവോ എന്നൊരു സംശയം.
ബിആർ സേതുവിനെ വിളിച്ച് സ്വകാര്യമായി
ചോദിച്ചു:
-എന്താണ് സേതുവും ബാൽകിഷൻ സാറും തമ്മിൽ
പ്രശ്നം?
-അതുപിന്നെ നാലണേടെ ചാള പോയാലും മാമന്റെ
സ്വഭാവം മനസ്സിലായല്ലൊ.
-ഒന്ന് തെളിച്ചുപറ സേതൂ
-കഴിഞ്ഞാഴ്ച ഒരു ദിവസം എനിയ്ക്ക് പെട്ടെന്ന്
കുറച്ച് കാശിന് ആവശ്യം വന്നു. പിറ്റേന്ന് തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ ഞാൻ സാറിനോട്
രണ്ടായിരം രൂപ കടം ചോദിച്ചു. പക്ഷേ പുള്ളിക്കാരൻ തന്നില്ല.
-പാവം. അന്നേരം കൈയിലില്ലാഞ്ഞിട്ടാവും
-എങ്കിൽ സാരമില്ലായിരുന്നു
-അതെങ്ങനെ സേതൂനറിയാം സാറിന്റെ കൈയിൽ
കാശുണ്ടായിരുന്നൂന്ന്?
-സാറിന്റെ സംസാരത്തീന്ന് എനിയ്ക്കത്
മനസ്സിലായി
സേതൂനോട് കൂടുതൽ ചോദിക്കുന്നതുകൊണ്ട്
ഫലമില്ലെന്നു തോന്നിയതിനാൽ ബിആർ ബാൽകിഷൻ സാറിനെത്തന്നെ പിടികൂടി.
-എന്താണ് സാർ സേതുവുമായി?
-ഏയ്, ഒന്നൂല്ല്യാലോ
-പിന്നെന്താ സേതു പെണങ്ങി നടക്കുന്നത്?
-അതെനിക്കറിയില്ല. അതിനുതക്ക കാരണമൊന്നുമുണ്ടായില്ലല്ലൊ!
-സേതു എന്നെങ്കിലും സാറിനോട് കാശ് കടം
ചോദിച്ചിരുന്നോ?
-ഉവ്വ്. എന്റെ കയ്യിലില്ലെന്നു പറഞ്ഞു.
സത്യമാണ് ഞാൻ പറഞ്ഞത്. അതവിടെ തീർന്നില്ലേ
-പക്ഷേ സാറിന്റെ കൈയിൽ പണമിരിക്കുമ്പോൾ
ഇല്ലെന്നു പറഞ്ഞതാണത്രേ സേതൂന് സങ്കടമായത്.
-കയ്യിൽ പണമിരിക്ക്യേ?
-അതെ. സാറിന്റെ സംസാരത്തീന്ന് അയാൾക്ക്
അത് മനസ്സിലായെന്നാണ് പറഞ്ഞത്
-ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലൊ
-ഒന്നുകൂടി ഓർത്തുനോക്കൂ. അങ്ങനെയൊരു
ധ്വനി വരുന്ന തരത്തിൽ സാറെന്തെങ്കിലും പറഞ്ഞായിരുന്നോ? എന്തെങ്കിലും?
-ഇല്ല. ഞാൻ അങ്ങനെ യാതൊന്നും പറഞ്ഞിട്ടില്ല.
-ശ്ശെടാ. ഇത് വല്ലാത്ത മിസ്റ്ററിയായല്ലൊ.
ആട്ടെ, നിങ്ങൾ
തമ്മിൽ ഒടുവിൽ നടന്ന സംഭാഷണത്തിലേക്ക് ഒന്നു ഫ്ലാഷടിച്ചുനോക്കൂ.
-അതുപിന്നെ അയാൾ അത്യാവശ്യമായി രണ്ടായിരം
രൂപ വേണമെന്നു പറഞ്ഞു. അപ്പൊ ഞാൻ എന്റെ കയ്യിൽ തല്ക്കാലം കാശൊന്നുമില്ലെന്നും ശമ്പളം
കിട്ടിയതൊക്കെ ചെലവായിപ്പോയെന്നും പറഞ്ഞു. അയാൾക്കത് വിശ്വാസമായില്ല. ശമ്പളം കിട്ടിയത്
ഇത്രവേഗം തീർന്നുപോണതെങ്ങനെയെന്നും അതിനുമാത്രം
എനിക്ക് എന്തുചെലവാണുള്ളതെന്നുംചോദിച്ചു.
-അപ്പൊ സാറെന്തുപറഞ്ഞു?
-ചെലവിനങ്ങൾടെ ഒരു ലിസ്റ്റ് പറഞ്ഞുകൊണ്ട്
ഇതിനൊക്കെ കാശ് വേണ്ടേന്ന് ചോദിച്ചു.
-ഇപ്പോഴും ഒരു ക്ലൂവും കിട്ടുന്നില്ലല്ലോ....
ആട്ടെ, എന്തൊക്കെയായിരുന്നു
സാറിന്റെ ലിസ്റ്റിൽ?
-അത് വന്ന്‌ട്ട് സാധാരണ ഐറ്റംസ് തന്നെ.
അരി കിരി, വെളിച്ചെണ്ണ കിളിച്ചെണ്ണ, പഞ്ചാര കിഞ്ചാര, ആവോലി കീവോലി, ഉഴുന്നുവട കിഴ്‌ന്നുവട, മരുന്ന് കിര്ന്ന്, ചിട്ടി കിട്ടി ....
പൊടുന്നനെ ബിആറിന് കാര്യം മനസ്സിലായി.
ഒടുവിൽ പറഞ്ഞ ഐറ്റമാണ് സേതുവിന് തെറ്റിദ്ധാരണയുണ്ടാക്കിയത്….
അതായത് ചിട്ടി കിട്ടിയിട്ടും ബാൽകിഷൻ
സാറ് കൈയിൽ കാശില്ലെന്നു പറഞ്ഞതാണ് സേതൂന്റെ ഫീലിങ്ങിൽ തട്ടിയത്!!!
സേതുവിനെ കുറ്റിയിട്ട് കാര്യമില്ല: ബാലകൃഷ്ണൻ സാറിനെയും. ആരെയെങ്കിലും കുറ്റപ്പെടുത്തണം എന്ന് നിർബന്ധമാണെങ്കിൽ BR നെ തന്നെയാകാം
ReplyDeleteരണ്ട് വാക്ക് വിട്ടുപോയി. മര്ന്ന് കിര്ന്ന് എന്നതിനുശേഷം 'പിന്നെ വന്ന് ട്ട്' എന്നുകൂടി വായിക്കുക
ReplyDeleteഅതും കൂടെ വന്നപ്പോൾ സേതുവിനെ കുറ്റിയിട്ട് ഒട്ടും കാര്യമില്ലെന്ന് ശരിക്കും ഫീൽ ചെയ്തു.....
ReplyDelete