rajasooyam

Thursday, January 23, 2020

' മോളീപ്പോയില്ലേ?''
             

ചുരിദാറിട്ട രജേന്ദ്രന്റെ ഹൗസ്‌വാമിങ് നടക്കുകയാണ്.
സോമേട്ടന്‍ അങ്ങോട്ടെത്താന്‍ ലേശം വൈകി. പുത്തന്‍ വീട്ടിലാണെങ്കില്‍ല്പപൊരിഞ്ഞ തിരക്ക.് സോമേട്ടന്‍ നോക്കുമ്പോള്‍ അക്കൗണ്ടാപ്പീസുകാരെ ആരേയും കാണുന്നില്ല.
വീടെങ്ങാന്‍ മാറിപ്പോയോ?
അങ്ങനെ ശങ്കിച്ചുനില്‍ക്കുമ്പോഴാണ് തിരക്കിനിടയില്‍നിന്ന് ചുരിദാറിട്ട രജേന്ദ്രന്‍ പ്രത്യക്ഷപ്പെട്ടത്.
'അല്ലാ, നമ്മടെ ആപ്പീസുകാരാരും എത്തിയില്ലേ?'' സോമേട്ടന്‍ ചോദിച്ചു.
'ഉവ്വല്ലൊ. എല്ലാവരും മോളില്‍ പോയിരിക്ക്യാണ്.'' ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോള്‍ അക്കൗണ്ടാപ്പീസുകാര്‍ ബാച്ച്ബാച്ചായി സ്‌റ്റെയര്‍കെയ്‌സിറങ്ങിവരുന്നത് സോമേട്ടന്‍ കണ്ടു.
ആദ്യം സഹരാജന്‍ നായര്‍, ശ്രീകുമാര്‍, ഹരി, മജീദ് തുടങ്ങിയവരുടെ ഒരു ബാച്ച്. അതുകഴിഞ്ഞ് ആന്റണ്‍ വില്‍ഫ്രഡ്, മനോജ്, സുധീര്‍ തുടങ്ങിയവരുടെ മറ്റൊരു ബാച്ച്. അതിനുപിന്നാലെ കെ.ബി.വേണുഗോപാല്‍ തുടങ്ങിയ ഒരുപറ്റം കുപിതരായ ചെറുപ്പക്കാരുടെ (ആങ്ക്രി യംഗ് മെന്‍) ഒരു പട.
അതിനും പുറകിലായി സി.ആര്‍.ബാബു, ആര്‍ക്കണ്ണന്‍ തുടങ്ങിയ തീവ്രവാദികളുടെ ഒരു ബാച്ച്.
കുറച്ചുകഴിഞ്ഞപ്പോള്‍ സഹരാജന്‍ നായര്‍ സോമേട്ടന്റെ അടുത്തുവന്ന് സ്വകാര്യം ചോദിക്കുന്നതുപോലെ ചോദിച്ചു:
' മോളീപ്പോയില്ലേ?''
'ഇല്ല.'' സോമേട്ടന്‍ പറഞ്ഞു.
പറഞ്ഞ് നാക്കെടുത്തില്ല. അപ്പോഴേക്കും ആന്റണ്‍ വില്‍ഫ്രഡ് വന്ന് അതേ ചോദ്യം സോമേട്ടന്റെ കാതില്‍ മന്ത്രിച്ചു:' സോമന്‍ മോളീപ്പോയില്ലേ?''
ആംഗ്യഭാഷയിലായിരുന്നു വേണുവിന്റെ ചോദ്യം:'സോമേട്ടന്‍ മോളീപ്പോയില്ലേ?''

പതിഞ്ഞ സ്വരത്തിലും ആംഗ്യഭാഷയിലും പലരുമിങ്ങനെ ആവര്‍ത്തിച്ചപ്പോള്‍ സോമേട്ടന് ഏതാണ്ടൊരൂട്ടൊക്കെ മനസ്സിലായി.....
'ഇല്ല, എന്തുതന്നെ വന്നാലും ഞാന്‍ പിടിച്ചുനില്‍ക്കും.'' സോമേട്ടന്‍ മനസ്സില്‍ പറഞ്ഞു.
അന്നേരമാണ് പാപ്പുള്ളി മോളില്‍ നിന്ന് ഇറങ്ങിവരുന്നത്.
'അല്ലാ, സോമേട്ടന്‍ മോളീപ്പോയില്ലേ'' എന്ന് പാപ്പുള്ളിയും കൂടി ചോദിച്ചതോടെ അതുവരെ പിടിച്ചുനിന്ന സോമേട്ടന്റെ കണ്‍ട്രോള് വിട്ടു.
ചുറ്റുപാടുമൊന്ന് നോക്കി തെല്ലൊരു പരുങ്ങലോടെ സോമേട്ടന്‍ മോളിലേക്ക് പോയി.
എന്തിനധികം പറയുന്നു. ഇതുപോലൊരു പറ്റ് ഇതുവരെ പറ്റിയിട്ടില്ല സോമേട്ടന്. ഇനിയൊട്ട് പറ്റുമെന്നും തോന്നുന്നില്ല.
കാര്യമെന്തെന്നല്ലേ.
മുകളിലത്തെ നിലയില്‍ സോമേട്ടന്‍ കണ്ടത് ല്പവട്ടം കൂടിയിരുന്ന്ല്പഅത്തളപിത്തള കളിക്കുന്ന കുറച്ച് കുട്ടികളെ മാത്രമാണ്.
അല്ലാതെ ഒരു ഗ്ലാസ്സോ ഒരു സോഡാക്കുപ്പിയോ ഒരു പാക്കറ്റ് മിക്‌സ്ചറോ അച്ചാറോ യാതൊന്നുമുണ്ടായിരുന്നില്ല അവിടെ.........



No comments:

Post a Comment