rajasooyam

Tuesday, February 4, 2020

      ആന്റണ്‍ വില്‍ഫ്രഡിന്റെ ആത്മകഥയില്‍ നിന്നും ഒരേട്
                                                           
                                                           (BR: 9/07)
 
   അദ്ധ്യായം 28: എ ഗുഡ് സമരിറ്റന്‍ അഥവാ നല്ലവനായ മാളക്കാരന്‍

                   എഴുപതുകളുടെ ആദ്യപകുതിയിലാണ് സംഭവം. ഞാന്‍ തിരുവനന്തപുരത്തുനിന്ന് ട്രാന്‍സ്ഫറായി വന്നിട്ട് അധികമായിട്ടില്ല. ഒരു ദിവസം മെയിനാപ്പീസിലെ രാജശേരന്‍ തമ്പി എന്നെ കാണാന്‍ ആപ്പീസില്‍ വന്നു. തൃശ്ശൂര്‍ ഡീഡി ആപ്പീസില്‍ ഓഡിറ്റിനുവന്ന പുള്ളിക്കാരന്‍ ഒന്നു മുങ്ങിയതാണ്. പരമരസികനും സഹൃദയനും വെടിക്കെട്ട്‌വര്‍ത്തമാനക്കാരനുമായ തമ്പി തിരുവനന്തപുരത്ത് എന്റെ സഹമുറിയനായിരുന്നു. കുറേനാളുകള്‍ക്കുശേഷം തമ്മില്‍ കാണുകയായിരുന്നല്ലൊ. വര്‍ത്തമാനം പറഞ്ഞ്പറഞ്ഞ് നേരം പോയതറിഞ്ഞില്ല. ഊണുകഴിക്കാനുള്ള സമയമായി. രണ്ടുപേര്‍ക്കും കൂടി പുറത്തുപോയി ഊണുകഴിക്കാമെന്നും പിന്നെ തിരിച്ച് ഓഫീസില്‍ വരേണ്ടെന്നും തീരുമാനിച്ച് ഞാന്‍ ഹാഫ്‌ഡേ കാഷ്വല്‍ ലീവെഴുതിക്കൊടുത്ത് ബേഗുമെടുത്ത് പുറത്തുകടന്നു. അമ്പാസഡര്‍ ഹോട്ടലിലേയ്ക്കാണ് ഞങ്ങള്‍ പോയത്. അവിടെ ഒരു കോര്‍ണറിലെ ക്യാബിനില്‍ കയറി ഇരിപ്പുറപ്പിച്ചു. ബെയറര്‍ വന്നപ്പോള്‍ 2 ചിക്കന്‍ ബിരിയാണിക്ക് ഓഡര്‍ കൊടുത്തു. തമ്പി സ്വല്പം സേവിക്കുന്ന കൂട്ടത്തിലാണ്. അതുകൊണ്ട് കോഴിക്കൊരു കൂട്ടാകട്ടേന്നുകരുതി ഒരു ബോട്ടില്‍ ഷിവാസ് റീഗലും പറഞ്ഞു. തമ്പി പക്ഷേ അതിന്റെ പകുതിയേ കഴിച്ചുള്ളു. ഞാനാണെങ്കില്‍ മദ്യം കൈകൊണ്ട് തൊടുകയുമില്ല. അന്നുമതെ ഇന്നുമതെ. അതുകൊണ്ട് ബാക്കിവന്ന സാധനം പറമ്പില്‍ പണിക്കുവരുന്ന കുട്ടപ്പേട്ടനുകൊടുക്കാമെന്നുകരുതി ഞാന്‍ അത് എന്റെ ബേഗിലെടുത്തുവെച്ചു. ബില്ല് പേ ചെയ്ത് പുറത്തിറങ്ങുമ്പോഴേക്കും തമ്പിക്ക് പോകാനുള്ള വണ്ടിയ്ക്കുള്ള സമയമായി. തമ്പിയെ വണ്ടികേറ്റിവിട്ട് ഞാന്‍ ചാലക്കുടിവഴി മാളയ്ക്കുപോകുന്ന ഒരു കെ എസ് ആര്‍ ടി സി ബസ്സില്‍കയറി. നല്ല കാറ്റും തണുപ്പുമുണ്ടായിരുന്നതുകൊണ്ട് ഞാനൊന്ന് മയങ്ങിപ്പോയി. വണ്ടി കൊടകര കഴിഞ്ഞപ്പോള്‍ പെട്ടെന്ന് ബസ്സിലൊരു ബഹളം കേട്ട് ഞാന്‍ ഞെട്ടിയുണര്‍ന്നു. വിടരുതവനെ, പിടിക്കവനെ, പൂശവനെ എന്നൊക്കെ ആര്‍ത്തുവിളിച്ചുകൊണ്ട് യാത്രക്കാര്‍ ഒരു ചെറുപ്പക്കാരനെ കൈകാര്യം ചെയ്യുകയാണ്. അവന്‍ ആരുടേയോ പോക്കറ്റടിച്ചിരിക്കുന്നുപോലും. അത് തൊണ്ടിസഹിതം പിടിച്ചത്രേ.
പാവം പയ്യന്‍. ഇല്ലാഞ്ഞിട്ടല്ലേ മോഷ്ടിച്ചത്. അവനെ എങ്ങനേയും രക്ഷിച്ചേ പറ്റൂ. എന്നിലെ മനുഷ്യസ്‌നേഹി ഉണര്‍ന്നു. ഞാന്‍ ഇരുന്നിടത്തുനിന്നെഴുന്നേറ്റ് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: നിങ്ങള്‍ ദയവായി അയാളെ ഇങ്ങനെയിട്ട് തല്ലരുത്. അയാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. പക്ഷേ അത് ചെയ്യേണ്ടത് നമ്മളല്ല. നല്ലൊരു നീതിന്യായവ്യവസ്ഥയുള്ള നാടല്ലേ നമ്മുടേത്. ലെറ്റ് ദ ലോ ടെയ്ക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്.
അടിയുടേയും ഇടിയുടേയും ശബ്ദത്തിനിടയില്‍ ഇതൊക്കെ ആര് കേള്‍ക്കാന്‍. ഒടുവില്‍ ഞാന്‍ എഴുന്നേറ്റുചെന്ന് എന്റെ കൃശഗാത്രം കൊണ്ട് ആവുന്ന വിധത്തില്‍ അയാളെ പൊതിഞ്ഞുനിന്നു. ഫലമെന്തായി. അയാളെ ലക്ഷ്യം വെച്ചുവന്ന അടികളില്‍ പലതും എനിക്ക് ഏറ്റുവാങ്ങേണ്ടിവന്നു! ഒരുകണക്കിന് വണ്ടി ചാലക്കുടി പോലീസ് സ്‌റ്റേഷനിലെത്തി. യാത്രക്കാര്‍ പോക്കറ്റടിക്കാരനെ പൊക്കിയെടുത്ത് എസ് ഐ യുടെ മുമ്പാകെ ഹാജരാക്കി. എസ് ഐ എങ്ങോ പോകാനുള്ള തിരക്കിലായിരുന്നു. എങ്കിലും ഉള്ള നേരം കൊണ്ട് ചെറുപ്പക്കാരന്റെ ചെപ്പയ്ക്കിട്ടൊന്നുകൊടുത്തു. പിന്നെ അയാളെ കൊണ്ടുപോയി ലോക്കപ്പിലിടാന്‍ അടുത്തുനിന്ന പോലീസുകാരനോട് പറഞ്ഞു.
കുരങ്ങു ചത്ത കുറവനെപ്പോലെ ഞാന്‍ തിരിച്ചുനടന്നു. ആ നടത്തത്തിനിടയില്‍ ഞാനൊരു കാഴ്ച കണ്ടു. യാത്രക്കാരില്‍ ചിലര്‍ എന്നെ ചൂണ്ടിക്കാട്ടി എസ് ഐ യോട് എന്തോ കുശുകുശുക്കുന്നു. ഞാന്‍ നാലഞ്ചടി നടന്നപ്പോഴേക്കും എസ് ഐ എന്നെ പിന്‍ വിളിവിളിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു: താന്‍ അങ്ങനെയങ്ങ് പോവല്ലേ.തല്ക്കാലം ആ മൂലയില്‍ പോയിരിയ്ക്ക്. ഞാന്‍ വന്നിട്ട്‌പോകാം.
എന്റെ ഉള്ളൊന്ന് കാളി. എന്താണ് സംഭവിക്കുന്നതെന്നൂഹിക്കാന്‍ എന്റെ സാമാന്യബുദ്ധിതന്നെ ധാരാളമായിരുന്നു. സഹയാത്രികര്‍ എസ് ഐ യോട് പറഞ്ഞിട്ടുണ്ടാവണം: ഇവന്‍ ലവന്റെ ഗഡിയാണെന്നാ തോന്നണേ...
അങ്ങനെയാണെങ്കില്‍ ഇവരിപ്പോള്‍ എന്റെ ബേഗ് പരിശോധിക്കും. അന്നേരം എന്താണ് കാണുക? അര കുപ്പി ഷിവാസ് റീഗല്‍!
ആ നശിച്ച സാധനം അവിടെത്തന്നെയുണ്ടോന്നറിയാന്‍ ഞാന്‍ വെറുതെ ബേഗിന്റെ സിബ്ബൊന്നു തുറന്നുനോക്കി. അപ്പോഴാണ് നടുക്കുന്ന മറ്റൊരു കാഴ്ച ഞാന്‍ കണ്ടത്. ആപ്പിസില്‍ വൗച്ചര്‍ ബണ്ടില് പൊട്ടിക്കാന്‍ വേണ്ടി അന്ന് വീട്ടില്‍നിന്നുകൊണ്ടുവന്ന കുറേ പഴയ ബ്ലേഡുകള്‍ അതേപടി ബേഗിലിരിക്കുന്നു! മേശയിലെടുത്തുവെയ്ക്കാന്‍ മറന്നുപോയതാണ്.
ഇടിവെട്ടുകൊണ്ടവനെ പാമ്പുകടിച്ചു എന്നു പറഞ്ഞതുപോലായില്ലേ കാര്യങ്ങള്‍...
പിറ്റേന്ന് പത്രത്തില്‍ വരാവുന്ന ഒരു വാര്‍ത്തയെപ്പറ്റിയാണ് അപ്പോള്‍ ഞാന്‍ ഓര്‍ത്തത്: 'ട്രാന്‍സ്‌പോര്‍ട് ബസ്സില്‍ പോക്കറ്റടി; സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍' അല്ലെങ്കില്‍ 'പോക്കറ്റടിക്കുള്ള സാമഗ്രികളുമായി സര്‍ക്കരുദ്യോഗസ്ഥന്‍ കസ്റ്റഡിയില്‍' എന്നൊക്കെയാവും അതിന്റെ ഹെഡ്ഡിംഗ്.
ഗതികേടെന്നെല്ലാതെ എന്തു പറയാന്‍.
ഭൂമി അവിടെ ആ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഒന്നു പിളര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് ഒരു നിമിഷം ഞാന്‍ ആഗ്രഹിച്ചുപോയി. പക്ഷെ അത് നടന്നില്ല. അല്ലെങ്കിലും നമ്മള്‍ ആഗ്രഹിക്കുന്നതെല്ലാം നടക്കാറില്ലല്ലൊ.
അങ്ങനെ എന്തുചെയ്യേണ്ടൂ എന്നറിയാതെആ പോലീസ് സ്‌റ്റേഷന്റെ വരാന്തയില്‍ താടിക്ക് കൈയും കൊടുത്ത് കുന്തിച്ചിരിക്കുമ്പോഴാണ് ആ അത്ഭുതം സംഭവിച്ചത്. പുറകില്‍നിന്നും ഒരാള്‍ എന്നെ വിളിച്ച് ചോദിക്കുകയാണ്:' വില്‍ഫി സാറെന്താ ഇവിടെ?''. ഞെട്ടിത്തിരിഞ്ഞുനോക്കിയ ഞാന്‍ ആരെയാണെന്നോ കണ്ടത്; സ്‌ക്കൂളില്‍ എന്റെ സഹപാഠിയായിരുന്ന, പിന്നീട് പോലീസില്‍ ജോലി കിട്ടിപ്പോയ, മാളക്കാരനായ ഗംഗാധരനെ!
മറ്റേതോ ജില്ലയിലായിരുന്ന പുള്ളിക്കാരന്‍ അന്ന് അവിടെ എ എസ് ഐ ആയി ചാര്‍ജെടുത്തതാണത്രേ.
ഉണ്ടായ കാര്യങ്ങളെല്ലാം വള്ളിപുള്ളിവിടാതെ ഞാന്‍ ഗംഗാധരനോട് പറഞ്ഞു.
എല്ലാം കേട്ടശേഷം ഗംഗാധരന്‍ എന്നോട് പറഞ്ഞൂ:' സാരല്ല്യ. സാറ് പൊയ്‌ക്കോളൂ. എസ് ഐ സാറിനോട് ഞാന്‍ പറഞ്ഞേക്കാം.''
ഇതുകേട്ടതും ബേഗുമെടുത്ത് ഞാന്‍ ഒരു പാച്ചില്പാഞ്ഞു.
ആ വഴിയില്‍ ഇന്നീനിമിഷം വരെ പുല്ലൊന്നും മുളച്ചിട്ടില്ലെന്നാണ് കേള്‍ക്കുന്നത്.

                        സംഭവം കഴിഞ്ഞ് കാലം ഇത്ര കഴിഞ്ഞിട്ടും ഗംഗാധരനെ ദൈവത്തിന്റെ ഒരവതാരമായിട്ടാണ് ഞാന്‍ ഇന്നും കാണുന്നത്!
     


Monday, February 3, 2020

AN OAD LESSON
            ( BR: 6/09)

ആന്റണ്‍ വില്‍ഫ്രഡ് അങ്ങനെയാണ്.
ഉച്ചയൂണ് കഴിഞ്ഞാല്‍ പുള്ളിക്കാരനൊരു പൂച്ചയുറക്കമുണ്ട്.
ആ ഉറക്കത്തില്‍ മനസ്സിലുള്ളതൊക്കെ വിളിച്ചുപറയും.
അന്നേരം നമ്മളെന്തെങ്കിലും ചോദിച്ചാലോ? മണിമണിയായിട്ട് മറുപടിയും പറയും, ഉറക്കത്തില്‍ തന്നെ.
അത്തരമൊരു സന്ദര്‍ഭമായിരുന്നു അത്.
നട്ടുച്ചനേരത്ത് ആന്റണ്‍ വില്‍ഫ്രഡിന്റെ സീറ്റിനടുത്തുകൂടെ സെക്ഷനിലേക്ക് പോവുകയായിരുന്നു ബിആര്‍. അപ്പോള്‍ അതാ കേള്‍ക്കുന്നു ഒരാത്മഗതം:' അങ്ങനെയാണ് ഒഎഡിയില്‍ പോവുമ്പോള്‍ ഏതാപ്പീസായാലും നമ്മള്‍ ആദ്യം എത്താന്‍ പാടില്ല എന്ന പാഠം ഞാന്‍ പഠിച്ചത്''.
ചോര്‍ത്താവുന്നത് ചോര്‍ത്തുകതന്നെ. ബിആര്‍ ചോദിച്ചു: 'എങ്ങനെ? ''
'അതൊരു കഥയാണ്''
'അതൊന്നു കഥിക്കാമോ?''
'കഥിക്കാം''
'2 മണിക്കുമുമ്പ് തീര്‍ക്കണം''
'തീര്‍ക്കാം''
'എങ്കില്‍ സമയം കളയണ്ട''
ആന്റണ്‍ പറഞ്ഞുതുടങ്ങി: സംസ്ഥാനജീവനക്കാരുടെ പേറിവിഷന്റെ ഓര്‍ഡറിറങ്ങിയ കാലത്താണ്. എടവകപ്പള്ളിയില്‍ ആഘോഷമായ പാട്ടുകുര്‍വ്വാനയായതിനാല്‍ അന്ന് ഞാന്‍ ലീവായിരുന്നു. ഏതാണ്ടൊരു പത്തുമണിക്ക് പോത്തിറച്ചിവാങ്ങാന്‍ മര്‍ക്കറ്റില്‍ പോകാന്‍ വേണ്ടി ഞാന്‍ മാളയ്ക്കുള്ളല്പല്പല്പ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കയറുന്നു. വണ്ടി ഗവണ്മെന്റ് സ്‌കൂളിന്റെ മുന്നിലെത്തിയപ്പോള്‍ സ്‌കൂളിനകത്ത് ഒരു പൂരത്തിന്റെ ആള്‍ക്കൂട്ടം! എന്താണ് സംഭവമെന്നറിയാന്‍ വേണ്ടി ഞാന്‍ അവിടെയിറങ്ങി. എന്താ ഒരു തെരക്ക്? സ്‌കൂളിലെ പ്യൂണ്‍ നില്‍ക്കപ്പൊറുതിയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ആളുകളോട് ക്യൂ പാലിക്കാന്‍ വിളിച്ചുകൂവുന്നു; ദയവായി സംയമനം പാലിക്കണമെന്നപേക്ഷിക്കുന്നു; എല്ലാവര്‍ക്കും കാണാന്‍ സൗകര്യമുണ്ടാക്കാമെന്ന് ഉറപ്പുകൊടുക്കുന്നു!
ആളുകളിങ്ങനെ തള്ളിക്കയറാന്‍ മാത്രം എന്തുമൊതലാണ് അകത്തിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയില്‍ പ്യൂണിന്റെ അടുത്തേക്കുചെന്ന എന്നോട് അയാള്‍ തട്ടിക്കയറി: 'എടേക്കേറാന്‍ നോക്കണ്ട. ദേ, ആ ക്യൂവിന്റെ പൊറകില്‍ പോയി നിക്ക്'. ഞാന്‍ പറഞ്ഞു: ' സുഹൃത്തേ, ഞാന്‍ ഈ നാട്ടുകാരനല്ല. ക്യൂ നില്‍ക്കാന്‍ വന്നതുമല്ല. എന്താണിവിടെ നടക്കുന്നതെന്നറിയാന്‍ വേണ്ടി മാത്രം വന്നതാണ'്. അന്നേരം അയാള്‍ പറഞ്ഞു: 'അത് ശെരി. അതേയ് ഇന്നിവിടെ ഏജിക്കാര്‌ടെ ഓഡിറ്റ്ണ്ട്. അത് കേട്ടറിഞ്ഞ് വിദ്യാഭ്യാസജില്ലേടെ മുക്കിലും മൂലേലും നിന്ന് വന്ന മാഷ്മ്മാരും ടീച്ചറ്മ്മാരുമാണ് ഈ നിക്കണത്. '
'എന്തിന്? '
'ശമ്പളക്കമ്മീഷന്‍ ശുപാര്‍ശയെപ്പറ്റിയുള്ള സംശയങ്ങള് ചോദിക്കാന്‍'
എന്റെ ഉള്ളൊന്ന് കാളി...എങ്കിലും അത് പുറത്തുകാണിക്കാതെ ഞാന്‍ ചോദിച്ചു:ല്പല്പല്പല്പ 'ഏജീക്കാരെത്തിയോ? '
'ഒരാളെത്തിയിട്ട്ണ്ട്. ഇനീം രണ്ടുപേര്‍ കൂടി വരാനുണ്ടെന്ന് പറഞ്ഞു'.
അക്കണ്ട പുരുഷാരത്തിനുമുഴുവന്‍ സംശയനിവൃത്തിവരുത്തിക്കൊടുക്കാന്‍ നേരത്തെയെത്തിയ പരോപകാരിയായ ആ സഹപ്രവര്‍ത്തകന്‍ ആരെന്നറിയാന്‍ എനിക്ക്  തിടുക്കമായി. ആള്‍ക്കൂട്ടത്തിനുമുകളിലൂടെ ഞാന്‍ ആ റൂമിലേക്ക് ഒന്ന് എത്തിനോക്കി. ആരെയാണെന്നോ കണ്ടത്? എങ്ങനെ അവിടെനിന്നും രക്ഷപ്പെടുമെന്നറിയാതെ വിയര്‍ത്തുകുളിച്ച് അന്തിച്ചിരിക്കുന്ന സാക്ഷാല്‍ വി.വി.മണിയെ!
അന്ന് ഞാന്‍ പഠിച്ച പാഠമാണ് നടേ പറഞ്ഞത്.
'വാട്ടെ പിറ്റി! എന്നിട്ട് നിങ്ങള്‍ എങ്ങനെയാണ് മണിയെ സഹായിച്ചത്? '
'സഹായിക്കാനോ? ഞാനോ? തൊട്ടടുത്ത നിമിഷം തന്നെ ഞാന്‍ അവിടെനിന്ന് നിഷ്‌ക്രമിച്ചു... '
 'ഓക്കെ. എന്നിട്ട് മണി പിന്നെ എങ്ങനെയാണ് അവിടെനിന്ന് രക്ഷപെട്ടത്? '
'മൂത്രമൊഴിക്കാന്‍ പോയ ഓഡിറ്റുദ്യോഗസ്ഥന്‍ ടോയ്‌ലെറ്റിന്റെ പിന്‍വാതില്‍ വഴി മുങ്ങി എന്നാണ് പ്രാദേശിക ചാനല്‍ പ്രക്ഷേപണം ചെയ്തത്!!! '




Sunday, February 2, 2020

സ്ഥാനാരോഹണം
          
(BR: 12/08)

ആര്‍ക്കണ്ണന്റെ ചിരകാലാഭിലാഷമായിരുന്നു എന്നെങ്കിലുമൊരുനാള്‍ അസോസിയേഷന്റെ ഭരണപക്ഷത്തിരിക്കണമെന്ന്. ആന്റണ്‍ വില്‍ഫ്രഡ്, മജീദ്, ഹരി, സി ആര്‍ ബാബു തുടങ്ങിയ തീവ്രവാദികള്‍ ടേബിളിന്റെ പിന്നില്‍ നിരത്തിയിട്ടിരിക്കുന്ന കസേരകളില്‍ ഇരുന്നുമരുവുമ്പോള്‍ മുന്നിലെ പ്രതിപക്ഷബെഞ്ചില്‍ കുന്തിച്ചിരിക്കാനായിരുന്നു എന്നും കണ്ണന്റെ യോഗം. അതിനാല്‍ തന്നെ നടേ ചൊന്നവരോട് എന്തെന്നില്ലാത്ത അസൂയയായിരുന്നു കണ്ണന്.
ഒരു ദിവസം കണ്ണന്‍ വേണുവിനോട് പറഞ്ഞു: നോക്കിക്കോ വേണ്വേട്ടാ, ഒരു ദിവസം ആ കസേരയിലൊന്നില്‍ ഞാന്‍ കേറിയിരിക്കും.
വേണു മനസ്സില്‍ കവടി നിരത്തി. പിന്നെ പോക്കറ്റില്‍നിന്ന് ഒരു മണി കപ്പലണ്ടിയെടുത്ത് തിന്നുകൊണ്ട് പറഞ്ഞു: കണ്ണന് അതിനുള്ള രാജയോഗം തെളിഞ്ഞുകാണ്മാനുണ്ട്!
പണിയ്ക്കര്‍ പറഞ്ഞത് പതിരായില്ല. പിറ്റേന്ന് അസോസിയേഷന്റെ ഒരു പ്രതിഷേധപ്രകടനമുണ്ടായിരുന്നു. പ്രകടനം ഡിഏജിയുടെ ചേമ്പറിനുമുന്നിലെത്തിയതും തീവ്രവാദികളായ ഹരി, ശ്രീകുമാര്‍, ബാലു എന്നിവര്‍ ചേര്‍ന്ന് ചേമ്പറിന്റെ വാതില്‍ തുറന്നു പിടിച്ചു. പിന്നെ ചെകിടടപ്പിക്കുന്ന മുദ്രാവാക്യംവിളിയായിരുന്നു. പത്തുമിനിറ്റുകഴിഞ്ഞപ്പോള്‍ പ്രകടനം അവസാനിപ്പിച്ച് എല്ലവരും പിരിഞ്ഞു.
റിപ്പോര്‍ട്ടെഴുതാന്‍ നേരം ഡിഏജിയ്ക്ക് ഹരിക്കും ശ്രീകുമാറിനുമൊപ്പമുണ്ടായിരുന്ന മൂന്നാമന്റെ -അതായത് ബാലുവിന്റെ- പേരറിയുന്നില്ല!
പിറ്റേന്ന് സംഗതിവശാല്‍ല്പകോറിഡോറില്‍ വെച്ച് ബാലുവിനെ കണ്ടപ്പോള്‍ ഡിഏജി ചോദിച്ചു: വാട്‌സ് യുവര്‍ ഗുഡ് നെയിം?
നേരും നെറിയും കെട്ടുപോയ ഈ ആപ്പീസില്‍ നേരുപറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് തോന്നിയതുകൊണ്ടോ എന്തോ രണ്ടാമതൊന്നാലോചിക്കാതെ ബാലു പറഞ്ഞു: എന്‍ പേര് ആര്‍. കണ്ണന്‍ !
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
ഹരിക്കും ശ്രീകുമാറിനുമൊപ്പം കണ്ണനും കിട്ടി ചാര്‍ജ്ഷീറ്റ് !
സഹരാജന്‍ നായര്‍ 'വിക്റ്റിം നമ്പര്‍ 69 : ആര്‍.കണ്ണന്‍' എന്നപേരില്‍ല്പഫയല്‍ ഓപ്പണ്‍ ചെയ്തു !!
അതോടെ കണ്ണന് ടേബിളിനുപുറകില്‍ ചെയറും കിട്ടി !!!
                                                                         


Thursday, January 23, 2020

' മോളീപ്പോയില്ലേ?''
             

ചുരിദാറിട്ട രജേന്ദ്രന്റെ ഹൗസ്‌വാമിങ് നടക്കുകയാണ്.
സോമേട്ടന്‍ അങ്ങോട്ടെത്താന്‍ ലേശം വൈകി. പുത്തന്‍ വീട്ടിലാണെങ്കില്‍ല്പപൊരിഞ്ഞ തിരക്ക.് സോമേട്ടന്‍ നോക്കുമ്പോള്‍ അക്കൗണ്ടാപ്പീസുകാരെ ആരേയും കാണുന്നില്ല.
വീടെങ്ങാന്‍ മാറിപ്പോയോ?
അങ്ങനെ ശങ്കിച്ചുനില്‍ക്കുമ്പോഴാണ് തിരക്കിനിടയില്‍നിന്ന് ചുരിദാറിട്ട രജേന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്.
'അല്ലാ, നമ്മടെ ആപ്പീസുകാരാരും എത്തിയില്ലേ?'' സോമേട്ടന്‍ ചോദിച്ചു.
'ഉവ്വല്ലൊ. എല്ലാവരും മോളില്‍ പോയിരിക്ക്യാണ്.'' ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ അക്കൗണ്ടാപ്പീസുകാര്‍ ബാച്ച്ബാച്ചായി സ്‌റ്റെയര്‍കെയ്‌സിറങ്ങിവരുന്നത് സോമേട്ടന്‍ കണ്ടു.
ആദ്യം സഹരാജന്‍ നായര്‍, ശ്രീകുമാര്‍, ഹരി, മജീദ് തുടങ്ങിയവരുടെ ഒരു ബാച്ച്. അതുകഴിഞ്ഞ് ആന്റണ്‍ വില്‍ഫ്രഡ്, മനോജ്, സുധീര്‍ തുടങ്ങിയവരുടെ മറ്റൊരു ബാച്ച്. അതിനുപിന്നാലെ കെ.ബി.വേണുഗോപാല്‍ തുടങ്ങിയ ഒരുപറ്റം കുപിതരായ ചെറുപ്പക്കാരുടെ (ആങ്ക്രി യംഗ് മെന്‍) ഒരു പട.
അതിനും പുറകിലായി സി.ആര്‍.ബാബു, ആര്‍ക്കണ്ണന്‍ തുടങ്ങിയ തീവ്രവാദികളുടെ ഒരു ബാച്ച്.
കുറച്ചുകഴിഞ്ഞപ്പോള്‍ സഹരാജന്‍ നായര്‍ സോമേട്ടന്റെ അടുത്തുവന്ന് സ്വകാര്യം ചോദിക്കുന്നതുപോലെ ചോദിച്ചു:
' മോളീപ്പോയില്ലേ?''
'ഇല്ല.'' സോമേട്ടന്‍ പറഞ്ഞു.
പറഞ്ഞ് നാക്കെടുത്തില്ല. അപ്പോഴേക്കും ആന്റണ്‍ വില്‍ഫ്രഡ് വന്ന് അതേ ചോദ്യം സോമേട്ടന്റെ കാതില്‍ മന്ത്രിച്ചു:' സോമന്‍ മോളീപ്പോയില്ലേ?''
ആംഗ്യഭാഷയിലായിരുന്നു വേണുവിന്റെ ചോദ്യം:'സോമേട്ടന്‍ മോളീപ്പോയില്ലേ?''

പതിഞ്ഞ സ്വരത്തിലും ആംഗ്യഭാഷയിലും പലരുമിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ സോമേട്ടന് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.....
'ഇല്ല, എന്തുതന്നെ വന്നാലും ഞാന്‍ പിടിച്ചുനില്‍ക്കും.'' സോമേട്ടന്‍ മനസ്സില്‍ പറഞ്ഞു.
അന്നേരമാണ് പാപ്പുള്ളി മോളില്‍ നിന്ന് ഇറങ്ങിവരുന്നത്.
'അല്ലാ, സോമേട്ടന്‍ മോളീപ്പോയില്ലേ'' എന്ന് പാപ്പുള്ളിയും കൂടി ചോദിച്ചതോടെ അതുവരെ പിടിച്ചുനിന്ന സോമേട്ടന്റെ കണ്‍ട്രോള് വിട്ടു.
ചുറ്റുപാടുമൊന്ന് നോക്കി തെല്ലൊരു പരുങ്ങലോടെ സോമേട്ടന്‍ മോളിലേക്ക് പോയി.
എന്തിനധികം പറയുന്നു. ഇതുപോലൊരു പറ്റ് ഇതുവരെ പറ്റിയിട്ടില്ല സോമേട്ടന്. ഇനിയൊട്ട് പറ്റുമെന്നും തോന്നുന്നില്ല.
കാര്യമെന്തെന്നല്ലേ.
മുകളിലത്തെ നിലയില്‍ സോമേട്ടന്‍ കണ്ടത് ല്പവട്ടം കൂടിയിരുന്ന്ല്പഅത്തളപിത്തള കളിക്കുന്ന കുറച്ച് കുട്ടികളെ മാത്രമാണ്.
അല്ലാതെ ഒരു ഗ്ലാസ്സോ ഒരു സോഡാക്കുപ്പിയോ ഒരു പാക്കറ്റ് മിക്‌സ്ചറോ അച്ചാറോ യാതൊന്നുമുണ്ടായിരുന്നില്ല അവിടെ.........



Saturday, January 11, 2020


തിരൂരിന്റെ ഇതിഹാസം

വേലിയേൽ കിടക്കുന്നതെടുത്ത് മടിക്കുത്തിൽ വെക്കുക എന്നത് എം ജി രവീന്ദ്രൻ സാറിന്റെ പണ്ടേയുള്ള സ്വഭാവമാണ്. റിട്ടയർ ചെയ്തിട്ട് കാലം ഏറെക്കഴിഞ്ഞിട്ടും അതിനൊരു മാറ്റം വന്നിട്ടില്ല.
ഹ്യർ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ്:
അത്യാവശ്യമായി ആമ്പല്ലൂർവരെയൊന്നു പോകാൻ വേണ്ടി പാറമേക്കാവ് ബസ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കുകയാണ്  എം ജി ആർ സാറ്‌. എന്താണെന്നറിയില്ല ഒരൊറ്റ മനുഷ്യനില്ല ബസ് സ്റ്റോപ്പിൽ. നിന്നുനിന്ന് മടുത്തപ്പോൾ മനസ്സിൽ മനോരാജ്യം വാരികയെടുത്ത് വായിക്കാൻ തുടങ്ങി. അതും മടുത്തപ്പോൾ വാരികയടച്ചുവെച്ച് അനന്തവിഹായസ്സിലേക്ക് കണ്ണും നട്ട് ഇഹലോക ജീവിതത്തിന്റെ നശ്വരതയോർത്ത് നെടുവീർപ്പിട്ടു. രണ്ടാമത്തെ നെടുവീർപ്പ് എതാണ്ട് പാതിയായപ്പോൾ അതാ പുറകിൽ നിന്ന് ഒരു മണിനാദം!
സാധാരണ ഗതിയിൽ വീടിനോട് തൊട്ടുകിടക്കുന്ന തിരൂരമ്പലത്തിൽ വെടിക്കെട്ടുനടക്കുമ്പോൾ എന്താ ഭാരത്യേ അവടെയൊരു പൊക എന്ന് ഭാര്യയോട് ചോദിക്കാറുള്ള ആളാണ്. പക്ഷേ ഈ മണിനാദം പുള്ളിക്കാരൻ കൃത്യമായി കേട്ടു!
( വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ...)
പിന്നിലേക്ക് നൊക്കിയപ്പോൾ കണ്ടത് അനാഥമായി നിലത്തുകിടന്നുപിടയ്ക്കുന്ന ഒരു മൊബൈൽ ഫോണാണ്.
അതങ്ങനെ റിങ്ങ് ചെയ്തോണ്ടിരിക്കയാണ്.
രവി സാർ വളരെ ആയാസപ്പെട്ട് കുന്തിച്ചിരുന്ന് നിലത്തുകിടക്കുന്ന ഫോണെടുത്തു.
( വേലിയേൽ കിടക്കുന്നതല്ലേ. എടുക്കാതെ പറ്റില്ലല്ലോ...)
പിന്നെ ചൂണ്ടുവിരൽ കൊണ്ട് വലത്തോട്ട് തേമ്പി കോളെടുത്തു : ഹലോ..
മറുവശത്തുനിന്നും ഒരു യുവതിയുടേതെന്നു തോന്നിക്കുന്ന ശബ്ദം : ചേട്ടൻ എവിടെയാ?
-അതൊക്കെ പിന്നെ പറയാം. പക്ഷേ അതിനുമുമ്പ് എനിക്ക് ഒരു കാര്യമറിയണം
-എന്താ ചേട്ടാ?
-ഈ ഫോൺ ആര്ടെയാ?
-എന്താ ചേട്ടാ എത്? അത് ചേട്ടന്റെ ഫോണല്ലേ
-അല്ല. ഇത് എന്റെ ഫോണല്ല
-എന്റെ അനിയൻ അതായത് ചേട്ടന്റെ അളിയൻ ഗൾഫീന്ന് വന്നപ്പോ ഫ്രീയായി തന്നതാണെന്നുവെച്ച് അത് ചേട്ടന്റെ ഫോണല്ലാതാവണ് ണ്ടോ
-ഇത്  തിരിച്ചുകൊടുക്കണം
-ഏയ്. അതെങ്ങന്യാ. അത് ശെരിയാവ് ല്ല്യ
-എന്റെ മോളേ. ഞാൻ പറയണതൊന്ന് കേൾക്ക്
- ഏ! മോളേന്നൊ? ഇന്ന് ഭയങ്കര സ്നേഹമാണല്ലോ! ഇന്ന് എന്തായാലും നമുക്കൊരു സിനിമക്ക് പോണം...
          ഇതിന് രവിസാറ്‌ മറുപടി പറയുന്നതിനുമുമ്പ് മറുതലയ്ക്കൽ ആരോ ചവിട്ടിക്കേറി വരുന്ന ശബ്ദവും പിന്നേ ഠേ എന്നൊരു പൊട്ടലും കേട്ടു!
തുടർന്ന് ഒരു പൊട്ടിക്കരച്ചിലും ഇപ്രകാരം ഒരു സംഭാഷണവും:
-ആരെയാടീ മൂതേവീ നീ സിനിമയ്ക്ക് പോകാൻ വിളിക്കണത്?
-എന്റെ പൊന്നു ചേട്ടാ തല്ലല്ലേ. ദെയവ് ചെയ്ത് ഞാൻ പറയണതൊന്ന് കേൾക്ക്. ചേട്ടന്റെ ഫോണെവ്ട്യാ?...
          ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നുപോയി രവി സാറ്.
പിന്നെ സമനില വീണ്ടെടുത്ത് പതിവിന് വിപരീതമായി തൊണ്ടിസാധനം വേലിയിൽ തന്നെ തിരികെ വെച്ചു!
അനന്തരം ഖസാക്കിലെ രവിയെ അനുകരിച്ച് ബസ്സുകാത്ത് കിടന്നു !

Wednesday, January 1, 2020

             നല്ലവനായ മാളക്കാരന്‍
                                       (01/10)

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവുംചാരിതാര്‍ത്ഥ്യം തോന്നിയ നിമിഷം ഏതാണ്?
-അത് പറയാന്‍ എനിയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. ട്രെയ്‌നില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പിടിച്ച ഒരാളെ രക്ഷപ്പെടുത്തിയ ധന്യനിമിഷം തന്നെ അത്.
-ദാറ്റ് റിക്വയേഴ്‌സ് എ ബിറ്റ് എലാബൊറേഷന്‍
-പറയാം. തൊള്ളായിരത്തി എമ്പതുകളിലാണ് സംഭവം. അന്ന് ഞാന്‍ ജിസിഡിഏ യില്‍ ഡെപ്യൂട്ടേഷനിലാണ്. ട്രെയ്‌നിലാണ് പോക്കുവരവ് നടത്തിക്കൊണ്ടിരുന്നത്. ആപ്പീസില്‍നിന്ന് ഇങ്ങോട്ടുള്ള യാത്ര മിക്കവാറും ഐലന്റ് എക്‌സ്പ്രസ്സിലായിരിക്കും. കാരണം അത് പെട്ടെന്നിങ്ങെത്തും. കാലടി വിട്ടാല്‍ പിന്നെ മാളയിലേ സ്‌റ്റോപ്പുള്ളു.
-കാലടി.....മാള…നിങ്ങള്‍ ഇല്ലാത്ത റെയില്‍വേ സ്‌റ്റേഷനുകളെപ്പറ്റി പറയുന്നു!
-അതുപിന്നെ അങ്കമാലി ഫോര്‍ കാലടി. ചാലക്കുടി ഫോര്‍ മാള. രണ്ടാമതുവരുന്ന സ്ഥലങ്ങള്‍ക്കാണ് പ്രാധാന്യം
-ഓഹോ. എങ്കില്‍ തുടരാം
-ഒരു ദിവസം വൈകീട്ട് ഞാന്‍ ആപ്പീസുവിട്ട് വരുകയായിരുന്നു. എനിയ്‌ക്കൊരു സ്വഭാവമുണ്ട്. ട്രെയ്‌നില്‍ കയറിയിരുന്നാല്‍ ഉടനേ തുടങ്ങും ഉറക്കം. അന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരുറക്കം കഴിഞ്ഞ് ഉണര്‍ന്നപ്പോഴേയ്ക്കും വണ്ടി അങ്കമാലിയിലെത്തിയിരുന്നു. ചാലക്കുടിയിലെത്താന്‍ ഇനിയും പത്തുപതിനഞ്ചുമിനിറ്റെടുക്കുമല്ലോ, അതുവരെ ഒന്നു മയങ്ങിക്കളയാമെന്നു തീരുമാനിച്ച് ഞാന്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കം കഴിഞ്ഞ് എഴുന്നേറ്റുനോക്കിയപ്പോള്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കയാണ്. ചാലക്കുടിയായിരിക്കുമെന്ന ധാരണയില്‍ മറ്റ് യാത്രക്കാരെ തള്ളിമാറ്റി ഒരുകണക്കിന് ഞാന്‍ പുറത്തുചാടി. പുറത്ത് ചാടിയതും ഒരാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറിലും മറ്റൊരാള്‍ കയ്യിന്റെ മണിബന്ധത്തിലും പിടുത്തമിട്ടിരുന്നു. അത് രണ്ട് ടിടിഇമാരായിരുന്നു! അതില്‍ ഒരാള്‍ പറഞ്ഞു: സൂത്രത്തില്‍ രക്ഷപ്പെടാമെന്നു കരുതി അല്ലേ? കാണട്ടെ, തന്റെ ടിക്കറ്റ് കാണട്ടെ. കാര്യം മനസ്സിലാവാതെ ഞാന്‍ ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയി. പിന്നെ സാവധാനം പോക്കറ്റില്‍നിന്ന് സീസണ്‍ ടിക്കറ്റെടുത്ത് കാണിച്ചു. അന്നേരം ടിടി ഇ മാര്‍ ഇളിഭ്യരായി കമ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി.
-അപ്പോള്‍ വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
-വണ്ടി നിര്‍ത്തിയത് ചാലക്കുടിയിലായിരുന്നില്ല. അതിന് മുമ്പായിരുന്നു.
-പക്ഷേ അവിടൊന്നും സ്‌റ്റോപ്പില്ലെന്നല്ലേ പറഞ്ഞത്?
-അതെ. അന്ന് റെയിലില്‍ എന്തോ അററകുററ പണികള്‍ നടക്കുന്നുണ്ടായിരുന്നു. അതുകാരണം ഇത്തിരിനേരം അവിടെ നിര്‍ത്തിയിട്ടതാണ്. അന്നേരം ടിടിഇമാര്‍ ടിക്കറ്റ് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു. ചാലക്കുടി സ്‌റ്റോപ്പാണെന്നുകരുതി ഞാന്‍ ധൃതിപ്പെട്ടിറങ്ങുന്നതുകണ്ടപ്പോള്‍ അവര്‍ വിചാരിച്ചു ഞാന്‍ ടിക്കറ്റില്ലാത്തതുകൊണ്ട് ഇറങ്ങി ഓടുകയാണെന്ന്!
-ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കള്‍ ആ ധന്യനിമിഷത്തിലേക്കെത്തിയില്ലല്ലൊ.
-ഓ, അതോ. പരിശോധനയ്ക്കിടയില്‍ ടിക്കറ്റില്ലാത്ത ഒരാളെ ടിടിഇമാര്‍ പിടികൂടിയിരുന്നേയ്. ഇവര് എന്നെ പിടിക്കാന്‍ ഓടിയ തക്കത്തിന് അങ്ങേര് ചാടിക്കളഞ്ഞു !!!

 



 ഡെല്‍ഹി അന്യോന്യം
                                (12/09) 

ആദ്യദിവസം മുമ്പിലിരുന്നത് കേരള യോഗക്കാരാണ്.
ഭട്ടിയില്‍ കുഴിയംകുന്നത്തുമനയ്ക്കല്‍ ഇമ്മിണിവലിയ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു കേരളയോഗത്തിന്റെ യജമാനന്‍. (ഇദ്ദേഹത്തെ ബി.കെ.നാരായണന്‍ എന്നു വിളിച്ചാലും മുഷിയില്ല. വിളി കേള്‍ക്കും).
രണ്ടാം വാരമിരുന്നത് സിഏജീസ് ആപ്പീസിലെ രണ്ട് കോനാതിരിമാരായിരുന്നു.
കൊണാട്ട് പ്ലെയ്‌സിലെ ഫുട്പാത്ത് കച്ചവടക്കാരായ രണ്ട് സര്‍ദാര്‍ജിമാരായിരുന്നു കൈകാണിക്കാനിരുന്നത്.
അവര്‍ കൈകാണിക്കുന്നത് പക്‌ഷേ നാരായണന്‍ കാണുന്നുണ്ടായിരുന്നില്ല. കാരണം ് മുമ്പിലിരുന്ന നാരായണന്റെ പുറകിലായിട്ടാണ് അവര്‍ ഇരുന്നിരുന്നത്.
അതെന്തായാലും നാരായണന്‍ ഒരുവിധം നന്നായി ചൊല്ലി.
ഗുണകോഷ്ടകമാണ് ചൊല്ലിയത്.
അര്‍ത്ഥം മനസ്സിലായിട്ടോ മനസ്സിലാവാഞ്ഞിട്ടോ എന്നറിയില്ല, കൈകാണിക്കാനിരുന്ന സര്‍ദാര്‍ജിമാര്‍ ഇടയ്ക്കിടെ വാഹ് വാഹ് എന്നു പറയുന്നുണ്ടായിരുന്നു.
വാഹ് വാഹ് എന്നു പറഞ്ഞാല്‍ ഭേഷ് ഭേഷ് എന്നു തന്നെയല്ലേ അര്‍ത്ഥം? അതോ അതിനു വേറെ വല്ല ദുരര്‍ത്ഥവുമുണ്ടോ?
നാരായണന്‍ ഒരുനിമിഷം ശങ്കിച്ചു.
അങ്ങനെ ശങ്കിക്കാന്‍ പോയത് വിനയായി. ആര്‍സീസീടെ റേഷ്യോ ചൊല്ലിയപ്പോള്‍ എട്ടേ ഗുണം ഏഴേ ഗുണം പന്ത്രണ്ടേ എന്നതിനുപകരം ഏഴേഗുണം എട്ടേഗുണം പന്ത്രണ്ടേ എന്നു പിഴച്ചു.
പക്‌ഷേ രണ്ടാം ദിവസം നാരായണന്‍ യാതൊരു പിഴവും വരുത്തിയില്ല. ഗുണകോഷ്ടകം നന്നായിതന്നെ പ്രയോഗിച്ചു. മറുഭാഗവും ഒട്ടും മോശമായിരുന്നില്ല.
ച്ചാല്‍ ഇരുയോഗക്കാരും ചൊല്‍ത്ത് ഗംഭീരമാക്കീന്നര്‍ത്ഥം. തദനന്തരം അതി ഗംഭീരമായ കരിമരുന്നുപ്രയോഗവുമുണ്ടായിരുന്നു. അവസാനത്തെ ഗുണ്ട് പൊട്ടിയതും അന്യോന്യത്തിന്റെ കര്‍ട്ടന്‍ വീണതും ഒന്നിച്ചായിരുന്നു.!
ഇവിടെ പ്രത്യേകം എടുത്തുപറയേണ്ട ഒരു സംഗതിയുണ്ട്.
ച്ചാല്‍ രണ്ടുദിവസം പലതവണ രഥ പ്രയോഗിക്കേണ്ടിവന്നെങ്കിലും ഒരിക്കല്‍ പോലും നാരായണന് ജട പ്രയോഗിക്കേണ്ടിവന്നില്ല!
ജടയെങ്ങാന്‍ പ്രയോഗിക്കേണ്ടിവന്നെങ്കിലോ?
ഈശ്വരാ, അത് ഓര്‍ക്കുമ്പോഴേ പേടിയാവണു!!!