rajasooyam
Sunday, August 30, 2020
Monday, August 10, 2020
Thursday, August 6, 2020
Wednesday, August 5, 2020
Tuesday, August 4, 2020
Monday, August 3, 2020
Saturday, August 1, 2020
ഓർമ്മത്തിരകൾ-9
(1998)
രാവിലെ ഓടിക്കിതച്ച് ഓഫീസിലെത്തിയപ്പോൾ ഡി സി ഹാളിൽ ആകപ്പാടെ ഒരു ജഗപൊഗ.
കമ്പൈലർമാരെല്ലാം എന്തോ കുശുകുശുക്കുന്നു.
ഡിസി-1 ലെ കമ്പൈലർമാർ ഡിസി-2 വിലേക്കോടുന്നു.
ഡി സി 2-വിൽ ഉള്ളവർ ഡിസി-3 ലേക്ക്.
ഏ ഓ ബാലചന്ദൻ സാറ് എസ്സൊ എൽസി സാറിനോട്
കെറുവിച്ചെന്തോ സംസാരിക്കുന്നു.
പി കെ രമേഷ് സേതുനാഥനോട് ചോദിക്കുന്നു:
-അണ്ണനെങ്ങന്യാ?
ശങ്കരനാരായണൻ നാഗപ്പൻ മാഷോട് ചോദിക്കുന്നു:
-മാഷ് ക്കെങ്ങന്യാ?
തങ്കമണി സാറ് വിനോദിനിയോട് ചോദിക്കുന്നു:
-കുട്ടിയ്ക്കെങ്ങന്യാ?
ചോദിച്ചുപിടിച്ചുവന്നപ്പോളാണറിയുന്നത്; തൃശ്ശൂർ ട്രഷറിക്കാർ തമ്പുരാനെക്കുറിച്ച് ഒരൊറ്റ കാഷെക്കൌണ്ടിലും
ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ കാണിച്ചിട്ടില്ല! എന്താണതിനു കാരണമെന്ന് ബാലചന്ദ്രൻ സാറ് വിളിച്ചുചോദിച്ചപ്പോൾ ഇവിടെ നിന്നുള്ള ഇൻസ്ട്രക് ഷൻ പ്രകാരമാണ് അപ്രകാരം ചെയ്തതെന്ന്
ട്രഷറി ആപ്പീസർ പറഞ്ഞുപോലും! അതിന്റെ നിജസ്ഥിതി അറിയാനാണ് ബാലചന്ദ്രൻ സാറ് വന്നിരിക്കുന്നത്.
ഒടുവിൽ അതാ എല്ലാവരും കേൾക്കെ ‘ങ്ഹാ..അവരെ അങ്ങനെ വിട്ടാ പറ്റില്ലല്ലൊ’
എന്നും പറഞ്ഞുകൊണ്ട് നാഗപ്പൻ മാഷ് സീറ്റിൽനിന്ന് എഴുന്നേൽക്കുന്നു. വൌച്ചർ ബണ്ടിലുകൾ
ചാടിക്കടന്ന് ഫോണിനടുത്തെത്തുന്നു. ഫോണെടുത്ത് ട്രഷറിയിലേക്ക് വിളിക്കുന്നു:
-ഹലോ. ഡിസ് ട്രിക്റ്റ് ട്രഷറിയല്ലേ
-(അതേ)
-ഇത് ഏജീസ് ഓഫീസീന്നാണ്. എനിക്ക് ജീറൊ
ജീറോ ജീറോ വൺ ചെയ്യുന്ന ആളിനെ ഒന്നു കിട്ടണം
-(ഞാൻ തന്നെയാണ് അയാൾ)
-നിങ്ങളെന്താണ് മിസ്റ്റർ കാഷെക്കൌണ്ടില്
ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ വെയ്ക്കാത്തത്?
-(അത് അവിടെനിന്നുള്ള നിർദ്ദേശപ്രകാരമാണ്)
-(ഇവ്‌ടെ നോക്ക്. നെന്മാറ വല്ലങ്ങി
വേല മുതല് വേലകകളനവധി കണ്ടിട്ടുള്ളവനാണ് ഈ ഞാൻ. എന്റടുത്ത് വേലയെറക്കരുത് കേട്ടോ.
-(അതല്ല സർ. അതങ്ങനെ റിട്ടണായി ആരും
എഴുതി തന്നതല്ല. ഞാനൊരു ദിവസം അവിടെ വന്നപ്പൊ ഒരു സാറ് ഓറലായി പറഞ്ഞതാണ്)
-വേണ്ട വേണ്ട. വീണേടത്തുകെടന്ന് ഉരുളണ്ട.
ഹല്ലേയ്. നിങ്ങടെയൊര് റിട്ടണായി എഴുതലും ഓറലായി പറയലും! ആ ക്ലാസ്സിഫിക്കേഷൻ ഇന്നുതന്നെ
ഇങ്ങെത്തിച്ചേക്കണം. സ്റ്റേറ്റിന്റെ സിവിൽ അക്കൌണ്ട്സ് ലേറ്റായാൽ ഉത്തരവാദി നിങ്ങൾ
മാത്രമായിരിക്കും. ജാക്രതൈ!
വെടിക്കെട്ട് കഴിഞ്ഞ് നാഗപ്പൻ മാഷ്
ഒരു വലിയ ശബ്ദത്തോടെ ഫോൺ ക്രാഡിലിൽ വെച്ചു; തല തിരിച്ച്.
അനന്തരം എല്ലാവരും ചായയ്ക്ക് പിരിഞ്ഞപ്പോൾ, ഹാളിൽ ഞാനും നാഗപ്പൻ
മാഷും തനിച്ചായപ്പോൾ, ഞാൻ മാഷിനോട് ചോദിച്ചു:
-എന്നാലും ആരായിരിക്കും മാഷേ, ട്രഷറിക്കാരോട് അങ്ങനെ
ഓറലായി പറഞ്ഞിട്ടുണ്ടാവുക?
അന്നേരം ചുറ്റുപാടുമൊന്ന് കണ്ണോടിച്ച്
മാഷ് പതുക്കെ പറഞ്ഞു:
-സാറായതുകൊണ്ട് ആളെ ഞാൻ പറയാം. പക്ഷേ
ഒരു കണ്ടീഷനുണ്ട്
-എന്താണത്?
-കഥയെഴുതരുത്
-അക്കാര്യം ഞാനേറ്റു.
-എങ്കിൽ പറയാം. അത്....ഞാൻ തന്നെയാണ്!
-ഹമ്പമ്പട രാഭണാ!
-അതെസർ. ഒരു ദുർബ്ബലനിമിഷത്തിൽ അങ്ങനെ
സംഭവിച്ചു എന്നു പറഞ്ഞാ മതീലൊ
-ഏതായിരുന്നു ആ അഭിശപ്ത നിമിഷം?
-കല്പാത്തി രഥോത്സവത്തിന്റെ പിറ്റേന്നാണ്.
ഉത്സവത്തിന് കരിമ്പുകച്ചവടം നടത്തിയതിന്റെ കണക്ക് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു
ഞാൻ. ഇക്കൊല്ലം കച്ചവടം വലിയ നഷ്ടത്തിലായിരുന്നു. നഷ്ടത്തിൽ പാതി സ്ലീപ്പിങ്ങ് പർട്ട്
ണർ ആയ ശങ്കരനാരായണന് കൊടുക്കുകയും വേണം ! ആകപ്പാടെ തല പൊകഞ്ഞിരിക്കുമ്പോളാണ് ആ ട്രഷറിക്കാരൻ
കേറി വന്നത്. അയാൾ കാഷെക്കൌണ്ടിനെപ്പറ്റി വാതോരാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ അയാൾ ചോദിച്ചു: ‘അപ്പൊ കാഷെക്കൌണ്ടിന്റെ
ഡേറ്റ് വാർ സ്റ്റേറ്റ്മെന്റ് വെച്ചാ മതീലൊ അല്ലേ’.
ആ ദുർബ്ബല നിമിഷത്തിൽ ഞാൻ പറഞ്ഞു: ‘മതി മതി. ധാരാളം മതി’. അന്നേരം അയാളൊന്ന്
പോയിക്കിട്ട്യാ മതിയായിരുന്നു എനിയ്ക്ക്.
-ഓ മൈ ഗോഡ്! അപ്പൊ ഈ ഫോൺ വിളിയും തട്ടിക്കയറലും
മറ്റും ?
-അത് ഒരു വേല !!!
ഓർമ്മത്തിരകൾ-8
(1998)
റിക്രിയേഷൻ ക്ലബ്ബിന്റെ ആന്വൽ അത് ലറ്റിക്
മീറ്റിനുള്ള വെറ്ററൻസിന്റെ ലിസ്റ്റിൽ സോമേട്ടന്റെ പേരുകണ്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി.
സർവീസ് സംഘടനയുടെ തലപ്പത്ത് വർഷങ്ങളോളം
തിളങ്ങിനിന്ന ഒരു വ്യക്തി കളർ ബനിയനും കളസവുമിട്ട് നാല് ജനം കാൺകെ മൈതാനത്തിറങ്ങി
ഓടുക എന്നൊക്കെപ്പറഞ്ഞാൽ... ആലോചിച്ചപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി.
സോമേട്ടനെ സൌകര്യത്തിനു കിട്ടിയപ്പോൾ
ഞാൻ ചോദിച്ചു:
-എന്താ സോമേട്ടാ ഇപ്പോൾ ഇങ്ങനെ തോന്നാൻ?
പുകഞ്ഞുതീരാറായ സിഗരറ്റ് ഒന്നൂടെ ആഞ്ഞുവലിച്ച്
കുറ്റി ദൂരേയ്ക്കെറിഞ്ഞുകൊണ്ട് സോമേട്ടൻ പറഞ്ഞു:
-അതോ... എറണാകുളത്തെ സപ്ലൈ ഓഫീസിൽ
ഓഡിറ്റിനുപോകാൻ വേണ്ടിയാണ് ഡിസമ്പർ ആറാം തിയതി രാവിലെ ഞാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ
എത്തിയത്. ഞാൻ ചെന്നുകയറിയതും ബോംബ് പൊട്ടിയതും ഒന്നിച്ചായിരുന്നു!
എന്റിഷ്ടാ, കണ്ണൊന്നുചിമ്മിത്തുറന്നപ്പോൾ
ഞാൻ കണ്ടത് റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ഞൂറ് മീറ്റർ ദൂരെയുള്ള എന്റെ വീടിന്റെ ഗേറ്റിൽ
പിടിച്ച് കിതച്ചുനിൽക്കുന്ന എന്നെത്തന്നെയാണ്!
അന്നേരം തീരുമാനിച്ചതാണ് എന്തായാലും
ഈയാണ്ടത്തെ അത് ലറ്റിക് മീറ്റിൽ
പങ്കെടുത്ത് വെന്നിക്കൊടി പാറിക്കണമെന്ന്.
ഇനി അതിൽ ഒരു മാറ്റവുമില്ല.
-എങ്കിലും സോമേട്ടാ....
-ഒരെങ്കിലും പങ്കിലുമില്ല്യ. എനിയ്ക്കൊരു
ദു:ഖമേയുള്ളൂ. ആ ഓട്ടത്തിനിടയിൽ എന്റെ ഒരു അപ്-റ്റു-ഡേറ്റ് കെ.എസ്.ആർ കളഞ്ഞുപോയി.
-ആയതുപിന്നെയുമുണ്ടാക്കീടാം/ കായം കിട്ടുകിലതുബഹുലാഭം
അല്ലേ സോമേട്ടാ?
ഞാൻ ചോദിച്ചു. സോമേട്ടൻ ചിരിച്ചു.