rajasooyam

Saturday, June 27, 2015

0 4 8 7

ഉച്ചക്ക് ഊണുകഴിഞ്ഞ് ഒന്നാം നിലയിലേക്കിറങ്ങിയ ബിആര്‍ കണികണ്ടത്
കടന്നല് കുത്തിയാലെന്നപോലത്തെ മുഖവുമായി അസോസിയേഷന്‍ ഹാളില്‍നിന്ന് പുറത്തേക്ക് വരുന്ന കണ്ണനെയാണ്.
ബിആറിനെ കണ്ടിട്ടും കണ്ണന്‍ കണ്ട ഭാവം വെക്കുന്നില്ല.
കണ്ണന്റെ പിന്നാലെ വന്ന സിപ്രനെ തടഞ്ഞുനിര്‍ത്തി ബിആര്‍ കഥകളിഭാഷയില്‍ ചോദിച്ചു;
എന്തുപറ്റി?
സിപ്രന്‍ പ്രകാശമായി സ്വകാര്യം പറഞ്ഞു:
ഇനി ഒന്നും പറ്റാനില്ല ബിആര്‍. എല്ലാവരും കൂടി കണ്ണനെ എടുത്തിട്ട് പെരുമാറുകയായിരുന്നു.
ലെഫ്റ്റ് ആന്റ് റൈറ്റ് ഫയറിങ്ങായിരുന്നു.
-എല്ലാവരും എന്നുവെച്ചാല്‍?
-ഹരിയേട്ടന്‍, കൃഷ്‌ണേട്ടന്‍, പറളി കിറളി, എന്‍ബി കിന്‍ബി, ബാലു കീലു എന്നുവേണ്ട,
ശ്രീകുമാര്‍ ഒഴികെ എല്ലാവരും എന്നുതന്നെ പറയാം.
സിആര്‍ ബാബൂന്റെ വെടിവെപ്പിലാണ് കണ്ണന്‍ വീണുപോയത്.
-അതെന്തേ?
-അതോ. കാര്യമെന്തെന്നുപോലുമറിയാതെയായിരുന്നു ബാബൂന്റെ ഫയറിങ്ങ്!
-എന്നുവെച്ചാല്‍?
-ഒന്നിനുപുറകെ ഒന്നായി സകലരും കണ്ണനെ ചീത്തവിളിച്ചുകൊണ്ടിരിക്കുന്നതു
കണ്ടുകൊണ്ടാണ് ബാബു അസോസിയേഷന്‍ ഹാളിലേക്ക് വരുന്നത്. കാര്യമെന്താണെന്നു
തിരക്കാനൊന്നും പുള്ളിക്കാരന്‍ പോയില്ല. കൊടുത്തൂ കണ്ണനിട്ട് നൂറുവാക്കില്‍ കവിയാത്ത
ഒരു ഉപഹാരം! അതു കേട്ടതും കണ്ണന്‍ രണ്ടു കാതും പൊത്തിക്കൊണ്ട് ഒരോട്ടമാണ്!
-ശെരിശെരി. അതു പോട്ടെ. ഫയറിങ്ങിന്റെ കാരണം സിപ്രന് പിടികിട്ടിയോ?
-ഉവ്വല്ലോ. സത്യം പറഞ്ഞാല്‍ കണ്ണന്‍ അര്‍ഹിക്കുന്നതുതന്നെയാണ് അയാള്‍ക്ക് കിട്ടിയത്.
-ച്ചാലോ?
-അല്ലെങ്കില്‍ ബിആര്‍ തന്നെ പറയൂ. ആരെങ്കിലും ഇക്കാലത്ത് ലാന്റ്‌ഫോണ്‍ സെറ്റ് വാങ്ങ്വോ?
-ലാന്റ് ഫോണോ? ഇക്കാലത്തോ? ഇല്ല
-ഇല്ലല്ലൊ. ഇനി വാദത്തിനുവേണ്ടി  വാങ്ങിയെന്നിരിക്കട്ടെ. മിണ്ടാതങ്ങിരുന്നാല്‍ പോരായിരുന്നോ? സഹരാജന്‍ നായരുടെ അനുഭവം മുന്നിലുള്ളപ്പൊ അത് അസോസിയേഷന്‍ ഹാളില്‍   എഴുന്നെള്ളിക്കേണ്ട വല്ല കാര്യോമുണ്ടായിരുന്നോ കണ്ണന് ?

Sunday, May 3, 2015

നാമംഗലത്തെ ചെറിയ കോഴിത്തമ്പുരാന്‍

നാമംഗലത്തെ കോളിഫ്‌ളവറുകളുടെ വിളവെടുപ്പു കഴിഞ്ഞതിന്റെ പിറ്റേന്ന് അസോസിയേഷന്‍ ഹാളിലിരിക്കവേ ടെക്‌നിക്കല്‍ അഡൈ്വസര്‍ ആന്റോ എന്‍ബിയോട് ചോദിച്ചു:
-എന്നാപ്പിന്നെ നമുക്ക് അടുത്ത പ്രോജക്റ്റ് തൊടങ്ങ്വല്ലേ?
-വിരോധല്ല്യ. തൊടങ്ങാം. എന്താ പ്രോജക്റ്റ്?
-കോഴിവളര്‍ത്തല്‍
-കൊള്ളാം. എന്നിട്ടുവേണം ആളുകള്‍ എന്നെ കോഴിത്തിരുമേനീന്ന് വിളിക്കാന്‍
-ആളുകള് എന്തെങ്കിലും വിളിക്കട്ടെ. സാറ്് വിളി കേക്കാണ്ടിരുന്നാ മതി
-ശെരി. പ്രോജക്റ്റ് റിപ്പോര്‍ട്ട് റെഡിയാണോ?
-റെഡ്ഡി
-ഇന്‍ഫ്രാസ്ട്രക്ച്ചര്‍?
-റെഡ്ഡി
-എന്താണൊരു ദ്വിത്വപ്രയോഗം
-ഒറപ്പിനുവേണ്ടിയാണ്
-കോഴിക്കൂട് റെഡിയാണോ
-അതും റെഡ്ഡി
-എവിടുന്നാ?
-കോഴിക്കോട്ന്ന്
-എന്താ വെല?
-പതിനായിരം
-അപ്പൊ ഏസിയായിരിക്കും അല്ലേ
-അതെയതെ
-എത്ര കോഴിക്ക് താമസിക്കാന്‍ പറ്റും?
-30 കോഴിക്ക്
-30 കോഴിക്ക് എന്താ വെല
-ഒന്നിനു 30 വീതം
-അത് ലാഭാണല്ലൊ. എങ്കിലോ പണ്ട് എന്ന മട്ടില്‍ റിപ്പോര്‍ട്ട് തുടരൂ ആന്റോ എന്ന രാമ!
-ഡെലിവറി കഴിഞ്ഞ് മുപ്പതാം ദിവസം കോഴികള്‍ മുട്ടയിടാന്‍ തുടങ്ങും.
-കോഴിമുട്ട തന്നെയല്ലേ
-അതതെ
-ദിവസം എത്ര വീതം?
-നോര്‍മലി ഒരു കോഴി ഒരു ദിവസം ഒരു മുട്ടയിടും. ചിലപ്പോള്‍ ഒന്നില്‍ കൂടുതലും ഇട്ടേക്കാം.
-ഒരു മൊട്ടക്കിപ്പൊ എന്താ വെല?
-2.30 ആണ് കമ്പോളനെലവാരം
-അപ്പൊ നല്ല വരുമാനാണല്ലൊ. ഇന്‍കംടാക്‌സ് കൊടുക്കേണ്ടിവര്വോ?
-അതു വേണ്ടിവരില്ല. സ്രോതസ്സില്‍ കിഴിച്ചാ മതി
-ബെസ്റ്റ് ഐഡിയ. എന്നാപ്പിന്നെ നാളെത്തന്നെ കോഴികളോട് വരാന്‍ പറയൂ.
    പിറ്റേന്നുതന്നെ കോഴികളെത്തി. കമ്മ്യൂണിസ്റ്റ് ചൈനയില്‍നിന്ന് ഇറക്കുമതി
ചെയ്തവയെന്ന് തോന്നിപ്പിക്കുംവിധം നല്ല ചുവന്നുതുടുത്ത  കോഴിക്കുട്ടികള്‍.
    29 ദിവസം കഴിഞ്ഞവാറെ മുപ്പതാം ദിവസമെത്തി.
തിരുമേനി ആകാംക്ഷയോടെ കോഴിക്കൂട്ടില്‍ചെന്ന് തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല!
വിവരം ആന്റോയെ വിളിച്ചുപറഞ്ഞു.
ആന്റോ പറഞ്ഞു:
-അത് കാര്യാക്കണ്ട. 5 ദിവസം ഗ്രേസ് ടൈം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്.
-ആര്? കോഴികളോ?
-അല്ല. വെണ്ടര്‍ മേനോന്‍
31.... 32..... 33... 34.... 35: ഓരോ ദിവസവും രാവിലെ തിരുമേനി കോഴിക്കൂട്ടില്‍ ചെല്ലും.
തലയിട്ടു നോക്കും. കോഴികളുടെ മൂഡ് പരിശോധിക്കും. കിം ഫലം? ഒരൊറ്റ മുട്ട കിട്ടിയില്ല.
മുപ്പത്തഞ്ചാം ദിവസം വൈകീട്ട് എന്‍ബി ആന്റോയെ വിളിച്ചു:
-അതേയ്, ആന്റോ എന്ന രാമ! നാളെയാണ് ക്രൂഷ്യല്‍ ഡേറ്റ്. നാളെ മുട്ട കിട്ടിയില്ലെങ്കില്‍ തന്നെ ഞാന്‍ പിരിച്ചുവിടും.
-അത് വേണ്ടിവരില്ല സര്‍.
-ഒറപ്പാണോ?
-ഒറപ്പ്
-കിട്ടിയില്ലെങ്കിലോ?
-സാറിന്റെ പേര് എന്റെ പട്ടിക്കിട്ടൊ
    ഒടുവില്‍ ആ വിധിനിര്‍ണ്ണായക ദിനമെത്തി.
പതിവുപോലെ തിരുമേനി കോഴിക്കൂട്ടില്‍ തലയിട്ടുനോക്കി.
ഒരൊറ്റ മുട്ടയില്ല.
മൂഡ് പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ കോഴികള്‍ നാണത്തോടെ പിന്മാറി.
    തിരുമേനിക്ക് ആന്റോയോട്് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ. ശപ്പനെ പിരിച്ചുവിട്ടിട്ടുതന്നെ ബാക്കി കാര്യം.
തിരുമേനി ഈര്‍ഷ്യയോടെ തിരിച്ചുനടന്നു.
ഒരു നാലഞ്ചടി നടന്നാറെ അതാ പുറകില്‍നിന്നൊരു നീണ്ട കൂവല്‍: പൂ........യ്!
ആരവിടെ? തിരുമേനി തിരിഞ്ഞുനോക്കി.
സമീപത്തെങ്ങും ആരുമില്ല.
വെറുതെ തോന്നിയതായിരിക്കും. തിരുമേനി വീണ്ടും തിരിച്ചുനടന്നു.
അപ്പോള്‍ അതാ പുറകില്‍നിന്നും വീണ്ടും അതേ കൂവല്‍: പൂ........യ്!
    ഞെട്ടിത്തിരിഞ്ഞുനോക്കിയ തിരുമേനി ആ കാഴ്ചകണ്ട് ഞെട്ടിത്തരിച്ചുപോയി.
കൂട്ടിനകത്തെ കോഴികള്‍ ഒന്നടങ്കം എഴുന്നേറ്റുനിന്ന് തിരുമേനിയെ കൂവുകയായിരുന്നു!
എങ്ങനെ കൂവാതിരിക്കും!
മുപ്പതില്‍ മുപ്പതും പൂവന്‍ കോഴികളായിരുന്നു!!!

   

Tuesday, April 21, 2015

അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസ്

-ഹലോ, കണ്ണനല്ലേ
-ങ! എന്താ കൃഷ്‌ണേട്ടാ?
-കണ്ണന്‍ അസെറ്റ്‌സ് ആന്‍ഡ് ലയബിലിറ്റീസിന്റെ റിട്ടേണ്‍ കൊടുത്തായിരുന്നോ?
-ഉവ്വല്ലോ. കൃഷ്‌ണേട്ടന്‍ കൊടുത്തില്ലേ?
-ഇല്ല്യ. എനിക്ക് അതിലൊരു സംശയം.
-എന്താണ്?
-അസെറ്റ്‌സിന്റെ കോളത്തില്‍ എന്താ എഴുതാന്ന്. ഒരു തേക്കുണ്ടായിരുന്നതാണെങ്കില്
 വിറ്റും പോയി.
-അതൊന്നും എഴുതണ്ട എന്റെ കൃഷ്‌ണേട്ടാ.
-പിന്നെ എന്തെഴുതും?
-ഞാന്‍ നോക്കീട്ട് കൃഷ്‌ണേട്ടന്റെ അസെറ്റ് കോളം പൂരിപ്പിക്കാന്‍ വളരെ എളുപ്പാണ്.
-എങ്ങനെ?
-ആ മണ്ടന്‍ ബിആര്‍ കൊല്ലം തോറും കൃഷ്‌ണേട്ടന്റെ സിആറില്‍ എഴുതാറുള്ള കാര്യം
 ഓര്‍ത്താല്‍പ്പോരേ?
-എന്താണത്...
-'ഹി ഈസ് ആന്‍ അസെറ്റ് റ്റു ദ ഓഫീസ്''!
-അതു ശെരിയാണല്ലോ. ഞാന്‍ അത് മറന്നുപോയിട്ടോ. താങ്ക്യൂ കണ്ണാ.
-നോ മെന്‍ഷന്‍ പ്ലീസ്. ഇറ്റ്‌സ് മൈ പ്ലെഷര്‍. അതുപോട്ടെ. ഇനി ലയബിലിറ്റിയെപ്പറ്റി
 സംശയമൊന്നുമില്ലല്ലൊ?
-ഇല്ലില്ല. അതെനിക്ക് കൃത്യമായിട്ടറിയാം
-ഓകെ ദെന്‍. ബായ്
-ബായ്
        ഫോണ്‍ കട്ട് ചെത കൃഷ്‌ണേട്ടന്‍ പിന്നെ ഒരു നിമിഷം പാഴാക്കാതെ റിട്ടേണ്‍ ഫോമെടുത്ത്പൂരിപ്പിച്ചു:
അസെറ്റ്    : സെല്‍ഫ്  (സിആര്‍ എന്‍ക്‌ളോസ്ഡ്)
ലയബിലിറ്റി : ഭാര്യ (ഒന്ന്)  !!!

Saturday, April 18, 2015

കൃഷ്‌ണേട്ടന്റെ അവര്‍ ഗ്ലാസ്സ്

വര്‍ഗ്ഗശത്രുവുമായി കൂട്ടുചേരാനുള്ള ശ്രീകുമാറിന്റെ അടവുനയത്തിനെതിരെ അസോസിയേഷന്‍ ഹാളിലിരുന്ന് മറുതന്ത്രം മെനയുകയായിരുന്നു കണ്ണനും സിപ്രനും ബാലുവും കൂടി.
അന്നേരമാണ് അപരിചിതനായ ഒരാള്‍ അങ്ങോട്ടു കേറിച്ചെല്ലുന്നത്.
കണ്ണന്‍ അയാളോട് ചോദിച്ചു: ആരാ, എന്താ?
-ഞാന്‍ കേച്ചേരീന്ന് വരികയാണ്. എംഡി കൃഷ്‌ണേട്ടനെ ഒന്നു കാണണമായിരുന്നു
-വല്ല തേക്ക് കച്ചവടത്തിനുമാണോ? എങ്കില്‍ ഇപ്പൊത്തന്നെ സ്ഥലം കാലിയാക്കിക്കോളൂ.
പാര്‍ട്ടിയോടാലോചിക്കാതെ തേക്കുവിറ്റതിന് കൃഷ്‌ണേട്ടനെതിരെ ഒരു നടപടി കഴിഞ്ഞതേയുള്ളൂ.
-ഏയ്. അതല്ല. എന്റെ പിഎഫിന്റെ കാര്യം ഒന്നു പറയാനാണ്.
 അപ്പോള്‍ സിപ്രന്‍ പറഞ്ഞു: കൃഷ്‌ണേട്ടന്‍ ഇപ്പൊ നാലാം നെലേല്ണ്ടാവും.
വേഗം പോയിനോക്കിക്കോളൂ.
ആഗതന്‍ പോകാനൊരുങ്ങുമ്പോളാണ് ഹാളിന്റെ സൈഡില്‍ ഇട്ടിട്ടുള്ള ടേബിളില്‍ കൃഷ്‌ണേട്ടന്റെവെള്ളംകുപ്പിയിരിക്കുന്നത് കണ്ണന്റെ ശ്രദ്ധയില്‍ പെട്ടത്.
കുപ്പിയിലേക്കും വാച്ചിലേക്കും മാറിമാറി നോക്കിയ ശേഷം കണ്ണന്‍ ആദ്യം ഇങ്ങനെ
ആത്മഗതംപറഞ്ഞു: ഇപ്പൊ സമയം നാലേകാല്. അപ്പൊ ഇത് നാലാമത്തെ കുപ്പി....
അനന്തരം പ്രകാശമായി ആഗതനോട്് പറഞ്ഞു; വേണ്ട. ഇനീപ്പൊ മോളീപ്പോയിട്ട് കാര്യല്ല്യ.
കൃഷ്‌ണേട്ടന്‍ വീട്ടീപ്പോയിട്ട്ണ്ടാവും. താങ്കള്‍ ഇന്‍ട്ര് പോയി നാളൈ വരൂ.
മനസ്സില്ലാമനസ്സോടെ പതുക്കെപ്പതുക്കെ അയാള്‍ പോയി.
തീര്‍ത്തും പോയിക്കഴിഞ്ഞപ്പോള്‍ സിപ്രന്‍ കണ്ണനോട് ചോദിച്ചു: അതേയ്, കൃഷ്‌ണേട്ടന്‍
വീട്ടീപ്പോയിട്ട്ണ്ടാവുംന്ന് എന്താ ഇത്ര ഒറപ്പ്?
-ഇറ്റ്‌സ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ സിപ്രന്‍.
-ടെല്‍മീ ഹൗ
-ഇപ്പൊ സമയം എത്രയായി?
-നാലേകാല്
-കൃഷ്‌ണേട്ടന്റെ വെള്ളം കുപ്പി നോക്കൂ. അതില്‍ വെള്ളം വല്ലതും ബാക്കിയുണ്ടോ?
-ഒരു തുള്ളിയില്ല
-അതുതന്നെയാണ് എന്റെ ഒറപ്പിന്റെ അടിസ്ഥാനം.
-മനസ്സിലായില്ല
-എന്റെ സിപ്രാ. നാല് കുപ്പി വെള്ളം കുടിക്കാന്‍ വേണ്ടി മാത്രമാണ്  കൃഷ്ണേട്ടന്‍ ആപ്പീസില്‍ വരുന്നത് ! മൂന്നേമുക്കാലാവുമ്പോഴേക്കും കൃഷ്‌ണേട്ടന്‍ നാലാമത്തെ കുപ്പി വെള്ളം
അസോസിയേഷന്‍ ഹാളില്‍ കൊണ്ടുവെക്കും. അതും കൂടി കുടിച്ചുകഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ അന്നത്തെ ജോലി കഴിഞ്ഞു. പിന്നെ ഒരു മിനിറ്റ് നിക്ക് ല്ല്യ. വീട്ടീപ്പോവും !!!

Saturday, March 28, 2015

സ്ഥലപുരാണം

തൃശൂരില്‍ മണ്ണുത്തി കാര്‍ഷികസര്‍വകലാശാലക്കടുത്തായി വെള്ളരിക്കക്ക്
പേരുകേട്ട ഒരു സ്ഥലമുണ്ട്.
പല നിറത്തിലും രൂപത്തിലും ഭാവത്തിലുമുള്ള വെള്ളരിക്കകള്‍
എത്രവേണമെങ്കിലും അവിടെ കിട്ടും. വിഷുക്കാലമായാല്‍ പിന്നെ പറയുകയും
വേണ്ട; ചെമ്പഴുക്കാനിറമുള്ള കണിവെള്ളരിക്കക്കുവേണ്ടി ലോകത്തിന്റെ
നാനാഭാഗത്തുനിന്നും ജനത്തിന്റെ  ഒഴുക്കാണവിടേക്ക്.
അതുകൊണ്ടുതന്നെയാവണം ആ പ്രദേശമുള്‍ക്കൊള്ളുന്ന പഞ്ചായത്തിന്
വെള്ളരിക്കാത്തടം എന്ന പേരു വീണത്.

കഴിഞ്ഞ കുറച്ചുനാളുകളായി നാടെമ്പാടും സ്ഥലനാമങള്‍ പുതുക്കുന്ന ഒരു
പ്രവണത കണ്ടുവരുന്നുണ്ടല്ലൊ. മദ്രാസ് ചെന്നൈ ആയതും ബോംബെ മുംബൈ ആയതും
കല്‍ക്കത്ത കോല്‍ക്കൊത്തയായതും അങ്ങനെയാണല്ലൊ.
അതൊക്കെ കേട്ടപ്പോള്‍ വെള്ളരിക്കാത്തടത്തിലെ പഞ്ചായത്ത് സമിതിക്കും
ഒരു പൂതി; പഞ്ചായത്തിന്റെ പേരൊന്നു മാറ്റണം.
വെറുതേ പൂതിയുണ്ടായാല്‍ പോരല്ലോ. പറ്റിയ പേരു കിട്ടണ്ടേ.
പലരും പല പേരുകളും സജസ്റ്റ് ചെയ്‌തെങ്കിലും പഞ്ചായത്ത് സമിതിക്ക്
അതൊന്നും തന്നെ പിടിച്ചില്ല.
അങ്ങനെയിരിക്കെയാണ് നമ്മുടെ കാടമുട്ട ഫെയിം ഷഷിധരന്‍ എവിടെയോ
ഓഡിറ്റിനുപോകുന്ന വഴി ആ വഴി ബസ്സില്‍ യാത്ര ചെയ്യുന്നത്.
വഴി വേണ്ടത്ര പരിചയമില്ലാത്തതിനാല്‍ കണ്ണില്‍കാണുന്ന ബോര്‍ഡുകളെല്ലാം
അരിച്ചുപെറുക്കി വായിച്ചാണ് ഷഷിയുടെ യാത്ര.
വണ്ടി വെള്ളരിക്കാത്തടത്തെത്തിയപ്പോള്‍ ഒരു ബേക്കറിയുടെ ബോര്‍ഡില്‍
എഴുതിവെച്ചിരുന്ന സ്ഥലനാമം ഷഷി ഉറക്കെ വായിച്ചു.....
അതുകേട്ടതും തൊട്ടടുത്ത് മുതിര്‍ന്ന പൗരന്മാരുടെ സീറ്റിലിരുന്ന്
ഉറങ്ങുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് ഞെട്ടിയുണര്‍ന്ന് ചാടിയെണീറ്റ് രണ്ടുകൈകൊണ്ടും ഷഷിയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറയുകയാണ് : മതി... അതുതന്നെ മതി. താങ്ക് യൂ.താങ്ക് യൂ വെരി മച്ച്. ദയവായി ഇപ്പൊപ്പറഞ്ഞത്  ഒന്നുകൂടെ പറയൂ.

കാര്യമൊന്നും മനസ്സിലായില്ലെങ്കിലും വെണ്ടക്കാ അക്ഷരത്തില്‍ വെള്ളരിക്കാത്തടം എന്നെഴുതിയ ആ ബോര്‍ഡ് നോക്കി ഷഷി ഒന്നുകൂടി വായിച്ചു;
വെ ള്ള ക്കാ രി ത്തടം !!!

Tuesday, January 27, 2015

ബ്രാഹ്മണശാപം

-ബിആര്‍, ഈ ബ്രാഹ്മണശാപം ബ്രാഹ്മണശാപം എന്നു കേട്ടിട്ടുണ്ടോ?
-കേട്ടിട്ടുണ്ട്
-അതില് വിശ്വാസണ്ടോ?
-ഇല്ല്യാ. കണ്ണന് വിശ്വാസണ്ടോ?
-എനിക്കും പണ്ട് വിശ്വാസല്ല്യായിരുന്നു. പക്ഷേ ഇപ്പൊ വിശ്വസിക്കാണ്ടിരിക്കാന്‍ പറ്റണ്  ല്ല്യ
-അതെന്തേ
-ഉദാഹരണം കണ്ണിനുമുമ്പിലങ്ങനെ മുഴുവനോടെ നില്‍ക്കുമ്പൊ എങ്ങനെ
 വിശ്വസിക്കാണ്ടിരിക്കും?
-ഒന്നു തെളിച്ചുപറ കണ്ണാ
-ബിആര്‍ ഞങ്ങടെ വാറുണ്ണ്യേട്ടനെ അറിയ്യോ?
-ഇല്ല
-എന്നാല്‍ അങ്ങനെയൊരാളുണ്ട്. അടാട്ടുകാരനാണ്. ച്ചാല്‍ എന്റേം എന്‍ബീടേം നാട്ടുകാരന്‍
-ആ ഒരു ദോഷമേ പുള്ളിയെപ്പറ്റി പറയാനുള്ളൂ എന്നര്‍ത്ഥം അല്ലേ
-അങ്ങനെയല്ല. പാവമാണെങ്കിലും ആളൊരു പണക്കാരനായിരുന്നു
-അപ്പറഞ്ഞത് മനസ്സിലായില്ല
-പത്തരപ്പവന്റെ സ്വര്‍ണ്ണമാലയും പത്തുവിരലിലും സ്വര്‍ണ്ണമോതിരവും ഇട്ടോണ്ടുനടന്ന ആളാണ്.  പക്ഷേ ഇപ്പൊ കുത്തുപാളയെടുത്തോണ്ടു നടപ്പാണ്, അമ്മാ വല്ലതും തരണേന്നും പറഞ്ഞ്
-അതെങ്ങനെ സംഭവിച്ചു?
-ബ്രാഹ്മണശാപം തന്നെ. അല്ലാണ്ടെന്താ
-അത് കണ്ണനെങ്ങനെ മനസ്സിലായി?
        ഫ്‌ളാഷ് ബാക്ക് മോഡില്‍ കണ്ണന്‍ പറഞ്ഞു:
കുറച്ചുനാള്‍ മുമ്പാണ്.
കുന്നംകുളം ടൗണ്‍ ഹാളില്‍ ഒരു കല്യാണം.  ഏതു വകയിലാണെന്നറിയില്ല, എന്‍ബിക്കും കിട്ടിഒരു കല്യാണക്കുറി. കല്യാണം ഒരു നസ്രാണിയുടെയാണെന്നതും അതും  നാട്ടില്‍നിന്നും വളരെദൂരെയാണെന്നതും എന്‍ബിയെ അത്യന്തം ആവേശഭരിതനാക്കി. പതിവുപോലെ സദ്യയുടെ
മുഹൂര്‍ത്തമായപ്പോള്‍ എവിടെനിന്നോ എന്‍ബി പറന്നെത്തി. ഫുഡ് കൗണ്ടറിലേക്ക്
എത്തിനോക്കിയ എന്‍ബി ശെരിക്കും കോള്‍മയിര്‍ കൊണ്ടുപോയി. ആട്, മാട്, പോര്‍ക്ക് ,
കൊറ്റി, കോഴി, താറാവ്, കരിമീന്‍, ഞണ്ട്, തവള തുടങ്ങി അനിമല്‍ പ്ലാനറ്റ് ചാനലിലെ
സകലമാന ജന്തുവര്‍ഗ്ഗങ്ങളും മേശപ്പുറത്തുണ്ട്. ബുഫെ പരിപാടിയല്ല. കുറച്ചുപേര്‍ക്കുകൂടി
ഒരു മേശക്കുചുറ്റുമിരുന്ന് കാര്യങ്ങള്‍ തീരുമാനിക്കാം. എല്ലാവര്‍ക്കും അവനോന്റെഇഷ്ടം പോലെ
വിഭവങ്ങള്‍  കൊണ്ടുകൊടുക്കപ്പെടും. എന്‍ബീടെ വായില്‍ വെള്ളമൂറി. കുറേ നാളായി എല്ലാം കൂടി ഒരു പിടി പിടിച്ചിട്ട്. വീട്ടില്‍ ഇതൊന്നും കിട്ടില്ലല്ലൊ. നാട്ടുകാര്‌ടെ മുമ്പില്‍ വെച്ച്
ഇതൊന്നും കഴിക്കാനും പറ്റില്ലല്ലൊ.  കൈ കഴുകാന്‍ പോലും മെനക്കെടാതെ എന്‍ബി നേരെ
പോയി ഒരു മേശക്കു ചുറ്റുമിരുന്നു. സ്വിച്ചിട്ടപോലെ അരനിമിഷത്തിനകം മേശപ്പുറം
ജന്തുജാലങ്ങളെക്കൊണ്ടു നിറഞ്ഞു. എന്‍ബി  ഇടംവലം നോക്കി. ആരും പരിചയക്കാരില്ല !
തിരുമേനി കൈകള്‍ രണ്ടും കൂട്ടിത്തിരുമ്മി നേരെ മുന്നിലെ പ്ലേറ്റിലിരുന്ന ബോണ്‍ലെസ്
ചിക്കനില്‍ പിടിയിടാന്‍ തുടങ്ങുകയായിരുന്നു. അന്നേരമാണ് ഒരാള്‍ ഫുഡ് കൗണ്ടറിനുപിന്നില്‍ നിന്ന് എന്‍ബിയെ ചൂണ്ടിക്കാണിച്ച് സപ്ലെയേഴ്‌സിനോട് ഇങ്ങനെ വിളിച്ചുകൂവുന്നത്:
''അതേയ്, പിള്ളേരേ, ആ ഇരിക്കണ സാറിന് കോഴീം പോത്തും ഒന്നും വെളമ്പല്ലേട്ടോ.
അപ്രത്ത്ന്ന് കൊറച്ച് സാമ്പാറും പുളിശ്ശേരീം എടുത്ത് കൊടുത്താമതി. സാറ്  ശുദ്ധ
ബ്രാ ഹ്മ ണനാണ് ''
കാറ്ററര്‍-ഇന്‍-ചാര്‍ജ് വാറുണ്ണ്യേട്ടന്റെ ശബ്ദമായിരുന്നു അത് !!!

Sunday, January 18, 2015

വെറുതെ ഒരു സംശയം

-കണ്ണാ, ഞാനൊരു സംശയം ചോദിച്ചാല്‍ തെറ്റിദ്ധരിക്കരുത്.
-അതെന്താ ബിആര്‍ അങ്ങനെ പറയണത്? ടാന്റെക്‌സ് ബനിയന്‍, ഹാഫ് ഷര്‍ട്ട്,
ഫുള്‍ പേന്റ്, ത്രീഫോര്‍ത്ത്, ബെര്‍മൂഡ തുടങ്ങി എല്ലാ സാധനങ്ങളും ഞാന്‍
ശെരിയായി തന്നെയാണ് ധരിക്കാറ്്.
-അത് നന്നായി. പക്ഷേ എന്റെ സംശയം അതല്ല. നമ്മുടെ സ്റ്റോറിലെ
സെയില്‍സിനെപ്പറ്റിയാണ്.
-എന്ത്? സെയില്‍സിനെപ്പറ്റിയോ?
-അതെ
-എന്താണ് ബിആര്‍ സംശയാസ്പദമായി അവിടെ കണ്ടത്?
-സ്റ്റോറിലെ അക്കൗണ്ട്‌സ് പരിശോധിച്ചപ്പൊ 12-01-2015 മുതല്‍ ചില ഐറ്റംസിന്റെ സെയില്‍സില്‍ അഭൂതപൂര്‍വവും അത്ഭുതാവഹവുമായ വദ്ധന കാണുന്നു.
അതില്‍ എന്തോ ദുരൂഹതയില്ലേ?
-അങ്ങനെയുണ്ടായോ? ഏതൊക്കെ ഐറ്റംസിന്റെ വില്പനയിലാണ്
വര്‍ദ്ധനയുണ്ടായത്?
-കണ്മഷി, ചാന്ത്, ഐ ലൈനര്‍, ലിപ് സ്റ്റിക്ക്, നെയില്‍ പോളിഷ്, ഫെയര്‍ ആന്‍ഡ് ലവ്‌ലി, ധാത്രി ഫെയ്‌സ് പാക്ക്, കുങ്കുമാദി ലേപ്, ഗോദ് റേജാദി ഹെയര്‍ ഡൈ,
ഗോരോചനാദി ഗുളിക മുതലാവയുടെയാണ്.
-ജനുവരി 12 മുതല്‍ അല്ലേ?
-യെസ്
-അതേയ്, 50 ഈസ് ദ ന്യൂ 17 എഴുതിയ ബിആര്‍ ഇങ്ങനെയൊരു സംശയം
ഉന്നയിക്കാനേ പാടില്ലായിരുന്നു.
-വൈ? ക്യോം? എന്തുകൊണ്ട്?
-എന്റെ ബിആറേ, അന്നുമുതലല്ലേ ആപ്പീസില്‍ ക്യാമറ വെച്ചത്? !!!