rajasooyam

Monday, September 26, 2022

 

മോക് ടെസ്റ്റ്

(പള്ളിത്തമാശകൾ)

ജീവിതത്തിൽ സത്യസന്ധത പുലർത്തേണ്ടതിന്റെ  ആവശ്യകതയെപ്പറ്റിയായിരുന്നു അന്നത്തെ പ്രഭാഷണം. ഉജ്ജ്വലമായ പ്രസംഗം ഉപസംഹരിച്ചുകൊണ്ട് അച്ചൻ പറഞ്ഞു: ശെരി, അപ്പൊ നമുക്ക് പിരിയാം. പിന്നെ അടുത്ത ഞായറാഴ്ച്ച വരുമ്പൊ എല്ലാവരും മത്തായീടെ സുവിശേഷം ഇരുപത്തൊമ്പതാം അദ്ധ്യായം വായിച്ചോണ്ടുവരണം.

അടുത്താഴ്ച്ച എല്ലാവരും തന്റെ  പ്രസംഗം കേൾക്കാൻ ഹാജരായ വേളയില്, സന്ദർഭത്തില്, അല്ലെങ്കിൽ ടൈമില് അച്ചൻ വിളിച്ചുചോദിച്ചു: മത്തായീടെ സുവിശേഷം ഇരുപത്തൊമ്പതാം അദ്ധ്യായം വായിച്ചവരൊക്കെ ഒന്നു കൈ പൊക്കിയാട്ടെ.

മത്തായിച്ചേട്ടനും മറിയാമ്മച്ചേടത്തിയുമടക്കം സകലരും കൈപൊക്കി.

ഒരു നിമിഷം അച്ചൻ സ്തംഭിച്ചുനിന്നുപോയി. അച്ചന്റെ  കണ്ണിൽ ആനന്ദശ്മശ്രു പോലെ എന്തോ ഒന്ന് പൊടിഞ്ഞു. സ്വാഭാവികം.

അത് പക്ഷേ അതായിരുന്നില്ല...

അടുത്ത നിമിഷം സമചിത്തത വീണ്ടെടുത്തുകൊണ്ട് അച്ചൻ പറഞ്ഞു:

അങ്ങനെയെങ്കിൽ ഇന്ന് നമുക്ക് നുണ പറഞ്ഞാലുണ്ടാവുന്ന ദോഷങ്ങളെപ്പറ്റി സംസാരിക്കാം.

അന്നേരം മുൻ നിരയിലിരുന്നിരുന്ന മത്തായിച്ചേട്ടൻ വിളിച്ചുചോദിച്ചു: അതെന്താ അച്ചോ അങ്ങനെയെങ്കില്‍ എന്നു പറഞ്ഞത്?

അച്ചൻ പറഞ്ഞു: മത്തായീടെ സുവിശേഷത്തിൽ ആകെ ഇരുപത്തെട്ട് അദ്ധ്യായങ്ങളേയുള്ളൂ മത്തായിച്ചാ...!!!

6 comments:

  1. ഈ അച്ഛന്റെ ഒരു കാര്യം. ഇങ്ങനെ പറഞ്ഞു പറ്റിക്കാൻ പാടില്ല

    ReplyDelete
  2. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ? ഇതു ഞാൻ ഊഹിച്ചു,29 ആമത്തെ അധ്യായം എന്ന് പറഞ്ഞപ്പോൾ തന്നെ, അതിൽ ഒരു ക്യാച്ച് ഉണ്ടെന്നു തോന്നി.

    ReplyDelete
    Replies
    1. മത്തായിയുടെ സുവിശേഷം മുഴുവൻ വായിച്ച മത്തായിച്ചേട്ടൻ അദ്ധ്യായതിന്റെ എണ്ണം ഓർത്തിരിക്കണമെന്നില്ല! 29 എന്ന നുണ പള്ളിയിൽ പറഞ്ഞതിന്

      Delete
    2. അച്ഛന് നരകം നിശ്ചയം.

      Delete