rajasooyam

Saturday, October 19, 2013

അഭിജ്ഞാനപാരമേശ്വരം

ഉച്ചയൂണിനുശേഷം എന്തുചെയ്യണം എന്ന പുസ്തകം വായിച്ചോണ്ടിരിക്കയിരുന്നു
ആര്‍കണ്ണന്‍ അസോസിയേഷന്‍ ഹാളില്‍.
(തെറ്റിദ്ധരിക്കരുത്. ഉച്ചയൂണിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഇതുവരെ കണ്ണന്അറിയത്തില്ലേ എന്നു ചോദിക്കരുത്. വ്യാകരണത്തില്‍ ബിആര്‍ ഒരു പിന്നാക്കസമുദായക്കാരനാണ്. എന്തു ചെയ്യണം എന്നത് ലെനിന്‍ എഴുതിയ പുസ്തകമത്രേ. അതു തീര്‍ത്തിട്ടുവേണമായിരുന്നു കണ്ണന് കിഴക്കിന്റെപുത്രിയും
പോരാട്ടത്തിന്റെ പെണ്‍വഴികളും വായിക്കാന്‍).

അന്നേരമാണ് സൂമാരന്‍ തിരുമേനി വന്ന് കണ്ണനോട് ഇങ്ങനെ ചോദിക്കുന്നത്:
ഇന്ന് എന്‍ബി വന്നിട്ടില്ലേ?

കണ്ണന്‍ പുസ്തകത്തില്‍നിന്ന് കണ്ണെടുത്ത് റൂമിലെ മേശപ്പുറം മുഴുവന്‍
അരിച്ചുപെറുക്കി പരിശോധിച്ചു.
പിന്നെ പറഞ്ഞു; ഇല്ല ഇന്ന് വന്നിട്ടുണ്ടാവില്ല.

രംഗം കണ്ടോണ്ടിരുന്ന ബിആറിന് ഒന്നും മനസ്സിലായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലൊ.
ആലോചിച്ചിട്ട് ഒരു തുമ്പും വാലും കിട്ടാണ്ടായപ്പോള്‍ ബിആര്‍ കണ്ണനെത്തന്നെ
ശരണം പ്രാപിച്ചു:
-അതേയ്  ഇപ്പൊ സൂമാരന്‍ തിരുമേനി വന്ന് സഖാവിനോട് എന്‍ബി വന്നിട്ടുണ്ടോന്ന്
 ചോദിച്ചില്ലേ?
-ഉവ്വ
-അന്നേരം സഖാവ് മേശപ്പുറത്ത് പരതിനോക്കിയശേഷം എന്‍ബി വന്ന്ട്ട് ണ്ടാവ് ല്ല്യാന്ന്
 പറഞ്ഞില്ലേ?
-ഉവ്വ
-അതെന്താ എന്‍ബി മേശപ്പുറത്താണോ ഇരിക്കാറ്?
-ശ്ശെ. അതല്ല. മേശപ്പൊറത്ത് മൊബൈല്  വെച്ചിട്ടുണ്ടോന്ന്  നോക്കിയതാണ്.
-മനസ്സിലായില്ല
-ഈ ബിആറൊരു മണ്ടന്‍ തന്നെ. എന്‍ബി ഒരു ചെയിന്‍ മുറുക്കര്‍ ആണെന്ന കാര്യം   അറിയാമോ?
-അതറിയാം
-ഓരോ തവണ താമ്പൂലമിശ്രിതം തുപ്പിക്കളയാന്‍ ടോയ്‌ലെറ്റില്‍ പോകുമ്പോഴും
 പുള്ളിക്കാരന്റെ പോക്കറ്റീന്ന് മൊബൈല്‍ ഫോണ്‍ ഒന്നുകില്‍ വാഷ് ബേസിനില്‍
 അല്ലെങ്കില്‍ ക്ലോസെറ്റില്‍ വീഴും....
-അയ്യ്യേയ്
-അപ്പോഴെല്ലാം തിരുമേനി അതെടുത്ത് കഴുകി വൃത്തിയാക്കി പപ്പും തോലും പറിച്ച്
 സിം കാര്‍ഡും മെമ്മറി കാര്‍ഡും വീഡിയോ ക്ലിപ്‌സും മറ്റും വെവ്വേറെയാക്കി ഈ
 മേശപ്പൊറത്ത് നെരത്തി ഒണക്കാന്‍ വെക്കും.
-അതായത് സഖാവ് പറഞ്ഞുവരുന്നത്...
-അത് തന്നെ. അസോസിയേഷന്‍ റൂമിലെ മേശപ്പൊറത്ത് മൊബൈല് ഒണക്കാന്‍
 വെച്ചിട്ടുണ്ടോ, എന്‍ബി വന്നിട്ടുണ്ട്. അല്ലെങ്കിലില്ല !!!

Saturday, October 5, 2013

മറക്കില്ല നാം
( ശ്രീ കെ.ബി.വേണുഗോപാലന്റെ യാത്രയയപ്പിനോടനുബന്ധിച്ച് സമര്‍പ്പിച്ച മംഗളപത്രം)

വര്‍ഷങ്ങള്‍ക്കുശേഷം ആപ്പീസില്‍ വന്ന വാസ്വണ്ണന്‍ സ്റ്റോറില്‍ കാശുവാങ്ങാനിരിക്കുന്ന
വേണൂനെക്കണ്ട് തെറ്റിദ്ധരിച്ച് '' അ;അ;ആ.... നമ്മടെ വേണൂന്റെ മോന് ഇവിടെ
ജോലികിട്ടിയല്ലേ, ഞാന്‍ അറിഞ്ഞില്ല്യാട്ടോ, വേണൂന്റെ  ട്രൂ കോപ്പി  തന്ന്യാട്ടോ മോനും. അതേ രൂപം. അതേ ഭാവാഭിനയം. അതേ  ഡയലോഗടി. അതേ കറുകറുപ്പന്‍  മുടി,
അതേ ചിരി, അതേ  സൗന്ദര്യപൂരം, എന്നൊക്കെപ്പറഞ്ഞ് സന്തോഷിച്ചതും

വേണുവിന്റെ മകളെ പെണ്ണുകാണാന്‍ വന്ന സംഘത്തിലെ ഒരു കാരണവര്‍ ചെറുക്കന്റെ അമ്മയുടെ അമ്മാവനാണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് വേണുവിന്റെ കൈ
പിടിച്ച് പുറത്തേക്ക് കൊണ്ടുപോയതും പിന്നെ വേണുവിന്റെ തോളില്‍ വാത്സല്യപൂര്‍വം തട്ടിക്കൊണ്ട്
'' അപ്പൊ കുട്ട്യേ, പെങ്ങളെ ഞങ്ങള്‍ക്കിഷ്ടായി, ഇനി ഞങ്ങള് കാര്‍ന്നോമ്മാര് തമ്മില് സൊകാര്യായിട്ട് ചെല കാര്യങ്ങള് സംസാരിക്കാന്ണ്ട്, മോന്‍ അകത്തുചെന്ന്
അച്ഛനോട് ഒന്നിങ്ങോട്ട് വരാന്‍പറ'' എന്നു പറഞ്ഞതും
   

ഒരു ശനിയാഴ്ച ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നു മയങ്ങാന്‍ കിടന്ന വേണുവിന് അന്ന് കുക്കിങ്ങ് ഗ്യാസ് കൊണ്ടുവരുമെന്ന കാര്യം ഓര്‍മ്മ വന്നതും അന്നേരം
കിടന്നേടത്തുകിടന്നുകൊണ്ടുതന്നെ ഭാര്യയോട് ''വനജേ, ആ ഗ്യാസ്‌കുറ്റിയെടുത്ത് ഒന്നു പൊറത്തുവച്ചേക്കണം'' എന്നു പറഞ്ഞതും ഉറക്കത്തിനിടയില്‍ പുള്ളിക്കാരന്‍ ഒന്നു
കമിഴ്ന്നുപോയതും അന്നേരം വനജാക്ഷിയമ്മ സകല കളരിപരമ്പര ദൈവങ്ങളെയും
മനസ്സില്‍ ധ്യാനിച്ച്  ഉപ്പുഞ്ചാക്ക് പോലത്തെ ഗ്യാസുങ്കുറ്റിയെടുത്ത് വേണുവിന്റെ
പുറത്തുവെച്ചതും
അങ്ങനെ വേണുവിന് 2 ദിവസത്തോളം മേലനക്കാന്‍ മേലാതായതും

ഒരിക്കല്‍ വേണു ലിഫ്റ്റ് കാത്തുനില്‍ക്കുമ്പോള്‍ ചുറ്റുമുണ്ടായിരുന്ന ലേഡീസ് കേള്‍ക്കെ ആന്റണ്‍ വില്‍ഫ്രഡ് ''വേണൂനെപ്പോലെയുള്ള കൊച്ചുപയ്യന്മാര്‍ ഇങ്ങനെ ലിഫ്റ്റും
കാത്ത് നില്‍ക്കുന്നത് മോശമാണ് ''എന്നു തോട്ടിയിട്ടതും അതു  കേട്ട വേണു നാലാം
നിലവരെയുള്ള സ്റ്റെപ്പുകളത്രയും ചാടിക്കേറിയതും പിന്നെ ശ്വാസം കിട്ടാതെ സീറ്റില്‍
ചെന്ന് കുഴഞ്ഞുവീണതും

ഏതോ അകന്ന ബന്ധു മരിച്ചതിനോടനുബന്ധിച്ച് എടുത്ത ലീവ് കഴിഞ്ഞ് പ്രദീപ്
തിരിച്ചെത്തിയപ്പോള്‍ അനുശോചനമറിയിക്കാനായി വേണു മെല്ലെ അടുത്തുചെന്നതും
ഒരുമിനിറ്റ് അതീവ ദു:ഖ ഭാവത്തോടെ പ്രദീപിന്റെ മുഖത്തേക്ക് നിര്‍ന്നിമേഷനായി
നോക്കിനിന്നതും തൊണ്ടയില്‍ ഗദ്ഗദം വരാനായി കാത്തുനിന്നതും വേണൂന്റെ ഈ
സ്റ്റാര്‍ട്ട് ക്യാമറ ആക് ഷന്‍  കണ്ടപ്പോള്‍ ദേഷ്യം വന്ന പ്രദീപ് എന്തെടാ എന്നും ചോദിച്ച്‌ ചെന്തമിഴിലുള്ള ഒരു പദം പ്രയോഗിച്ചതും അതുകേട്ട വേണു ചെവിയും
പൊത്തി ജീവനും കൊണ്ട് പാഞ്ഞതും......   
   
ഉത്തരേന്ത്യയില്‍നിന്നും ലീവിനുവന്ന അനിയന്റെ കൈയിലുണ്ടായിരുന്ന കൂളിങ് ഗ്ലാസും റാഡോ വാച്ചും പാര്‍ക്കര്‍ പെന്നും ഫോറിന്‍ ഷൂസും ഫോറിന്‍ ക്യാമറയും ഫോറിന്‍
പെര്‍ഫ്യൂമും ടീഷര്‍ട്ടും ജീന്‍സും ബനിയനും  ബെര്‍മൂഡകളുമെല്ലാം
രായ്ക്കുരാമാനം വേണു അടിച്ചുമാറ്റിയതും 
പിന്നെ അതെല്ലാമിട്ടോണ്ട് ആപ്പീസില്‍ ചെത്തിനടന്നതും
നമ്മള്‍ എങ്ങനെ മറക്കാനാണ്?


ഇല്ല, സ്തുത്യര്‍ഹ സേവനത്തിന്   കാഷവാര്‍ഡ് കിട്ടി എന്ന വാര്‍ത്ത കേട്ടപാടെ
ബോധംകെട്ട് വീണ ഈ തരളഹൃദയനെ,
സൗന്ദര്യം ഒരു ശാപമായിത്തീര്‍ന്ന ഈ പുരുഷനെ
പാവങ്ങളുടെ ഈ മമ്മൂട്ടിയെ
നമ്മുടെ ഈ ഇഷ്ടതോഴനെ
നമ്മള്‍ ഒരിക്കലും മറക്കില്ല.......

Friday, September 13, 2013

ഹാപ്പി ബെര്‍ത്ത്‌ഡേ

-ഹലോ, അപ്പ്വല്ലേ?
-ങ; ചെലര് അങ്ങനേം വിളിക്കാറ്ണ്ട്. എന്‍ബീന്ന് വിളിക്കണതാണ് നിക്കിഷ്ടം. അല്ലാ,
 ആരാണാവോ?
-ഡെല്‍ഹീന്ന്  നെന്റെ ഓപ്പോളാടാ കോന്താ
-ങ: എന്താ വിശേഷിച്ച്?
-ഇന്ന്   ന്റെ കുട്ടീടെ പെറന്നാളാട്ട്വോ
-ഉവ്വ്വോ? ഞാന്‍ അത്  ഓര്‍ത്ത് ല്ല്യാട്ട്വോ. എനിവേ കണ്‍വേ മൈ ഗ്രീറ്റിങ്‌സ്  റ്റു ഹിം
-ടാ പൊട്ടാ, നെന്റെ പെറന്നാളാന്നാ ഞാന്‍ പറഞ്ഞേ
-ഉവ്വ്വോ? ഞാന്‍ അതും  ഓര്‍ത്ത് ല്ല്യാട്ട്വോ. ഓര്‍മ്മിപ്പിച്ചതിന് ഇത്രളവേ നന്ദിയുള്ളൂന്ന് ല്ല്യ
-എന്നാപ്പിന്നെ ഞാന്‍ വേറൊന്നുകൂടി ഓര്‍മ്മിപ്പിച്ചേക്കട്ടെ.
-എന്താണാവോ
-പെറന്നാള്‍ ദിവസം തലേല്  എണ്ണ തേക്കാന്‍ പാട് ല്ല്യ. അത് മറക്കണ്ട.
-അക്കാര്യം ഓപ്പ്‌ള് പേടിക്കണ്ട. അങ്ങന്യൊരു സംഭവണ്ടാവ് ല്ല്യ.
-അതെങ്ങനെ ഒറപ്പിക്കാന്‍ പറ്റുംന്നേയ്
-ന്റെ പൊന്നോപ്പ്‌ളേ.  എണ്ണ തേച്ചാപ്പിന്നെ കുളിക്കണ്ടേ? ആരേക്കൊണ്ടാവും.....!!!

Saturday, August 10, 2013

വരുമോരോ ദശ......

-ഹലോ, വനജാക്ഷിയമ്മയല്ലേ?
-അതേ
-ഞാന്‍ ശ്രീകുമാറാണ്. വേണുപ്പണിക്കരെന്താണ് ഫോണെടുക്കാത്തത്?
 ഞാന്‍ കൊറേ നേരായല്ലോ വിളിക്കണ്.
-സഖാവിപ്പോള്‍ എവിടെയാണ്?
-ഡെല്‍ഹിയിലാണ്
-അപ്പൊ ഒന്നും അറിഞ്ഞില്ലല്ലേ...
-എന്തേ?
-കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മുതല്‍ വേണ്വേട്ടന്‍ ബോധം പോയി കെടപ്പാണ്.
-ഏയ്, അങ്ങനെ വരാന്‍ വഴിയില്ല്യ. ഇല്ലാത്ത സാധനം എങ്ങനെയാണ് പോണത്?
-സഖാവേ, തമാശ പറയാനുള്ള സമയമല്ലിത്. ഞാന്‍ ആകെ ടെന്‍ഷനിലാണ്.
-ആട്ടെ. എപ്പോഴാണ് ബോധം പോയത്?
-വ്യാഴാഴ്ച പുള്ളിക്കാരന്‍ അല്പം നേരത്തെ വീട്ടില്‍ വന്നു. ഒരു നാലേമുക്കാലിന്.
 കുറച്ചുകഴിഞ്ഞപ്പൊ കണ്ണന്റെ ഫോണ്‍ വന്നു. ഞാനാണ് ഫോണെടുത്ത് ഏട്ടന്റെ
 കൈയില്‍ കൊടുത്തത്. ആ കോള്‍ അറ്റന്‍ഡ് ചെയ്തതും ഏട്ടന്‍ ബോധം കെട്ട്
 വീഴുകയായിരുന്നു. ഇന്നീ നേരം വരെ അത് തിരിച്ചുവന്നിട്ടില്ല. വടിപോലെ ഒരേ
 കെടപ്പാണ് ഏട്ടന്‍...
-മുഖത്ത് തണുത്തവെള്ളം തെളിച്ചുനോക്ക്യോ?
-പലവട്ടം. ഒടുവില്‍ തെളച്ച വെള്ളോം തെളിച്ചുനോക്കി. ഒരു കാര്യോല്ല്യ.
-ശെരി ശെരി. ഞാന്‍ പിന്നെ വിളിക്കാം....

                                               *************

-ഹലോ, കണ്ണനല്ലേ?
-അതേ
-ശ്രീകുമാറാണ്. കണ്ണന്‍ വ്യാഴാഴ്ച വൈകീട്ട് പണിക്കരെ വിളിച്ചിരുന്നോ?
-ഉവ്വ്. പുള്ളിക്കാരന്‍ അന്ന് അല്പം നേരത്തെ പോയി. അതുകൊണ്ട് വിളിച്ചതാണ്.
-കണ്ണന്റെ ഫോണ്‍ അറ്റന്‍ഡ് ചെയ്തതും പുള്ളിക്കാരന്റെ ബോധം പോയെന്നാണ്
 വനജാക്ഷിയമ്മ പറയണത്! ഇതുവരെ അത് തിരിച്ചുകിട്ടിയിട്ടില്ലെന്നും പറയുന്നു.
 എന്തു പറയാനാണ് കണ്ണന്‍ വിളിച്ചത്?
-വേണ്വേട്ടന് കാഷവാര്‍ഡ് കിട്ടിയ കാര്യം പറയാന്‍.....!!!



 (പണിക്കരുടെ വിവരമറിയാന്‍ വിളിക്കേണ്ട നമ്പര്‍ : 9446097544 )



Saturday, July 6, 2013

വീണ്ടും പത്രോസ്


കോളിങ്ങ്‌ബെല്ലടിച്ച് പത്രാസ് കാണിക്കാന്‍ പോയ ബിആര്‍ തലേംകുത്തി താഴെ വീണ
കാര്യം ഏവര്‍ക്കുമറിയാമല്ലൊ.
അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാണ് അടുത്ത ശ്രമം ടെലിഫോണിലായിക്കളയാം
എന്ന് പുള്ളിക്കാരന്‍ തീരുമാനിച്ചത്.
വലിയ വലിയ ആളുകളെ ഫോണില്‍ വിളിച്ച് നാലാള് കേള്‍ക്കെ സംസാരിക്കുക. അങ്ങനെപത്രാസ് കാണിക്കുക: അതായിരുന്നു ലക്ഷ്യം.
ഈ ലക്ഷ്യപ്രാപ്തിക്കായി സൈഡ് റാക്കില്‍ നിന്ന് ടെലിഫോണ്‍ മുന്നിലെടുത്തുവെച്ച്
ലോകത്തുള്ള ഡെപ്യൂട്ടി സെക്രട്ടറിമാരായ ഡെപ്യൂട്ടി സെക്രട്ടറിമാരേയും
ചീഫ് എഞ്ചിനീയര്‍മാരായ ചീഫ് എഞ്ചിനീയര്‍മാരേയും വിളിയോട് വിളിയായി ബിആര്‍.
പക്ഷേ തമ്പ്‌രാനെക്കുറിച്ച് ഒരാളും പ്രതികരിച്ചില്ല!
എങ്ങനെ പ്രതികരിക്കാനാണ്?
വിളി കേട്ടാലല്ലേ പ്രതികരിക്കാന്‍ പറ്റൂ...
എങ്ങനെ വിളി കേള്‍ക്കാനാണ്?
കോള് പുറത്തേക്ക് പോയാലല്ലേ വിളി കേള്‍ക്കാന്‍ പറ്റൂ...
കോളെങ്ങനെ പുറത്തേക്ക് പോകാനാണ്?
ജാംബവാന്റെ അച്ഛന്റെ കാലത്തേതല്ലേ പി എം ബി എക്‌സ്...
വിളിച്ചുവിളിച്ച് സഹികെട്ടപ്പോള്‍  ഫോണിന്റെ റിസീവര്‍ അതിന്റെ തന്നെ ക്രാഡിലിലേക്ക് ആഞ്ഞൊരു വെപ്പുകൊടുത്തു ബിആര്‍.
അന്നേരം വീണിതല്ലോ കിടക്കുന്നു ഭരണിയില്‍ എന്ന മട്ടില്‍  ദാണ്ടെ കെടക്കണു
യന്ത്രേട്ടന്റെ ഒരു സ്‌ക്രൂ താഴെ!
പഠിച്ച പണി പത്തൊമ്പതും നോക്കിയിട്ടും ബിആറിന് അത് ഫിറ്റ് ചെയ്യാന്‍ പറ്റിയില്ല.
ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ബിആര്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറെ വിളിച്ച് വിവരം പറഞ്ഞു. ഉടന്‍ തന്നെ ടെലിഫോണ്‍ ഓപ്പറേറ്റര്‍ രാജചന്ദ്രന് സന്ദേശം പോയി.
രാജചന്ദ്രന്‍ അഡ്മിനിസ്‌ട്രേഷന്‍ ആപ്പീസറോട്  പറഞ്ഞു: ദിപ്പൊ ശെരിയാക്കാം സാര്‍...

***********
വലതുകൈയില്‍ പിടിച്ചിരിക്കുന്ന സ്‌ക്രൂഡ്രൈവര്‍ ഇടതുകൈയില്‍ കൊട്ടി
താളത്തില്‍ ചോടുവെച്ച് ' ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ,... ആടു പാമ്പേ ആ....ടുപാമ്പേ ആടാട് പാമ്പേ' എന്ന മൂളിപ്പാട്ടും പാടി നീങ്ങുന്ന രാജചന്ദ്രനെ
കണ്ടപ്പോള്‍ ജെനറല്‍ സെക് ഷനിലെ എന്‍പി രെവി ചോദിച്ചു:
'' രാജേട്ടന്‍ എവിടെപ്പോവ്വ്വാ ? ''
 രാജചന്ദ്രന്റെ മറുപടി ഇതായിരുന്നു:
'' അതേയ്, മോളില് ബേബിരാജന്‍ സാറിന്റെ സ്‌ക്രൂ എളകിക്കെടക്ക്ാണ് '' !!!












Friday, June 21, 2013

പത്രോസേ, നീ വെറും പാറപ്പൊടിയാകുന്നു !

ആപ്പീസറായാല്‍ അല്പസ്വല്പം പത്രാസൊക്കെ കാണിക്കണമല്ലൊ.
അപ്പീസറാവുകയല്ല, ആപ്പീസറാണെന്ന് തോന്നിപ്പിക്കലാണ് പ്രധാനം എന്നാണ്
പ്രമാണം.
ആയതിന് എന്താണൊരു വഴി എന്നാലോചിച്ചിരിക്കുമ്പോളാണ് സീറ്റിനുപുറകിലെ
കോളിങ്ങ് ബെല്ലിന്റെ സ്വിച്ച് ബിആറിന്റെ ശ്രദ്ധയില്‍ പെട്ടത്. എങ്കില്‍പിന്നെ അതില്‍
നിന്നു തന്നെ തുടങ്ങിക്കളയാം എന്ന് നിരൂപിച്ച് ബിആര്‍ സ്വിച്ചില്‍ പിടിച്ചൊരു
ഞെക്കുകൊടുത്തു. 
മുനിസിപ്പാലിറ്റി സൈറണ്‍ പോലുള്ള കെമണ്ടന്‍ സൗണ്ടായിരുന്നു ബെല്ലിന്.
ബിആര്‍ സ്വിച്ചില്‍നിന്ന് കൈയെടുത്തതേയുള്ളൂ. അപ്പോഴേക്കും ദാണ്ടെ ഹാഫ്‌ഡോര്‍
തുറന്ന് എം ടി എസ് (പണ്ടത്തെ ഗ്രൂപ്പ് ഡി) ഇളങ്കോവന്‍ (ഏംഎസ് ഡബ്ല്യു, എംഎ, പി എഛ് ഡി) പ്രത്യക്ഷപ്പെടുന്നു!
അത്രക്കൊരു സഡണ്‍ റെസ്‌പോണ്‍സ് ബിആര്‍ തീരെ പ്രതീക്ഷിച്ചില്ല.
എന്നാല്‍ അതേതും പുറത്തുകാണിക്കാതെ വലതുഭാഗത്തെ സ്റ്റീല്‍ ടേബിളില്‍ അട്ടിയിട്ടുവെച്ചിരിക്കുന്ന ലെഡ്ജറുകള്‍ ചൂണ്ടിക്കാട്ടി സഗൗരവം ബിആര്‍ പറഞ്ഞു:
''ദാ, ഇതൊക്കെ അര്‍ജന്റായി പി എഫ് സെക് ഷനില്‍ കൊടുക്കാനുള്ളതാണ്.
ഉടനേ പോയി ഒരു പെട്ടിവണ്ടി വിളിച്ചോണ്ടുവരൂ''.
''ദിപ്പൊ കൊണ്ടുവരാം സാര്‍'' എന്നും പറഞ്ഞ് ഇളങ്കോവന്‍ തിരിഞ്ഞുനടന്നു.
പക്ഷേ ഹാഫ്‌ഡോറിനടുത്തെത്തിയപ്പോള്‍ ശ്രീമാന്‍ തിരിഞ്ഞുനിന്ന് ബിആറിനോട്
ചോദിക്കയാണ്:
''സാറേ, ഇപ്പൊ എന്താ ഒരു ശബ്ദം കേട്ടത്? ഞാനങ്ങ് ഞെട്ടിപ്പോയി''!
ഇത് കേട്ടതും ബിആറിന്റെ ഗ്യാസ് പോയി.
അപ്പൊ കോളിങ്ങ്‌ബെല്ലടിച്ചതുകൊണ്ടല്ലല്ലേ തത്രഭവാന്‍ ഇത്രടം വന്നത്?...
കാക്ക വന്നതും പനമ്പഴം വീണതും ഒന്നിച്ചായിപ്പോയതാണല്ലേ...
ചമ്മല്‍ പുറത്തുകാണിക്കാതെ ബിആര്‍ പറഞ്ഞൊപ്പിച്ചു:
''അത് ഞാന്‍ കോളിങ്ങ്‌ബെല്‍ അടിച്ചതാണ്''
''അത്യോാാ...'' എന്ന് പാലക്കാടന്‍ ശൈലിയില്‍ നീട്ടിച്ചോദിച്ച് ഇളങ്കോവന്‍ പുറത്തേക്ക്
 പോയി.
പിന്നെ അല്പസമയം കഴിഞ്ഞ് തിരിച്ചുവന്ന് ഒരു സജഷന്‍ കൂടി പറഞ്ഞിട്ടുപോയി.
അതോടെ ബിആറിന്റെ സകല പത്രാസും പമ്പാനദി കടന്ന് അതിന്റെ അപ്രത്തേക്ക്
പോയീന്ന് പറഞ്ഞാമതീല്ലൊ.
ഇളങ്കോവടികള്‍ പറഞ്ഞത് ഇപ്രകാരം:
''അതേയ്, സാറ് അങ്ങനെ ബെല്ലടിച്ചോണ്ടൊന്നും കാര്യല്ല്യ. ഓടിവരാന്‍ ഇവിടെ ആള് ല്യ.
പക്ഷേ ബെല്ലടിച്ചിട്ട് ആരും വന്നില്ലെങ്കില് സാറിനല്ലേ നാണക്കേട്. അതുകൊണ്ട് ഞാന്‍
ഒരു കാര്യം ചെയ്യാം. ഫയലെടുക്കാന്‍ വരണേന് തൊട്ടുമുമ്പ് ഒരു മിസ് കോള് തരാം.
അപ്പൊ സാറ് ബെല്ലടിച്ചോളൂ''...!!!

Friday, June 7, 2013

വാതുവെപ്പ്

-വാതുവെപ്പ് വഴി കോടികള്‍ തട്ടിയെന്നു കേട്ടല്ലൊ കണ്ണാ..
-അതൊക്കെ ആ സിപ്രനെപ്പോലുള്ള തല്പരകക്ഷികളുടെ കുപ്രചരണമാണ് ബിആര്‍.
-എന്നാലും അങ്ങനെയല്ലല്ലൊ. പൊകയില്ലാതെ തീയുണ്ടാവില്ലല്ലൊ.
-കോടികളൊന്നുമില്ല ബിആര്‍. ഒരു പതിനായിരം തടഞ്ഞു.
-ആരുമായിട്ടായിരുന്നു പയറ്റ്?
-ലക്ഷ്മണനായിരുന്നു മറ്റേയത്ത്.
-എന്തായിരുന്നു വാതം പിത്തം കഫം വാതുവെപ്പ്?
-ക്രിക്കറ്റന്നെ.
-ഐ പി എല്ലോ?
-അല്ല, എ പി എല്‍.
-ച്ചാല്‍?
-അടാട്ട് പ്രീമിയര്‍ ലീഗ്.
-ഏതൊക്കെ ടീമുകളാണ് ഏറ്റുമുട്ടിയത്?
-അടാട്ട് വാരിയേഴ്‌സ് വേഴ്‌സസ് നാമംഗലം റോയല്‍സ്.
-എന്തായിരുന്നു ബെറ്റ്?
-നാമംഗലം റോയല്‍സ് ജയിക്കുമെന്ന് ലക്ഷ്മണന്‍. അവര് പച്ച തൊടില്ലെന്ന് ഞാന്‍.
-എന്നാലും പതിനായിരം രൂപയ്ക്ക് ബെറ്റ് വെക്കാന്‍ കുറച്ചൊരു ചങ്കൂറ്റം വേണ്ടേ?
 അതെവിടെന്നു കിട്ടി?
-എനിക്ക് നൂറ്റിപ്പത്ത് ശതമാനം ഒറപ്പായിരുന്നു റോയല്‍സ് തോല്ക്കുമെന്ന്...
-അതെങ്ങനെ ഒറപ്പാക്കാന്‍ പറ്റും? ഉരുണ്ടുപോണ പന്തല്ലേ? ഇനി പത്രത്തിലൊക്കെ
 കാണുന്നപോലെ വല്ല മാച്ച് ഫിക്‌സിങ്ങും  നടത്തിയോ?
-ഛേ. എനിക്ക് അതിന്റെയൊന്നും ആവശ്യണ്ടായിരുന്നില്ല്യ.
-പിന്നെ എങ്ങനെ ഒറപ്പിച്ചൂന്നേയ്?
-അതുപിന്നെ റോയല്‍സിന്റെ വിക്കറ്റ് കീപ്പര്‍ നമ്മടെ വിഷ്ണുവായിരുന്നു.
-എന്‍ബീപുത്രന്‍?
-അതന്നെ.
-അതുകൊണ്ടെന്താ?
-തമ്പ്‌രാനെക്കുറിച്ച് അവന്‍ ഒരു പന്തുപോലും പിടിക്കാന്‍ പോണില്ലെന്ന്
 എനിക്കൊറപ്പായിരുന്നു. പിന്നെ എങ്ങനെ ജയിക്കാനാണ്?
-എനിക്കൊന്നും മനസ്സിലാവണ് ല്ല്യ കണ്ണാ.
-എന്റെ ബിആറേ, സാക്ഷാല്‍ എന്‍ബി നില്‍ക്കണതുപോലെയാണ് ചെക്കന്‍ വിക്കറ്റിന്റെ പൊറകില് നില്‍ക്ക്ാ..
-ച്ചാലോ?
-ദാ, ഇങ്ങനെ കൈ രണ്ടും  പുറകില് കെട്ടി......!!!