rajasooyam

Monday, October 13, 2014

ഷഷിമലയാളം

നേരേചൊവ്വേ ബസ്സിന്റെ ബോര്‍ഡ് പോലും വായിക്കാന്‍ കഴിയാത്ത വി. ഷഷിധരന്‍
എങ്ങനെയാണ് ഓഏഡി (ഔട്ട് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്)യില്‍ കഴിച്ചുകൂട്ടുന്നതെന്ന് ബിആര്‍ പലപ്പോഴും അത്ഭുതം കൂറിയിട്ടുണ്ട്.
ആ ശങ്ക കേവലം അസ്ഥാനത്തല്ല എന്ന് ഉച്ചൈസ്ഥരം ഉദ്‌ഘോഷിക്കുന്ന കഥകളാണ്
ദിനം തോറും വന്നുകൊണ്ടിരിക്കുന്നത്.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:

ഇരിങ്ങാലക്കുട താലൂക്ക് സപ്ലൈ ഓഫീസില്‍ ഓഡിറ്റിനുപോവാന്‍ വേണ്ടി പൂങ്കുന്നത്തുനിന്ന് ബസ്സില്‍ കേറിയതാണ് ഷഷി.
ബസ്സില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നെങ്കിലും അന്ധര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സീറ്റിനു തൊട്ടുപുറകിലെ രണ്ടുസീറ്റ് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. പക്ഷേ ജന്മണ്ടെങ്കില്‍ ഷഷി അതില്‍ ഇരിക്കില്ല !

എയര്‍ ബാഗും അതിനൊത്ത വയറും താങ്ങിനില്‍ക്കുന്ന ഷഷിയോട് കണ്ടക്ടര്‍ ചോദിച്ചു:
-എന്തിനാ ഇങ്ങനെ നിന്ന് വെഷമിക്കണേ? ചേട്ടന് ആ സീറ്റില് ഇരുന്നൂടേ?
-ഇല്ല്യ. ഇരിക്കാന്‍ പറ്റ് ല്ല്യ
-എന്താ കാരണം?
-ഞാന്‍ മുതിര തിന്നാറ്  ല്ല്യ
-അതുകൊള്ളാം. മുതിര തിന്നണതും ഇതും തമ്മില്‍ എന്താ ബന്ധം? ചേട്ടന്റെ വയറ് കാരണം
 ആള്‍ക്കാര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ പറ്റണ്  ല്ല്യാ ന്നേയ്. ദയവ് ചെയ്ത്  ഒന്നിരിക്ക് ചേട്ടാ അവടെ.
    ഇതു കേട്ടതും ഷഷിക്ക് ഇത്രളവേ ഈറ വന്നുള്ളൂന്ന്  ല്ല്യ
ഉഗ്ര കോപത്തോടെ ഷഷി പറഞ്ഞു: എന്നാപ്പിന്നെ താന്‍ ഈ ബോര്‍ഡ് എടുത്തുമാറ്റെടോ
അന്തം വിട്ടുപോയ കണ്ടക്ടര്‍ ചോദിച്ചു: ഏത് ബോര്‍ഡ്?

കാടമുട്ട ഫെയിം ഷഷി ചൂണ്ടിക്കാണിച്ച ബോര്‍ഡ് ഇതായിരുന്നു: ''മുതിര്‍ന്ന പൗരന്മാര്‍'' !!!

1 comment:

  1. മലയാളം വായിക്കുമ്പോള് ഷഷിക്കു ഇങ്ങനെ ചില തെറ്റുകള് പറ്റാറുണ്ട് ...പക്ഷെ അതിനെന്താ ? സിംഹളീസില് ഷഷിയെ വെല്ലാന് ഈ ഭൂമി മലയാളത്തില് ആരുണ്ട്‌ !!!

    ReplyDelete