rajasooyam

Saturday, November 14, 2015

ഞൊട്ടും !

(സംഭവത്തിന് ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം സിദ്ധിച്ച മാള  വടമ സ്വദേശി വി. ആന്റണ്‍ വില്‍ഫ്രഡ് അവര്‍കള്‍ ചൊല്ലിക്കേട്ടത്)

സ്വര്‍ഗ്ഗത്തിന്റെ പരിസരപ്രദേശത്ത് റുട്ടീന്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് അത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്.
അതായത് സ്വര്‍ഗ്ഗത്തേയും നരകത്തേയും വേര്‍തിരിക്കുന്ന വാതിലിന്റെ ഒരു വിജാഗിരി ഇളകിക്കിടക്കുന്നു!

ഇതുപോലുള്ള മൈനര്‍ റിപ്പയേഴ്‌സ് ആവശ്യമായി വന്നാല്‍ ആയത് വി.പത്രോസും
ഹെല്‍-ഇന്‍-ചാര്‍ജ് വി. സാത്താനും അവരവരുടെ പക്ഷത്തെ എക്‌സ്‌പെര്‍ട്ട്‌സിനെക്കൊണ്ട് ഊഴമിട്ട് ചെയ്യിക്കണമെന്നാണ് വ്യവസ്ഥ.

വി.പത്രോസ് മെയിന്റനന്‍സ് റെജിസ്റ്റര്‍ മറിച്ചുനോക്കി.
കഴിഞ്ഞ തവണ മൈനര്‍ റിപ്പയര്‍ ചെയ്യിച്ചത് താനാണ്. അതുകൊണ്ട് ഇപ്പോഴത്തെ ഊഴം
സാത്താനാണ്.

സാത്താനെ ആവാഹിച്ചുവരുത്തി മുന്നില്‍നിര്‍ത്തി വി.പത്രോസ് പറഞ്ഞു:
-കണ്ടില്ലേ, വാതിലിന്റെ വിജാഗിരി ഇളകിക്കിടക്ക്വാണ്
-അതിന് ഞാനെന്തുവേണം?
-ഈ ടേണ്‍ നിങ്ങളുടേതാണ്
-അയാം സോറി മിസ്റ്റര്‍ പത്രോസ്. അവിടെ എല്ലാവരും ഓരോരോ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആണ്.  ആര്‍ക്കും ശ്വാസം വിടാന്‍ പോലും സമയമില്ല
-എന്നു പറഞ്ഞാ പറ്റ്വോ. ബൈലോയില്‍ പറയണത് അനുസരിക്കണ്ടേ?
-എഗെയ്ന്‍ സോറി. എനിക്ക് മറ്റൊന്നും പറയാനില്ല
-എങ്കില്‍പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അല്ലേ?
-ച്ചാലോ?
-ഞാന്‍ കേസ് ഫയല് ചെയ്യും.
                  ഇതുകേട്ടതും 'ഞൊട്ടും' എന്നും പറഞ്ഞ് സാത്താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദേഷ്യം വന്ന വി.പത്രോസ് ചോദിച്ചു:
-എന്താ ഇത്ര ചിരിക്കാന്‍?
-അതല്ല മാഷേ. കേസ് കൊടുത്താല്‍ അത് വാദിക്കാന്‍ ആരെയെങ്കിലും  കിട്ട്വോ നിങ്ങടെ
 സ്വര്‍ഗ്ഗത്തില്‌?  കംപ്ലീറ്റ് വക്കീലന്മാരും ഇപ്രത്തല്ലേ? !!!

Saturday, October 31, 2015

അളിയന്റെ പര്യായം
-ഹലോ, ബിആറല്ലേ
-അതേ. ആരാണപ്രത്ത്?
-പിആറാണ്
-നമസ്‌കാരം, ഐന്തോള്‍ മഹരാജ്. എന്താ വിശേഷം?
-അതേയ്, ഞാന്‍ ഒരു പുതിയ വാക്ക് കണ്ടുപിടിച്ചിട്ടുണ്ട്. അതിന്റെ പേറ്റെന്റ് എടുക്കുന്നത്
എങ്ങനെയെന്നറിയാന്‍ വിളിച്ചതാണ്
-അക്കാര്യത്തില്‍ ഞാന്‍ തുലോം അജ്ഞനാണ് മഹരാജ്
-അങ്ങനെയാണോ
-അതെ
-അതുപോട്ടെ. പുതിയ വാക്ക് കണ്ടുപിടിക്കാനുള്ള പ്രചോദനമെന്തായിരുന്നു?
-ഗോഘ്‌നന്‍!
-ച്ചാലോ?
-അതുശെരി. അപ്പൊ ബിആര്‍ പത്രദ്വാരമൊന്നും കാണാറില്ലല്ലേ? ഈയിടെയായി പത്രത്തില്‍
 നിറഞ്ഞുനില്‍ക്കണ വാക്കല്ലേ അത്
-ഗോഘ്‌നനോ? അതിനെയൊന്ന് നിഗ്രഹിച്ച് സമാസം പറയാമോ?
-നിഗ്രഹിക്കണോ വിഗ്രഹിക്കണോ?
-രണ്ടും ഒന്നന്നെ
-യാതൊരുവന്‍ ഹേതുവായിക്കൊണ്ടാണോ പശു വധിക്കപ്പെടുന്നത്, ലവന്‍ ബഹുവ്രീഹി
-ഹി ഹ്ഹി. എന്താണാവോ അതിന്റെ അര്‍ത്ഥാന്തരന്യാസം?
-അതിഥി
-അതെങ്ങനെയാണ് അതിഥിക്ക് അങ്ങനെയൊരര്‍ത്ഥം വന്നുഭവിക്കുന്നത്?
-പണ്ടുപണ്ട് വളരെ പണ്ട് ദിനോസറുകള്‍ക്കും ടെര്‍മിനേറ്ററിനുമൊക്കെ മുമ്പ് വീടുകളില്‍ അതിഥികള്‍  വരുമ്പോള്‍ അവരെ സല്‍ക്കരിക്കാന്‍ വേണ്ടി പശൂനെ കശാപ്പ് ചെയ്യാറുണ്ടായിരുന്നത്രേ.
-കൊള്ളാം. എന്നാലും അതൊരു കഠിനപദമായിപ്പോയില്ലേ രാജന്‍? കഥകളിപ്പദത്തേക്കാള്‍ കഠിനം..
-അതൊക്കെ ശരിയായിരിക്കാം. പക്ഷേ ആ പദമാണ് അളിയനൊരു പര്യായപദം കണ്ടെത്താന്‍ എന്നെ    സഹായിച്ചത്..
-അതേതാ പദം?
-കുക്കുടഘ്‌നന്‍!
-കുക്കുടമെന്നാല്‍ കോഴിയല്ലേ
-അതേ
-അളിയനും കോഴിയും തമ്മില്‍ എന്താ ബന്ധം?
-അളിയന്‍ വരുമ്പോഴല്ലേ വീട്ടില് കോഴീനെ കൊല്ലണേ...!!!

Friday, October 2, 2015

കീഴ്ക്കണാംപാടിന്‍റെ ബീപ്പി



കീഴ്ക്കണാംപാടിന്‍റെ ബീപ്പി


അങ്ങനെയായിരിക്കുന്നതായിട്ടുള്ള (എങ്ങനെയിരിക്കുന്നതെന്നു ചോദിക്കരുത്) സന്ദര്‍ഭത്തിങ്കല്‍
ഒരു നട്ടപ്പാതിരയ്ക്ക് നാലും കൂട്ടി മുറുക്കി ഉമ്മറക്കോലായില്‍ കുന്തിച്ചിരിക്കുമ്പോള്‍
എന്‍ബി പരമീശന്‍ നമ്പൂരിക്ക് ഒരു ശങ്ക:
ഈയിടെയായി ശരീരം ഇത്തിരി പൂര്‍ണ്ണിച്ചുവരുന്നുണ്ടോ...
നടക്കുമ്പോള്‍ നടേശനെപ്പോലെ ഒരു കിതപ്പനുഭവപ്പെടുന്നുണ്ടോ...
ബീപ്പി ലേശം കൂടുന്നുണ്ടോ....
ഒരു ശങ്ക തോന്നിയാല്‍ പിന്നെ അടുത്ത ശങ്ക തോന്നുന്നതുവരെ തിരുമേനിക്ക്
ഇരിക്കപ്പൊറുതി കിട്ടില്ല. അതുകൊണ്ട് പിറ്റേന്ന് നേരം പരാപരാപരാ പരമപാഹിമാം എന്നു
പുലര്‍ന്നപ്പോള്‍ തന്നെ കുളിതേവാരാദികള്‍ക്കും പല്ലുതേപ്പാദികള്‍ക്കും
കട്ടങ്കാപ്പ്യാദികള്‍ക്കും മറ്റും അവധി കൊടുത്ത് തിരുമേനി ബൈക്കെടുത്ത് ഡോക്ടറുടെ അടുത്തേക്ക് പാഞ്ഞു.
കണ്‍സള്‍ട്ടിങ് റൂമിലേക്ക് കടന്നയുടന്‍ എന്‍ബി ഡോക്ടറോട് പറഞ്ഞു:
സാര്‍, എന്റെ ബീപ്പി ഒന്നുനോക്കണം
മാനോമീറ്ററിലെ മെര്‍ക്കുറി കോളം ഉയര്‍ന്നും താഴ്ന്നും പിന്നേയും ഉയര്‍ന്നും തത്തിക്കളിക്കുന്നത്
നോക്കിയിരിക്കുമ്പോള്‍ ആശങ്കയാല്‍ എന്‍ബിയുടെ ചങ്കിടിക്കുകയായിരുന്നു...
പതിവില്ലാത്തവിധം ഡോക്ടര്‍ തന്റെ മേലാസകലം നിരീക്ഷിക്കുന്നതും എന്‍ബി
കാണുന്നുണ്ടായിരുന്നു....
ധൈര്യം കിട്ടാന്‍ വേണ്ടി എന്‍ബി മനസ്സില്‍ അര്‍ജ്ജുനപ്പത്ത്  ഉരുക്കഴിക്കാന്‍ തുടങ്ങി.
അത് ഏതാണ്ട് ഒരരുക്കായപ്പോഴാണ് ഡോക്ടറുടെ ചോദ്യം:
വല്ലാതെ ധൃതി പിടിച്ചാണോ ഇങ്ങോട്ട് പോന്നത്?
ഇതുകൂടി കേട്ടപ്പോള്‍ എന്‍ബി ഉറപ്പിച്ചു:
ബീപ്പി ക്രമാതീതമായി കൂടിയിട്ടുണ്ട്. അല്ലാതെ ഡോക്ടര്‍
ഇങ്ങനെ ചോദിക്കില്ല..
ഉല്‍ക്കടമായ ഉദ്വേഗത്തോടെ എന്‍ബി ചോദിച്ചു:
-വല്ലാതെ കൂടിയിട്ടുണ്ടോ ഡോക്ടര്‍?
-എന്ത്?
-ബീപ്പി
-നോ നൊ. ഇറ്റ്‌സ് ക്വയ്റ്റ് നോര്‍മല്‍
-അപ്പൊപ്പിന്നെ ഞാന്‍ ധൃതിയിലാണോ വന്നേന്ന് ചോദിച്ചതെന്താ സാർ?
-ടീ ഷര്‍ട്ട് അകം പുറം മറിച്ചിട്ടിരിക്കുന്നതു കണ്ട് ചോദിച്ചതാ !!!

Tuesday, September 15, 2015

തിരുമേനിയോടാ കളി !

കുരുഡോയിലിന്റെ ഉല്പാദനം കുറയുന്നതും തദ്വാരാ അന്താരാഷ്ട്ര വിപണിയില്‍
പെട്രോളിനു വിലവര്‍ദ്ധിക്കുന്നതും തനിക്കൊരു പ്രശ്നമല്ലെന്നും അത് തന്നെ യാതൊരു വിധത്തിലും ബാധിക്കാറില്ലെന്നും എന്‍ബി.
കാരണം ചോദിച്ചപ്പോള്‍ തിരുമേനി പറയുവാ:
ഞാന്‍ അന്നും ഇന്നും എന്നും നൂറുരൂപക്കുതന്നെയാണ്
പെട്രോളടിക്കണത് !!!

Saturday, September 12, 2015

വര്‍ക്കീസ് വര്‍ഷിപ്പ് !

സമയം രാവിലെ 10.15
-ഹലോ, പി എഫ് സെക് ഷനല്ലേ
-അതേ
-എന്‍ ആര്‍ എ ചെയ്യണ കണ്ണന്‍ സാറുണ്ടോ
-ആള്‍ എത്തിയിട്ടില്ലല്ലൊ. ആരാ വിളിക്കുന്നേ?
-ഞാന്‍ വടക്കാഞ്ചേരി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്ലര്‍ക്കാണ്. ഒരു എന്‍ ആര്‍ ഏയ്ക്ക്
 അപ്പ്‌ളൈ ചെയ്തിരുന്നു. അതിന്റെ പൊസിഷനൊന്നറിയാന്‍ വിളിച്ചതാണ്.
-എന്നാ അയച്ചത്?
-ഏതാണ്ട് ഒരു മാസമായിട്ടുണ്ട്
-കണ്ണനോട് നേരിട്ടുതന്നെ ചോദിക്കയാവും നല്ലത്. കുറച്ചുകഴിഞ്ഞിട്ട് വിളിക്കൂ

10.35
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല
-ആളിന്ന് വന്നിട്ടില്ലേ
-ഉവ്വ്. ചായ കുടിക്കാന്‍ പോയിരിക്ക്യാണ്. ആരാ വിളിക്കുന്നേ?
-ഞാന്‍ കുറച്ചുമുമ്പ് വിളിച്ചിരുന്നു, എന്റെ എന്‍ ആര്‍ ഏ അപ്പ്‌ളിക്കേഷന്റെ കാര്യം അറിയാന്‍ വേണ്ടി
-കുറച്ചുകൂടി കഴിഞ്ഞ് വിളിക്കൂട്ടോ

11.30
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ങ, നേരത്തെ വിളിച്ചയാളാണല്ലേ. സോറീട്ടോ. കണ്ണന്‍ ഇപ്പൊ ഇവിടുണ്ടായിരുന്നു. ഇപ്പൊ ഇവിടില്ല
-അപ്പറഞ്ഞത് മനസ്സിലായില്ല
-പുള്ളിക്കാരന്‍ ശൗചാലയത്തില്‍ പോയതാണെന്നു തോന്നുന്നു.
-അപ്പറഞ്ഞതും മനസ്സിലായില്ല.
-മലയാളത്തില്‍ ടോയ്‌ലെറ്റ് എന്നു പറയും
-ഓ! അതാണല്ലേ. അപ്പൊ ഞാന്‍ പിന്നെ വിളിക്കാം

12.30
-ഹലോ കണ്ണന്‍ സാറുണ്ടോ?
-ഇല്ലല്ലൊ. ഊണുകഴിക്കാന്‍ പോയീന്നു തോന്നണ്
-എത്ര സമയമാണ് നിങ്ങടെ ലഞ്ച് ബ്രെയ്ക്ക്?
-ഒന്നു മുതല്‍ ഒന്നര വരേയും പിന്നെ ഒന്നര മുതല്‍ രണ്ട് വരേയും
-അപ്പൊ ഇനി രണ്ടുമണി കഴിഞ്ഞ് വിളിച്ചാമതി അല്ലേ
-അതാവും നല്ലത്

2.15
-ഹലോ കണ്ണന്‍ സാറുണ്ടോ?
-നേരത്തെ വിളിച്ച ആളാണല്ലേ. കണ്ണന്‍ ഇപ്പൊത്തന്നെ ഇവിടുണ്ടായിരുന്നു.
 സ്റ്റോറീപ്പോയതാണെന്നാ തോന്നണേ
-ശെരി, ഞാന്‍ പിന്നെ വിളിക്കാം

3.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. വട കഴിക്കാന്‍ പോയി.
-എത്ര സമയമെടുക്കും?
-വട കഴിക്കാനോ?
-അല്ലല്ല. തിരിച്ചുവരാന്‍
-നിങ്ങളൊരു കാര്യം ചെയ്യ്. 4 മണിക്ക് വിളിക്ക്. ഞാന്‍ കണ്ണനോട് പറഞ്ഞുവെച്ചേക്കാം.
-താങ്ക് യൂ സര്‍

4.00
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-ഇല്ല. എസ്റ്റാബ്ലിഷ്‌മെന്റ് സെക് ഷനീപ്പോയിരിക്ക്യാണ്.
-ഉടനേ വരുമായിരിക്കും അല്ലേ?
-അങ്ങനെ ഒറപ്പ് പറയാന്‍ പറ്റ് ല്ല്യ. പുള്ളിക്കാരന് മെറിറ്റോറിയസ് സര്‍വീസിന് അവാര്‍ഡ് കിട്ടീട്ടുണ്ടേയ്.  അതിന്റെ ഫലകം വാങ്ങാന്‍ പോയതാണ്. എന്തായാലും കുറച്ച്  സമയമെടുക്കും.
-അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാം
-ഓ.കെ

4.50
-ഹലോ, കണ്ണന്‍ സാറുണ്ടോ?
-കണ്ണനാണ് സംസാരിക്കുന്നത്.
-ഓ മൈ ഗോഡ്! സാറിനെയൊന്ന് കോണ്‍ടാക്റ്റ് ചെയ്യാന്‍ ഞാന്‍ രാവിലെ മുതല്‍ ട്രൈ
 ചെയ്‌തോണ്ടീരിക്ക്യായിരുന്നു.
-ങ! എന്നോട് കൃഷ്‌ണേട്ടന്‍ പറഞ്ഞായിരുന്നു. എന്‍ ആര്‍ ഏ-ടെ കാര്യം അറിയാനല്ലേ
-ഇതു വരെ വിളിച്ചോണ്ടിരുന്നത് അതിനായിരുന്നു. പക്ഷേ ഇപ്പൊ വിളിച്ചത് അതിനല്ല.
 മറ്റൊരു കാര്യം അറിയാനാണ്.
-വാട്ട് ഷാല്‍ ഐ ഡൂ ഫോര്‍ യൂ? ടെല്‍ മീ. എന്താണ് അറിയേണ്ടത്?
-നിങ്ങടെ ആപ്പീസിലൊരു ജോലി തരാക്കാന്‍ എന്താണൊരു വഴി? !!!


Friday, September 4, 2015

ലഘുതമ സാധാരണ ഗണിതം
   
-കേട്ടോ ബീആര്‍, പുറമേനിന്നു നോക്കുന്നവര്‍ക്ക് നമ്മുടെ കൃഷ്‌ണേട്ടന്‍ ചെയ്യുന്ന ഓരോ പ്രവൃത്തിയും  വിചിത്രമായി തോന്നിയേക്കാം. പക്ഷേ യഥാര്‍ത്ഥത്തില്‍ അവയ്ക്കുപിന്നില്‍
വലിയ ലോജിക്കുണ്ടായിരിക്കും.
-കൃഷ്‌ണേട്ടന്‍ തേക്കേല്‍ കേറിയ കാര്യമാണോ കണ്ണന്‍ പറഞ്ഞോണ്ടുവരുന്നത്. അത് ലോകം മുഴുവന്‍  അറിഞ്ഞതാണ്. പുതിയതുവല്ലതുമുണ്ടെങ്കില്‍ പറയൂ
-കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക് ചെയ്യുന്നത് ബിആര്‍ ശ്രദ്ധിച്ചിട്ടുണ്ടോ?
-ഇല്ല
-എന്നാല്‍ ശ്രദ്ധിക്കണം
-അതെന്താ. എല്ലാവരും ചെയ്യുന്നതുപോലെ തന്നെയല്ലേ കൃഷ്‌ണേട്ടനും ചെയ്യണത്?
-അതൊക്കെ ശെരി തന്നെ. പക്ഷേ ചെക്കിങ്ങ് കഴിഞ്ഞാല്‍ കൃഷ്‌ണേട്ടന്റെ വക മറ്റൊരു ചെയ്ത്തുണ്ട്
-അതെന്തുവാ?
-ആറിഞ്ച് നീളമുള്ള വലിയ ടാഗുപയോഗിച്ചാണ് കൃഷ്‌ണേട്ടന്‍ മന്ത്‌ലി അക്കൗണ്ട്‌സ് തുന്നിക്കെട്ടുന്നത്.  ബണ്ടിലിന്റെ ലെഫ്റ്റ് ഹാന്‍ഡ് കോര്‍ണറില്‍ പോക്കര്‍കൊണ്ട് തുളയിടും. പിന്നെ അതിലൂടെ ടാഗ്  കടത്തി കടുംകെട്ടിടും. അതു കഴിയുമ്പോളാണ് കൃഷ്‌ണേട്ടന്റെ വിചിത്ര പ്രവൃത്തി.
-ച്ചാല്‍?
-കീശയില്‍നിന്നും മീശവെട്ടണ കത്രിക പുറത്തെടുത്ത് ടാഗിന്റെ രണ്ടറ്റത്തുമുള്ള
മെറ്റല്‍ സ്ട്രിപ്‌സ് കട്ട്  ചെയ്‌തെടുക്കും. എന്നിട്ട് അത് രണ്ടും ഒരു തകരച്ചെപ്പിലിട്ട് ഭദ്രമായി അടച്ചുവെക്കും!
-അതെന്തിനാ?
-ഞാനും ഈ ചോദ്യം കുറേ നാള്‍ മനസ്സിലിട്ടുരുട്ടിക്കൊണ്ടുനടന്നു. ഒടുവില്‍ വീര്‍പ്പുമുട്ടിയപ്പൊ
 കൃഷ്‌ണേട്ടനോടുതന്നെ ചോദിച്ചു. അപ്പൊ പുള്ളിക്കാരന്‍ പറയ്യ്യാണേയ്: ''അതേയ് കണ്ണാ, നമ്മള്‍ എന്തു ജോലി ചെയ്താലും അതിനൊരു കണക്കുവേണം''.
-അതിന് ജോലീടെ കണക്കും ടാഗിന്റെ സ്ട്രിപ്പും തമ്മില്‍ എന്താ ബന്ധം?
-ഇതേ ചോദ്യം തന്നെയാണ് ഞാനും ചോദിച്ചത്. അതിന് കൃഷ്‌ണേട്ടന്റെ മറുപടി ഇതായിരുന്നു:
 ''അതേയ് കണ്ണാ, റിട്ടയര്‍ ചെയ്യുന്ന ദിവസം ഈ തകരച്ചെപ്പുതുറന്ന് അതില്‍ എത്ര മെറ്റല്‍
 സ്ട്രിപ്പുണ്ടെന്ന് വെറുതേ എണ്ണിനോക്ക്യാ മതി. അതിനെ രണ്ടുകൊണ്ട് ഹരിച്ചാല്‍
 സര്‍വീസിലിരിക്കുമ്പൊ ഞാന്‍  എത്ര മന്ത്‌ലി അക്കൗണ്ട്‌സ് ചെക്ക്‌ചെയ്തിട്ടുണ്ട് എന്നതിന്റെ
 കൃത്യമായ കണക്ക് കിട്ടും'' !!!

Wednesday, August 26, 2015

കീഴ്ക്കണാമ്പാട് !

റിക്രിയേഷന്‍ ക്ലബ്ബില്‍ ഓണാഘോഷത്തോടനുബന്ധിച്ചുള്ള ഗാനമേള നടക്കുകയാണ്.
'തിരുവോണപ്പുലരിതന്‍' എന്നു തുടങ്ങുന്ന പാട്ട് ഷീബ അതിമനോഹരമായി ആലപിക്കുന്നു.
'തിരുമേനിയെഴുന്നെള്ളും സമയമായി' എന്ന ലൈനെത്തിയതും അകത്തേയ്ക്ക് വരേണ്ടതിനുപകരം എന്‍ബി ണീറ്റ് പൊറത്തേക്കാ പോയി !!!

കീഴ്ക്കണാമ്പാട് നമ്പൂതിരിപ്പാട് എന്നല്ലാതെ  എന്താണ്‌ നമ്മള്‍  ഈ തിരുമേനിയെ വിളിക്കുക???