rajasooyam

Monday, August 15, 2022

 

കൗണ്‍സലിങ്ങ്

(ഇത് എന്നാണ് റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ല. ഇടയ്ക്ക് ബാലുവും കയറിവരുന്നുണ്ട്)

 

അസോസിയേഷന്റെ അച്ചടക്കസമിതി അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ ബാബുവിന് പിടിപ്പത്

പണിയാണിപ്പോള്‍.

അണികള്‍ ഇങ്ങനെ തുടങ്ങിയാല്‍പിന്നെ എങ്ങനെയാണ് ബാബുവിന്

പണിയില്ലാതാവുക.

ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ് :

 

ആര്‍ കണ്ണന്‍ തന്നെ ലാടന്‍ തിരുമേനീന്ന് വിളിച്ചെന്ന് എന്‍ബി !

എന്‍ബി തന്നെ കിണ്ണാ എന്നുവിളിച്ചെന്ന് കണ്ണനും!

ആര് ആരെ ആദ്യം വിളിച്ചു എന്നത് തര്‍ക്ക വിഷയം.

 

സോദരര്‍ തമ്മിലെ പോരൊരു പോരല്ലെന്നിരിക്കലും മാറിയ സാഹചര്യത്തില്‍

അച്ചടക്കനടപടി എടുക്കാതെ വയ്യ.

2 പ്രതികളും അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ സ്റ്റാലിന്‍ ബാബു നോട്ടീസയച്ചു.

 

കൂട്ടുപ്രതികള്‍ യഥാവിധി ഹാജരായപ്പോള്‍ സ്റ്റാലിന്‍ പറഞ്ഞു:

-ഇനി മേല്‍ അച്ചടക്കമില്ലായ്മയും അച്ചപ്പം തീറ്റയും വെച്ചുപൊറുപ്പിക്കാന്‍

 പറ്റില്ലെന്നാണ് മോളീന്നുള്ള ഉത്തരവ്്. നമ്മടെ ബാലൂന്റെ കാര്യം നിങ്ങക്കറിയാലൊ,.

-എന്തു പറ്റി ബാലകന്?

-പ്ലീനം റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന പുള്ളിക്കാരന്റെ അപേക്ഷ

എക്‌സിക്യൂട്ടീവ് കമ്മറ്റി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു!

-ഉവ്വ്വോ? എന്താണാവോ കാരണം?

-ഫയല് പരിശോധിച്ചപ്പൊ 2012 ആഗസ്റ്റ് 12ന് ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍

 കോണ്‍ഫെഡറേഷന്‍ നടത്തിയ ധര്‍ണ്ണയില്‍ പുള്ളിക്കാരന്‍ പങ്കെടുത്തിട്ടില്ല...

-ഈശ്വരാ!

-ഈശ്വരനെ വിളിച്ചിട്ടൊന്നും കാര്യല്ല്യ.

-അപ്പൊപ്പിന്നെ എന്തു ചെയ്യും?

-ശിക്ഷ വേണ്ടെങ്കില് രണ്ടാളും തമ്മില് ഒത്തുതീര്‍പ്പാവാന്‍ നോക്ക്.

 

എന്‍ബി പറഞ്ഞു:എന്റെ പട്ടി വരും ഒത്തുതീര്‍പ്പിന്.

അപ്പോള്‍ കണ്ണന്‍: പട്ടിയുമായി ഒരൊത്തുതീര്‍പ്പുചര്‍ച്ചക്കും ഞാന്‍ തയ്യാറല്ല.

അപ്പോള്‍ സ്റ്റാലിന്‍: എന്നാപ്പിന്നെ ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടുപേരും തയ്യാറെടുത്തോളൂ.

 

-എന്താണ് ശിക്ഷ?

-കിഴക്കിന്റെ പുത്രിയും പോരാട്ടത്തിന്റെ പെണ്‍വഴികളും പത്തുകോപ്പിവീതം രണ്ടാളും 

 വാങ്ങണം.

-വാങ്ങിയാല്‍ മാത്രം മതിയോ?

-പോരാ. വായിക്കയും വേണം.

-അയ്യൊ. അതിലും ഭേദം ഒത്തുതീര്‍പ്പാണ്

-അങ്ങനെ വഴിക്ക് വാ

-ഏതാ വഴി?

-കുറ്റപ്പേര് വിളിച്ചതിന് രണ്ടുപേരും പരസ്പരം മാപ്പ് ചോദിക്കണം.

 

അപ്പോള്‍ കണ്ണന്‍: എന്‍ബിയെ കുറ്റപ്പേര് വിളിച്ചതിന് ഞാന്‍ നിരുപാധികം

മാപ്പ് ചോദിക്കുന്നു.

അപ്പോള്‍ എന്‍ബി: കണ്ണനെ കുറ്റപ്പേര് വിളിച്ചതിന് ഞാനും മാപ്പ് ചോദിക്കുന്നു.

അതു കഴിഞ്ഞ് രണ്ടുപേരും കൂടി: മാപ്പ് പറഞ്ഞ സ്ഥിതിക്ക് പുസ്തകമെടുത്ത്

വീശുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് പോകാമോ?

അപ്പോള്‍ സ്റ്റാലിന്‍: പോകാറായില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍

എന്റെ വക ഒരു കൗണ്‍സലിങ്ങിനു വിധേയരാകണം.

 

ഏതാണ്ട് ഒരുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട കൗണ്‍സലിങ്ങിനൊടുവില്‍ ബാബു പറഞ്ഞു: അപ്പൊ ഞാന്‍ പറഞ്ഞതൊക്കെ കേട്ടല്ലൊ. ഇനി രണ്ടുപേരും പരസ്പരം കൈ

കൊടുത്ത്  വിഷ് ചെയ്ത് പിരിഞ്ഞോളൂ.

 

അതുകേട്ടതും കണ്ണന്‍ ധൃതിയില്‍ എന്‍ബിക്ക് കൈ കൊടുത്തു.

നമ്പൂരിയായതുകൊണ്ടാവണം എന്‍ബി കണ്ണന് ഹസ്തം ദാനം ചെയ്യുകയായിരുന്നു,

പശുദ്ദാനം പോലെ.

 

അനന്തരം അടുത്ത ഞാറ്റുവേലക്ക് തമ്മില്‍ കാണാം എന്നും പറഞ്ഞ് രണ്ടുപേരും

ഇങ്ങനെ ഉപചാരം ചൊല്ലി പിരിഞ്ഞു:

'' അപ്പൊ ശെരി, ലാടന്‍ തിരുമേനീ'' !

'' ശെരി, കിണ്ണാ'' !!

Wednesday, August 3, 2022

 

എന്റര്‍ ദ വിഐപി        

(സത്യവാഗീശ്വരന്‍ സാറിന്റെ സെന്‍ഡോഫ്മീറ്റിങ്ങില്‍ ആന്റണി വില്‍ഫ്രെഡ് നടത്തിയ ആശംസാപ്രസംഗത്തില്‍ നിന്ന്)

 

……………….ആശാനെപ്പറ്റി പറയുമ്പോള്‍ എനിക്ക് ഒരുപാടൊരുപാട് പറയാനുണ്ട്. അതു മുഴുവന്‍ പറയാന്‍ തുടങ്ങിയാല്‍ വിമോചനസമരം അടുത്തിരിക്കുന്ന ഈ വേളയില്‍ എനിക്ക് നാളത്തെ ആദ്യത്തെ കുര്‍ബ്ബാനയ്ക്ക് പോകാന്‍ കഴിയില്ല്യ. ഇടയലേനം കേള്‍ക്കാനും പറ്റ്ല്ല്യ. അതുകൊണ്ട് ആശാനുമായി ബന്ധപ്പെട്ടതും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ ഒരൊറ്റ സംഭവം മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ മൈക്ക് അടുത്ത ആള്‍ക്ക് കൈമാറാം.

നാലഞ്ച് വര്‍ഷം മുമ്പാണ്. ഒരോണക്കാലം. നന്ദിലത്ത് ജി-മാര്‍ട്ടില്‍ വമ്പിച്ച ആദായവില്പനയുണ്ടെന്നുകേട്ട് ഒരു ടിവി നോക്കാന്‍ പോവുകയായിരുന്നു ഞാന്‍. വഴിക്ക് വെച്ച് ആശാനെ കണ്ടുമുട്ടി. 'വില്‍ഫി എവിടെപ്പോകുന്നു?''- ആശാന്‍ ചോദിക്കുന്നു. 'നന്തിലത്തില്‍ ഒരു ടിവി നോക്കാന്‍ പോകുന്നു''- ഞാന്‍ മറുപടി പറയുന്നു. അപ്പോള്‍ ആശാന്‍ 'എന്നാപ്പിന്നെ ഞാനും കൂടെ വരാം, ഞാനും കൊറേ നാളായി ഒരു ടിവി വാങ്ങണമെന്നു വിചാരിക്കുന്നു' എന്നും പറഞ്ഞ് എന്റെ കൂടെ കൂടി. നന്തിലത്തിന്റെ മുന്നിലെത്തിയപ്പോഴേക്കും എവിടെനിന്നോ പൊട്ടിവീണ ഒരു നാച്ചുറോപ്പതിക്കാരന്‍ എന്തോ സംശയം ചോദിക്കാനായി ആശാനെ പിടിച്ചുനിര്‍ത്തി. കടയ്ക്കകത്തിരിക്കുകയായിരുന്ന ഗോപു നന്തിലത്ത് ഞങ്ങള്‍ ചെല്ലുന്നത് ദൂരെനിന്നേ കണ്ടിരുന്നു. ഒരു തികഞ്ഞ ബിസിനസ്സ്‌മേനായ അദ്ദേഹം എണീറ്റുവന്ന് 'സാറിന്റെ പേരെന്താ, എവിടെ വര്‍ക്ക് ചെയ്യുന്നു' എന്നൊക്കെ ചോദിച്ച് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. പിന്നെ അല്പം ദൂരെനിന്ന് സംസാരിയ്ക്കയായിരുന്ന ആശാനെ   ചൂണ്ടിക്കാണിച്ച് ' ആ സാറിന്റെ പേരെന്താ, ജോലിയെന്താ' എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ആശാന്റെ പേര് സത്യവാഗീശ്വരന്‍ എന്നാണെന്നും ഏജീസ് ഓഫീസില്‍ ആഡിറ്റാപ്പീസറാണെന്നും എല്ലാറ്റിനുമുപരി പേരുകേട്ട പ്രകൃതിചികിത്സകനാണെന്നുമൊക്കെ ഞാന്‍ അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി.

കുറച്ചുകഴിഞ്ഞപ്പോള്‍ നാച്ചുറോപ്പതിക്കാരന്‍ ആശാന്റെ പിടി വിട്ടു. ആശാന്‍ കടയുടെ ഡോറിലെത്തിയതും 'ഹലോ, സത്യവാഗീശ്വരന്‍ സാര്‍' എന്നു വിളിച്ച് ഗോപു നന്തിലത്ത് ആശാനെ സ്വാഗതം ചെയ്തു!

നഗരത്തില്‍ ഏറ്റവും മുന്തിയ ബിസിനസ്സുകാരന്‍ തന്നെ പേരെടുത്തുവിളിക്കുന്നതുകേട്ട് മേലാകെ കുളിരുകോരിയിട്ട ആശാന്‍ 'കണ്ടോരാ, ആണുങ്ങള്‍ക്ക് ആണുങ്ങളെയറിയാം, നിന്നെയൊക്കെ ആര്‍ക്കറിയാം' എന്ന മട്ടില്‍ ഇടംകണ്ണിട്ട് എന്നെയൊരു നോട്ടം നോക്കി!

ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല ആ നോട്ടം!!!          

 


 

സബ്മിറ്റെഡ്

 

പല്ല് കടിച്ചുപിടിച്ചും താടിപിടിച്ച്പിഴുതും ശ്വാസം വലിച്ചുവിട്ടും മറ്റും നന്ദകുമാർ ചെയ്തുവെച്ച ഒരു പി എഫ് ക്ലോഷർ നിറഞ്ഞ ചിരിയോടെ ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് രാധയെ ഡിഏജി വിളിപ്പിക്കുന്നത്.

കതകുതുറന്ന് ചിരിച്ചോണ്ട് കടന്നുചെന്ന രാധയോട് ഒട്ടും ചിരിക്കാതെ ഡിഏജി പറഞ്ഞു:

-രാധയെപ്പറ്റി ഒരു കംപ്ലെയ്ന്റ് കിട്ടിയിട്ടുണ്ട്.

-മനസ്സിലായി സർ. സത്യമായും ഞാൻ അത് മനപ്പൂർവം ചെയ്തതല്ല കേട്ടോ.

-അപ്പൊ എല്ലാം അറിഞ്ഞിട്ടാണ് വന്നിരിക്കുന്നത്. അല്ലേ?

 എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?

-അതേയ്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. തെരക്കായതുകൊണ്ട് ചായകുടിക്കാനിറങ്ങാൻ അല്പം വൈകി. കടലാസെടുക്കാൻ മറന്നും പോയി.

-യു മീൻ കാന്റീൻ കൂപ്പൺ?

-അല്ല സർ. കടലാസ്

-എന്ത് കടലാസ്

-വട പൊതിയാനുള്ളത്

-അത് ശെരി...

-ചെന്നപ്പൊ ഒരു പഴം പൊരിയും ഒരു ഉള്ളിവടയും മാത്രമുണ്ട് ബാക്കി. ഒരു കൈയിൽ ഉള്ളിവടയും മറുകൈയിൽ ചപ്ലാം കട്ടയ്ക്കൊത്ത പഴം പൊരിയുമായി ഞാൻ സെക് ഷനിലേക്ക് നടന്നു. വഴിയിലെങ്ങും ഒരു കഷണം കടലാസ് തന്ന് സഹായിക്കാൻ ആരുമുണ്ടായില്ല. സെക് ഷനിൽ വന്ന് സീറ്റിലിരിക്കാൻ തുടങ്ങുമ്പൊ ബാബു വന്ന് ‘ഇത് മതിയാവ്വ്വോന്നു നോക്ക്’ എന്നും പറഞ്ഞ് ഒരു കഷണം കടലാസ് തന്നു. ചെറുതായിരുന്നെങ്കിലും അതുമതിയെന്നും പറഞ്ഞ് ഞാൻ അതുവാങ്ങി ഉള്ളിവടയും ചപ്ലാം കട്ടയും അതിൽ ഒരുവിധത്തിൽ ഒതുക്കിപ്പൊതിഞ്ഞ് മേശയ്ക്കകത്തുവെച്ചു....അന്നേരം ബാബു മുഖം വീർപ്പിച്ച് ശരം വിട്ടപോലെ പുറത്തേയ്ക്ക് പോകുന്നത് കണ്ടു കേട്ടോ. പക്ഷേ അപ്പൊ എനിക്കൊന്നും മനസ്സിലായില്ല്യ. പിന്നെ കുനിഞ്ഞിരുന്ന് കുലുങ്ങിച്ചിരിക്കുന്ന സീതാലക്ഷ്മി പറഞ്ഞപ്പോളാണ് ഞാൻ കാര്യമറിയുന്നത്; ബാബു തന്നത് സാറിന് സബ്മിറ്റ് ചെയ്യാനുള്ള നോട്ടായിരുന്നൂന്ന്! അയാം എക്സ്ട്രീം ലി സോറി സർ.

 

സമാധാനത്തിനുവേണ്ടിയുള്ള ത്യാഗങ്ങൾ

 

- താക്കോൽ കൊടുക്കാതരുണോദയത്തിൽ താനേമുഴങ്ങും വലിയോരലാറമായ പൂങ്കോഴിതൻ പുഷ്കലകണ്ഠനാദം കേൾക്കുമ്പോൾ തട്ടിപ്പിടഞ്ഞെണീക്കുക, അടുക്കളയിൽ ചെന്ന് കട്ടൻ കാപ്പിയിടുക, മുറ്റമടിക്കുക, പാത്രം മോറുക, പാല് കറക്കുക, പശൂനെ അഴിച്ച് കെട്ടുക, കോഴീനെ അഴിച്ച് വിടുക, കറിയ്ക്കരിയുക, ദോശയ്ക്കരയ്ക്കുക, ചോറുണ്ടാക്കുക, കറി വെക്കുക, വെള്ളം കോരുക, വിറക് വെട്ടുക, തുണിയലക്കുക തുടങ്ങി എപ്പേർപ്പെട്ട ഗൃഹജോലികളെല്ലാം ഇപ്പോൾ സാറാണ് ചെയ്യുന്നതെന്നു കേട്ടു. സംഗതി നേരാണോ?

- നേരാണ്

- അത്രയധികം ഗൃഹജോലികൾ ചെയ്ത് ഇത്രയധികം കഷ്ടപ്പെടുന്ന സാറ്‌ പക്ഷേ വൈഫ്  വിആർഎസ് എടുക്കാമെന്നു പറയുമ്പോൾ അതിനു സമ്മതിക്കുന്നുമില്ല! അതെന്താണ്?

-എഴുതി കൊളാക്കില്ലെങ്കിൽ പറയാം

-എഴുതില്ല. ധൈര്യമായി പറയൂ

-അത് പിന്നെ ആഴ്ചയിൽ അഞ്ചുദിവസമെങ്കിൽ അഞ്ചുദിവസം രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചരവരെ കിട്ടുന്ന ആ മനസ്സമാധാനമുണ്ടല്ലൊ. അത് വെറുതേ കളയണോ ഞാൻ?

 

Tuesday, August 2, 2022

 

പിശുക്കൻ

 

തൊള്ളായിരത്തി അമ്പതുകളുടെ അവസാനമാണ് കാലം.

ഇന്നത്തെപ്പോലെ അന്നും അക്കൗണ്ടാപ്പീസുണ്ട്.

അക്കൗണ്ടാപ്പീസിൽ ലിപി’യുമുണ്ട്.

ശിവരാമൻ തന്നെയായിരുന്നു അന്നും ലിപിയുടെ എഡിറ്റർ.

(ഓനില്ലാണ്ട് എന്ത് ലിപി?)

ലിപി ഇടയ്ക്കിടെ സാഹിത്യമത്സരങ്ങൾ നടത്തുമായിരുന്നു.

എൻട്രികൾ വായിച്ചുനോക്കുന്നതും മാർക്കിടുന്നതും വിധി പ്രസ്താവിക്കുന്നതും സമ്മാനം നിശ്ചയിക്കുന്നതുമെല്ലാം‍ ശിവരാമൻ തന്നെയായിരുന്നു.

അങ്ങനെയിരിക്കെ ഒരുനാൾ കവിസഹജമാ‍യ കൗതുകത്താൽ സാക്ഷാൽ ശങ്കരക്കുറുപ്പ് ലിപിയിലേക്കൊരു കവിതയയച്ചു.

മത്സരത്തിന്റെ റിസൽട്ടറിഞ്ഞതും കുറുപ്പ് പൊട്ടിക്കരഞ്ഞെന്നാണ് പറയപ്പെടുന്നത്.

കാരണം അദ്ദേഹത്തിന്റെ കവിതയ്ക്കായിരുന്നത്രേ അത്തവണ ഏറ്റവും കുറവ് മാർക്ക്!

പത്തിൽ വെറും രണ്ടേമുക്കാൽ !!!

Wednesday, July 27, 2022

 

ദോ പ്ലസ് ദോ

(നർമ്മാസ്വാദകനായ ജോസേട്ടന്റെ ഓർമ്മയ്ക്ക്)

 

 രണ്ട് പതിറ്റാണ്ട് മുമ്പാണ്.

വി എൻ ക്രി യ്ക്ക്  ഓളിൻഡ്യാ അസോസിയേഷന്റെ ചിന്തൻ ബൈഠക്കിനു പോകണം.

നാഗ്പൂരിലാണ് സംഭവം. പുള്ളിക്കാരനാണെങ്കിൽ ഹിന്ദി ഭാഷ വലിയ പിടിയില്ല. കേട്ടാൽ മനസ്സിലാകുമെന്നല്ലാതെ ഒരക്ഷരം പറയാനറിഞ്ഞുകൂട. ഹിന്ദി പറയാനറിയാതെ നാഗ്പൂര് പോയാൽ ലോഡ്ജ്കാരും കച്ചവടക്കാരും കൂടി കഴുത്തറുക്കുമെന്നും മറ്റും പറഞ്ഞ് ഹിന്ദി പണ്ഡിറ്റ് ശ്രീകുമാർ വി എൻ ക്രിയെ നിരന്തരം പേടിപ്പിക്കാനും തുടങ്ങി.

പിന്നെ എന്താണൊരു പോംവഴി?

പോംവഴി ശ്രീകുമാർ തന്നെ പറഞ്ഞുകൊടുത്തു:

ഹിന്ദി ഭാഷ വെള്ളം പോലെ കൈകാര്യം ചെയ്യാനറിയാവുന്ന ജോസേട്ടനെ ദ്വിഭാഷിയായി കൂടെ കൊണ്ടുപോവുക.

അങ്ങനെയാണ് വി എൻ ക്രിയുടെ ഫുൾ ചെലവിൽ ജോസേട്ടനും കൂടി നാഗ്പൂർക്ക് വണ്ടി കയറിയത്.

        നാഗ്പൂരിൽ വണ്ടിയിറങ്ങി ആദ്യം കണ്ട ലോഡ്ജിൽ കയറി ഇരുവരും മുറിയെടുത്തു. ശാപ്പാടടക്കമുള്ള ഒരു ലോഡ്ജായിരുന്നു അത്. മദിരാശിയിൽ കാണാറുള്ളതുപോലെ ടെമ്പ്ൾ അച്ചാച്ച്ഡ് ആയിരുന്നില്ലെന്നു മാത്രം.

        വൈകീട്ട് ശാപ്പാട് കഴിഞ്ഞപ്പോൾ വി എൻ ക്രി യ്ക്ക് ഒരു വിളി തോന്നി. നാലും കൂട്ടി ഒന്നു മുറുക്കണം.

ജോസേട്ടൻ ചോദിച്ചു:

-മുറുക്കാൻ വാങ്ങാൻ ഞാൻ കൂടെ വരണോ?

-ഏയ്. ഇതൊരു ചീള് കേസല്ലേ. ഞാൻ പോയിട്ട് വരാം.

        വി എൻ ക്രി ബേഗിൽനിന്ന് ഒരുകത്തിയെടുത്ത് റോഡ് മുറിച്ചുകടന്ന് അപ്പുറത്തുള്ള മുറുക്കാൻ കടയിൽ ചെന്നു.

നാഗ്പൂർ സ്പെഷൽ മുറുക്കാന് 8 രൂപയായി. നായർജി ഒരു പത്തിന്റെ നോട്ടെടുത്തുകൊടുത്തു.

കടക്കാരന്റെ കൈയിൽ ചില്ലറയില്ല.

2 രൂപ ഞാൻ നാളെ തന്നാൽ പോരെ സാബ്?’ അയാൾ ഹിന്ദിയിൽ ചോദിച്ചു. സാബിന് കാര്യം മനസ്സിലായി.

‘മതി,മതി’. സാബ് പച്ചമലയാളത്തിൽ കാര്യം പറഞ്ഞു.

        പിറ്റേന്ന് വൈകീട്ട് മുറുക്കാൻ വാങ്ങാൻ പോയത് നായർ സാബും ദ്വിഭാഷിയും ഒന്നിച്ചാണ്. മുറുക്കാനു പുറമെ ഇരുവരും ഈരണ്ട് പാളേങ്കോടൻ പഴം കൂടി ചെലുത്തി.

“ എല്ലാം കൂടി എത്രയായി?” ജോസേട്ടൻ ആംഗ്യഭാഷയിൽ ചോദിച്ചു.

“22 രൂപ” കടക്കാരൻ ഹിന്ദിയിൽ പറഞ്ഞു.

ജോസേട്ടൻ കൈനീട്ടി. വീയെൻക്രി ഒരു 50ന്റെ നോട്ടെടുത്തുകൊടുത്തു. ജോസേട്ടൻ അത് കടക്കാരന് കൈമാറി.

അയാൾ അപ്പോൾ തലേന്നാളത്തെ 2 രൂപയുടെ കാര്യം പറഞ്ഞിട്ട് 30 രൂപ തിരിച്ചുകൊടുത്തു.

അന്നേരം ജോസേട്ടൻ ‘അച് ഛാ’ എന്നും പറഞ്ഞ് വി എൻ ക്രിയുടെ പോക്കറ്റിൽ കൈയിട്ട് 2 രൂപയുടെ 2 തുട്ടെടുത്ത് മൊത്തം 4 രൂപ കടക്കാരനു കൊടുത്തു!

ഇതെന്തു കഥ എന്ന ഭാവത്തിൽ അന്തിച്ചുനിന്ന കടക്കാരനോട് ‘ഠീക് ഹേ’ എന്നും പറഞ്ഞ് ദ്വിഭാഷി തിരിച്ചുനടന്നു.

        എത്ര ആലോചിച്ചിട്ടും ആ 4 രൂപയുടെ കണക്ക് നായർജിക്ക് പിടികിട്ടിയില്ല. ഒടുവിൽ ദ്വിഭാഷി തന്നെ അത് അദ്ദേഹത്തിന് വിവരിച്ചുകൊടുത്തു:

അതേയ്, കൃഷ്ണാ, 22 രൂപയാണ് നമ്മുടെ ഇന്നത്തെ പറ്റ്. നമ്മൾ 50 രൂപ കൊടുത്തു. ബാക്കി 28 രൂപ തരേണ്ടതിനുപകരം അയാൾ 30 രൂപ തന്നു. അപ്പോൾ  നമ്മൾ 2 രൂപ തിരിച്ചുകൊടുക്കണം. ഓകെ? പിന്നെ ഇന്നലെ നീ അയാൾക്ക് 2 രൂപ കൊടുക്കാനുണ്ടായിരുന്നെന്ന്  അയാൾ എന്നോട് പറഞ്ഞു. അങ്ങനെ മൊത്തം 4 രൂപ.

ദോ പ്ലസ് ദോ ഈക്വൽ ടു ചാർ. സംഝേ?

Saturday, July 23, 2022

 

എസ് വി ഡീയെന്നെ

മിടുമിടുക്കനായിരുന്നു അങ്ങാടിക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളിൽ പുതുതായി നിയമനം കിട്ടിവന്ന എൽ ഡി ക്ലർക്ക് ലക്ഷ്മീകാന്ത്പ്യാരേലാൽ. അതുകൊണ്ടാണ് ഹെഡ്മാ‍സ്റ്റർ ബ്രഹ്മദത്തൻ നമ്പീശൻ അക്കൌണ്ടാപ്പീസിൽനിന്നുവന്ന ഇൻസ്പെക് ഷൻ റിപ്പോർട്ടിന് മറുപടിയെഴുതാനുള്ള ചുമതല അയാളെത്തന്നെ ഏല്പിച്ചത്.

ലക്ഷ്മീകാന്ത് പ്യാരേലാൽ രണ്ടുദിവസംകൊണ്ട് ബേക്ക്ഫയൽസ് എല്ലാം പഠിച്ച് വളരെ മിതവും ലളിതവും എന്നാൽ ഗംഭീരവുമായ ഭാഷയിൽ ഏജിയ്ക്ക് ഒരു ഡ്രാഫ്റ്റ് റിപ്ലൈ എഴുതി എച്ചെമ്മിന്റെ മേശപ്പുറത്തുവെച്ചു.

നമ്പീശൻ മാഷ് ആദ്യം ഡ്രാഫ്റ്റിലൂടെ ഒന്നു കണ്ണോടിച്ചു. പിന്നെ അത് മനസ്സിരുത്തി കൂലങ്കഷായമായി വായിച്ചു. അനന്തരം കണ്ണടയൂരി മേശപ്പുറത്തുവെച്ച് കണ്ണിലൂടെ ഒഴുകുകയായിരുന്ന ആനന്ദശ്മശ്രുക്കൾ തുടച്ചു. മുപ്പതുവർഷത്തെ സർവീസിനിടയിൽ മാഷ് ആദ്യമായിട്ടാണ് ഇത്രയും സ്റ്റൈലനായ ഒരു ലെറ്റർ കാണുന്നത്. “മറുപടി കലക്കീട്ട്ണ്ട്,ട്ടോ” മാഷ് ല.പ്യാ.ലാലിനെ അഭിനന്ദിച്ചു. പിന്നെ മേശപ്പുറത്തുനിന്ന് പച്ചമഷിയുള്ള പെന്നെടുത്ത് ഡ്രാഫ്റ്റിൽ എന്തോ ചെറിയ മിനുക്കുപണി നടത്തിയശേഷം ഒപ്പിട്ട് അത് ലാലിന് കൈമാറി. സീറ്റിൽ ചെന്നിരുന്ന് ടൈപ്പ് ചെയ്യുമ്പോളാണ് ഡ്രാഫ്റ്റിൽ എച്ച് എം വരുത്തിയ കറക് ഷൻ ലക്ഷ്മികാന്ത് പ്യാരേലാൽ ശ്രദ്ധിച്ചത്. ഇൻ വ്യൂ ഓഫ് ദ എബൌ എക്സ്പ്ലനേഷൻ ഐ റിക്വസ്റ്റ് ദാറ്റ് ദ ഒബ്ജെക് ഷൻ മെ പ്ലീസ് ബി ഡ്രോപ്പ്ഡ് എന്നായിരുന്നു ലാൽ എഴുതിയിരുന്നത്. പക്ഷേ ഇപ്പോൾ ഡ്രോപ്പ്ഡിനുശേഷം എച്ച് എം പുതിയൊരു വാക്ക് എഴുതിച്ചേർത്തിരിക്കുന്നു: എസ് വി ഡി എൻ എ എന്നാണ് സ്പെല്ലിങ്ങ്.

എന്താണീ എസ് വി ഡി എൻ എ? എത്ര ആലോചിച്ചിട്ടും ല.പ്യാ.ലാലിന് അത് പിടികിട്ടിയില്ല. എച്ച് എമ്മിനൊട് ചോദിച്ചാലോ എന്ന് പലവട്ടം ആലോചിച്ചു. പിന്നെ അത് വേണ്ടെന്നുവെച്ചു. പിന്നീടൊരിക്കലാവാമെന്നുവെച്ചു. തൽക്കാലം അത് അങ്ങനെതന്നെ ടൈപ്പ് ചെയ്ത് ഫെയർ കോപ്പി ഒപ്പിടുവിച്ച് അയയ്ക്കുകയും ചെയ്തു.

എങ്കിലും ഊണിലും ഉറക്കത്തിലും ല.പ്യാ.ലാലിന് ഒരേ ചിന്തയായിരുന്നു: എന്തായിരിക്കും ഈ എസ് വി ഡി എൻ എ?

 

മാസമൊന്നു കഴിഞ്ഞു. പാരാഡ്രോപ്പിങ്ങിന്റെ സീസണാവാത്തതുകൊണ്ടോ ടാർജെറ്റെല്ലാം അച്ചീവ് ചെയ്തുകഴിഞ്ഞതുകൊണ്ടോ എന്തോ അക്കൌണ്ടാപ്പീസിൽനിന്ന് മറുപടിയൊന്നും കണ്ടില്ല. ഒരു ദിവസം ലക്ഷ്മികാന്ത് പ്യാരേലാൽ നമ്പീശൻ മാഷിനോട് ചോദിച്ചു: മാഷേ നമുക്ക് ഏജിക്ക് ഒരു റിമൈൻഡർ അയച്ചാലോ?

“ശെരി. ഒരു ഡ്രാഫ്റ്റെഴുതി വെയ്ക്കൂ” മാഷ് പറഞ്ഞു.

ലാൽ ഡ്രാഫ്റ്റെഴുതി. മുമ്പയച്ച കത്തിന്റെ നമ്പർ ക്വോട്ട് ചെയ്തു. അതിൽ പറഞ്ഞിരുന്ന കാര്യങ്ങൾ ചുരുക്കിയെഴുതി. ഒടുവിൽ ഇങ്ങനെ അവസാനിപ്പിച്ചു: ഇറ്റ് മെ പ്ലീസ് ബി ഇന്റിമേറ്റെഡ് വെദെർ ദ എക്സ്പ്ലനേഷൻ ഫർണിഷ്ഡ് ബൈ ദിസ് ഓഫീസ് ഹേസ് ബീൻ ആക്സെപ്റ്റെഡ് ആൻഡ് ദ ഒബ്ജെക് ഷൻ ഡ്രോപ്പ്ഡ്.

ഡ്രാഫ്റ്റ് എച്ച് എമ്മിന്റെ മേശപ്പുറത്തുവെച്ച് ലാൽ ടോയ്ലെറ്റിൽ പോയി. തിരിച്ചുവന്നപ്പോഴേക്കും ഫയലും തിരിച്ചുവന്നിരുന്നു.

അത്ഭുതമെന്നു പറയട്ടെ, എച്ച് എം അതിലും ഡ്രോപ്പ്ഡിനു ശേഷം എസ് വി ഡി എൻ എ എന്ന് എഴുതിച്ചേർത്തിരുന്നു!

ഇത്തവണ എന്തായാലും ഡൌട്ട് ക്ലിയർ ചെയ്യുകതന്നെ. ഡ്രാഫ്റ്റുമായി എച്ച് എമ്മിന്റെ മുറിയിൽ ചെന്ന് ല.പ്യാ.ലാൽ ചോദിച്ചു: മാഷേ എന്താണീ എസ് വി ഡി എൻ എ? എനിയ്ക്കത് മനസ്സിലായില്ല.

രാവിലെ മുതൽ വായിലിട്ട് ചപ്ലിച്ചുകൊണ്ടിരുന്ന താമ്പൂലം സൈഡിലിരുന്ന കോളാമ്പിയിലേക്ക് തുപ്ലിച്ചുകൊണ്ട് ഒരു കള്ളച്ചിരി പാസ്സാക്കി നമ്പീശൻ പറഞ്ഞു: വാസ്തവം പറഞ്ഞാ എനിക്കും അതത്ര നിശ്ശല്ല്യ. ഒബ്ജെക് ഷൻ ഡ്രോപ്പ് ചെയ്തുകൊണ്ട് അക്കൌണ്ടാപ്പീസീന്ന് വരാറുള്ള കത്തുകളിൽഎല്ലാം അങ്ങനെ കാണാറുണ്ട്. അതായത് ഒബ്ജെക് ഷൻ ഹേസ് ബീൻ ഡ്രോപ്പ്ഡ് എസ്  വി ഡി എൻ എ എന്ന്. ഏതായാലും രണ്ടിലൊന്ന് തീർച്ച. ഒന്നുകിൽ ഇംഗ്ലീഷ് വ്യാകരണവിധി പ്രകാരം ഡ്രോപ്പിങ്ങിന് തനിച്ച് നിൽക്കാൻ പറ്റ്ല്ല്യ. ലുക്കിന്റു, റെഫെർ ടു എന്നൊക്കെ പറയുമ്പോലെയുള്ള ഒരു പ്രയോഗമാവാം അത്. ഇനി അതല്ലെങ്കിൽ ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലുള്ള ഹൈലി ടെക്നിക്കൽ ആയ എന്തോ സംഗതിയാവും.

(നോക്കണേ ‘സബ്ജെക്റ്റ് റ്റു വെരിഫിക്കേഷൻ ഡ്യൂറിംഗ് നെക്സ്റ്റ് ഓഡിറ്റ്‘ അബ്രീവിയേറ്റ് ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന ഒരോരോ യോർക്കറുകൾ! ഫ്ലിപ്പറുകൾ!! ഗൂഗ്ലികൾ!!!)