rajasooyam

Saturday, January 11, 2020


തിരൂരിന്റെ ഇതിഹാസം

വേലിയേൽ കിടക്കുന്നതെടുത്ത് മടിക്കുത്തിൽ വെക്കുക എന്നത് എം ജി രവീന്ദ്രൻ സാറിന്റെ പണ്ടേയുള്ള സ്വഭാവമാണ്. റിട്ടയർ ചെയ്തിട്ട് കാലം ഏറെക്കഴിഞ്ഞിട്ടും അതിനൊരു മാറ്റം വന്നിട്ടില്ല.
ഹ്യർ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ്:
അത്യാവശ്യമായി ആമ്പല്ലൂർവരെയൊന്നു പോകാൻ വേണ്ടി പാറമേക്കാവ് ബസ് സ്റ്റോപ്പിൽ ബസ്സ് കാത്ത് നിൽക്കുകയാണ്  എം ജി ആർ സാറ്‌. എന്താണെന്നറിയില്ല ഒരൊറ്റ മനുഷ്യനില്ല ബസ് സ്റ്റോപ്പിൽ. നിന്നുനിന്ന് മടുത്തപ്പോൾ മനസ്സിൽ മനോരാജ്യം വാരികയെടുത്ത് വായിക്കാൻ തുടങ്ങി. അതും മടുത്തപ്പോൾ വാരികയടച്ചുവെച്ച് അനന്തവിഹായസ്സിലേക്ക് കണ്ണും നട്ട് ഇഹലോക ജീവിതത്തിന്റെ നശ്വരതയോർത്ത് നെടുവീർപ്പിട്ടു. രണ്ടാമത്തെ നെടുവീർപ്പ് എതാണ്ട് പാതിയായപ്പോൾ അതാ പുറകിൽ നിന്ന് ഒരു മണിനാദം!
സാധാരണ ഗതിയിൽ വീടിനോട് തൊട്ടുകിടക്കുന്ന തിരൂരമ്പലത്തിൽ വെടിക്കെട്ടുനടക്കുമ്പോൾ എന്താ ഭാരത്യേ അവടെയൊരു പൊക എന്ന് ഭാര്യയോട് ചോദിക്കാറുള്ള ആളാണ്. പക്ഷേ ഈ മണിനാദം പുള്ളിക്കാരൻ കൃത്യമായി കേട്ടു!
( വരാനുള്ളത് വഴിയിൽ തങ്ങില്ലല്ലോ...)
പിന്നിലേക്ക് നൊക്കിയപ്പോൾ കണ്ടത് അനാഥമായി നിലത്തുകിടന്നുപിടയ്ക്കുന്ന ഒരു മൊബൈൽ ഫോണാണ്.
അതങ്ങനെ റിങ്ങ് ചെയ്തോണ്ടിരിക്കയാണ്.
രവി സാർ വളരെ ആയാസപ്പെട്ട് കുന്തിച്ചിരുന്ന് നിലത്തുകിടക്കുന്ന ഫോണെടുത്തു.
( വേലിയേൽ കിടക്കുന്നതല്ലേ. എടുക്കാതെ പറ്റില്ലല്ലോ...)
പിന്നെ ചൂണ്ടുവിരൽ കൊണ്ട് വലത്തോട്ട് തേമ്പി കോളെടുത്തു : ഹലോ..
മറുവശത്തുനിന്നും ഒരു യുവതിയുടേതെന്നു തോന്നിക്കുന്ന ശബ്ദം : ചേട്ടൻ എവിടെയാ?
-അതൊക്കെ പിന്നെ പറയാം. പക്ഷേ അതിനുമുമ്പ് എനിക്ക് ഒരു കാര്യമറിയണം
-എന്താ ചേട്ടാ?
-ഈ ഫോൺ ആര്ടെയാ?
-എന്താ ചേട്ടാ എത്? അത് ചേട്ടന്റെ ഫോണല്ലേ
-അല്ല. ഇത് എന്റെ ഫോണല്ല
-എന്റെ അനിയൻ അതായത് ചേട്ടന്റെ അളിയൻ ഗൾഫീന്ന് വന്നപ്പോ ഫ്രീയായി തന്നതാണെന്നുവെച്ച് അത് ചേട്ടന്റെ ഫോണല്ലാതാവണ് ണ്ടോ
-ഇത്  തിരിച്ചുകൊടുക്കണം
-ഏയ്. അതെങ്ങന്യാ. അത് ശെരിയാവ് ല്ല്യ
-എന്റെ മോളേ. ഞാൻ പറയണതൊന്ന് കേൾക്ക്
- ഏ! മോളേന്നൊ? ഇന്ന് ഭയങ്കര സ്നേഹമാണല്ലോ! ഇന്ന് എന്തായാലും നമുക്കൊരു സിനിമക്ക് പോണം...
          ഇതിന് രവിസാറ്‌ മറുപടി പറയുന്നതിനുമുമ്പ് മറുതലയ്ക്കൽ ആരോ ചവിട്ടിക്കേറി വരുന്ന ശബ്ദവും പിന്നേ ഠേ എന്നൊരു പൊട്ടലും കേട്ടു!
തുടർന്ന് ഒരു പൊട്ടിക്കരച്ചിലും ഇപ്രകാരം ഒരു സംഭാഷണവും:
-ആരെയാടീ മൂതേവീ നീ സിനിമയ്ക്ക് പോകാൻ വിളിക്കണത്?
-എന്റെ പൊന്നു ചേട്ടാ തല്ലല്ലേ. ദെയവ് ചെയ്ത് ഞാൻ പറയണതൊന്ന് കേൾക്ക്. ചേട്ടന്റെ ഫോണെവ്ട്യാ?...
          ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചുനിന്നുപോയി രവി സാറ്.
പിന്നെ സമനില വീണ്ടെടുത്ത് പതിവിന് വിപരീതമായി തൊണ്ടിസാധനം വേലിയിൽ തന്നെ തിരികെ വെച്ചു!
അനന്തരം ഖസാക്കിലെ രവിയെ അനുകരിച്ച് ബസ്സുകാത്ത് കിടന്നു !

No comments:

Post a Comment