rajasooyam

Friday, August 8, 2014

പ്രചോദനം

പുരസ്‌കാരങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമേകുമെന്ന് പുരസ്‌കാരജേതാക്കള്‍
സാധാരണ പറയാറുണ്ടല്ലൊ.
അത് വെറും ഭംഗിവാക്ക് പറച്ചിലാണെന്നാണ് ബിആര്‍ കരുതിയിരുന്നത്.
പക്ഷേ അങ്ങനെയല്ല.
റിക്രിയേഷന്‍ ക്ലബ്ബ് നടത്തിയ ലോകകപ്പ് പ്രവചനമത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ
ആനന്ദന്‍ ഇപ്പോള്‍ കൃത്യമായി കേരള ലോട്ടറിയെടുക്കുന്നുണ്ട്.....

Monday, June 23, 2014

നാമംഗലത്തെ കോളിഫ്‌ളവറുകള്‍

മാര്‍ച്ച് മാസം ആദ്യവാരമാണ് എന്‍ബി പരമേശ്വരന്‍ തിരുമേനീടെ കോളിഫ്‌ളവര്‍ കൃഷീടെ
വിളവെടുപ്പു നടന്നത്.
പിറ്റേന്ന് രണ്ട് ചാക്ക് നിറയെ കോളിപ്പൂക്കളുമായിട്ടാണ് എന്‍ബി
ആപ്പീസില്‍ വന്നത്.

വിള വാങ്ങാന്‍ സഖാക്കളുടെ നീണ്ട നിരയായിരുന്നു അസോസിയേഷന്‍ ഹാളില്‍.
ഹരിദാസസൂമാരാദി തിരുമേനിമാര്‍, അസ്സന്‍ മജീദാദി മാപ്പിളമാര്‍, ശ്രീകുമാര്‍, ഹരി, സിആര്‍ബി, കൃഷ്‌ണേട്ടന്‍, ചുരിദാറിട്ട രാജേന്ദ്രന്‍ മുതലായ നേതാക്കന്മാര്‍, ബാലു, വത്സന്‍, നന്ദന്‍, ഏപ്പി, വേണു, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍, ആന്റോ, സിപ്രന്‍, കണ്ണന്‍, ബിആര്‍,
പി എല്‍ ജോയ്, സദാന്ദന്‍, സാദാ ആനന്ദന്‍ മുതലായ അണികള്‍- എല്ലാവരുമുണ്ടായിരുന്നു ക്യൂവില്‍.
പണ്ടെങ്ങാണ്ട് ചൂടപ്പം വിറ്റുപോയതുപോലെയാണ് എന്‍ബീടെ ചാക്ക് രണ്ടും കാലിയായത്.
ദൗര്‍ഭാഗ്യവശാല്‍ വരാന്‍ താമസിച്ചുപോയതുകൊണ്ട് ഐന്തോള്‍ രാശനുമാത്രം എന്‍ബീടെ
ഫ്‌ളവറ് കിട്ടിയില്ല.

പിറ്റേന്ന് സ്വാഭാവികമായും നാമംഗലത്തെ കോളിഫ്‌ളവറിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളില്‍ ചര്‍ച്ച.
എന്‍ബിയെ അഭിനന്ദിക്കാനും കൈ പിടിച്ചുകുലുക്കാനും സഖാക്കള്‍ പരസ്പരം
മത്സരിക്കയായിരുന്നു.
അസാദ്ധ്യ ടേയ്സ്റ്റ്- അതല്ലാതെ എന്‍ബീടെ ഫ്‌ളവറിനെപ്പറ്റി ആര്‍ക്കും ഒന്നും
പറയാനുണ്ടായിരുന്നില്ല.
തലേന്ന് വൈകീട്ട് ഉപ്പേരിവെച്ചുകഴിച്ച കോളിഫ്‌ളവറിന്റെ രുചി പിറ്റേന്ന് ഉച്ചയായിട്ടും
പലരുടേയും നാവില്‍നിന്ന് വിട്ടുപോയിട്ടില്ലത്രേ!
അതിനെ വെറും രുചി എന്നല്ല, വരരുചി എന്നുതന്നെ പറയണമെന്നാണ് സിപ്രന്‍
അഭിപ്രായപ്പെട്ടത്.
സഖാക്കളുടെ ഈദൃശ അഭിപ്രായങ്ങള്‍ കേട്ടുകൊണ്ടിരുന്നപ്പോള്‍ ഐന്തോള്‍ രാശന് ഒരു
സംശയം: ഇവരീപ്പറയുന്നതൊക്കെ നേരാണോ? കോളിഫ്‌ളവറ് താന്‍ കാണാത്തതല്ലല്ലൊ.
ഒരുതരം ചക്കച്ചവുണീടെ രുചിയല്ലേ അതിന്?
പക്ഷേ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് ആരാനും പറഞ്ഞാലോന്ന് വിചാരിച്ച് രാശന്‍ ഒന്നും പറഞ്ഞില്ല.
വീട്ടില്‍ ചെന്നിട്ടും നേരമിരുട്ടിയിട്ടും രാശന് അതുതന്നെയായിരുന്നു ചിന്ത.
എന്തായിരിക്കും എന്‍ബീടെ കോളിഫ്‌ളവറിനുമാത്രം ഇത്രക്ക് രുചി വരാന്‍ കാരണം?
ഊണിലും ഉറക്കത്തിലും രാശന്‍ മറ്റൊന്നും ചിന്തിച്ചില്ല.
ഇരിക്കപ്പൊറുതീന്ന് പറയണ സാധനം ഇല്ല്യാണ്ടായീന്ന് ചുരുക്കം.

പിറ്റേന്ന് ശനിയാഴ്ചയായിരുന്നു.
സമയം കൃത്യം എട്ടെട്ടര ഒമ്പതായിക്കാണും.
രാശന്‍ ഫൗണ്ട് ഹിംസെല്‍ഫ് അറ്റ് ദ ഗെയ്റ്റ് ഓഫ് നാമംഗലം മന !
പടിയും പടിപ്പുരയും കടന്ന് രാശന്‍ ചെല്ലുമ്പോള്‍ ഉമ്മറക്കോലായയില്‍ ഒരു
ചാരുശീലക്കസേരയില്‍ കുന്തിച്ചിരുന്ന് നാലും കൂട്ടി മുറുക്കുകയായിരുന്നു എന്‍ബി.
തിരുവാ നിറച്ചും താംബൂലമിശ്രിതമുണ്ട്.
തെല്ലൊരകലമിട്ടുനിന്ന് രാശന്‍ മുരടനക്കി. എന്‍ബി തിരിഞ്ഞുനോക്കി.
-ങ! രാശനോ?
-റാന്‍
-എന്താ വന്നത്? ഇരിക്ക.
രാശന്‍ എന്‍ബീടെ മൗത്തിലേക്ക് ആംഗ്യം കാണിച്ചു. കാര്യം മനസ്സിലാക്കിയ എന്‍ബി
ചാരുശീലക്കസേരയുടെ ചോട്ടില്‍ വെച്ചിരുന്ന തുപ്പല്‍ക്കോളാമ്പിയെടുത്ത് അതിലേക്ക്
തിരുവായൊഴിഞ്ഞു. പിന്നെ മൊഴിഞ്ഞു:
-ഇനി ഇരിക്ക
-ഇരിക്കണംന്ന്ല്ല്യ. ഞാന്‍ ഒരു കാര്യമറിയാന്‍ വന്നതാണ്. അതറിഞ്ഞാലുടന്‍ സ്ഥലം വിട്ടോളാം.
-എന്താ കാര്യം?
-സാധാരണ കോളിഫ്‌ളവറിന് ഒരു തരം വൃത്തികെട്ട ചുവയാണല്ലൊ. പക്ഷേ എന്‍ബീടെ
ഫ്‌ളവറിന് അസാദ്ധ്യ രുചിയാണെന്ന് എല്ലാവരും പറയുന്നു. എനിക്കാണെങ്കില്‍ അതൊന്നു
രുചിച്ചുനോക്കാനും പറ്റീല്ല്യ.
-അയ്യോ രാശാ, ഇവ്‌ടെ ഒന്നും ബാക്കീല്ല്യാലൊ.
-ഇല്ല്യാ, വേണംന്ന്ല്ല്യാ. എനിക്ക് ആ രുചീടെ ഗുട്ടന്‍സ് ഒന്ന് അറിഞ്ഞാ മതി. ആ രുചി കിട്ടാന്‍      വേണ്ടി തിരുമേനി പ്രത്യേകിച്ച് എന്താണ് ചെയ്യാറുള്ളത്?
    ഇത്രയും സംഭാഷണം കഴിഞ്ഞപ്പോഴേക്കും തിരുമേനീടെ വായില്‍ താംബൂലമിശ്രിതം
വീണ്ടും ഫുള്‍ടാങ്കായി. ഓവര്‍ഫ്‌ളോ ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ച് ഇടതുകൈകൊണ്ട്
ചാരുശീലക്കസേരക്കടിയിലെ തുപ്പല്‍ക്കോളാമ്പി തപ്പിയെടുത്ത് അതിലേക്ക് ഒരിക്കല്‍ കൂടി
തിരുവായൊഴിഞ്ഞ് തിരുമേനി പറഞ്ഞു:
അങ്ങനെ പ്രത്യേകിച്ചൊന്നൂല്ല്യ. ഫ്‌ളവറ് ഒരുവിധം മൂപ്പാവുമ്പൊ ഈ കോളാമ്പീല്
ഒരു ബ്രഷ് മുക്കി ഇത്തിരീശ്ശെ അങ്ങട്് തെളിച്ചുകൊടുക്കും !!!

Tuesday, May 13, 2014

വ്യത്യസ്തന്‍

സിനിമാപാട്ടില്‍ പറഞ്ഞതുപോലെയാണ് എന്‍ബീടെ കാര്യം.
വ്യത്യസ്തനാമൊരു തിരുമേനിയെന്‍ബിയേ....
സത്യത്തിലാരും തിരിച്ചറിഞ്ഞീലാ.....
    എങ്ങനെ തിരിച്ചറിയാനാണ്? അതുപോലല്ലേ പുള്ളിക്കാരന്റെ ഓരോരോ കാട്ടായങ്ങളും
വര്‍ത്താനങ്ങളും.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ്:
പ്ലസ് ടു പരീക്ഷയുടെ റിസല്‍ട്ട് വന്നപ്പോള്‍ എന്‍ബീപുത്രി ഹരിപ്രിയക്ക് എല്ലാ വിഷയത്തിലും നൂറില്‍ നൂറ്് മാര്‍ക്ക്!
അത്യന്തം അത്ഭുതകരവും ആഹ്ലാദകരവുമായ ഈ വാര്‍ത്ത കേട്ടതും എന്‍ബിയെ
അഭിനന്ദിക്കാന്‍ വേണ്ടി സഖാക്കളായ സഖാക്കളെല്ലാം തിക്കിത്തിരക്കിയെത്തി.
പക്ഷേ അച്ഛന്‍ തിരുമേനിക്കുണ്ടോ അങ്ങനെ വല്ല വികാരവും!
തനി ഒരു വികാരിയച്ചന്‍ !
തികച്ചും നിര്‍മ്മമനായി ഇഹലോകവുമായി ഒരു വഹ ബന്ധവുമില്ലെന്ന മട്ടില്‍
കുന്തിച്ചിരിപ്പാണ് എന്‍ബി.
ഒടുവില്‍ സഹി കെട്ടപ്പോള്‍ ക്ഷിപ്രകോപിയായ സിപ്രന്‍ ചോദിച്ചു;
അല്ലാ, ഞാന്‍ അറിയാന്‍ പാട്ല്ല്യാണ്ട് ചോദിക്ക്യാ, മോള്‍ടെ ഈ ഉന്നത വിജയത്തെപ്പറ്റി തിരുമേനിക്ക് ഒന്നും പറയാനില്ലേ?
അന്നേരം വായിലെ താമ്പൂലമിശ്രിതം കൈവിരലുകള്‍ക്കിടയിലൂടെ ദൂരേക്ക് ചീറ്റിച്ചുവിട്ട് എന്‍ബി
പറയുകയാണ്:
എന്ത് പറയാന്‍? അതൊന്നും അത്ര വെല്ല്യ കാര്യല്ലെടോ.... ന്നാലും ഒരു ചെറിയ
അഭിപ്രായം ഇല്ലാതില്ല.
-ചെറുതെങ്കില്‍ ചെറുത്. അതെന്താണെന്ന് പറയ്
-ച്ചാല്‍ അവള് ഒന്നൂടെ ശ്രമിച്ചിരുന്നെങ്കില്....

Friday, April 25, 2014

'S'കത്തി

കല്ലൂരിവാസലിലേ, ച്ചാല്‍, കോളേജില്‍ പഠിക്കുമ്പോഴേ ഒരു മിണ്ടാപ്രാണിയായിരുന്നു
ശ്രീബാല.എം.നായര്‍.
സ്വയം ഇനീഷ്യേറ്റീവെടുത്ത് പുള്ളിക്കാരി ആരോടെങ്കിലും എന്തെങ്കിലും സംസാരിച്ച
ചരിത്രമില്ല.
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ ഒന്ന് ഒന്നര എറിയാല്‍ രണ്ട് വാക്കില്‍ ഉത്തരം പറയും. അത്രമാത്രം.
പിന്നീട് പ്രശസ്തമായ സര്‍ക്കാരാപ്പീസില്‍ ജോലി കിട്ടി വര്‍ഷങ്ങള്‍ കടന്നുപോയിട്ടും
തല്‍സ്ഥിതിയില്‍ മാറ്റമൊന്നുമുണ്ടായില്ല.

ശ്രീബാലയൊന്നു മിണ്ടിക്കിട്ടാന്‍ വേണ്ടി വീട്ടുകാര്‍ നേരാത്ത നേര്‍ച്ചകളില്ല. പോകാത്ത
ക്ഷേത്രങ്ങളില്ല,
ചോറ്റാനിക്കരയില്‍ കുങ്കുമഗുരുതി, കാടാമ്പുഴയില്‍ മുട്ടറുക്കല്‍, വടക്കുന്നാഥനില്‍
എണ്ണയാട്ടം, ആറാട്ടുപുഴയില്‍ അടക്കൂട്ട്, തിരുവഞ്ചിക്കുളത്ത് ക്ഷീരധാര,
തിരുവില്വാമലയില്‍ വടമാല, കടവല്ലൂരില്‍ കളഭച്ചാര്‍ത്ത്, കൊടുങ്ങല്ലൂരില്‍ കോഴിവെട്ട്,
ഇരിങ്ങാലക്കുടയില്‍ ഇട്‌ളിവട, നെല്ലുവായില്‍ പാല്‍പായസം, ആനവായില്‍ അമ്പഴങ്ങ-
ഇവയൊക്കെ ആ നേര്‍ച്ചകളില്‍ ചിലതുമാത്രം.
പക്ഷേ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു....

അങ്ങനെയിരിക്കെയാണ് ഒരു പാറമേക്കാവ് സുപ്രഭാതത്തില്‍ ശ്രീബാലയുടെ
സെക് ഷനില്‍ മിനിയെ പോസ്റ്റ് ചെയ്യുന്നത്.

കേവലം ഒരാഴ്ച കഴിഞ്ഞതേയുള്ളൂ. ശ്രീബാല ചറപറാന്ന് വര്‍ത്തമാനം പറയാനും
കണ്ണില്‍ കാണുന്നവരെയൊക്കെ കത്തിവെക്കാനും തുടങ്ങി !!!

Wednesday, February 5, 2014

കണ്ണനും കിണ്ണനും (എപ്പിസോഡ് 1)

കേരളത്തില്‍ എല്‍ഡിഎഫ് തൂത്തുവാരും എന്നതിന്റെ സൂചനയാണ് കോസ്റ്റാറിക്കയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലമെന്ന് വിഎസ് (വി. ശ്രീകുമാര്‍) പറഞ്ഞെന്നും എംഡി കൃഷ്‌ണേട്ടന്‍ അതുകേട്ട് തലയാട്ടി ശെരിവെച്ചെന്നും കണ്ണന്‍ !

-കണ്ണന്‍ പറഞ്ഞത് ശെരിയാണോ കൃഷ്‌ണേട്ടാ?
-ഏയ്. വിഎസ്  സഖാവ്  പറഞ്ഞതിനോട് പൂര്‍ണ്ണമായി യോജിക്കാന്‍ എനിക്ക്
 കഴിയില്ല. കോസ്റ്റാറിക്കയെ കേരളവുമായി ഒരിക്കലും കമ്പെയര്‍ ചെയ്യാന്‍ പറ്റില്ല.
 രണ്ടിടത്തേയും സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങള്‍ തുലോം വ്യത്യസ്തമാണ്.
-തുലോം?
-യെസ്, തുലോം. നേരേമറിച്ച് ലാറ്റിനമേരിക്കന്‍ കണ്‍ട്രീസാണെങ്കില്‍ ഓ കെ.
-അപ്പോള്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയതില്‍ ശ്രീകുമാറിന് തെറ്റുപറ്റിയെന്നാണോ?
-എന്നു വേണം കരുതാന്‍
-എന്തായിരിക്കാം അങ്ങനെ തെറ്റുപറ്റാന്‍ കാരണം?
-സ്റ്റഡി ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്യാത്തേന്റെ കൊഴപ്പാണ്
-അപ്പൊപ്പിന്നെ കൃഷ്‌ണേട്ടന്‍ തലയാട്ടി എന്നുപറഞ്ഞതോ?
-അത് അന്നേരം ചെവിയില്‍ ഒരു ചെറിയ പ്രാണി കേറ്യപ്പൊ ചെയ്തുപോയതാണ് !!!


Monday, February 3, 2014

ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ്

ലോങ്ങ്‌ലീവ് കഴിഞ്ഞ് തിരിച്ചെത്തിയ രവിയെ ബിആര്‍ കാണുന്നത് ഏതാണ്ട് ഒരു
പതിനൊന്നുമണിയോടടുപ്പിച്ചാണ്.
കണ്ടപ്പോള്‍ തന്നെ പുള്ളിക്കാരന് എന്തോ പന്തികേടുള്ളതായി തോന്നി ബിആറിന്.
കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. പിന്നെ സംസാരത്തില്‍ മുഴുവന്‍ ഒരുതരം 'ഴ'കാരം!
ഇതെന്തുപറ്റി രവീ? ബിആര്‍ ചോദിച്ചു
മറുപടി ഒരു പൊട്ടിക്കരച്ചിലായിരുന്നു!
കരച്ചിലിനൊടുവില്‍ രവി പറഞ്ഞു:
-എന്നാലും ആ ഉണ്ണിക്കൃഷ്ണന്‍ എന്നോടിതു ചെയ്തല്ലോ സാറേ. അതും കൈയില്‍
 കാലണയില്ലാത്ത നേരത്ത്..
-ഏത് ഉണ്ണിക്കൃഷ്ണന്റെ കാര്യമാണ് രവി പറയണത്?
-ഓയീലെ ഉണ്ണിക്കൃഷ്ണന്‍
-യു മീന്‍ ലീവുണ്ണി?
-അതന്നെ
-ലീവുണ്ണി രവിയെ എന്തുചെയ്‌തെന്നാണ്?
-ഒരു മാസത്തെ കമ്മ്യൂട്ടഡ് ലീവിനുശേഷം  ഇന്ന് ജോയിന്‍ ചെയ്യാന്‍ വന്നതാണ് ഞാന്‍.
 ജോയിനിങ്ങ് റിപ്പോര്‍ട്ടെഴുതിക്കൊടുത്താപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്
 അതോടൊപ്പം ഒരു ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റും കൂടി കൊടുക്കണമെന്ന്!
 ഇത് എവിടത്തെ  ന്യായമാണ് സാര്‍? ഏതാണ്ട് ഒരു മണിക്കൂറോളം ഞാന്‍
 തര്‍ക്കിച്ചുനോക്കി.  പുള്ളിക്കാരന്‍ കടുകിട വിടാനുള്ള ഭാവമില്ല.
 ഒടുവില്‍ സൊസൈറ്റീലെ എസ് ബി അക്കൗണ്ടിന്റെ  അടിയില്‍ 
 ബാക്കിയുണ്ടായിരുന്നത്  തപ്പിപ്പെറുക്കിയെടുത്ത്  പുറത്തുപോയിട്ട്  വരികയാണ്
 ഞാന്‍...
-എന്തിനാണ് പുറത്തുപോയത്?
-ഫിറ്റ്‌നെസ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍
-എന്നിട്ട് കിട്ടിയോ?
-ഉവ്വ
-ഇത്ര വേഗം ഇതെവിടെന്ന് സംഘടിപ്പിച്ചു?
-ഡയമണ്ട് പാലസിലെ മാനേജര്‍ടടുത്ത്ന്ന്...
-ഡയമണ്ട് പാലസോ? അത് ആ ബാര്‍ ഹോട്ടലല്ലേ?
-അതെ സാര്‍. അവിടെച്ചെന്നാണ് ഞാന്‍ ഫിറ്റായത് !!!

Sunday, January 12, 2014

ഡിപ്രീസിയേഷന്‍

-നോക്കൂ സര്‍, ഈ കാറ് കണ്ടോ?  2005 മോഡല്‍ സ്വിഫ്റ്റാണ്. വെറും 3 ലക്ഷമാണ്
 ഞങ്ങള്‍ ഇതിന് വിലയിട്ടിരിക്കുന്നത്.
-ഇത്രയും പഴയ കാറിന് 3 ലക്ഷം രൂപയോ? ദാറ്റ്‌സ് ടൂ മച്ച്.
-ഒരിക്കലുമല്ല സര്‍. സാര്‍ ഇതിന്റെ ഓഡോമീറ്ററിലേക്കൊന്നു നോക്കണം. വെറും 8025
 കിലോമീറ്ററാണ് ഇത് ഓടിയിരിക്കുന്നത്. ദാറ്റ് മീന്‍സ് കാര്യമായ വെയര്‍ ആന്‍ഡ്
 റ്റെയറില്ല. അതുകൊണ്ടാണ് സര്‍ ഇത്ര വില വരുന്നത്.
-സോറി. ഐ ഡോണ്ട് വാണ്ട് റ്റു പര്‍ച്ചെയ്‌സ് വണ്‍ അറ്റ് ദ മൊമെന്റ്. പിന്നീടാവാം.
-എങ്കില്‍ പിന്നെ വേറെ ഏതെങ്കിലും ഐറ്റം എടുക്കണം സര്‍.
 ഗ്‌ളോബല്‍ സെക്കന്‍ഡ്‌സില്‍ വന്നിട്ട് എന്തെങ്കിലും വാങ്ങാതെ പോകുന്നത് ഞങ്ങള്‍ക്ക് 
 ഷെയ്മാണ് സര്‍.
-വേറെ എന്തെടുക്കാനാണ്.
-യൂ നെയ്മിറ്റ്, വി ഹേവിറ്റ്. അതാണ് സര്‍ ഗ്‌ളോബല്‍ സെക്കന്‍ഡ്‌സിന്റെ പ്രത്യേകത.
 സൂര്യനു കീഴെയുള്ള എന്തിന്റേയും സെക്കന്‍ഡ്‌സ് ഇവിടെ കിട്ടും സര്‍.
 സാറിന് ബ്രെയിന്‍ വേണോ?
-ബ്രെയിനോ!?
-യാ യാ. ഹ്യൂമന്‍ ബ്രെയിന്‍. ബ്രെയിനുകളുടെ വമ്പിച്ച ഒരു ശ്രേണി തന്നെയുണ്ട് സര്‍ 
 ഞങ്ങളുടെ ഷോറൂമില്‍. സര്‍ക്കാരുദ്യോഗസ്ഥന്മാരായിരുന്നവരുടെ ബ്രെയിനുകളാണ് ഈ നിര മുഴുവന്‍.
 സാറിന് ഏതാണ് വേണ്ടത്? ദാ, ഇത് മതിയോ? 35 വര്‍ഷത്തെ
 സര്‍വീസിനുശേഷം റിട്ടയര്‍ ചെയ്ത ബിആര്‍ എന്നയാളുടെ
 ബ്രെയ്‌നാണിത്. വെറും 56000 രൂപയേയുള്ളു വില.
-സെക്കന്‍ഡ് ഹാന്‍ഡിന് ഇത്ര വിലയോ? അപ്പോള്‍ എന്തായിരുന്നു ഇതിന്റെ ഒറിജിനല്‍ വില?
-സിക്സ്റ്റി തൗസന്‍ഡ് സര്‍.
-അതാണെനിക്ക് മനസ്സിലാകാത്തത്. മുപ്പത്തഞ്ച് കൊല്ലത്തെ ഡിപ്രീസിയേഷന്‍ വെറും
 4000 രൂപയോ?
-അത് പിന്നെ അത്രയേ വരൂ സര്‍. തേയ്മാനത്തിനനുസരിച്ചാണല്ലോ ഡിപ്രീസിയേഷന്‍ വാല്യു
 കണക്കാക്കുന്നത്.
-മനസ്സിലായില്ല
-35 കൊല്ലത്തിനിടയില്‍ ഇത് ഒരിക്കല്‍ പൊലും ഉപയോഗിച്ചിട്ടില്ല സര്‍ !!!