rajasooyam

Sunday, June 9, 2019


ഗ്യാസിന് ഒരു ഒറ്റമൂലി

(ഇരിങ്ങാലക്കുട നടവരമ്പ് വേളൂക്കര ദേശത്ത് കല്ലംകുന്ന് നമ്പിളിയിൽ വിനയൻ വൈദ്യർ വഹ )

ഈ ഒറ്റമൂലി ഒരു തവണ കഴിച്ചാൽ ഗ്യാസ് പമ്പ കടക്കുമെന്നാണ് വൈദ്യർ പറയുന്നത്.
ചിലപ്പോൾ അച്ചൻ കോവിലാറും കടന്നേക്കുമത്രേ.
ഒറ്റമൂലിക്ക് ആദ്യമായി വേണ്ടത് ഏതാണ്ട് ഒരു കിലോ തൂക്കം വരുന്ന ഒരു കടച്ചക്കയാണ്. കടച്ചക്ക കടപ്ലാവിൽ കേറി തന്നെ പറിക്കണം. (കേറുമ്പോൾ വീഴാതെ നോക്കണം; കേറുന്ന ആളും കടച്ചക്കയും). പിന്നെ അതിന്റെ തൊലി കളഞ്ഞെടുക്കണം. തൊലി കളയാൻ പീലിംഗ് മെഷിൻ ഉപയോഗിക്കരുത്. നല്ല നാടൻ പിശ്ശാത്തി ഉപയോഗിക്കണം. പിന്നെ അത് അരിഞ്ഞ് ചെറു കഷണങ്ങളാക്കണം. കഷണങ്ങൾ നീളത്തിലോ വട്ടത്തിലോ ആവരുത്. പ്രത്യുത ത്രികോണത്തിലായിരിക്കണം. ചതുഷ്കോണം വേണ്ട. അനന്തരം ആവശ്യത്തിന് വെള്ളവും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് ഒരു ചൈനീസ് ചട്ടിയിൽ (ചീനച്ചട്ടി ചീഞ്ചട്ടി എന്നൊക്കെ പാഠഭേദമുണ്ട്) ഇട്ട് നല്ലപോലെ വേവിക്കുക.
ഇതിന് പാരലലായോ സമാന്തരമായോ മറ്റൊരുകാര്യം കൂടി ചെയ്യണം.(അല്ലാതെ ചായ കുടിച്ചിട്ട് വരാം എന്നു പറഞ്ഞ് മുങ്ങിക്കളയരുത്). അര കപ്പ് വെളിച്ചെണ്ണയെടുത്ത് മറ്റൊരു ചൈനീസ് ചട്ടിയിലൊഴിച്ച് മറ്റൊരടുപ്പിൽ ചൂടാക്കാൻ വെക്കുക. ചൂടായി ചൂടായി വരുമ്പോൾ ഒരു തുടം മുളകുപൊടി, ഒരു വാളം ജീരകം, അര കപ്പ് തേങ്ങാ ചിരകിയത്, കാൽ കപ്പ് കടുക് എന്നിവ അതിലേക്കിട്ട് വഴറ്റുക. വഴറ്റുന്നേരം ആരോടും വഴക്കിനു പോകരുത്. കരിഞ്ഞുപോകും. നല്ലപോലെ മദിപ്പിക്കുന്ന ഗന്ധം വരുന്നതുവരെ വഴറ്റണം. മിശ്രിതം മൂത്തുവരുമ്പോൾ അരയ്ക്കാൽ കപ്പ് ചുവന്നുള്ളി മുറിച്ചത് ചേർത്ത് ഒന്നുകൂടി മൂപ്പിക്കുക. ഇനി ഒട്ടും തന്നെ മൂക്കാനില്ല എന്ന ഘട്ടമായാൽ രണ്ട് വറ്റൽ മുളക് മൂന്നായി മുറിച്ച് അതിനുമുകളിൽ വെറുതേ വിതറുക. ഒപ്പം തന്നെ അല്പം കറിവേപ്പിലയും പാറ്റണം. തദനന്തരം ഈ ചീഞ്ചട്ടിയിലെ സാമഗ്രികൾ മുഴുവൻ കടച്ചക്ക വേവിച്ചുവെച്ചിരിക്കുന്ന മറ്റേ ചീഞ്ചട്ടിയിലേക്ക് തട്ടുക. നല്ല പോലെ ഇളക്കിയശേഷം ചക്ക ഒന്നുകൂടി വഴറ്റുക. എന്നിട്ട് വാങ്ങിവെക്കുക.
ഇപ്പോൾ ഒറ്റമൂലി- അതായത് കടച്ചക്ക വിധിപ്രകാരം സംസ്കരിച്ചെടുത്തത്- റെഡിയായി.
ആ ഒരു കിലോ  കടച്ചക്ക മുഴുവൻ ഒറ്റയടിക്ക് കഴിക്കണം. ഒരു തരി പോലും ബാക്കി വെക്കരുത്.
അതിനു മീതെ 2 പരിപ്പുവട കൂടി കഴിക്കുക.
അതോടെ ഗ്യാസ് തീരും !!!

Sunday, February 10, 2019

കരിമരുന്ന് പ്രയോഗം


-ഹലോ,ബീയാറല്ലേ
-അതേ
-ഇത് മജീദാണ്
-പറയൂ മജീദ്
-ബീയാറ് കൃഷ്‌ണേട്ടന്റെ മകള്‍ടെ കല്യാണത്തിന് പോണില്ലേ?
-അത് നാളെയല്ലേ
-നാളെയാണ്.എങ്കിലും ഞങ്ങള്‍ ഇന്നൊന്ന് പോയിരുന്നു
-ഞങ്ങള്‍ എന്നുവെച്ചാല്‍?
-ശ്രീകുമാറും സിപ്രനും ഹരിയും പിന്നെ ഞാനും
-എന്താ ഇന്ന് പോകാമെന്ന് വെച്ചത്?
-ശ്രീകുമാറിന് നാളെ ചെന്നൈക്ക് പോകണം
-അവിടെ എന്താ വിശേഷം?
-അത്യാവശ്യമായി ദൊരൈ മുരുകനെ ഒന്നു കാണണം
-അത് ശെരി. നിങ്ങള്‍ എങ്ങനെയാണ് പോയത്?
-എന്റെ കാറില്‍. ഞങ്ങള്‍ വെറുതെ സഖാവിന് കൂട്ട് പോയതാണ് കേട്ടോ
-മുന്‍കൂട്ടി അറിയിച്ചിട്ടാണോ പോയത്?
-അതെയതെ. ശ്രീകുമാര്‍ വരുന്നുണ്ടെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. ആ അറിയിപ്പിന്റെ ഫലം അവിടെ കാണുകയും ചെയ്തു
-മനസ്സിലായില്ല
-അതാണ് ഞാന്‍ പറഞ്ഞുവരുന്നത്. സഖാവ് വീയെസ് കോണ്‍ഫെഡറേഷന്റെ സംസ്ഥാന പ്രസിഡണ്ടായിട്ട് എത്ര നാളായെന്ന് ബീയാറിനറിയാമോ?
-റൗണ്ടായി പറഞ്ഞാല്‍ അര വ്യാഴവട്ടം
-ഈ കാലയളവില്‍ കസര്‍ഗോഡ് മുതല്‍ കന്യാകുമാരിവരെ തെക്കുവടക്ക് എത്ര   കാല്‍നട വാഹനജാഥകള്‍ സഖാവ് നയിച്ചിട്ടുണ്ടെന്നറിയാമോ?
-എമ്പരപ്പ്
-എന്നാല്‍ ഇന്ന് കൃഷ്‌ണേട്ടന്റെ മഴുവഞ്ചേരിയില്‍ കിട്ടിയതുപോലെ ഒരു സ്വീകരണം സഖാവിന്റെ ജീവിതത്തില്‍ ഇന്നുവരെ കിട്ടിയിട്ടില്ല!
-അത്രയ്ക്ക് അവേശമായിരുന്നെന്നോ അവിടെ?
-പറഞ്ഞാല്‍ ബീയാര്‍ വിശ്വസിക്കില്ല. അത് കണ്ടുതന്നെ അറിയണമായിരുന്നു. വണ്ടി പാര്‍ക്ക് ചെയ്ത സ്ഥലത്തുനിന്നും കൃഷ്‌ണേട്ടന്റെ വീട്ടിലേക്ക് ഏതാണ്ട് നൂറു മീറ്റര്‍ ദൂരമുണ്ട്. ആ വഴി മുഴുവന്‍ തോരണങ്ങള്‍ കൊണ്ടും ചുവന്ന നിറത്തിലുള്ള
മുത്തുക്കുടകള്‍ കൊണ്ടും അലങ്കരിച്ചിരുന്നു.
വണ്ടിയില്‍നിന്നും സഖാവ് പുറത്തിറങ്ങിയതും ഒരു കതിനാവെടി മുഴങ്ങി!
ഞങ്ങള്‍ ഞെട്ടിപ്പോയി. അത് ആചാരവെടിയാണെന്ന് ആരോ പറയുന്ന കേട്ടു. അതിനുപുറകെ ഓലപ്പടക്കത്തിന്റെ കൂട്ടപ്പൊരിച്ചിലായിരുന്നു. ഇടയ്ക്കിടെ ചെകിടടപ്പിക്കുന്ന വിധം അമിട്ടുകളും ഗുണ്ടുകളും  പൊട്ടുന്നുണ്ടായിരുന്നു. ഞെട്ടല്‍ പുറത്തുകാട്ടാതെ സഖാവ് മുന്നിലും ഞങ്ങള്‍ പിന്നിലുമായി സാവകാശം മുന്നോട്ട് നടന്നു. അപ്പോള്‍ ചെണ്ടയും തകിലും നാഗസ്വരവുമായി ഒരു കൂട്ടര്‍ ഞങ്ങളെ അകമ്പടി സേവിച്ചു.
തൊട്ടുമുന്നില്‍ ശിങ്കാരി മേളക്കാരുമുണ്ടായിരുന്നു! ആ നൂറുമീറ്റര്‍ നടത്തം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല ബിയാര്‍. സത്യം പറഞ്ഞാല്‍ വീയെസ്സിന്റെ മേലാകെ കോരിത്തരിക്കയായിരുന്നു...

                                                                        ******
          മേത്തന്മാരെ ഒട്ടും തന്നെ വിശ്വസിക്കാന്‍ പാടില്ലെന്നാണല്ലോ
നമ്മുടെ വേദേതിഹാസങ്ങളില്‍ പറയുന്നത്. അതിനാല്‍ ഏറെ രാച്ചെന്നവാറെ ബിയാര്‍ കൃഷ്‌ണേട്ടനെ വിളിച്ചു:
-കൃഷ്‌ണേട്ടാ, മജീദ് മെഹ്ത്ത ഇന്നിന്നതുപോലെയൊക്കെ പറയണ്ണ്ടല്ലോ.
അത്രയ്ക്ക് വമ്പന്‍ സ്വീകരണമാണോ അവിടെ കോണ്‍ഫെഡറേഷന്‍ പ്രസിഡണ്ടിന് കൊടുത്തത്?
-ഇല്ലല്ലൊ ബീയാര്‍. ഇവിടെ അങ്ങനെ പ്രത്യേകിച്ച് സ്വീകണമൊന്നും ഉണ്ടായില്ലല്ലോ..
-അപ്പൊപ്പിന്നെ കൊടിതോരണം, കുരുത്തോല, വെടിക്കെട്ട്, ചെണ്ടമേളം, ശിങ്കാരിമേളം മുതലായവയൊക്കെ ഉണ്ടായിരുന്നെന്നു പറഞ്ഞതോ?
-അത് പിന്നെ ഇന്ന് ഇവിടത്തെ എടവകേലെ  
 അമ്പുപെരുന്നാളായിരുന്നു!!!

Monday, November 12, 2018

കൗശിനികം
(ഒരു വാട്ട്‌സാപ്പ് തമാശയെ അവലംബിച്ചെഴുതിയത്)
                                                                                                :ബേബി രാജന്‍
-ഹലോ, പ്രദീപ് സാറല്ലേ
-അതേ
-അക്കൗണ്ടാപ്പീസീന്ന് റിട്ടയര്‍ ചെയ്ത...
 -അതന്നെ
-സര്‍, ഇത് തൃശ്ശിവപേരൂര്‍ എമ്പ്‌ളോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നിന്നാണ്
-സോറി. എനിക്കിനി ഉദ്യോഗമണ്ഡലൊന്നും വേണ്ട
-അതല്ല സര്‍
-പിന്നെ എന്താണ് സര്‍
-സാറിന്റെ ഓഫീസില്‍നിന്ന് റിട്ടയര്‍ ചെയ്ത ഒരു വേണുപ്പണിക്കരില്ലേ
-ഉവ്വ്.
-പുള്ളി ഇപ്പോള്‍ എന്തെങ്കിലും വര്‍ക്ക് ചെയ്യുന്നുണ്ടോ?
-എന്റെ അറിവില്‍ ഇല്ല. എന്തേ ചോദിക്കാന്‍ കാര്യം?
-അതുപിന്നെ ഞങ്ങള്‍ ഇന്നലെ വിളിച്ചപ്പൊ പുള്ളി അന്നേരം ഭയങ്കര
 ബിസിയാണെന്നും ഒരു പ്രോജക്റ്റ് ചെയ്തുകണ്ടിരിക്കയാണെന്നും പറഞ്ഞു.
-ഉവ്വ്വോ! പ്രോജക്റ്റിന്റെ പേര് വല്ലതും പറഞ്ഞായിരുന്നോ?
-``അക്വാതെര്‍മല്‍ ട്രീറ്റ്‌മെന്റ് ഓഫ് സെറാമിക്‌സ്, അലൂമിനിയം ആന്‍ഡ് സ്റ്റീല്‍ അണ്ടര്‍  
 എ കണ്‍സ്‌ട്രെയ്ന്‍ഡ് എന്‍വയോണ്‍മെന്റ് `` എന്നാണ് പറഞ്ഞത്!
-(ഭയങ്കരാ!)
-ഹലോ, സാറ് കേള്‍ക്കുന്നുണ്ടല്ലോ അല്ലേ
-ഉവ്വുവ്വ്
-അത് എന്ത് പ്രോജക്റ്റാണ് സര്‍
-സംസ്‌കൃതത്തില്‍ കൗശിനികം എന്നു പറയും
-ച്ചാല്‍?
-കുശിനിപ്പണി തന്നെ!!!
(Pensioners' Link, Oct 18)

Friday, August 31, 2018



                                                തൊണ്ണൂറ് വയതിനിലെ
        (വാട്ട്‌സാപ്പില്‍ വന്ന ഒരു ഇംഗ്ലീഷ് മെസേജിനെ അവലംബിച്ചെഴുതിയത്)

                                                                                                                     
കേന്ദ്ര സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് അടുത്തൂണ്‍ പറ്റിയശേഷം മൂന്ന് പതിറ്റാണ്ടുകള്‍
വിജയകരമായി പിന്നിട്ട പണിക്കര്‍ സാറിന് അഭിവാദ്യമര്‍പ്പിക്കാന്‍ പോയതാണ്
പെന്‍ഷനേഴ്‌സ് ലിങ്കിന്റെ സ്വന്തം ലേഖകന്‍.
ഏതാണ്ട് അര മണിക്കൂര്‍ നീണ്ട സംഭാഷണത്തിന്റെ ഇടയ്ക്കുവെച്ച് എപ്പോഴോ സ്വലേ ചോദിച്ചു:
നവതിയിലേക്ക് വലതുകാലെടുത്ത് കുത്താന്‍ നില്‍ക്കുന്ന ഈ ഘട്ടത്തിലും അസാമാന്യ
ചുറുചുറുക്കാണ് സാറിന്. ഇതിന്റെ രഹസ്യമെന്തെന്ന് പറയാമോ?
-സിമ്പ്ള്‍ മൈ ഡിയര്‍ വാട്‌സണ്‍. കേവലം ചില പൊടിക്കൈകള്‍ കൊണ്ട് ആര്‍ക്കും
സ്വായത്തമാക്കാവുന്നതാണ് അത്.
-വുഡ് യു പ്ലീസ് എലാബൊറേറ്റ്?
-ഒരൊറ്റ ഉദാഹരണം മാത്രം പറയാം. വീട്ടിലെ ബെഡ് റൂമും ബാത്ത് റൂമും തമ്മില്‍
തെറ്റിപ്പോകാതിരിക്കാന്‍ ഞാന്‍ ബാത്ത് റൂമിനു മുകളില്‍ ഒരു ബോര്‍ഡെഴുതി വെച്ചു.
-എന്തു ബോര്‍ഡ്?
-ബാത്ത് റൂം എന്ന ബോര്‍ഡ്
-ഓഹോ. ഓഫീസിലെപ്പോലെ അല്ലേ
-അതെയതെ. ഈയിടെ ഞാന്‍ ആ ബോര്‍ഡെടുത്തു മാറ്റി അതിനു പകരം വെറും മൂന്നക്ഷരമുള്ള ഒരു ചെറിയ ബോര്‍ഡ് വെച്ചു. ആ പ്രവൃത്തി എനിക്ക് എന്തെന്നില്ലാത്ത
ഒരു നവോന്മേഷംപകര്‍ന്നുതന്നു.
-എന്തായിരുന്നു പുതിയ ബോര്‍ഡ്?
-ജെ വൈ എം
-ജിം?
-എക്‌സാക്റ്റ്‌ലി
-മത്‌ലബ്?
-ഈ പ്രായത്തില്‍ പോലും എനിക്ക് എന്നും രാവിലെ അര മണിക്കൂര്‍ ജിമ്മില്‍ പോകാന്‍
പറ്റുന്നുണ്ടല്ലോന്നോര്‍ക്കുമ്പോഴുള്ള ഒരു സുഖമുണ്ടല്ലോ, അത് പറഞ്ഞറിയിക്കാന്‍ കഴിയില്ല
സുഹൃത്തേ.
-അത് കൊള്ളാമല്ലൊ! ബൈ ദ ബൈ, അങ്ങ്് ഏതെങ്കിലും സംഘടനയില്‍ അംഗമാണോ?
-സി ജി പി എ യില്‍ ആജീവനാന്ത മെമ്പറാണ്. അതു കൂടാതെ ഇപ്പൊ മറ്റൊരു
സന്നദ്ധസംഘടനയില്‍ അംഗത്വമെടുത്തിട്ടുണ്ട്. പക്ഷേ അതിന്റെ മീറ്റിംഗ് ഇതുവരെ കൂടിയിട്ടില്ല.
-അതെയോ. എന്താണ് സന്നദ്ധന്മാരുടെ സംഘടനയുടെ പേര്?
-പ്രൊക്രാസ്റ്റിനേറ്റേഴ്‌സ്!
-ആപ്റ്റ് നെയിം. അതുപോട്ടെ, ചിലര്‍ വയസ്സാവുമ്പോള്‍ സ്വയം സംസാരിക്കുന്നതു കണ്ടിട്ടുണ്ട്. അങ്ങ് സ്വയം സംസാരിക്കാറുണ്ടോ?
-ഉവ്വ്. ചിലപ്പോഴൊക്കെ
-എപ്പോഴാണത്?
-ഏതെങ്കിലും കാര്യത്തില്‍ വിദഗ്ദ്ധാഭിപ്രായം തേടേണ്ടിവരുമ്പോള്‍..
-നല്ല കാര്യം തന്നെ. ഇനി ഒടുവില്‍ ഉണ്ണിക്കൃഷ്ണനായി ഒരു ചോദ്യം കൂടി
-യെസ്. ഷൂട്ട്
-തൊണ്ണൂറ് വയസ്സിലും പൂര്‍ണ്ണ ആരോഗ്യവാനായിരിക്കുന്ന അങ്ങ് തികച്ചും ഭാഗ്യവാനാണ് എന്നു പറയേണ്ടിവരും. ഭാഗ്യം എന്ന പദത്തെ ഒന്നു നിര്‍വ്വചിക്കാമോ?
-അത് ആപേക്ഷികമാണ്. ച്ചാല്‍, സ്വലേയുടെ ഭാഗ്യമാവില്ല എന്റെ ഭാഗ്യം
-മനസ്സിലായില്ല
-ഉദാഹരണത്തിന് സിറ്റ് ഔട്ടില്‍ പത്രം വായിച്ചോണ്ടിരിക്കുന്ന ഞാന്‍ എന്തോ ഓര്‍ത്തിട്ട്
പെട്ടെണീറ്റ് അടുത്തുള്ള റൂമിലേക്ക് പോകുന്നു എന്നു വെക്കുക. അവിടെ ചെല്ലുമ്പോള്‍ എന്തിനാണ് അവിടേക്ക് ചെന്നതെന്ന് ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ അതു തന്നെ ഭാഗ്യം !!!


(Pensioners' Link/ August 2018)


Monday, July 30, 2018

                                        
                                        ഒരു ടാക്‌സ് പെയറുടെ ആത്മഗതം
                           (വാട്‌സ്ആപ്പില്‍ വന്ന മെസേജിനെ അവലംബിച്ചെഴുതിയത്)

                                                                                                        :ബേബി രാജന്‍

-ഹലോ, മിസ്റ്റര്‍ Common Man അല്ലേ
-കോമന്‍ മേനോന്‍ എന്നാണ് എന്റെ യഥാര്‍ത്ഥ നാമധേയം
-ഓകെ. ഇത് ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്.
-ആയിക്കോട്ടെ. എന്താ വിശേഷം?
-നിങ്ങളുടെ ഫയല്‍ പരിശോധിച്ചപ്പൊ ഒരു ഡൗട്ട്. അതൊന്ന് ക്ലിയര്‍ ചെയ്യാന്‍
 വിളിച്ചതാണ്
-എന്താണ് ഡൗട്ട്?
-ഞങ്ങള്‍ അയച്ചുതന്ന ക്വസ്റ്റ്യണയറില്‍ നിങ്ങളെ ആശ്രയിച്ച് കഴിയുന്നവരുടെ
 എണ്ണമെത്ര എന്നൊരു ചോദ്യമുണ്ടായിരുന്നല്ലൊ
-ഉവ്വ്
-അതിന്റെ ഉത്തരം എന്താണ് എഴുതിയിരുന്നതെന്ന് ഓര്‍മ്മയുണ്ടോ
-ഉവ്വുവ്വ്. 5 ഐറ്റംസ് അക്കമിട്ടെഴുതിയത് കൃത്യമായി ഓര്‍ക്കുന്നു
-എങ്കില്‍ അതൊന്നു ഉരുവിടാമോ
-(1) ഇന്‍കം ടാക്‌സ് അടയ്ക്കാത്ത 97 ശതമാനം ജനങ്ങള്‍ (2) രണ്ട് കോടിയോളം   വരുന്ന അനധികൃത കുടിയേറ്റക്കാര്‍ (3) 1382 ജയിലുകളിലായി കിടക്കുന്ന ഏതാണ്ട്
9 ലക്ഷം ക്രിമിനലുകള്‍ (4) 790 പാര്‍ലിമെന്റ് അംഗങ്ങള്‍ (5) 4120 എംഎല്‍എ മാര്‍
-മിസ്റ്റര്‍ കോമന്‍ മേനോന്‍, നിങ്ങളുടെ ആ ഉത്തരം ശരിയല്ല കേട്ടോ
-(പണ്ടാരടങ്ങാന്‍ ആരെയാണാവോ ഞാന്‍ വിട്ടുപോയത്....!!!)

(Pensioners' Link: July 18)

Sunday, October 29, 2017

ചക്കിനു വെച്ചത്

പണിക്കര്‍ കുളിമുറിയില്‍ കേറിയ നേരത്താണ് പറമ്പിലെ പണിക്ക് വരാമെന്നേറ്റിരുന്ന ധൃഷ്ടദ്യുമ്‌നന്‍ ചെട്ടിയാര്‍ ഒരു നായ്ക്കന്‍ തൂമ്പയുമായി കളരിക്കല്‍ തറവാട്ടിലേക്ക് കേറിവന്നത്.
നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍ എന്ന പാട്ടില്‍ തുടങ്ങുന്ന പണിക്കരുടെ പള്ളിനീരാട്ട്
കഴിയുമ്പോഴേക്കും സൂര്യന്‍ ഉച്ചസ്ഥായിയിലെത്തുമെന്നറിയാമായിരുന്ന പണിക്കത്ത്യാര്‍
ചെട്ട്യാര്‍ക്ക് ഡയരക് ഷന്‍ കൊടുക്കുന്ന കാര്യം സ്വയം ഏറ്റെടുത്തു:
ഈ തെങ്ങിന്റെ തടമെടുക്കണം, ഇവിടെ ഒരു മുളകിന്‍ തൈ നടണം, ഇവിടെ ഒരു ചാല് കീറണം, ഈ മരത്തിന്റെ ചില്ല വെട്ടണം, ഈ പുല്ലെല്ലാം ചെത്തണം, ഈ ചവറെല്ലാം അടിച്ച് തീയിടണം-
അങ്ങനെയങ്ങനെ നിര്‍ദ്ദേശങ്ങളുടെ ഒരു കുത്തൊഴുക്കായിരുന്നു പിന്നെ.
പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ധൃഷ്ടദ്യുമ്‌നന്‍ ഇതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല! മടിയില്‍നിന്ന് തളിര്‍വെറ്റില, കളിയടക്ക, ചുണ്ണാമ്പ് ഇത്യാദികള്‍ തപ്പിയെടുത്ത് നാലും കൂട്ടി മുറുക്കാനുള്ള
വട്ടം കൂട്ടുകയായിരുന്നു ടിയാന്‍.
തന്റെ നിര്‍ദ്ദേശങ്ങളെല്ലാം 'വെള്ളത്തില്‍ വരച്ച ജലരേഖ' പോലെ വായുവായിപ്പോകുന്നതുകണ്ടപ്പോള്‍ വനജാക്ഷിയമ്മക്ക് ഇത്രളവേ കലി വന്നുള്ളൂന്ന് ല്ല്യ.
ചെട്ട്യാരെ നോക്കി പൊട്ടിത്തെറിച്ചുകൊണ്ട് പണിക്കത്ത്യാര്‍ പറഞ്ഞു:
'' ദെന്താ പൊട്ടന്റെ കൂട്ട്? ഡോ, തന്നോടാ ഞാന്‍ ഈ പറയണേ...''
നൂറ്റിപ്പത്ത് ഡെസിബെല്ലില്‍ കൂടുതലുണ്ടായിരുന്നതുകൊണ്ടാകാം പ്രസ്തുത വെടിയുടെ ഒച്ച
കുളിമുറിയിലുമെത്തി!
ഞെട്ടിപ്പോയി വേണുപ്പണിക്കര്‍.
അല്പം കഴിഞ്ഞ് സമനില വീണ്ടുകിട്ടിയപ്പോള്‍ പണിക്കര്‍ അവിടെ നിന്നും വിളിച്ചുപറഞ്ഞു:
'' എന്റെ വനജേ, ഞാന്‍ കുളിമുറീലാണ്. നീ പറഞ്ഞതൊന്നും ഞാന്‍ കേട്ടട്ട് ല്ല്യ. തമ്പുരാനെക്കുറിച്ച് എന്നെ ചീത്ത പറയണത് നാട്ട്കാരെ കേപ്പിക്കല്ലേ..... ''


Thursday, October 26, 2017

നിത്യസഹായപ്പണിക്കര്‍

പക്കമേളമൊന്നുമില്ലാതെ വെറും തുടയിലടിച്ച് താന്‍ പാടിയ എന്തരോ മഹാനുഭാവുലൂ എന്ന വായ്പ്പാട്ട് വാട്ഷാപ്പില്‍ പോസ്റ്റ് ചെയ്തശേഷം പുട്ടും കടലയുമടിക്കാന്‍ അടുക്കളയില്‍ കയറിയതാണ് സംഗീതകുലപതി വേണുപ്പണിക്കര്‍.
അന്നേരം വനജാക്ഷിയമ്മ അവിടെ ഒരു കുന്ന് പാത്രങ്ങളുമായി മല്ലിട്ടുകൊണ്ടിരിക്കയായിരുന്നു.
കണവനെ കണ്ടപ്പോള്‍ കണവി പറഞ്ഞു: ഒരു നൂറ് പാത്രങ്ങള്ണ്ട് കഴുകാന്‍. നിന്നു നിന്ന് എന്റെ കാല് കഴച്ചു. ഒന്ന് സഹായിച്ചൂടേ മന്‍ഷ്യാ?
അക്കൗണ്ടാപ്പീസിലെ ഹെല്‍പ് ഡെസ്‌കില്‍ കുറച്ചുനാള്‍ വര്‍ക്ക് ചെയ്തതില്‍പിന്നെ പണിക്കര്‍ക്ക് ആരെ കണ്ടാലും ഒന്നു ഹെല്‍പ് ചെയ്യാന്‍ തോന്നാറുണ്ട്.
ഇതിപ്പോള്‍ സ്വന്തം ഭാര്യയാണ് സഹായമഭ്യര്‍ത്ഥിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു പ്രത്യേക
ഇതുണ്ടാവുമല്ലൊ.
കണവിയുടെ അഭ്യര്‍ത്ഥന കേട്ടതും ബൈ ഓള്‍ മീന്‍സ് എന്നും പറഞ്ഞ് പണിക്കര്‍ ശരം വിട്ടതുപോലെ ഡൈനിങ് ഹാളിലേക്ക് ഒരോട്ടമാണ്.
തിരിച്ച് അടുക്കളയിലേക്ക് വരുമ്പോള്‍ പണിക്കരുടെ കൈയില്‍ ഒരു സ്റ്റൂള്‍ ഉണ്ടായിരുന്നു.
സ്റ്റൂള് വനജാക്ഷിയമ്മേടെ അടുത്തേക്ക് നീക്കിയിട്ടുകൊടുത്തിട്ട് പണിക്കര്‍ പറഞ്ഞു:
ദാ, ഇതിലിരുന്ന് തേച്ചോളൂ !!!