rajasooyam

Monday, September 15, 2014

തിരിച്ചഞ്ച്  മറിച്ചഞ്ച്

-കേട്ടോ ബിആര്‍, എന്‍ബിയെപ്പോലെയല്ല തിരുമേനീടെ അകത്തുള്ളാള്‍
-ച്ചാല്‍?
-അതീവ ബുദ്ധിമതിയാണ്
-എന്‍ബിയെപ്പറ്റി മറ്റെന്തുപറഞ്ഞാലും ഇത് ഞാന്‍ വിശ്വസിക്കില്ല കണ്ണന്‍. എന്‍ബിയെപ്പോലെ  ബുദ്ധിമാനായ ഒരാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല.
-എന്നാല്‍ ഞാനീപ്പറഞ്ഞത് സത്യമാണ്
-എങ്കില്‍ തെളിവ് ഹാജരാക്കൂ
-ഒരൊറ്റ ഉദാഹരണം മാത്രം പറയാം.
-പറയൂ
-തിരിച്ചഞ്ച് മറിച്ചഞ്ച് കുടഞ്ഞഞ്ച് കുടയാതഞ്ച്; അങ്ങനെ ആകെമൊത്തം ഇരുപതു
 ദിവസമാണ് എന്‍ബി ഒരു മുണ്ടുടുക്കുക.
-ഈശ്വരാ! അപ്പോഴേക്കും അതൊരു പരുവമായിട്ടുണ്ടാവുമല്ലൊ.
-ഉവ്വ. നാറീട്ട് അടുത്തുനിക്കാന്‍ പറ്റണ്ണ്ടാവില്ല
-വീട്ടുകാര്‍ അതെങ്ങനെ സഹിക്കണ് ?
-അവര്‍ക്കെന്ത് ചെയ്യാന്‍ പറ്റും? അലക്കിയിടാന്‍ വേണ്ടി അവര്‍ എത്രതന്നെ ചോദിച്ചാലും
 പുള്ളിക്കാരന്‍ മുണ്ട് ഊരിക്കൊടുക്കില്ല! ചിങ്ങമാസമാണെങ്കില്‍ പറയും ഓണം കഴിയട്ടേന്ന്.
 മേടമാസമാണെങ്കില്‍ പറയും വിഷു കഴിയട്ടേന്ന്. ധനുമാസമാണെങ്കില്‍ പറയും തിരുവാതിര
 കഴിയട്ടേന്ന്. അങ്ങനെ ഓരോ ഒഴികഴിവുകള്‍ പറഞ്ഞ് മുണ്ട് ഊരിക്കൊടുക്കുന്ന കാര്യം
 നീട്ടിനീട്ടിക്കൊണ്ടുപോവും.
-അപ്പൊ ഏത് കോണില്‍ നിന്നു നോക്കിയാലും തിരുമേനിമാരില്‍ ഒരു തിരിവുതന്നെയാണ്
 എന്‍ബി. അല്ലേ?
-അതെയതെ. പക്ഷേ ഇന്നലെ അകത്തുള്ളാള്‍ പണി പറ്റിച്ചു.
-ച്ചാലോ?
-എന്‍ബി അറിയാതെ മുണ്ടങ്ങൂരിയെടുത്തു.
-അതെങ്ങനെ പറ്റി?
-ഒരു ചെറിയ കൈക്രിയ ചെയ്തു. പിന്നെ എല്ലാം എളുപ്പമായിരുന്നു
-എന്തായിരുന്നു ക്രിയ?
-അത്താഴപ്പുറമെ ശുദ്ധമായ പശൂം പാലില്‍ ഒരുറക്കഗുളികയങ്ങ് അരച്ചുകൊടുത്തു !!!

Friday, August 29, 2014

ഭാഷാന്തരങ്ങള്‍

ഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്ന് ആശാന്‍ പറഞ്ഞത് എത്ര അര്‍ത്ഥവത്താണെന്ന് ബിആറിന്
മനസ്സിലായത് ഈ ഓണക്കാലത്താണ്.
ചിങ്ങത്തിരുവോണത്തിണ് നേന്ത്രവാഴേടെ കായകൊണ്ട് പലതരം കലാരൂപങ്ങളുണ്ടാക്കുമല്ലൊ.
വാഴയ്ക്കാത്തോരന്‍, വാഴയ്ക്കാപ്പം, കായബജി, ശര്‍ക്കരുപ്പേരി, നാല്‍നുറുക്ക്, വട്ടന്‍,  ഇത്യാദി.

എല്ലാം മനോരമ കലണ്ടറിലുണ്ട് എന്നു പറയുമ്പോലെ എല്ലാം സ്റ്റോറിലുണ്ടാവും.
വസ്തുവഹകള്‍ വന്നിട്ടുണ്ടോ എന്നുമാത്രമേ അറിയാനുള്ളൂ.
അതിനും വഴിയുണ്ട്. ബഹു സെക്രട്ടറി ഹരിദാസന്‍ തിരുമേനിയോടോ ബഹു മെമ്പര്‍
സോമസുന്ദരനോടോ വിളിച്ചു ചോദിച്ചാല്‍ മതി.

ആത്യന്തികമായി അതൊരു ശങ്കയാണല്ലോ. അതായത് സംഭവം വന്നിട്ടുണ്ടോ ഇല്ല്യോ എന്നത്.
ശങ്ക തീര്‍ക്കാന്‍ ഏറ്റവും നല്ലത് ഏതെങ്കിലും നമ്പൂരിയോട് ചോദിക്കയാണല്ലോ. അങ്ങനെയാണ് ഹരിദാസന്‍ തിരുമേനിയോട് തന്നെ ചോദിച്ചുകളയാം എന്ന് ബിആര്‍ തീരുമാനിച്ചത്.

പിന്നെ ഒട്ടും താമസിച്ചില്ല. മൊബൈലെടുത്ത് ബിആര്‍ വിളിച്ചു:
-ഹലോ, ഹരിദാസല്ലേ
-അതേ, ആരാണ്?
-ബിആറാണ്
-ങ: എന്തേ?
-അതേയ്, സ്റ്റോറില് വട്ടന്‍ ഉണ്ടോ?
-ഇല്ല്യാ, സോമന്‍ ഇപ്പൊത്തന്നെ സെക് ഷനീപ്പോയി !!!

Sunday, August 17, 2014

വൈദ്യഭൂഷണം തൃപ്രയാര്‍ ശ്രീകുമാരവര്‍മ്മ

കണ്ണന്റെ കൈത്തരിപ്പിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളിലെ അന്നത്തെ ചര്‍ച്ച.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി കണ്ണന് കൈത്തരിപ്പു തുടങ്ങിയിട്ട്. വലതുകൈയും
ഷോള്‍ഡറും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലാണ്  കംപ്ലെയ്ന്റ്.
ഒരു പരിധിവരെ മാത്രമേ കൈ ഉയര്‍ത്താന്‍ പറ്റുന്നുള്ളു. അവിടന്നങ്ങോട്ട് ഉയര്‍ത്തിയാല്‍ കൈ തരിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ കുറേക്കാലമായി കണ്ണന്‍ വലതുകൈ ഉയര്‍ത്താറുമില്ല.
ഒരുമാതിരിപ്പെട്ട അലോപ്പതിഡോക്ടര്‍മാരെയൊക്കെ ഇതിനകം കണ്ടുകഴിഞ്ഞെന്ന് കണ്ണന്‍
പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി കുറച്ചുനാള്‍ ആയുര്‍വേദപ്പൊതി നോക്കിക്കൂടേ എന്ന്
ലോകകപ്പ് ഫെയിം ആനന്ദന്‍.
തേക്കിന്‍പൂക്കുലാദി ലേഹ്യം കഴിച്ചാല്‍ സംഗതി പെട്ടെന്ന് മാറുമെന്ന് തേക്കില്‍ കേറിയ
കൃഷ്‌ണേട്ടന്‍.
മര്‍മ്മം നോക്കി ആണിയടിക്കുന്ന മര്‍മ്മാണിവിദ്യ ഒന്നു പരീക്ഷിച്ചുനോക്കാന്‍ സിപ്രന്‍.
ഉപദേശങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല.
എല്ലാവരുടേയും ഉപദേശങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുവരെ ഒന്നും മിണ്ടാതിരുന്ന ശ്രീകുമാര്‍
പറഞ്ഞു:
കണ്ണന്‍ നാളെ രാവിലെ ഒമ്പതേമുക്കാലിന് എന്റെ കൂടെ വരൂ. ഇരുപത്തിനാല് മണിക്കൂറിനകം അസുഖം ഞാന്‍ ഭേദപ്പെടുത്തിത്തരാം. ഇല്ലെങ്കില്‍ കണ്ണന്റെ പേര്  എന്റെ പട്ടിക്കിട്ടോ.
സഖാവ് എന്നാണ് വൈദ്യം പയറ്റാന്‍ തുടങ്ങിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടുനില്‍ക്കേ
പുള്ളിക്കാരന്‍ പറഞ്ഞ കണ്ടീഷന്‍ തരക്കേടില്ലെന്നു തോന്നിയിട്ടോ എന്തോ കണ്ണന്‍ അതങ്ങ്
സമ്മതിച്ചു.
പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തുതന്നെ കണ്ണന്‍ ഹാജരായി. ഉടന്‍ തന്നെ രണ്ടുപേരും കൂടിപുറത്തേക്ക് പോവുകയും ചെയ്തു.
പിന്നെ രണ്ടുദിവസത്തേക്ക് കണ്ണന്റെ യാതൊരു അഡ്രസ്സുമില്ല.
മൂന്നാം ദിവസവും കക്ഷിയെ കാണാതായപ്പോള്‍ ബിആര്‍ എസ് എം എസ് അയച്ചു:
വാട്ട് ഹാപ്പെന്‍ഡ്?
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മറുപടി വന്നു: ചെക്ക് യുവര്‍ മെയില്‍.
ഇന്‍ബോക്‌സ് തുറന്ന് ബിആര്‍ കണ്ണന്റെ ഈമെയില്‍ വായിച്ചു:
പ്രിയപ്പെട്ട ബിആര്‍,
അന്ന് സഖാവ് എന്നെ നേരെ കൊണ്ടുപോയത് തെക്കേ ഗോപുരനടയില്‍ കോണ്‍ഫെഡറേഷന്റെ രാപ്പകല്‍ ധര്‍ണ്ണ നടക്കുന്നിടത്തേക്കാണ്. കൃത്യം 10 മണിക്ക് ധര്‍ണ്ണ തുടങ്ങി. 24 മണിക്കൂര്‍ കഴിഞ്ഞ്  പിറ്റേന്ന് രാവിലെ 10 മണിക്ക് അവസാനിക്കുകയും ചെയ്തു. ശെരിക്കും ഒരു എക്‌സെര്‍സൈസ് തന്നെയായിരുന്നു അത്. 24 മണിക്കൂര്‍ അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കൈയിന്റെ തരിപ്പെല്ലാം മാറി. ഇപ്പോള്‍ വലതുകൈ ശെരിക്കും ഉയര്‍ത്താനും താഴ്ത്താനും പറ്റുന്നുണ്ട്.
പക്ഷേ ആഹ്ലാദിക്കാന്‍ വകയില്ലാതായിപ്പോയി ബിആര്‍.
കാരണം മന്ത് മറ്റേ കാലിലേക്ക് മാറി.
ച്ചാല്‍, എന്റെ സൗണ്ട്‌ബോക്‌സ് പോയി !!!


Friday, August 8, 2014

പ്രചോദനം

പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുമെന്ന് പുരസ്‌കാരജേതാക്കള്‍
സാധാരണ പറയാറുണ്ടല്ലൊ.
അത് വെറും ഭംഗിവാക്ക് പറച്ചിലാണെന്നാണ് ബിആര്‍ കരുതിയിരുന്നത്.
പക്ഷേ അങ്ങനെയല്ല.
റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ ലോകകപ്പ് പ്രവചനമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ
ആനന്ദന്‍ ഇപ്പോള്‍ കൃത്യമായി കേരള ലോട്ടറിയെടുക്കുന്നുണ്ട്.....

Monday, June 23, 2014

നാമംഗലത്തെ കോളിഫ്‌ളവറുകള്‍

മാര്‍ച്ച് മാസം ആദ്യവാരമാണ് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ കോളിഫ്‌ളവര്‍ കൃഷീടെ
വിളവെടുപ്പു നടന്നത്.
പിറ്റേന്ന് രണ്ട് ചാക്ക് നിറയെ കോളിപ്പൂക്കളുമായിട്ടാണ് എന്‍ബി
ആപ്പീസില്‍ വന്നത്.

വിള വാങ്ങാന്‍ സഖാക്കളുടെ നീണ്ട നിരയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
ഹരിദാസസൂമാരാദി തിരുമേനിമാര്‍, അസ്സന്‍ മജീദാദി മാപ്പിളമാര്‍, ശ്രീകുമാര്‍, ഹരി, സിആര്‍ബി, കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍ മുതലായ നേതാക്കന്മാര്‍, ബാലു, വത്സന്‍, നന്ദന്‍, ഏപ്പി, വേണു, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, ആന്റോ, സിപ്രന്‍, കണ്ണന്‍, ബിആര്‍,
പി എല്‍ ജോയ്, സദാന്ദന്‍, സാദാ ആനന്ദന്‍ മുതലായ അണികള്‍- എല്ലാവരുമുണ്ടായിരുന്നു ക്യൂവില്‍.
പണ്ടെങ്ങാണ്ട് ചൂടപ്പം വിറ്റുപോയതുപോലെയാണ് എന്‍ബീടെ ചാക്ക് രണ്ടും കാലിയായത്.
ദൗര്‍ഭാഗ്യവശാല്‍ വരാന്‍ താമസിച്ചുപോയതുകൊണ്ട് ഐന്തോള്‍ രാശനുമാത്രം എന്‍ബീടെ
ഫ്‌ളവറ് കിട്ടിയില്ല.

പിറ്റേന്ന് സ്വാഭാവികമായും നാമംഗലത്തെ കോളിഫ്‌ളവറിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളില്‍ ചര്‍ച്ച.
എന്‍ബിയെ അഭിനന്ദിക്കാനും കൈ പിടിച്ചുകുലുക്കാനും സഖാക്കള്‍ പരസ്പരം
മത്സരിക്കയായിരുന്നു.
അസാദ്ധ്യ ടേയ്സ്റ്റ്- അതല്ലാതെ എന്‍ബീടെ ഫ്‌ളവറിനെപ്പറ്റി ആര്‍ക്കും ഒന്നും
പറയാനുണ്ടായിരുന്നില്ല.
തലേന്ന് വൈകീട്ട് ഉപ്പേരിവെച്ചുകഴിച്ച കോളിഫ്‌ളവറിന്റെ രുചി പിറ്റേന്ന് ഉച്ചയായിട്ടും
പലരുടേയും നാവില്‍നിന്ന് വിട്ടുപോയിട്ടില്ലത്രേ!
അതിനെ വെറും രുചി എന്നല്ല, വരരുചി എന്നുതന്നെ പറയണമെന്നാണ് സിപ്രന്‍
അഭിപ്രായപ്പെട്ടത്.
സഖാക്കളുടെ ഈദൃശ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ ഐന്തോള്‍ രാശന് ഒരു
സംശയം: ഇവരീപ്പറയുന്നതൊക്കെ നേരാണോ? കോളിഫ്‌ളവറ് താന്‍ കാണാത്തതല്ലല്ലൊ.
ഒരുതരം ചക്കച്ചവുണീടെ രുചിയല്ലേ അതിന്?
പക്ഷേ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ആരാനും പറഞ്ഞാലോന്ന് വിചാരിച്ച് രാശന്‍ ഒന്നും പറഞ്ഞില്ല.
വീട്ടില്‍ ചെന്നിട്ടും നേരമിരുട്ടിയിട്ടും രാശന് അതുതന്നെയായിരുന്നു ചിന്ത.
എന്തായിരിക്കും എന്‍ബീടെ കോളിഫ്‌ളവറിനുമാത്രം ഇത്രക്ക് രുചി വരാന്‍ കാരണം?
ഊണിലും ഉറക്കത്തിലും രാശന്‍ മറ്റൊന്നും ചിന്തിച്ചില്ല.
ഇരിക്കപ്പൊറുതീന്ന് പറയണ സാധനം ഇല്ല്യാണ്ടായീന്ന് ചുരുക്കം.

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു.
സമയം കൃത്യം എട്ടെട്ടര ഒമ്പതായിക്കാണും.
രാശന്‍ ഫൗണ്ട് ഹിംസെല്‍ഫ് അറ്റ് ദ ഗെയ്റ്റ് ഓഫ് നാമംഗലം മന !
പടിയും പടിപ്പുരയും കടന്ന് രാശന്‍ ചെല്ലുമ്പോള്‍ ഉമ്മറക്കോലായയില്‍ ഒരു
ചാരുശീലക്കസേരയില്‍ കുന്തിച്ചിരുന്ന് നാലും കൂട്ടി മുറുക്കുകയായിരുന്നു എന്‍ബി.
തിരുവാ നിറച്ചും താംബൂലമിശ്രിതമുണ്ട്.
തെല്ലൊരകലമിട്ടുനിന്ന് രാശന്‍ മുരടനക്കി. എന്‍ബി തിരിഞ്ഞുനോക്കി.
-ങ! രാശനോ?
-റാന്‍
-എന്താ വന്നത്? ഇരിക്ക.
രാശന്‍ എന്‍ബീടെ മൗത്തിലേക്ക് ആംഗ്യം കാണിച്ചു. കാര്യം മനസ്സിലാക്കിയ എന്‍ബി
ചാരുശീലക്കസേരയുടെ ചോട്ടില്‍ വെച്ചിരുന്ന തുപ്പല്‍ക്കോളാമ്പിയെടുത്ത് അതിലേക്ക്
തിരുവായൊഴിഞ്ഞു. പിന്നെ മൊഴിഞ്ഞു:
-ഇനി ഇരിക്ക
-ഇരിക്കണംന്ന്ല്ല്യ. ഞാന്‍ ഒരു കാര്യമറിയാന്‍ വന്നതാണ്. അതറിഞ്ഞാലുടന്‍ സ്ഥലം വിട്ടോളാം.
-എന്താ കാര്യം?
-സാധാരണ കോളിഫ്‌ളവറിന് ഒരു തരം വൃത്തികെട്ട ചുവയാണല്ലൊ. പക്ഷേ എന്‍ബീടെ
ഫ്‌ളവറിന് അസാദ്ധ്യ രുചിയാണെന്ന് എല്ലാവരും പറയുന്നു. എനിക്കാണെങ്കില്‍ അതൊന്നു
രുചിച്ചുനോക്കാനും പറ്റീല്ല്യ.
-അയ്യോ രാശാ, ഇവ്‌ടെ ഒന്നും ബാക്കീല്ല്യാലൊ.
-ഇല്ല്യാ, വേണംന്ന്ല്ല്യാ. എനിക്ക് ആ രുചീടെ ഗുട്ടന്‍സ് ഒന്ന് അറിഞ്ഞാ മതി. ആ രുചി കിട്ടാന്‍      വേണ്ടി തിരുമേനി പ്രത്യേകിച്ച് എന്താണ് ചെയ്യാറുള്ളത്?
    ഇത്രയും സംഭാഷണം കഴിഞ്ഞപ്പോഴേക്കും തിരുമേനീടെ വായില്‍ താംബൂലമിശ്രിതം
വീണ്ടും ഫുള്‍ടാങ്കായി. ഓവര്‍ഫ്‌ളോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് ഇടതുകൈകൊണ്ട്
ചാരുശീലക്കസേരക്കടിയിലെ തുപ്പല്‍ക്കോളാമ്പി തപ്പിയെടുത്ത് അതിലേക്ക് ഒരിക്കല്‍ കൂടി
തിരുവായൊഴിഞ്ഞ് തിരുമേനി പറഞ്ഞു:
അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. ഫ്‌ളവറ് ഒരുവിധം മൂപ്പാവുമ്പൊ ഈ കോളാമ്പീല്
ഒരു ബ്രഷ് മുക്കി ഇത്തിരീശ്ശെ അങ്ങട്് തെളിച്ചുകൊടുക്കും !!!

Tuesday, May 13, 2014

വ്യത്യസ്തന്‍

സിനിമാപാട്ടില്‍ പറഞ്ഞതുപോലെയാണ് എന്‍ബീടെ കാര്യം.
വ്യത്യസ്തനാമൊരു തിരുമേനിയെന്‍ബിയേ....
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ.....
    എങ്ങനെ തിരിച്ചറിയാനാണ്? അതുപോലല്ലേ പുള്ളിക്കാരന്റെ ഓരോരോ കാട്ടായങ്ങളും
വര്‍ത്താനങ്ങളും.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:
പ്ലസ് ടു പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ എന്‍ബീപുത്രി ഹരിപ്രിയക്ക് എല്ലാ വിഷയത്തിലും നൂറില്‍ നൂറ്് മാര്‍ക്ക്!
അത്യന്തം അത്ഭുതകരവും ആഹ്ലാദകരവുമായ ഈ വാര്‍ത്ത കേട്ടതും എന്‍ബിയെ
അഭിനന്ദിക്കാന്‍ വേണ്ടി സഖാക്കളായ സഖാക്കളെല്ലാം തിക്കിത്തിരക്കിയെത്തി.
പക്ഷേ അച്ഛന്‍ തിരുമേനിക്കുണ്ടോ അങ്ങനെ വല്ല വികാരവും!
തനി ഒരു വികാരിയച്ചന്‍ !
തികച്ചും നിര്‍മ്മമനായി ഇഹലോകവുമായി ഒരു വഹ ബന്ധവുമില്ലെന്ന മട്ടില്‍
കുന്തിച്ചിരിപ്പാണ് എന്‍ബി.
ഒടുവില്‍ സഹി കെട്ടപ്പോള്‍ ക്ഷിപ്രകോപിയായ സിപ്രന്‍ ചോദിച്ചു;
അല്ലാ, ഞാന്‍ അറിയാന്‍ പാട്ല്ല്യാണ്ട് ചോദിക്ക്യാ, മോള്‍ടെ ഈ ഉന്നത വിജയത്തെപ്പറ്റി തിരുമേനിക്ക് ഒന്നും പറയാനില്ലേ?
അന്നേരം വായിലെ താമ്പൂലമിശ്രിതം കൈവിരലുകള്‍ക്കിടയിലൂടെ ദൂരേക്ക് ചീറ്റിച്ചുവിട്ട് എന്‍ബി
പറയുകയാണ്:
എന്ത് പറയാന്‍? അതൊന്നും അത്ര വെല്ല്യ കാര്യല്ലെടോ.... ന്നാലും ഒരു ചെറിയ
അഭിപ്രായം ഇല്ലാതില്ല.
-ചെറുതെങ്കില്‍ ചെറുത്. അതെന്താണെന്ന് പറയ്
-ച്ചാല്‍ അവള് ഒന്നൂടെ ശ്രമിച്ചിരുന്നെങ്കില്....

Friday, April 25, 2014

'S'കത്തി

കല്ലൂരിവാസലിലേ, ച്ചാല്‍, കോളേജില്‍ പഠിക്കുമ്പോഴേ ഒരു മിണ്ടാപ്രാണിയായിരുന്നു
ശ്രീബാല.എം.നായര്‍.
സ്വയം ഇനീഷ്യേറ്റീവെടുത്ത് പുള്ളിക്കാരി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ച
ചരിത്രമില്ല.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്ന് ഒന്നര എറിയാല്‍ രണ്ട് വാക്കില്‍ ഉത്തരം പറയും. അത്രമാത്രം.
പിന്നീട് പ്രശസ്തമായ സര്‍ക്കാരാപ്പീസില്‍ ജോലി കിട്ടി വര്‍ഷങ്ങള്‍ കടന്നുപോയിട്ടും
തല്‍സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ശ്രീബാലയൊന്നു മിണ്ടിക്കിട്ടാന്‍ വേണ്ടി വീട്ടുകാര്‍ നേരാത്ത നേര്‍ച്ചകളില്ല. പോകാത്ത
ക്ഷേത്രങ്ങളില്ല,
ചോറ്റാനിക്കരയില്‍ കുങ്കുമഗുരുതി, കാടാമ്പുഴയില്‍ മുട്ടറുക്കല്‍, വടക്കുന്നാഥനില്‍
എണ്ണയാട്ടം, ആറാട്ടുപുഴയില്‍ അടക്കൂട്ട്, തിരുവഞ്ചിക്കുളത്ത് ക്ഷീരധാര,
തിരുവില്വാമലയില്‍ വടമാല, കടവല്ലൂരില്‍ കളഭച്ചാര്‍ത്ത്, കൊടുങ്ങല്ലൂരില്‍ കോഴിവെട്ട്,
ഇരിങ്ങാലക്കുടയില്‍ ഇട്‌ളിവട, നെല്ലുവായില്‍ പാല്‍പായസം, ആനവായില്‍ അമ്പഴങ്ങ-
ഇവയൊക്കെ ആ നേര്‍ച്ചകളില്‍ ചിലതുമാത്രം.
പക്ഷേ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു....

അങ്ങനെയിരിക്കെയാണ് ഒരു പാറമേക്കാവ് സുപ്രഭാതത്തില്‍ ശ്രീബാലയുടെ
സെക് ഷനില്‍ മിനിയെ പോസ്റ്റ് ചെയ്യുന്നത്.

കേവലം ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ശ്രീബാല ചറപറാന്ന് വര്‍ത്തമാനം പറയാനും
കണ്ണില്‍ കാണുന്നവരെയൊക്കെ കത്തിവെക്കാനും തുടങ്ങി !!!