rajasooyam

Sunday, February 2, 2025

 

Waste !

 

ഈ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്.

ഉച്ച സമയം.

waste എടുക്കാൻ വരുന്ന ഹരിതസേന SNRA116 ന്റെ പടി കടന്നുവന്ന് വിളിച്ചുചോദിക്കുന്നു:

"ചേച്ച്യേയ്, waste ണ്ടോ?"

അടുക്കളയിൽ നിന്ന് ചേച്ചി വിളിച്ചുപറയുന്നു:

"ഉണ്ടല്ലോ. ഉമ്മറത്ത് ചാരുകസേരയിൽ വെച്ചിട്ടുണ്ട്. കൊണ്ടുപോയ്ക്കോളൂ."

ഹരിതസേന ചുറ്റും നോക്കി. അവിടെങ്ങും waste ന്‍റെ  ചാക്കോ കവറോ സഞ്ചിയോ ഒന്നും അവർ കണ്ടില്ല.

അവർ വീണ്ടും വിളിച്ചുപറഞ്ഞു:

"കസേരയിൽ കാണാനില്ലല്ലോ ചേച്ചീ. അതിൽ ചേട്ടൻ ഇരിപ്പുണ്ട്"

അന്നേരം ചേച്ചി പറയുകയാണ്:

"അതന്നെ waste!!!

Thursday, December 12, 2024

 

ഉല്‍സവ വാരം

-ഹലോ, നന്ദന്‍ സാറല്ലേ?

-അതേലോ. ആരാണ്‌?

-അത് പിന്നെ പറയാം സാര്‍. അതിനുമുമ്പ് സാറിനോടൊരു കാര്യം ചോദിക്കട്ടെ

-എന്താണ്‌?

-സാറ് തിരുവനന്തപുരത്ത് ഫിലിം ഫെസ്റ്റിവലിന്‌ പോണ്‌ണ്ടോ?

-ഉവ്വാ

-ആരാണ്‌ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യുന്നത്?

-മുഖ്യമന്ത്രിയാണ്‌

-ഉദ്ഘാടനചിത്രം ഏതാണെന്നറിയാമോ?

-ഐ ആം സ്റ്റില്‍ ഹ്യര്‍

-ആരാണ്‌ അതിന്‍റെ സംവിധായകന്‍?

-വാള്‍ട്ടര്‍ സാലസ്

-ആരുടെയൊക്കെ റിട്രോസ്പെക്റ്റീവ് ഉണ്ട്?

-ഹോങ് സാങ് സൂ, ശബാന ആസ്മി, മധു അമ്പാട്ട്

-അരവിന്ദന്‍, അടൂര്‍, സത്യജിത് റേ, ഘട്ടക്, മൃണാള്‍ സെന്‍ മുതലാവരുടെയൊന്നുമില്ലേ?

-പറഞ്ഞുകേട്ടില്ല

-പായല്‍ കപാഡിയ ഉണ്ടാവുമല്ലൊ അല്ലേ

-ഉണ്ടാവും

-ഏതൊക്കെ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റ്സ് വരുന്നുണ്ട്?

-തുര്‍ക്കി, ഇറാന്‍, ഇസ്രായേല്‍, ബൊളീവ്യ, ഉറൂഗ്വേ, യുക്രൈന്‍

-ഏതൊക്കെ സംവിധായകരുടെ സിനിമകള്‍ കാണാന്‍ പറ്റും?

-കൊപ്പോള, ഹിച്ച്കോക്ക്, അകിരാ കുറോസോവ, ഫെല്ലിനി, ബര്‍ഗ് മാന്‍, ഗൊദാര്‍ദ്, തര്‍ക്കോവ്സ്കി...

-വെരി ഗുഡ്. തര്‍ക്കോവ്സ്കിയുണ്ടെങ്കില്‍ പിന്നെ ഒന്നും നോക്കാനില്ല

-എന്താ അങ്ങനെ പറയാന്‍?

-ഏയ്, ഒന്നൂല്യ സാര്‍... അതുപോട്ടെ. എത്ര ദിവസാണ്‌ ഫെസ്റ്റിവല്‍?

-13 മുതല്‍ 20 വരെ

-അതായത് ഒരാഴ്ച അല്ലേ

-അതെ

-റ്റു ആന്‍ഡ് ഫ്രൊ യാത്ര, ഫുഡ്, അക്കൊമൊഡേഷന്‍, ടിക്കറ്റടക്കം ഈ ഒരാഴ്ചത്തേക്ക് ഏതാണ്ട് എത്ര ചെലവ് വരും?

-ഏകദേശം എണ്ണായിരം

-ഞാന്‍ അത് സാറിന് ഗൂഗ്‌ ള്‍ പേ ചെയ്താല്‍ ഒരാളെക്കൂടി കൊണ്ടുപോകാന്‍ പറ്റ്വോ?

-എന്തേ അങ്ങനെ ചോദിച്ചത്?

-ഒരാഴ്ചയെങ്കില്‍ ഒരാഴ്ച സ്വൈര്യമായി കഴിയാലോന്ന് വെച്ചിട്ടാണ്‌ സാര്‍. ദയവായി പറ്റില്ലെന്ന് പറയരുത്.

-ശരി. ആരെയാണ്‌ ഞാന്‍ കൊണ്ടുപോകേണ്ടത്?

-എന്‍റെ ഹസ്ബന്‍റിനെ

-ഹസ്ബന്‍റിന്‍റെ പേരെന്താണാവോ?

-സി ആര്‍ ബാബു !!!

Thursday, November 21, 2024

 

നാട്ടിക പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലെ

വോട്ടര്‍മാരോട് ഒരഭ്യര്‍ത്ഥന

 

കുടുംബ കലഹം, അതിര്‍ത്തിത്തര്‍ക്കം, ആചാരലംഘനം, ചാത്തന്‍ സേവ, ആശ്രിത നിയമനം, ജൂനിയര്‍ സീനിയര്‍ അനോമലി, ഇന്‍ക്രിമെന്‍റ് ബാര്‍, വസ്തുപണയം, പിള്ളേര്‍ പ്രണയം, റെജിസ്റ്റര്‍ മാരേജ്, മലകയറ്റം, വിലക്കയറ്റം, സ്ഥാനക്കയറ്റം, പുല്ലുവെട്ട്, മുള്ളുവേലി, സ്നേഹമതില്‍, കോടതി വ്യവഹാരം, തെരുവുനായ ശല്യം, വാട്ടര്‍ ബില്ല്, ഇടക്കാല ജാമ്യം, വോട്ടര്‍ പട്ടിക, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പുകയില്ലാത്ത അടുപ്പ്, കൊത്തുപൊറോട്ട, കുഴിമന്തി, കുലുക്കി സര്‍ബ്ബത്ത്, കടപ്പുറം ഫ്രഷ് ചാള ഐല ആവോലി, ജനറലാശുപത്രി, കോളേജ് അഡ്മിഷന്‍, ജോലി സ്ഥലം മാറ്റം, ഭൂമി തരം മാറ്റം, മൂന്നാം കാര്യം തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഞങ്ങള്‍ (ഏജീസ് ഓഫീസിലെ ബഹുഭൂരിപക്ഷം വരുന്ന ജീവനക്കാരും പെന്‍ഷന്‍കാരും) അഭിമുഖീകരിക്കുന്ന ഏതു പ്രശ്നത്തിനും ആശ്രയിക്കുന്നത് ഒരേ ഒരാളിനെയാണ്‌. വിളിച്ചാല്‍ വിളിപ്പുറത്തുള്ളൊരാളിനെ; വി. ശ്രീകുമാറിനെ.

ശ്രീകുമാറിനെ ദയവായി ഞങ്ങളില്‍ നിന്ന് നിങ്ങള്‍ തട്ടിയെടുക്കരുത്!

ആയതിനാല്‍ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും ശ്രീകുമാറിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥിക്ക് നല്‍കുക!!

ഞങ്ങളുടെ ശ്രീകുമാറിനെ ഞങ്ങള്‍ക്ക് വിട്ടുതരിക!!!

 

Tuesday, September 17, 2024

 

ബ്രാഹ്മണാനാം  ച കാമ്യയാ

-സൂമാരാ

-പറഞ്ഞോളൂ

-ഒരു ശങ്ക

-അതുവേണ്ട. ഞങ്ങളുടെ കുത്തകയാണത്

-ഒറ്റത്തവണ തീര്‍പ്പാക്കല്‍ മതി

-വിശ്വസിക്കാമോ?

-നൂറ്റൊന്നുവട്ടം

-എങ്കില്‍ ഷൂട്ടിറ്റ്

-സൂമാരനും എന്‍ബിയും ബ്രാഹ്മണരല്ലേ?

-ഭൂസുരര്‍ എന്നും പര്യായമുണ്ട്. ഭൂമിയിലെ ദേവന്മാര്‍

-ബ്രാഹ്മണരായ നിങ്ങള്‍ ചില സദ്യകളില്‍ പങ്കെടുക്കുമ്പോള്‍ മാംസം ഭക്ഷിക്കുന്നത് കണ്ടിട്ടുണ്ടല്ലൊ.

-അതോണ്ടെന്താ?

-അതാണെന്‍റെ ശങ്ക. ബ്രാഹ്മണര്‍ക്ക് മാംസം കഴിക്കാമോ?

-ജെനറലി പാടില്ല

-ച്ചാല്‍?

-ചില പ്രത്യേക സിറ്റ്വേഷന്‍സില്‍ ആകാം

-അതുസംബന്ധിച്ച് ഋഷിപ്രോക്തം വല്ലതും ഉണ്ടോ?

-മനുസ്മൃതിയില്‍ വകുപ്പുണ്ട്

-ഏതാ ആ സ്ലോഗന്‍?

-5.27

-ഒന്നുരയ്ക്കാമോ?

-പ്രോക്ഷിതം ഭക്ഷയേന്മാംസം/ ബ്രാഹമണാനാം ച കാമ്യയാ/ യഥാവിധി നിയുക്തസ്തു/പ്രാണാനാമേവ ചാത്യയേ

-ഒരു വഹ മനസ്സിലായില്ല

-മുഴുവന്‍ മനസ്സിലാക്കണമെന്നില്ല. ആ രണ്ടാമത്തെ വരി മാത്രം നോക്കിയാല്‍ മതി.

-എന്താണതിന്‍റെ സാരമേയം?

-ബ്രാഹമണാനാം കാമ്യയാ. ച്ചാല്‍ ബ്രാഹ്മണന്‍റെ ആഗ്രഹപ്രകാരം. ഒരാളോട് ഒരു ബ്രാഹമണന്‍ മാംസം കഴിച്ചോളൂ എന്നു പറഞ്ഞാല്‍ അയാള്‍ക്കത് കഴിക്കാം. വാ കൊണ്ട് പറയണമെന്നില്ല. കണ്ണോണ്ട് ആംഗ്യം കാണിച്ചാലും മതി. കാമ്യയാ എന്നേ പറയുന്നുള്ളൂ

-ഓക്കെ. പക്ഷേ സ്വയം ബ്രാഹ്മണരായ നിങ്ങള്‍ രണ്ടുപേരുടെ കാര്യത്തില്‍ ഇതെങ്ങനെയാണ്‌ പ്രാക്റ്റിക്കബ് ള്‍ ആകുന്നത്?

-സിമ്പ് ള്‍ മൈ ഡിയര്‍ ബീയാര്‍. ഇത്തരം സദ്യകള്‍ക്ക് ഞാനും എന്‍ ബിയും ഒരുമിച്ചാണ്‌ പോകുക. മേശപ്പുറത്ത് കോഴിയും താറാവും മറ്റും ഹാജരാവുമ്പോള്‍ ഞാന്‍ എന്‍ബിയോട് കണ്ണോണ്ട് കാണിക്കും; കഴിച്ചോളൂ പരമേശ്വരാ. അന്നേരം തിരിച്ച് എന്‍ ബി എന്നോടും കണ്ണോണ്ട് കാണിക്കും; കഴിച്ചോളൂ സൂമാരാ.

കണ്ടീഷന്‍ സാറ്റിസ്ഫൈഡ് !!!

Sunday, July 21, 2024

 

        പോക്കറ്റടി

-ജീയെസ്സ്  അറിഞ്ഞിരുന്നോ നമ്മുടെ നന്ദന്‌ പോക്കറ്റടിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കിട്ടിയ കാര്യം?

-പോക്കറ്റടിയില്‍ പി ജി ഡിപ്ലോമയോ? ആദ്യായിട്ട് കേള്‍ക്കാണ്‌!

-ഹിപ്നോട്ടിസം എന്നോ മറ്റോ ആണ്‌ അതിന്‌ ഇംഗ്ലീഷില്‍ പറയുന്നത്.

-ഞാനറിഞ്ഞില്ല. എവിടെന്നാണ്‌ കിട്ടിയത്?

-ഓണ്‍ലൈന്‍ വഴിയാണ്‌ തരാക്കീത്

-ഏതാ യൂണിവേഴ്സിറ്റി?

-അണ്ണമല അണ്ണാമല എന്നാണ്‌ പാട്ടില്‍ പറയുന്നത്

-എന്നിട്ട് ഓന്‍ പ്രാക്റ്റീസ് ചെയ്ത് തൊടങ്ങ്യോ

-തൊടങ്ങി

-എങ്ങനെയാണ്‌. മറ്റേ പ്ലസ് ടൂ പിള്ളേര്‌ ചെയ്ത പോലെ തല കുനിച്ചുനിര്‍ത്തി കഴുത്തിലെ കുതിഞരമ്പില്‍ ക്ലിപ്പിട്ടാണോ പരിപാടി?

-അല്ലല്ല. ഇതങ്ങനല്ല. ഈച്ചപൂച്ചയറിയില്ല

-സാക്ഷ്യമുണ്ടോ

-ഉണ്ടല്ലൊ. ഇന്നലെ പുള്ളിക്കാരന്‍റെ അടുത്തിരുന്ന് ഊണുകഴിച്ചുകൊണ്ടിരുന്ന പാവം ഏപ്പി മോഹനന്‍റെ പോക്കറ്റീന്ന് മോഹനനറിയാതെ 500 രൂപ അടിച്ചുമാറ്റി സ്വന്തം പേരില്‍ സംഘടനയ്ക്ക് സംഭാവന കൊടുത്തു!

-അതു കൊള്ളാം. പിന്നെ പോളിടെക്നിക്കിലൊന്നും പോയിട്ടില്ലെങ്കിലും അത്യാവശ്യം ഹിപ്നോട്ടിസമൊക്കെ എനിക്കും അറിയാം, കേട്ടോ ബി ആര്‍.

-അതെങ്ങനെ പഠിച്ചു?

-നാല്‍പത്തൊന്നു ദിവസത്തെ നിരന്തരമായ സാധനകൊണ്ട്. നിത്യാഭ്യാസിക്ക് ഊരകം ശിവശങ്കരനെ എടുത്ത് പൊക്കാന്‍ പറ്റുംന്നല്ലേ പഴഞ്ചൊല്ല്?

-പഠിച്ചത് പ്രയോഗിച്ച ഒരു സന്ദര്‍ഭം പറയാമോ?

-പറയാം. 73ലെ 45 ദിവസത്തെ പെന്‍ഡൗണ്‍ സ്ട്രൈക്ക്. ആ സമരത്തിന്‍റെ ഒരു രീതി എന്താണെന്നുവെച്ചാല്‍ നമ്മള്‍ രാവിലെ വന്ന് അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ ഒപ്പിടും. പക്ഷേ റെജിസ്റ്റര്‍ സെക് ഷനില്‍ തന്നെ ഇരിക്കും. ആപ്പീസര്‍ക്ക് പോവില്ല. കാരണം അതങ്ങോട്ട് കൊണ്ടുപോകാനുള്ള പ്യൂണും സമരത്തിലാണ്‌. അങ്ങനെയിരിക്കുമ്പോള്‍ ഒരു ദിവസം ഞാനറിഞ്ഞു, ഒരു സെക് ഷനീന്ന് മാത്രം അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ കൃത്യമായി ആപ്പീസറുടടുത്തേക്ക് പോകുന്നുണ്ടെന്ന്! എന്നിലെ വാച്ച് ഡോഗ് ഉണര്‍ന്നു. പിറ്റേന്ന് അല്‍പം ദൂരെ പമ്മിനിന്ന് ഞാന്‍ സംഗതി കണ്ടുപിടിച്ചു; പത്തേകാലാവുമ്പൊ സെക് ഷനിലെ സൂപ്രണ്ട് (പേര്‌ മറന്നു. അഥവാ പേരില്ല) അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ നന്നായി ചുരുട്ടി പേന്‍റിന്‍റെ പോക്കറ്റിലാക്കി മണിച്ചിത്രത്താഴിലെ ഇന്നസെന്‍റ്  തമ്പ്യളിയോ തമ്പ്യളിയോ എന്നും വിളിച്ച് ഇടം വലം നോക്കി ഓതിരം കടകം തിരിഞ്ഞ് ഭാര്‍ഗവീ നിലയത്തീന്ന് പുറത്തുകടക്കുന്നതുപോലെ ഒരു പോക്കാണ്‌ ആപ്പീസറുടെ മുറിയിലേക്ക്!

അതിന്‍റെ പിറ്റേന്ന് മുതലുണ്ടല്ലൊ, ഓരോ ദിവസവും സൂപ്രണ്ട് ആപ്പീസറുടെ മുറിയില്‍ ചെന്ന് പേന്‍റിന്‍റെ പോക്കറ്റില്‍ കൈയിട്ട് നോക്കുമ്പോളുണ്ടല്ലൊ,

പോക്കറ്റ് ശൂന്യ് ശൂന്യ് ശൂന്യ്!

അതിന്‍റെ പിന്നില്‍ ഈ ഞാനായിരുന്നു...

Monday, July 15, 2024

 

രണ്ട് തിരുമേനിമാര്‍

സി ജി പി എ സംസ്ഥാനസമ്മേളനത്തിന്‌ കൊല്ലം ജില്ലയില്‍നിന്നുവന്ന ഒരു പ്രതിനിധി തന്‍റെ ഇടതുവശത്തിരിക്കയായിരുന്ന തിരുമേനിയോട് ചോദിച്ചു:

“സഖാവ് ഏത് ജില്ലേന്നാ?”

അന്നേരം ഒന്നങ്ങോട്ടും പിന്നെ ഒന്നിങ്ങോട്ടും നോക്കി തെല്ലൊരു പരുങ്ങലോടെ തിരുമേനി പറഞ്ഞു:

“അങ്ങന്യൊന്നൂല്ല്യ”

മറുപടി കേട്ട് സ്വന്തം കിളി പറന്നുപോയ പോലെ തോന്നിയ പ്രതിനിധി വലതുവശത്തിരുന്ന തിരുമേനിയോട് ചോദിച്ചു:

“സഖാവോ?”

ആ തിരുമേനി പറഞ്ഞു:

“ഞാനൊന്ന് മൂത്രൊഴിച്ചിട്ട് വരാം. ന്നട്ട് പറയാം”

മൂത്രൊഴിക്കാന്‍ പോയ രണ്ടാം തിരുമേനിയെ പിന്നെ കണ്മഷിയിട്ട് നോക്കിയിട്ടും കണ്ടില്ല!

രണ്ട്  തിരുമേനിമാരും സുരേഷ് ഗോപിയെ ജയിപ്പിച്ച ജില്ലയില്‍ നിന്നുള്ളവരായിരുന്നു......

 

 

Sunday, May 26, 2024

 

MOST URGENT

ആര്‍ കണ്ണന്‍റെ റിട്ടയര്‍മെന്‍റ് സദ്യയുണ്ട് തരക്കേടില്ലാത്ത രണ്ടേമ്പക്കവും വിട്ടശേഷം കണ്ണനോട് യാത്ര ചോദിക്കാന്‍ ചെന്നതാണ്‌ എന്‍ ബി.

അന്നേരം കണ്ണന്‍ ചോദിച്ചു.

-തിരുമേനിക്കെന്താണിത്ര തെരക്ക്? ലഞ്ചിന്‌ ശേഷം വില്ലടിച്ചാന്‍ പാട്ടും സംഗീതക്കച്ചേരിയുമൊക്കെയുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് പോയാപ്പോരേ?

-സോറി കണ്ണാ. എനിക്ക് അര്‍ജന്‍റായി മാധവേട്ടന്‍റെ വീട് വരെ പോണം

-എത്രമണിക്കെത്തണം?

-മൂന്നരയ്ക്ക്

-ഒട്ടും അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റ് ല്ല്യേ?

-അത് ബുദ്ധിമുട്ടാവും കണ്ണാ. ഞാന്‍ മൂന്നരയ്ക്കെത്തീല്ലെങ്കില്‍ സംഗതി ആകെ താളം തെറ്റും. പോരാത്തേന്‌ മൂന്ന് പെട്ടീം എന്‍റെ കൈയിലാ...

-മനസ്സിലായില്ല

-ഓ! അതുപോട്ടെ. അറിയാതെ പറഞ്ഞതാ

-എന്നാലും എന്താണ്‌ ഇത്ര അര്‍ജന്‍റായ സംഗതി?

-ഈ സന്ദര്‍ഭത്തില്‍ കണ്ണനോട്  അതെങ്ങനെ പറയുമെന്നറിയില്ല

-തിരുമേനി ധൈര്യമായി പറഞ്ഞോളൂ. സ്വന്തം പ്രശ്നം മറ്റൊരാളുമായി പങ്കിടുമ്പോളല്ലേ അതിനൊരയവുവരുന്നത്? മാത്രല്ല, നമ്മളാണെങ്കില്‍ നല്ല അയല്‍ക്കാരുമല്ലേ

-എന്നാ ഞാന്‍ പറയട്ടെ?

-പറയൂ

-സത്യം പറഞ്ഞാ കളിയാണ്‌ കാര്യം

-ശ്ശെ! തിരുമേനി ഒരുമാതിരി നമ്പൂരാര്‌ പറയണപോലെ പറയല്ലെ. കളിക്കാതെ കാര്യം പറയ്

-അതെ കണ്ണാ. കളിയാണ്‌ കാര്യം. റമ്മികളി. മൂന്നരയ്ക്ക് തൊടങ്ങും!!!