Shashi & Jerry
സ്‌കൂട്ടറില്‍നിന്ന് മറിഞ്ഞുവീണ് വി ഷഷിധരന്റെ കൈക്ക് നേരിയ പരിക്ക് പറ്റിയ കാര്യം നടേ
പ്രസ്താവിച്ചിട്ടുണ്ടല്ലൊ.
ഷഷിയെ സംബന്ധിച്ചിടത്തോളം ആ ആക്‌സിഡന്റ് ഉര്‍വശീശാപം പോലെ ഉപകാരമായി എന്നേ
പറയേണ്ടൂ.
ഇപ്പോള്‍ എന്തിനും ഏതിനും ഷഷിക്ക് ഒരൊഴിവുകഴിവുണ്ട്.
ഓഡിറ്റ് നോട്ടില്‍ എമൗണ്ട് തെറ്റിച്ചെഴുതുന്നതും അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ കോളം മാറി ഒപ്പിടുന്നതും മറ്റും ചൂണ്ടിക്കാണിച്ചാല്‍ ഷഷി പറയും: ''ആ ആക്‌സിഡന്‍ഡ് പറ്റ്യേപ്പിന്നെ എന്താന്നറിയില്ല്യ....''
താഴെപ്പറയുന്ന കാര്യത്തിലും ഷഷിക്ക് അതുതന്നെയാണ് പറയാനുണ്ടായിരുന്നത്:
കഴിഞ്ഞയാഴ്ച ഒരു ദിവസം ഷഷി എത്ര ശ്രമിച്ചിട്ടും സെക് ഷനിലെ കമ്പ്യൂട്ടര്‍മൗസിന്റെ കഴ്‌സര്‍
കടുകിടനീങ്ങുന്നില്ല! ഇടത്തോട്ടുമില്ല, വലത്തോട്ടുമില്ല, മേലോട്ടുമില്ല, കീഴോട്ടുമില്ല! വടിപോലെ ഒരേ
നില്പ്പാണ്. മൗസ് നീക്കിനീക്കി ഷഷീടെ കൈക്കുഴ കഴച്ചു.
ഒടുവില്‍ മടിച്ചുമടിച്ച് ഷഷി പ്രശ്‌നം എസ്സൊ മുമ്പാകെ അവതരിപ്പിച്ചു: അതേയ് എസ്സൊ, ഇതിന്റെ
കഴ്‌സര്‍ വടിയായീന്നാ തോന്നണേ. അനങ്ങണ് ല്ല്യ
ചുരിദാറിട്ട രാജേന്ദ്രനാണ് എസ്സൊ.
പുള്ളിക്കാരന് പക്ഷേ ഷഷി പറഞ്ഞത് വിശ്വസിക്കാനായില്ല. കാരണം അല്പം മുമ്പ് താന്‍ അതില്‍
വര്‍ക്ക് ചെയ്തതാണ്. മാത്രമല്ല, സെക് ഷനിലെ മറ്റാരും അങ്ങനെയൊരു കംപ്ലെയ് ന്റ് പറയുന്നത്
കേട്ടിട്ടുമില്ല.
ചുരിദാറിട്ട രാജേന്ദ്രന്‍ പറഞ്ഞു: ഏയ്, അങ്ങനെ വരാന്‍ വഴിയില്ല ഷഷിയണ്ണാ. ഞങ്ങളൊക്കെ വര്‍ക്ക് ചെയ്യുമ്പൊ കഴ്‌സര്‍ നീങ്ങണ് ണ്ടല്ലൊ.
അന്നേരം ഷഷി തുറുപ്പെടുത്തടിച്ചു: '' എന്താണെന്നറിയില്ല്യ, ആ ആക്‌സിഡന്‍ഡ് പറ്റ്യേപ്പിന്നെ ....''
ഇതുകേട്ടപ്പോള്‍ സ്വതവേ ചൂടനായ രാജേന്ദ്രന് ഷഷിയോട് സഹതാപം തോന്നി.
രാജേന്ദ്രന്‍ സീറ്റില്‍നിന്നെഴുന്നേറ്റ് ഷഷിയുടെ അടുത്തുചെന്നു. പിന്നെ മൗസെടുത്ത് മെല്ലെ ഒന്ന് നീക്കി. കഴ്‌സര്‍ കൃത്യമായി നീങ്ങി!
അനന്തരം ഷഷിയോട് പറഞ്ഞു: മൗസിന് ഒരു കൊഴപ്പോല്ല്യ. ഷഷ്യണ്ണന്‍ അതൊന്ന് അമര്‍ത്തിപ്പിടിച്ച് മെല്ലെ നീക്കിനോക്ക്.
രജേന്ദ്രന്‍ പറഞ്ഞതുപോലെതന്നെ ഷഷി മൗസ് അമര്‍ത്തിപ്പിടിച്ച് മെല്ലെ നീക്കി. പക്ഷേ കഴ്‌സറിന് ഒരനക്കവുമില്ല. ഒന്നല്ല, രണ്ടല്ല, മൂന്നുവട്ടം ശ്രമിച്ചിട്ടും കഴ്‌സര്‍ അനങ്ങിയില്ല.
അപ്പോഴാണ് അതുവരെ കഴ്‌സറില്‍തന്നെ നോക്കിക്കൊണ്ടിരുന്ന രാജേന്ദ്രന്‍ ഷഷിയുടെ കൈയിലേക്ക് ശ്രദ്ധിക്കുന്നത്.
രാജേന്ദ്രന്റെ മുഖത്ത് കോപം ഇരച്ചുകയറി...
എങ്ങനെ ഇരച്ചുകയറാതിരിക്കും?
മൗസിനു പകരം ഷഷി അതുവരെ മേശപ്പുറത്തിട്ട് നിരക്കിക്കൊണ്ടിരുന്നത് ചില്ലുകൊണ്ടുള്ള ഉരുണ്ട പേപ്പര്‍വെയ്റ്റായിരുന്നു!!!
No comments:
Post a Comment