rajasooyam

Monday, August 15, 2022

 

കൗണ്‍സലിങ്ങ്

(ഇത് എന്നാണ് റെക്കോഡ് ചെയ്തതെന്ന് ഓർമ്മയില്ല. ഇടയ്ക്ക് ബാലുവും കയറിവരുന്നുണ്ട്)

 

അസോസിയേഷന്റെ അച്ചടക്കസമിതി അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ ബാബുവിന് പിടിപ്പത്

പണിയാണിപ്പോള്‍.

അണികള്‍ ഇങ്ങനെ തുടങ്ങിയാല്‍പിന്നെ എങ്ങനെയാണ് ബാബുവിന്

പണിയില്ലാതാവുക.

ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ് :

 

ആര്‍ കണ്ണന്‍ തന്നെ ലാടന്‍ തിരുമേനീന്ന് വിളിച്ചെന്ന് എന്‍ബി !

എന്‍ബി തന്നെ കിണ്ണാ എന്നുവിളിച്ചെന്ന് കണ്ണനും!

ആര് ആരെ ആദ്യം വിളിച്ചു എന്നത് തര്‍ക്ക വിഷയം.

 

സോദരര്‍ തമ്മിലെ പോരൊരു പോരല്ലെന്നിരിക്കലും മാറിയ സാഹചര്യത്തില്‍

അച്ചടക്കനടപടി എടുക്കാതെ വയ്യ.

2 പ്രതികളും അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ സ്റ്റാലിന്‍ ബാബു നോട്ടീസയച്ചു.

 

കൂട്ടുപ്രതികള്‍ യഥാവിധി ഹാജരായപ്പോള്‍ സ്റ്റാലിന്‍ പറഞ്ഞു:

-ഇനി മേല്‍ അച്ചടക്കമില്ലായ്മയും അച്ചപ്പം തീറ്റയും വെച്ചുപൊറുപ്പിക്കാന്‍

 പറ്റില്ലെന്നാണ് മോളീന്നുള്ള ഉത്തരവ്്. നമ്മടെ ബാലൂന്റെ കാര്യം നിങ്ങക്കറിയാലൊ,.

-എന്തു പറ്റി ബാലകന്?

-പ്ലീനം റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന പുള്ളിക്കാരന്റെ അപേക്ഷ

എക്‌സിക്യൂട്ടീവ് കമ്മറ്റി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു!

-ഉവ്വ്വോ? എന്താണാവോ കാരണം?

-ഫയല് പരിശോധിച്ചപ്പൊ 2012 ആഗസ്റ്റ് 12ന് ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍

 കോണ്‍ഫെഡറേഷന്‍ നടത്തിയ ധര്‍ണ്ണയില്‍ പുള്ളിക്കാരന്‍ പങ്കെടുത്തിട്ടില്ല...

-ഈശ്വരാ!

-ഈശ്വരനെ വിളിച്ചിട്ടൊന്നും കാര്യല്ല്യ.

-അപ്പൊപ്പിന്നെ എന്തു ചെയ്യും?

-ശിക്ഷ വേണ്ടെങ്കില് രണ്ടാളും തമ്മില് ഒത്തുതീര്‍പ്പാവാന്‍ നോക്ക്.

 

എന്‍ബി പറഞ്ഞു:എന്റെ പട്ടി വരും ഒത്തുതീര്‍പ്പിന്.

അപ്പോള്‍ കണ്ണന്‍: പട്ടിയുമായി ഒരൊത്തുതീര്‍പ്പുചര്‍ച്ചക്കും ഞാന്‍ തയ്യാറല്ല.

അപ്പോള്‍ സ്റ്റാലിന്‍: എന്നാപ്പിന്നെ ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടുപേരും തയ്യാറെടുത്തോളൂ.

 

-എന്താണ് ശിക്ഷ?

-കിഴക്കിന്റെ പുത്രിയും പോരാട്ടത്തിന്റെ പെണ്‍വഴികളും പത്തുകോപ്പിവീതം രണ്ടാളും 

 വാങ്ങണം.

-വാങ്ങിയാല്‍ മാത്രം മതിയോ?

-പോരാ. വായിക്കയും വേണം.

-അയ്യൊ. അതിലും ഭേദം ഒത്തുതീര്‍പ്പാണ്

-അങ്ങനെ വഴിക്ക് വാ

-ഏതാ വഴി?

-കുറ്റപ്പേര് വിളിച്ചതിന് രണ്ടുപേരും പരസ്പരം മാപ്പ് ചോദിക്കണം.

 

അപ്പോള്‍ കണ്ണന്‍: എന്‍ബിയെ കുറ്റപ്പേര് വിളിച്ചതിന് ഞാന്‍ നിരുപാധികം

മാപ്പ് ചോദിക്കുന്നു.

അപ്പോള്‍ എന്‍ബി: കണ്ണനെ കുറ്റപ്പേര് വിളിച്ചതിന് ഞാനും മാപ്പ് ചോദിക്കുന്നു.

അതു കഴിഞ്ഞ് രണ്ടുപേരും കൂടി: മാപ്പ് പറഞ്ഞ സ്ഥിതിക്ക് പുസ്തകമെടുത്ത്

വീശുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് പോകാമോ?

അപ്പോള്‍ സ്റ്റാലിന്‍: പോകാറായില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍

എന്റെ വക ഒരു കൗണ്‍സലിങ്ങിനു വിധേയരാകണം.

 

ഏതാണ്ട് ഒരുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട കൗണ്‍സലിങ്ങിനൊടുവില്‍ ബാബു പറഞ്ഞു: അപ്പൊ ഞാന്‍ പറഞ്ഞതൊക്കെ കേട്ടല്ലൊ. ഇനി രണ്ടുപേരും പരസ്പരം കൈ

കൊടുത്ത്  വിഷ് ചെയ്ത് പിരിഞ്ഞോളൂ.

 

അതുകേട്ടതും കണ്ണന്‍ ധൃതിയില്‍ എന്‍ബിക്ക് കൈ കൊടുത്തു.

നമ്പൂരിയായതുകൊണ്ടാവണം എന്‍ബി കണ്ണന് ഹസ്തം ദാനം ചെയ്യുകയായിരുന്നു,

പശുദ്ദാനം പോലെ.

 

അനന്തരം അടുത്ത ഞാറ്റുവേലക്ക് തമ്മില്‍ കാണാം എന്നും പറഞ്ഞ് രണ്ടുപേരും

ഇങ്ങനെ ഉപചാരം ചൊല്ലി പിരിഞ്ഞു:

'' അപ്പൊ ശെരി, ലാടന്‍ തിരുമേനീ'' !

'' ശെരി, കിണ്ണാ'' !!

1 comment: