rajasooyam

Wednesday, January 1, 2020

             നല്ലവനായ മാളക്കാരന്‍
                                       (01/10)

-മിസ്റ്റര്‍ ആന്റണ്‍ വില്‍ഫ്രഡ്, ജീവിതത്തില്‍ നിങ്ങള്‍ക്ക് ഏറ്റവുംചാരിതാര്‍ത്ഥ്യം തോന്നിയ നിമിഷം ഏതാണ്?
-അത് പറയാന്‍ എനിയ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ട കാര്യമില്ല. ട്രെയ്‌നില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് ടിടിഇ പിടിച്ച ഒരാളെ രക്ഷപ്പെടുത്തിയ ധന്യനിമിഷം തന്നെ അത്.
-ദാറ്റ് റിക്വയേഴ്‌സ് എ ബിറ്റ് എലാബൊറേഷന്‍
-പറയാം. തൊള്ളായിരത്തി എമ്പതുകളിലാണ് സംഭവം. അന്ന് ഞാന്‍ ജിസിഡിഏ യില്‍ ഡെപ്യൂട്ടേഷനിലാണ്. ട്രെയ്‌നിലാണ് പോക്കുവരവ് നടത്തിക്കൊണ്ടിരുന്നത്. ആപ്പീസില്‍നിന്ന് ഇങ്ങോട്ടുള്ള യാത്ര മിക്കവാറും ഐലന്റ് എക്‌സ്പ്രസ്സിലായിരിക്കും. കാരണം അത് പെട്ടെന്നിങ്ങെത്തും. കാലടി വിട്ടാല്‍ പിന്നെ മാളയിലേ സ്‌റ്റോപ്പുള്ളു.
-കാലടി.....മാള…നിങ്ങള്‍ ഇല്ലാത്ത റെയില്‍വേ സ്‌റ്റേഷനുകളെപ്പറ്റി പറയുന്നു!
-അതുപിന്നെ അങ്കമാലി ഫോര്‍ കാലടി. ചാലക്കുടി ഫോര്‍ മാള. രണ്ടാമതുവരുന്ന സ്ഥലങ്ങള്‍ക്കാണ് പ്രാധാന്യം
-ഓഹോ. എങ്കില്‍ തുടരാം
-ഒരു ദിവസം വൈകീട്ട് ഞാന്‍ ആപ്പീസുവിട്ട് വരുകയായിരുന്നു. എനിയ്‌ക്കൊരു സ്വഭാവമുണ്ട്. ട്രെയ്‌നില്‍ കയറിയിരുന്നാല്‍ ഉടനേ തുടങ്ങും ഉറക്കം. അന്നും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരുറക്കം കഴിഞ്ഞ് ഉണര്‍ന്നപ്പോഴേയ്ക്കും വണ്ടി അങ്കമാലിയിലെത്തിയിരുന്നു. ചാലക്കുടിയിലെത്താന്‍ ഇനിയും പത്തുപതിനഞ്ചുമിനിറ്റെടുക്കുമല്ലോ, അതുവരെ ഒന്നു മയങ്ങിക്കളയാമെന്നു തീരുമാനിച്ച് ഞാന്‍ വീണ്ടുമൊന്ന് മയങ്ങി. മയക്കം കഴിഞ്ഞ് എഴുന്നേറ്റുനോക്കിയപ്പോള്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കയാണ്. ചാലക്കുടിയായിരിക്കുമെന്ന ധാരണയില്‍ മറ്റ് യാത്രക്കാരെ തള്ളിമാറ്റി ഒരുകണക്കിന് ഞാന്‍ പുറത്തുചാടി. പുറത്ത് ചാടിയതും ഒരാള്‍ എന്റെ ഷര്‍ട്ടിന്റെ കോളറിലും മറ്റൊരാള്‍ കയ്യിന്റെ മണിബന്ധത്തിലും പിടുത്തമിട്ടിരുന്നു. അത് രണ്ട് ടിടിഇമാരായിരുന്നു! അതില്‍ ഒരാള്‍ പറഞ്ഞു: സൂത്രത്തില്‍ രക്ഷപ്പെടാമെന്നു കരുതി അല്ലേ? കാണട്ടെ, തന്റെ ടിക്കറ്റ് കാണട്ടെ. കാര്യം മനസ്സിലാവാതെ ഞാന്‍ ഒരു നിമിഷം സ്തംഭിച്ചുനിന്നുപോയി. പിന്നെ സാവധാനം പോക്കറ്റില്‍നിന്ന് സീസണ്‍ ടിക്കറ്റെടുത്ത് കാണിച്ചു. അന്നേരം ടിടി ഇ മാര്‍ ഇളിഭ്യരായി കമ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി.
-അപ്പോള്‍ വാസ്തവത്തില്‍ എന്താണ് സംഭവിച്ചത്?
-വണ്ടി നിര്‍ത്തിയത് ചാലക്കുടിയിലായിരുന്നില്ല. അതിന് മുമ്പായിരുന്നു.
-പക്ഷേ അവിടൊന്നും സ്‌റ്റോപ്പില്ലെന്നല്ലേ പറഞ്ഞത്?
-അതെ. അന്ന് റെയിലില്‍ എന്തോ അററകുററ പണികള്‍ നടക്കുന്നുണ്ടായിരുന്നു. അതുകാരണം ഇത്തിരിനേരം അവിടെ നിര്‍ത്തിയിട്ടതാണ്. അന്നേരം ടിടിഇമാര്‍ ടിക്കറ്റ് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു. ചാലക്കുടി സ്‌റ്റോപ്പാണെന്നുകരുതി ഞാന്‍ ധൃതിപ്പെട്ടിറങ്ങുന്നതുകണ്ടപ്പോള്‍ അവര്‍ വിചാരിച്ചു ഞാന്‍ ടിക്കറ്റില്ലാത്തതുകൊണ്ട് ഇറങ്ങി ഓടുകയാണെന്ന്!
-ഇത്രയൊക്കെ പറഞ്ഞിട്ടും താങ്കള്‍ ആ ധന്യനിമിഷത്തിലേക്കെത്തിയില്ലല്ലൊ.
-ഓ, അതോ. പരിശോധനയ്ക്കിടയില്‍ ടിക്കറ്റില്ലാത്ത ഒരാളെ ടിടിഇമാര്‍ പിടികൂടിയിരുന്നേയ്. ഇവര് എന്നെ പിടിക്കാന്‍ ഓടിയ തക്കത്തിന് അങ്ങേര് ചാടിക്കളഞ്ഞു !!!

 


No comments:

Post a Comment