rajasooyam

Wednesday, December 31, 2014

പ്രൊവൊക്കേഷന്‍

-ബിആര്‍ അറിഞ്ഞോ?
-എന്താണ് കണ്ണാ?
-ഇവിടെ ഒരു കൂട്ട മതം മാറ്റം നടക്കാന്‍ പോണ കാര്യം
-അറിഞ്ഞില്ലല്ലൊ. ആര്‍ക്കൊക്കെയാണ്  മനം മാറ്റം?
-തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, ഷഷിധര ഭണ്ഡാരനായകെ, നാമംഗലം    പരമീശന്‍, അരിമ്പൂരെ സ്ഥാനിനായര്‍ നന്ദകുമാര്‍, തൃപ്രയാര്‍ കരയോഗം പ്രസിഡണ്ട് ശ്രീകുമാര്‍ വാടാനപ്പിള്ളി അംശം അധികാരി സിപ്രന്‍, ബാലകന്‍ എന്ന ലിങ്ക, പറളി വേണു,
 ഐന്തോള്‍ രാശന്‍, തുടങ്ങി ഒരു നീണ്ട നിര തന്നെയുണ്ട് ക്യൂവില്‍. കുറൂര്‍ മനയ്ക്കലെ
 സൂമാരന്‍ തിരുമേനിയും കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് കേട്ടത്.
-എന്റെ ദൈവമേ. ഇവരൊക്കെ എങ്ങോട്ടാണ് ചേക്കേറാന്‍ പോണത്?
-ക്രിസ്തുമതത്തിലേക്ക്
-ഓ മൈ ജീസസ്! ഇവര്‍ അവിടെ ചെന്നാല്‍ ഒരുപാട്  ത്യാഗങ്ങള്‍ സഹിക്കേണ്ടിവരില്ലേ
-എന്തും സഹിക്കാന്‍ തയ്യാറാണെന്നാണ് അവര് പറയണത്
-എന്നാണാവോ മാമോദീസ ?
-റോമില്‍ പോയിരിക്കുന്ന വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ് തിരിച്ചെത്തേണ്ട താമസമേയുള്ളൂ
-ക്രിസ്തുവിനെ ദൈവം രക്ഷിക്കട്ടെ !
-ആമേന്‍ !
-അതുപോട്ടെ കണ്ണാ, ക്രിസ്തുമതത്തിലേക്ക് ഇങ്ങനെയൊരു കൂട്ട മതംമാറ്റം നടക്കാന്‍
 എന്തെങ്കിലും ഒരു പ്രകോപനമുണ്ടായിക്കാണുമല്ലൊ. ടെല്‍മീ, വാട്ട് വാസ് ദ ഇമ്മീഡിയെറ്റ്
 പ്രൊവൊക്കേഷന്‍?
-അപ്പൊ ബിആര്‍ അതും അറിഞ്ഞില്ലല്ലേ
-എന്താണ്?
-ഘര്‍ വാപ്‌സി നിയമപ്രകാരം സി ആര്‍ ബാബു ഹിന്ദുമതത്തിലേക്ക് തിരിച്ചുവരുന്നു !!!

Saturday, December 20, 2014

എ ട്രാജിക് കോമഡി

ഉറക്കത്തില്‍ സ്വന്തം കഥാപാത്രങ്ങളെ സ്വപ്നം കാണുക ബിആറിന്റെ പതിവാണ്.
നേരാണോ നിശ്ശല്ല്യ, ചിലപ്പോള്‍ പാത്രങ്ങളോട് ഉച്ചത്തില്‍ സംസാരിക്കാറുണ്ടെന്നും
ഭാര്യ പറയുന്നു. 
പക്ഷേ ഒരു കാര്യം തീര്‍ച്ച. സ്വപ്നം കണ്ടാല്‍ പിറ്റേന്നുതന്നെ ബിആറിന്റെ മൊബൈലില്‍നിന്ന് കഥാപാത്രത്തിന് ഇങ്ങനെയൊരു മെസേജ് പോയിരിക്കും:
ഐ സോ യു ഇന്‍ മൈ ഡ്രീം യെസ്റ്റെര്‍ഡേ നൈറ്റ് : ബേബി രാജന്‍
തേക്കേല്‍ കേറിയ കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍, വാഴ്ത്തപ്പെട്ട ആന്റണ്‍ വില്‍ഫ്രഡ്,
വാടാനപ്പിള്ളി സിപ്രന്‍, കുത്താമ്പുള്ളി കണ്ണന്‍, ഷഷിധരഭണ്ടാരനായകെ തുടങ്ങി നാമംഗലത്തെ പരബ്രഹ്മം തിരുമേനിവരെയുള്ളവരോട് ചോദിച്ചാല്‍ ഇക്കാര്യം സത്യമാണോന്നറിയാം.
ഏറ്റവുമൊടുവില്‍ ബിആര്‍ സ്വപ്നം കണ്ടത് എംജി രവീന്ദ്രന്‍ സാറിനെയാണ്.
രണ്ടാഴ്ച മുമ്പാണത്.
പിറ്റേന്ന് പതിവുപോലെ എംജിആറിന് മെസേജ് പോയി.
പോയിക്കഴിഞ്ഞപ്പോളാണ് ബിആര്‍ ഓര്‍ത്തത്; എംജിആറിന് മെസേജ് അയച്ചിട്ട് എന്തു കാര്യം?
കുറച്ചുകൊല്ലം മുമ്പ് മഴ കാരണം തൃശ്ശൂപ്പൂരത്തിന്റെ വെടിക്കെട്ട് പിറ്റേന്ന് ഉച്ചക്ക്
നടത്തുകയുണ്ടായല്ലോ. അന്ന് ' എന്താ ബിആര്‍ ഇന്ന് ആകാശത്തൊക്കെ പതിവില്ലാതെ ഒരു
പൊക' എന്നു ചോദിച്ച ആളാണ്!
അദ്ദേഹമുണ്ടോ കേവലം ഒരു എസ് എം എസിന്റെ ര്‍ണിം ശബ്ദം കേള്‍ക്കുന്നു?
പക്ഷേ പോയ എസ് എം എസിനെ തിരിച്ചുപിടിക്കാന്‍ പറ്റില്ലല്ലോ.
അത് അങ്ങനെ പോയി. പൊയ്‌പ്പോയി.

രണ്ടുദിവസം കഴിഞ്ഞപ്പോള്‍ അതാ വരുന്നു എംജിആറിന്റെ ഫോണ്‍ കോള്‍:
-ഹലോ, ബിആറല്ലേ?
-അതേ
-അതേയ്, ബിആറിന് എന്നോടെന്തെങ്കിലും വിരോധംണ്ടോ?
-അതെന്താ സാര്‍ അങ്ങനെയൊരു ചോദ്യം?
-കര്‍മ്മം കൊണ്ട് താങ്കളുടെ കഥാപാത്രമായിപ്പോയി എന്നതല്ലാതെ മറ്റൊരു തെറ്റും ഞാന്‍
 ചെയ്തിട്ടില്ലല്ലൊ?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ സാര്‍
-രണ്ടുദിവസം മുമ്പ് എനിക്കൊരു മെസേജ് അയച്ചിരുന്നോ
-ഉവ്വ്
-എസ് എം എസിന്റെ ശബ്ദം കേട്ടിട്ട് വീട്ടുകാരിയാണ് അത് തുറന്നുനോക്കിയത്
-അതുകൊണ്ടെന്താ?
-എന്താന്ന് അല്ലേ? അപ്പൊ തൊടങ്ങീതാ നെഞ്ചത്തടീം നെലോളീം! ആകെ പ്രശ്‌നായി. എനിക്ക് പൊറത്തെറങ്ങാന്‍ പറ്റാണ്ടായി...എന്റെ ജീവിതം നായ നക്കീന്ന് പറഞ്ഞാമതി.
-അതിനുമാത്രം എന്താണുണ്ടായത് സാര്‍?
-വലിയവായിലേ കരഞ്ഞ് വീട്ടുകാരേം നാട്ടുകാരേം വിളിച്ചുവരുത്തി ബിആറിന്റെ
 എസ് എം എസ് കാണിച്ച് പുള്ളിക്കാരി പറയാണേയ് : ഇനീം ഇത് സഹിക്കാന്‍
എന്നേക്കൊണ്ടാവില്ലേയ്. ഇത് കണ്ട്‌ല്ല്യേ, എതോ ഒരുത്തി ചേട്ടന് എസ് എം എസ്
അയച്ചേക്കണത്!

************

എം ജി ആര്‍ സാറിന് ഇപ്പോള്‍ 62 വയസ്സ്.
ചേച്ചിക്ക് 58 കഴിഞ്ഞ് ഇത് ഏഴാം മാസം.
മിക്കവാറും അടുത്തമാസം അവസാനത്തോടെ ഡൈവോഴ്‌സാവുംന്നാണ് കേട്ടത് !!!

Saturday, December 6, 2014

പരബ്രഹ്മത്തിന്റെ പൊരുള്‍

ദൈവം സഹായിച്ച് ബിആറിന് ഇതുവരെ ഗുരുക്കന്മാരുടെ ഒരു കുറവുണ്ടായിട്ടില്ല.
'ടീടോട്ടലര്‍' എന്നാല്‍ 'ചായ കൂട്ടുന്നവന്‍' എന്നാണ് അര്‍ത്ഥമെന്ന് പഠിപ്പിച്ചുതന്ന
എംജി രവീന്ദ്രന്‍ സാര്‍,
മൗണ്ടന്‍ ഹോളിന്റെ വാച്യാര്‍ത്ഥം പറഞ്ഞുതന്ന സഹരാജന്‍ നായര്‍ (മൊബൈല്‍ നമ്പര്‍
94476 18654)
'ഉല്‍പ്ലുത്യ'യുടെ വ്യംഗ്യാര്‍ത്ഥം പഠിപ്പിച്ചുതന്ന സുധാകരന്‍ മാഷ്
(ഉല്‍പ്ലുത്യ പിന്നെയുമുല്‍പ്ലുത്യ സത്വരം - ഈശ്വരാ! തുഞ്ചന്റെ കിളി ഇതെങ്ങനെ
പാടിയൊപ്പിച്ചാവോ!),
പരസ്യമാക്കരുത് എന്ന ഉപാധിയോടെ ഗീതാരഹസ്യം പറഞ്ഞുതന്ന ബികെ നാരായണന്‍,
'ആത്മന്‍' എന്നാല്‍ എന്താണെന്നു മനസ്സിലാക്കിത്തന്ന  കെ എം പരമേശ്വരന്‍,
പ്രാങ് മുതലാളിത്തത്തെപ്പറ്റി ക്ലാസ്സെടുത്ത സഖാവ് ശ്രീകുമാര്‍,
മൗസുണ്ടായാല്‍ പോരാ ക്ലിക്ക് ചെയ്യാന്‍ പഠിക്കണം എന്ന മഹദ്വചനം പറഞ്ഞുതന്ന
വി. ഷഷിധരന്‍,
നിന്നെപ്പോലെ നിന്റെ സിസ്റ്റത്തേയും സ്‌നേഹിക്കുക എന്ന ഗുണപാഠം പഠിപ്പിച്ച
പിഎല്‍ ജോയ്,
എങ്ങനെ ഭംഗിയായി കോട്ടുവായിടാം എന്ന് സോദാഹരണം പഠിപ്പിച്ച കെ പി ശ്യാംകുമാര്‍-
ഇവരൊക്കെ അവരില്‍ ചിലര്‍ മാത്രം.
    എന്നാല്‍ ഇവരേക്കാളൊക്കെ ഒരു പടി മേലെയാണ് ആര്‍ കണ്ണന്റെ സ്ഥാനമെന്ന്
ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്.
അത് മറ്റൊന്നും കൊണ്ടല്ല;
ശിഷ്യന്റെ മനസ്സിലെ സംശയം അയാള്‍ ചോദിക്കാതെതന്നെ ഉള്‍ക്കണ്ണുകൊണ്ട് കണ്ടുമനസ്സിലാക്കി ആയത് ദൂരീകരിച്ചുകൊടുക്കാനുള്ള അസാമാന്യമായ ആ വൈഭവമുണ്ടല്ലൊ, അതിനെ പട്ടും വളയും പുട്ടും കടലയും മറ്റും വെച്ച് തൊഴുകതന്നെ വേണം.
ഒരൊറ്റ ഇന്‍സിഡന്റ് മാത്രം പറയാം:
കുറേ നാളായി ബിആറിന്റെ മനസ്സില്‍ ഒരു സംശയം കിടന്ന് ഉരുണ്ടുകളിക്കാന്‍ തുടങ്ങിയിട്ട്:
എന്താണീ പരബ്രഹ്മം എന്നുവെച്ചാല്‍? അതിന് വല്ല രൂപഭാവഹാവാദികളുമുണ്ടോ?
ഉണ്ടെങ്കില്‍ അത് എങ്ങനെയിരിക്കും?
ഗുരുക്കന്മാര്‍ ഓരോരുത്തരും ഓരോരോ തിരക്കിലായതിനാല്‍ ആരോടും ചോദിക്കാന്‍ കഴിഞ്ഞില്ല.
അങ്ങനെയിരിക്കേ ഒരുദിവസം ഉച്ചക്ക് ഊണുകഴിഞ്ഞ് ബിആര്‍ അസോസിയേഷന്‍
ഹാളിലേക്ക്  നടക്കുകയായിരുന്നു. ഭാഗ്യവശാല്‍ വഴിക്കുവെച്ച് കണ്ണനേയും കിട്ടി. ഹാളില്‍ ചെന്ന് സ്വസ്ഥമായിഇരുന്നതിനുശേഷം സംശയത്തെപ്പറ്റി കണ്ണനോട് ചോദിക്കാമെന്നു കരുതി ബിആര്‍.
രണ്ടുപേരും ഹാളിന്റെ വാതില്‍ക്കല്‍ എത്തിയപ്പോള്‍ സാക്ഷാല്‍ എന്‍ബി അവിടെ
അദ്ധ്യക്ഷന്റെ കസേരയില്‍ കുന്തുകാലിന്മേലിരുന്ന് വെറ്റിലയുടെ ഞരമ്പുകീറി
ചുണ്ണാമ്പ് തേക്കുകയായിരുന്നു....
ഇതു കണ്ടതും കണ്ണന്‍ ബിആറിന്റെ ചെവിയില്‍ മന്ത്രിച്ചു:
ഇരിക്കണ ഇരിപ്പ് കണ്ടില്ലേ, പരബ്രഹ്മം പോലെ...

Saturday, November 1, 2014

ശരവേഗം

ശ്രേഷ്ഠഭാഷ മലയാളം ഒന്നാം പേപ്പറിലെ രണ്ടാം ചോദ്യം ഇതായിരുന്നു;
വാക്യത്തില്‍ പ്രയോഗിക്കുക: ശരം വിട്ടപോലെ
എന്‍ബീപുത്രന്‍ വിഷ്ണു നമ്പൂതിരി ഉത്തരമെഴുതിയത് ഇപ്രകാരം:
ശരം വിട്ടപോലെയാണ്  എന്റച്ഛന്‍ എവിടേക്കെങ്കിലും പോവുന്നത് !
വിഷ്ണു എഴുതിയത് നൂറ് ശതമാനവും ശരിയാണെന്ന് എന്‍ബിയെ അറിയാവുന്നവരെല്ലാം
സശിര:കമ്പം സമ്മതിക്കും.
(ഹാവൂ! കുറേ നാളായുണ്ട് ബിആര്‍ വിചാരിക്കുന്നു, സശിര:കമ്പം ഒന്നു വാക്യത്തില്‍
പ്രയോഗിക്കണമെന്ന്. ഇപ്പോഴാണ് ശ്വാസം ഒന്നു കീഴ്‌പോട്ട് പോയത്!)
അതുപോലെ തന്നെ എവിടെയാണെങ്കിലും മൂന്നര മിനിറ്റില്‍ കൂടുതല്‍ നേരം ഇരിക്കാന്‍
എന്‍ബിക്ക് പറ്റില്ല. ചായ കുടിക്കുമ്പോഴും ഊണുകഴിക്കുമ്പോഴും ബ്രോഡ് ഷീറ്റ് ചെയ്യുമ്പോഴും
കുളിക്കുമ്പോഴും ഒന്നിനുപോവുമ്പോഴും രണ്ടിനുപോവുമ്പോഴും എല്ലാം എല്ലാം ഈ
ടൈംലിമിറ്റില്‍ സ്റ്റിക്കോണ്‍ ചെയ്യാന്‍ മാക്‌സിമം ശ്രമിക്കാറുണ്ട് പുള്ളിക്കാരന്‍.
എന്തിനധികം പറയുന്നു, സാവിയെ പെണ്ണുകാണാന്‍ ചെന്ന ദിവസം ചെറുക്കന് പ്രത്യേകിച്ച്
ഡിമാന്‍ഡ് എന്തെങ്കിലുമുണ്ടോന്ന് പെണ്‍വീട്ടുകാര്‍ ചോദിച്ചപ്പോള്‍ എന്‍ബീടെ അമ്മാവന്മാരുടെ മറുപടി ഇതായിരുന്നത്രേ:
അപ്പൂന് ഒരു ഡിമാന്‍ഡേള്ളൂ. ച്ചാല്‍ കല്യാണത്തിന്റെ ചടങ്ങ് മൂന്നരമിനിറ്റിനുള്ളില്‍ തീര്‍ക്കണം!
(ഇക്കാര്യം ശരിക്കുമറിയാവുന്നതുകൊണ്ടാവാം കണ്ണനേയും സിപ്രനേയും മറ്റും ഓടിച്ചിട്ടുപിടിച്ച് ധര്‍ണ്ണക്ക് കൊണ്ടുപോവുന്ന ശ്രീകുമാര്‍ എന്‍ബിയെ കണ്ടാല്‍ കണ്ട ഭാവം പോലും നടിക്കാറില്ല!)

പറഞ്ഞോണ്ടുവരുന്നതെന്തെന്നാല്‍ ഇന്നലെ ഉച്ച്ക്ക് ബിആര്‍ അസോസിയേഷന്‍ ഹാളില്‍
ഇരിക്കുമ്പോള്‍ ഏതാണ്ട് വിഷ്ണു വാക്യത്തില്‍ പ്രയോഗിച്ചപോലെ ഒരു വരവാണ് എന്‍ബി.
വന്നയുടന്‍ ഹിന്ദു പേപ്പറെടുത്ത് ചറപറാ മറിച്ചുനോക്കി. ഒരുനിമിഷം കണ്ണ്് എവിടെയോ ഉടക്കിനിന്നു. പിന്നെ 'എന്നാലും എന്റെ ബാലൂ' എന്നും പറഞ്ഞ് നെറ്റിയില്‍ ഒരടിയടിച്ച്
ശരം വിട്ടപോലെ പുറത്തേക്ക് പാഞ്ഞു.
ഈ കാഴ്ച കണ്ട് അന്തം വിട്ടുപോയ ബിആര്‍ ആകാംക്ഷയോടെ അടുത്തിരുന്ന കണ്ണനോട്
ചോദിച്ചു: എന്താ കണ്ണാ, ബാലൂന് എന്തുപറ്റി? പേപ്പറില്‍ വല്ലതുമുണ്ടോ?
അന്നേരം കുക്കുമ്പറുപോലെ കൂളായി കണ്ണന്‍ പറയുകയാണ്: ഈ ബിആര്‍ ഏതു ലോകത്താ?തിരുമേനി ഹിന്ദു പേപ്പറ്് നോക്കണത് വാര്‍ത്ത വായിക്കാനൊന്ന്വല്ല.
-അപ്പൊ എന്റെ  ബാലൂന്നും പറഞ്ഞ് നെറ്റിയിലടിച്ച് ഓടിയതോ?
-ഓടിയത് മൂന്നര മിനിറ്റായതുകൊണ്ട്
-ബാലൂന്ന് വിളിച്ചതോ?
-അതുപിന്നെ തിരുമേനിയേക്കാള്‍ മുമ്പ് ബാലു സു ഡോ ക്കു പൂരിപ്പിച്ചിട്ടുണ്ടാവും !!!



Sunday, October 19, 2014

മുകളില്‍ കുത്തുവരാമന്‍ !

കര്‍ക്കിടകമാസത്തിലെ ആ തൃസന്ധ്യയില്‍ പതിവുപോലെ കുളിച്ച് കുറിയും മറ്റും തൊട്ട്
ഉമ്മറക്കോലായില്‍ ചമ്രംപടിഞ്ഞിരുന്ന് നിലവിളക്കിന്റെ   നറുവെളിച്ചത്തില്‍ രാമായണം
പാരായണം ചെയ്യുകയാണ് ഷഷിധരന്‍.
ഈരേഴ് പതിനാല് ശ്ലോകങ്ങള്‍ ചൊല്ലിക്കഴിഞ്ഞാറെ ദാണ്ടെ കെടക്കുന്നു
ഘടികാരം പോലത്തെ ഒരു കഠിനപദം.
അങ്ങനെ വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലൊ. കട്ടിക്കണ്ണട മുന്നോട്ടും പിന്നോട്ടും അഡ്ജസ്റ്റ്
ചെയ്തുപിടിച്ച് ഷഷി നീട്ടിച്ചൊല്ലി:
''ഭാ....രണ്ടുഗ....
മുകളില്‍ കുത്തുവരാമന്‍'' !

വാല്മീകിരാമായണത്തിലോ കമ്പരാമായണത്തിലോ അദ്ധ്യാത്മരാമായണത്തിലോ കണ്ടിട്ടും
കേട്ടിട്ടുമില്ലാത്ത ഈശ്ലോകം കേട്ടവാറെ അടുക്കളയില്‍ കറിക്ക് നുറുക്കിക്കൊണ്ടിരിക്കയായിരുന്ന ഭാര്യ വിളിച്ചു ചോദിച്ചു:
-ഇത് ഏത് രാമായണമാ ചേട്ടാ? ഷഷിരാമായണമാണോ?
ദേഷ്യം വന്ന ഷഷി തിരിച്ചുചോദിച്ചു:
-മേഡം എന്നെ ആക്കിയതാണോ
-അയ്യൊ. അല്ല ചേട്ടാ. എനിക്ക് മനസ്സിലായില്ല. അതുകൊണ്ടാ. ഞാന്‍ അതൊന്ന്
വായിച്ചുനോക്കട്ടെ.

ഷഷി വായിച്ച ആ ഭാഗം വായിച്ചുനോക്കിയശേഷം ചിരിയടക്കാന്‍ പാടുപെട്ടുകൊണ്ട്
ശ്രീമതി പറഞ്ഞു:
-അതേയ് ചേട്ടാ, ഗ യുടെ താഴെ ഒരു ഗ കൂടിയിട്ടാല്‍ അതിനെ ഗ്ഗ എന്നാണ് പറയേണ്ടത്.
 അല്ലാതെ രണ്ടു ഗ എന്നല്ല.
-ഹ്‌ഹൊ! ഈ മലയാളീസിന്റെ ഒരു കാര്യം !
-അതുപോലെ ഗ്ഗ യുടെ മുകളില്‍ ഒരു കുത്തിട്ടാല്‍ ര്‍ഗ്ഗ എന്നാണ് വായിക്കേണ്ടത്.
-നന്നായി!  വര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ നര്‍ഗ്ഗീസിന്റെ ര്‍ഗ്ഗയോ?
-രണ്ടും ഒന്നന്നെ.
-അപ്പൊ  അത് വായിക്കേണ്ടത്  ഭാ രണ്ടുഗ മുകളില്‍ കുത്തുവരാമന്‍ എന്നല്ല എന്നാണോ ഭവതി പറഞ്ഞോണ്ടു വരുന്നത്?
-അതെയതെ
-പിന്നെ എങ്ങനെ വായിക്കണമെന്നാണ്?
-ഭാര്‍ഗ്ഗവരാമന്‍ !!!





Monday, October 13, 2014

ഷഷിമലയാളം

നേരേചൊവ്വേ ബസ്സിന്റെ ബോര്‍ഡ് പോലും വായിക്കാന്‍ കഴിയാത്ത വി. ഷഷിധരന്‍
എങ്ങനെയാണ് ഓഏഡി (ഔട്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്)യില്‍ കഴിച്ചുകൂട്ടുന്നതെന്ന് ബിആര്‍ പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്.
ആ ശങ്ക കേവലം അസ്ഥാനത്തല്ല എന്ന് ഉച്ചൈസ്ഥരം ഉദ്‌ഘോഷിക്കുന്ന കഥകളാണ്
ദിനം തോറും വന്നുകൊണ്ടിരിക്കുന്നത്.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:

ഇരിങ്ങാലക്കുട താലൂക്ക് സപ്ലൈ ഓഫീസില്‍ ഓഡിറ്റിനുപോവാന്‍ വേണ്ടി പൂങ്കുന്നത്തുനിന്ന് ബസ്സില്‍ കേറിയതാണ് ഷഷി.
ബസ്സില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നെങ്കിലും അന്ധര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സീറ്റിനു തൊട്ടുപുറകിലെ രണ്ടുസീറ്റ് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ ജന്മണ്ടെങ്കില്‍ ഷഷി അതില്‍ ഇരിക്കില്ല !

എയര്‍ ബാഗും അതിനൊത്ത വയറും താങ്ങിനില്‍ക്കുന്ന ഷഷിയോട് കണ്ടക്ടര്‍ ചോദിച്ചു:
-എന്തിനാ ഇങ്ങനെ നിന്ന് വെഷമിക്കണേ? ചേട്ടന് ആ സീറ്റില് ഇരുന്നൂടേ?
-ഇല്ല്യ. ഇരിക്കാന്‍ പറ്റ് ല്ല്യ
-എന്താ കാരണം?
-ഞാന്‍ മുതിര തിന്നാറ്  ല്ല്യ
-അതുകൊള്ളാം. മുതിര തിന്നണതും ഇതും തമ്മില്‍ എന്താ ബന്ധം? ചേട്ടന്റെ വയറ് കാരണം
 ആള്‍ക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ പറ്റണ്  ല്ല്യാ ന്നേയ്. ദയവ് ചെയ്ത്  ഒന്നിരിക്ക് ചേട്ടാ അവടെ.
    ഇതു കേട്ടതും ഷഷിക്ക് ഇത്രളവേ ഈറ വന്നുള്ളൂന്ന്  ല്ല്യ
ഉഗ്ര കോപത്തോടെ ഷഷി പറഞ്ഞു: എന്നാപ്പിന്നെ താന്‍ ഈ ബോര്‍ഡ് എടുത്തുമാറ്റെടോ
അന്തം വിട്ടുപോയ കണ്ടക്ടര്‍ ചോദിച്ചു: ഏത് ബോര്‍ഡ്?

കാടമുട്ട ഫെയിം ഷഷി ചൂണ്ടിക്കാണിച്ച ബോര്‍ഡ് ഇതായിരുന്നു: ''മുതിര്‍ന്ന പൗരന്മാര്‍'' !!!

Monday, September 15, 2014

തിരിച്ചഞ്ച്  മറിച്ചഞ്ച്

-കേട്ടോ ബിആര്‍, എന്‍ബിയെപ്പോലെയല്ല തിരുമേനീടെ അകത്തുള്ളാള്‍
-ച്ചാല്‍?
-അതീവ ബുദ്ധിമതിയാണ്
-എന്‍ബിയെപ്പറ്റി മറ്റെന്തുപറഞ്ഞാലും ഇത് ഞാന്‍ വിശ്വസിക്കില്ല കണ്ണന്‍. എന്‍ബിയെപ്പോലെ  ബുദ്ധിമാനായ ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
-എന്നാല്‍ ഞാനീപ്പറഞ്ഞത് സത്യമാണ്
-എങ്കില്‍ തെളിവ് ഹാജരാക്കൂ
-ഒരൊറ്റ ഉദാഹരണം മാത്രം പറയാം.
-പറയൂ
-തിരിച്ചഞ്ച് മറിച്ചഞ്ച് കുടഞ്ഞഞ്ച് കുടയാതഞ്ച്; അങ്ങനെ ആകെമൊത്തം ഇരുപതു
 ദിവസമാണ് എന്‍ബി ഒരു മുണ്ടുടുക്കുക.
-ഈശ്വരാ! അപ്പോഴേക്കും അതൊരു പരുവമായിട്ടുണ്ടാവുമല്ലൊ.
-ഉവ്വ. നാറീട്ട് അടുത്തുനിക്കാന്‍ പറ്റണ്ണ്ടാവില്ല
-വീട്ടുകാര്‍ അതെങ്ങനെ സഹിക്കണ് ?
-അവര്‍ക്കെന്ത് ചെയ്യാന്‍ പറ്റും? അലക്കിയിടാന്‍ വേണ്ടി അവര്‍ എത്രതന്നെ ചോദിച്ചാലും
 പുള്ളിക്കാരന്‍ മുണ്ട് ഊരിക്കൊടുക്കില്ല! ചിങ്ങമാസമാണെങ്കില്‍ പറയും ഓണം കഴിയട്ടേന്ന്.
 മേടമാസമാണെങ്കില്‍ പറയും വിഷു കഴിയട്ടേന്ന്. ധനുമാസമാണെങ്കില്‍ പറയും തിരുവാതിര
 കഴിയട്ടേന്ന്. അങ്ങനെ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് മുണ്ട് ഊരിക്കൊടുക്കുന്ന കാര്യം
 നീട്ടിനീട്ടിക്കൊണ്ടുപോവും.
-അപ്പൊ ഏത് കോണില്‍ നിന്നു നോക്കിയാലും തിരുമേനിമാരില്‍ ഒരു തിരിവുതന്നെയാണ്
 എന്‍ബി. അല്ലേ?
-അതെയതെ. പക്ഷേ ഇന്നലെ അകത്തുള്ളാള്‍ പണി പറ്റിച്ചു.
-ച്ചാലോ?
-എന്‍ബി അറിയാതെ മുണ്ടങ്ങൂരിയെടുത്തു.
-അതെങ്ങനെ പറ്റി?
-ഒരു ചെറിയ കൈക്രിയ ചെയ്തു. പിന്നെ എല്ലാം എളുപ്പമായിരുന്നു
-എന്തായിരുന്നു ക്രിയ?
-അത്താഴപ്പുറമെ ശുദ്ധമായ പശൂം പാലില്‍ ഒരുറക്കഗുളികയങ്ങ് അരച്ചുകൊടുത്തു !!!