rajasooyam

Wednesday, August 3, 2022

 

എന്റര്‍ ദ വിഐപി        

(സത്യവാഗീശ്വരന്‍ സാറിന്റെ സെന്‍ഡോഫ്മീറ്റിങ്ങില്‍ ആന്റണി വില്‍ഫ്രെഡ് നടത്തിയ ആശംസാപ്രസംഗത്തില്‍ നിന്ന്)

 

……………….ആശാനെപ്പറ്റി പറയുമ്പോള്‍ എനിക്ക് ഒരുപാടൊരുപാട് പറയാനുണ്ട്. അതു മുഴുവന്‍ പറയാന്‍ തുടങ്ങിയാല്‍ വിമോചനസമരം അടുത്തിരിക്കുന്ന ഈ വേളയില്‍ എനിക്ക് നാളത്തെ ആദ്യത്തെ കുര്‍ബ്ബാനയ്ക്ക് പോകാന്‍ കഴിയില്ല്യ. ഇടയലേനം കേള്‍ക്കാനും പറ്റ്ല്ല്യ. അതുകൊണ്ട് ആശാനുമായി ബന്ധപ്പെട്ടതും എനിക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്തതുമായ ഒരൊറ്റ സംഭവം മാത്രം പറഞ്ഞുകൊണ്ട് ഞാന്‍ മൈക്ക് അടുത്ത ആള്‍ക്ക് കൈമാറാം.

നാലഞ്ച് വര്‍ഷം മുമ്പാണ്. ഒരോണക്കാലം. നന്ദിലത്ത് ജി-മാര്‍ട്ടില്‍ വമ്പിച്ച ആദായവില്പനയുണ്ടെന്നുകേട്ട് ഒരു ടിവി നോക്കാന്‍ പോവുകയായിരുന്നു ഞാന്‍. വഴിക്ക് വെച്ച് ആശാനെ കണ്ടുമുട്ടി. 'വില്‍ഫി എവിടെപ്പോകുന്നു?''- ആശാന്‍ ചോദിക്കുന്നു. 'നന്തിലത്തില്‍ ഒരു ടിവി നോക്കാന്‍ പോകുന്നു''- ഞാന്‍ മറുപടി പറയുന്നു. അപ്പോള്‍ ആശാന്‍ 'എന്നാപ്പിന്നെ ഞാനും കൂടെ വരാം, ഞാനും കൊറേ നാളായി ഒരു ടിവി വാങ്ങണമെന്നു വിചാരിക്കുന്നു' എന്നും പറഞ്ഞ് എന്റെ കൂടെ കൂടി. നന്തിലത്തിന്റെ മുന്നിലെത്തിയപ്പോഴേക്കും എവിടെനിന്നോ പൊട്ടിവീണ ഒരു നാച്ചുറോപ്പതിക്കാരന്‍ എന്തോ സംശയം ചോദിക്കാനായി ആശാനെ പിടിച്ചുനിര്‍ത്തി. കടയ്ക്കകത്തിരിക്കുകയായിരുന്ന ഗോപു നന്തിലത്ത് ഞങ്ങള്‍ ചെല്ലുന്നത് ദൂരെനിന്നേ കണ്ടിരുന്നു. ഒരു തികഞ്ഞ ബിസിനസ്സ്‌മേനായ അദ്ദേഹം എണീറ്റുവന്ന് 'സാറിന്റെ പേരെന്താ, എവിടെ വര്‍ക്ക് ചെയ്യുന്നു' എന്നൊക്കെ ചോദിച്ച് എനിക്ക് ഷെയ്ക്ക് ഹാന്‍ഡ് തന്നു. പിന്നെ അല്പം ദൂരെനിന്ന് സംസാരിയ്ക്കയായിരുന്ന ആശാനെ   ചൂണ്ടിക്കാണിച്ച് ' ആ സാറിന്റെ പേരെന്താ, ജോലിയെന്താ' എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ആശാന്റെ പേര് സത്യവാഗീശ്വരന്‍ എന്നാണെന്നും ഏജീസ് ഓഫീസില്‍ ആഡിറ്റാപ്പീസറാണെന്നും എല്ലാറ്റിനുമുപരി പേരുകേട്ട പ്രകൃതിചികിത്സകനാണെന്നുമൊക്കെ ഞാന്‍ അദ്ദേഹത്തെ പറഞ്ഞുമനസ്സിലാക്കി.

കുറച്ചുകഴിഞ്ഞപ്പോള്‍ നാച്ചുറോപ്പതിക്കാരന്‍ ആശാന്റെ പിടി വിട്ടു. ആശാന്‍ കടയുടെ ഡോറിലെത്തിയതും 'ഹലോ, സത്യവാഗീശ്വരന്‍ സാര്‍' എന്നു വിളിച്ച് ഗോപു നന്തിലത്ത് ആശാനെ സ്വാഗതം ചെയ്തു!

നഗരത്തില്‍ ഏറ്റവും മുന്തിയ ബിസിനസ്സുകാരന്‍ തന്നെ പേരെടുത്തുവിളിക്കുന്നതുകേട്ട് മേലാകെ കുളിരുകോരിയിട്ട ആശാന്‍ 'കണ്ടോരാ, ആണുങ്ങള്‍ക്ക് ആണുങ്ങളെയറിയാം, നിന്നെയൊക്കെ ആര്‍ക്കറിയാം' എന്ന മട്ടില്‍ ഇടംകണ്ണിട്ട് എന്നെയൊരു നോട്ടം നോക്കി!

ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല ആ നോട്ടം!!!          

 


No comments:

Post a Comment