rajasooyam

Tuesday, August 4, 2020


ഓർമ്മത്തിരകൾ-11

(ഒരു പാലക്കാടൻ ചിട്ട/1999)

ഒരമ്മാവനും മരുമകനും തമ്മിലുള്ള ബന്ധമാണ് പാലക്കാട് ബാലകൃഷ്ണൻ സാറും കൊടുങ്ങല്ലൂർ സേതുനാഥനും തമ്മിലുള്ളതെന്ന് ബിആറിന് പലപ്പോഴും തോന്നിയിട്ടുണ്ട്. മിലിറ്ററി കാന്റീനിൽനിന്ന് ക്വാ‍ട്ട വാങ്ങാൻ പോകുമ്പോൾ ബാൽകിഷൻ സാറ്‌ എന്നും കൂടെ കൂട്ടുന്നത് സേതുവിനെയാണ്. സേതുവിനെ മാത്രമാണ്.
ആ ക്വാട്ടയിൽനിന്ന് ഒരു ക്വാട്ട സേതുവിനുള്ളതാണ്.
അതുപോലെ കൊടുങ്ങല്ലൂർ ഭരണിയ്ക്ക് ആപ്പീസിൽനിന്ന്  സേതു ക്ഷണിക്കുന്നത് ബാൽകിഷൻ സാറിനെ മാത്രമാണ്. അത്രയ്ക്ക് സുദൃഢമാണ് രണ്ടുപേരും തമ്മിലുള്ള ആത്മബന്ധം. മലബാർ സിമന്റുപോലത്തെ ബന്ധം എന്നു പറയാം. ച്ചാൽ മലപോലുറച്ച ബന്ധം.
എന്നാൽ ഈ മലബന്ധത്തിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചാ‍ലക്കുടി പാലത്തിലേതുപോലെ ഒരു വിള്ളൽ കാണപ്പെടുന്നുവോ എന്നൊരു സംശയം.

ബിആർ സേതുവിനെ വിളിച്ച് സ്വകാര്യമായി ചോദിച്ചു:
-എന്താണ് സേതുവും ബാൽകിഷൻ സാറും തമ്മിൽ പ്രശ്നം?
-അതുപിന്നെ നാലണേടെ ചാള പോയാലും മാമന്റെ സ്വഭാവം മനസ്സിലായല്ലൊ.
-ഒന്ന് തെളിച്ചുപറ സേതൂ
-കഴിഞ്ഞാഴ്ച ഒരു ദിവസം എനിയ്ക്ക് പെട്ടെന്ന് കുറച്ച് കാശിന് ആവശ്യം വന്നു. പിറ്റേന്ന് തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ ഞാൻ സാറിനോട് രണ്ടായിരം രൂപ കടം ചോദിച്ചു. പക്ഷേ പുള്ളിക്കാരൻ തന്നില്ല.
-പാവം. അന്നേരം കൈയിലില്ലാഞ്ഞിട്ടാവും
-എങ്കിൽ സാരമില്ലായിരുന്നു
-അതെങ്ങനെ സേതൂനറിയാം സാറിന്റെ കൈയിൽ കാശുണ്ടായിരുന്നൂന്ന്?
-സാറിന്റെ സംസാരത്തീന്ന് എനിയ്ക്കത് മനസ്സിലായി

സേതൂനോട് കൂടുതൽ ചോദിക്കുന്നതുകൊണ്ട് ഫലമില്ലെന്നു തോന്നിയതിനാൽ ബിആർ ബാൽകിഷൻ സാറിനെത്തന്നെ പിടികൂടി.
-എന്താണ് സാർ സേതുവുമായി?
-ഏയ്, ഒന്നൂല്ല്യാലോ
-പിന്നെന്താ സേതു പെണങ്ങി നടക്കുന്നത്?
-അതെനിക്കറിയില്ല. അതിനുതക്ക കാരണമൊന്നുമുണ്ടായില്ലല്ലൊ!
-സേതു എന്നെങ്കിലും സാറിനോട് കാശ് കടം ചോദിച്ചിരുന്നോ?
-ഉവ്വ്. എന്റെ കയ്യിലില്ലെന്നു പറഞ്ഞു. സത്യമാണ് ഞാൻ പറഞ്ഞത്. അതവിടെ തീർന്നില്ലേ
-പക്ഷേ സാറിന്റെ കൈയിൽ പണമിരിക്കുമ്പോൾ ഇല്ലെന്നു പറഞ്ഞതാണത്രേ സേതൂന് സങ്കടമാ‍യത്.
-കയ്യിൽ പണമിരിക്ക്യേ?
-അതെ. സാറിന്റെ സംസാരത്തീന്ന് അയാൾക്ക് അത്  മനസ്സിലായെന്നാണ് പറഞ്ഞത്
-ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലൊ
-ഒന്നുകൂടി ഓർത്തുനോക്കൂ. അങ്ങനെയൊരു ധ്വനി വരുന്ന തരത്തിൽ സാറെന്തെങ്കിലും പറഞ്ഞായിരുന്നോ? എന്തെങ്കിലും?
-ഇല്ല. ഞാൻ അങ്ങനെ യാതൊന്നും പറഞ്ഞിട്ടില്ല.
-ശ്ശെടാ. ഇത് വല്ലാത്ത മിസ്റ്ററിയായല്ലൊ. ആട്ടെ, നിങ്ങൾ തമ്മിൽ ഒടുവിൽ നടന്ന സംഭാഷണത്തിലേക്ക് ഒന്നു ഫ്ലാഷടിച്ചുനോക്കൂ.
-അതുപിന്നെ അയാൾ അത്യാവശ്യമായി രണ്ടായിരം രൂപ വേണമെന്നു പറഞ്ഞു. അപ്പൊ ഞാൻ എന്റെ കയ്യിൽ തല്ക്കാലം കാശൊന്നുമില്ലെന്നും ശമ്പളം കിട്ടിയതൊക്കെ ചെലവായിപ്പോയെന്നും പറഞ്ഞു. അയാൾക്കത് വിശ്വാസമായില്ല. ശമ്പളം കിട്ടിയത് ഇത്രവേഗം  തീർന്നുപോണതെങ്ങനെയെന്നും അതിനുമാത്രം എനിക്ക് എന്തുചെലവാണുള്ളതെന്നുംചോദിച്ചു.
-അപ്പൊ സാറെന്തുപറഞ്ഞു?
-ചെലവിനങ്ങൾടെ ഒരു ലിസ്റ്റ് പറഞ്ഞുകൊണ്ട് ഇതിനൊക്കെ കാശ് വേണ്ടേന്ന് ചോദിച്ചു.
-ഇപ്പോഴും ഒരു ക്ലൂവും കിട്ടുന്നില്ലല്ലോ.... ആട്ടെ, എന്തൊക്കെയായിരുന്നു സാറിന്റെ ലിസ്റ്റിൽ?
-അത് വന്ന്‌ട്ട് സാധാരണ ഐറ്റംസ് തന്നെ. അരി കിരി, വെളിച്ചെണ്ണ കിളിച്ചെണ്ണ, പഞ്ചാര കിഞ്ചാര, ആവോലി കീവോലി, ഉഴുന്നുവട കിഴ്‌ന്നുവട, മരുന്ന് കിര്ന്ന്, ചിട്ടി കിട്ടി ....

പൊടുന്നനെ ബിആറിന് കാര്യം മനസ്സിലായി. ഒടുവിൽ പറഞ്ഞ ഐറ്റമാണ് സേതുവിന് തെറ്റിദ്ധാരണയുണ്ടാക്കിയത്….
അതായത് ചിട്ടി കിട്ടിയിട്ടും ബാൽകിഷൻ സാറ് കൈയിൽ കാശില്ലെന്നു പറഞ്ഞതാണ് സേതൂന്റെ ഫീലിങ്ങിൽ തട്ടിയത്!!!

Monday, August 3, 2020


ഓർമ്മത്തിരകൾ-10

(തേക്ക് കച്ചവടം-1999)

മിലിറ്ററി കാന്റീനിൽനിന്ന് ക്വാട്ടായും വാങ്ങി പോയതിന്റെ പിറ്റേന്ന് ലെഫ് കേണൽ (റിട്ട) ബാലകൃഷ്ണൻ സാറിന് വല്ലാത്തൊരാലസ്യം. തലയ്ക്കൊരു പെരുപ്പ്. മനസ്സിലൊരു മടുപ്പ്. ആപ്പീസിൽ പോകാൻ തോന്നണേയില്ല. പക്ഷേ ഭാര്യയോടെന്തു സമാധാനം പറയും? അല്ലെങ്കിൽ തന്നെ താനൊരു മടിയനാണെന്നാണ് അവർ ധരിച്ചുവെച്ചിരിക്കുന്നത്. ലീവെടുക്കാൻ എന്തെങ്കിലുമൊരു കാരണത്തിനുവേണ്ടി കാത്തിരിക്കുമത്രേ!

പൊടുന്നനെ ബാൽകിഷൻ സാറിന്റെ മനസ്സിനകത്തൊരു ബൾബ് കത്തി. അതിന്റെ വെട്ടത്തിൽ അടുക്കളയിൽ ചെന്ന് അവിടെ പുട്ടിന് കൂട്ടാനുണ്ടാക്കുകയായിരുന്ന ഭാര്യയെ വിളിച്ച് പറഞ്ഞു:
-ടീച്ചറേ, ഞാനിന്ന് പോണില്ല
-എന്താണാവോ കാരണം കണ്ടുപിടിച്ചിരിക്കുന്നത്
-എന്റെ ഹൃദയം ഇന്ത്യയ്ക്കുവേണ്ടി തുടിക്കുകയാണ്
-എലക് ഷന് ഇനീം അഞ്ചാറ് മാസല്ല്യേ. ഇപ്പഴേ തുടിയ്ക്കണോ
-അതല്ല ടീച്ചറേ. കാർഗിലീന്ന് എപ്പഴാ കമ്പി വര് Ͻന്നറിയില്ല. വന്നാലുടനെ എനിക്ക് പോകേണ്ടിവരും
-വേണ്ടിവരും
ടീച്ചർ പിന്നീടൊന്നും പറയാൻ നിന്നില്ല.

വൈകീട്ട് ടീച്ചർ സ്കൂളിൽനിന്നെത്തുമ്പോൾ ബാൽകിഷൻ സാറ്‌ മുറ്റത്ത് ഉലാത്തിക്കൊണ്ടിരിക്കയായിരുന്നു. കാന്തന്റെ മുഖത്ത് പതിവിലും കവിഞ്ഞ കാന്തി കണ്ടപ്പോൾ കാന്ത ചോദിച്ചു:
-കണ്ടിട്ട് കാർഗിലീന്ന് കമ്പി വന്നൂന്ന് തോന്നണ് ണ്ടല്ലൊ.
-ഏയ് ഇല്ല. പക്ഷേ മറ്റൊരു സന്തോഷവർത്താനണ്ട്.
-എന്താണ്?
-ഞാൻ നമ്മടെ തെക്കേ പറമ്പിലെ തേക്കങ്ങ് വിറ്റു.
-അയ്യൊ. അതിപ്പൊ വിൽക്കണ്ട കാര്യണ്ടായിരുന്നില്ലല്ലൊ. ഫർണീച്ചറ്‌ പണിയാൻ നിർത്തീതായിരുന്നില്ലേ. ആട്ടെ, എത്ര രൂപയ്ക്കാ വിറ്റത്?
-അതല്ലേരസം. വെല കേട്ടാ ടീച്ചറ്‌ ഞെട്ടും. തൊള്ളായിരം രൂപ! പറമ്പില് വെറുതേ നിക്കണ തേക്കിനൊക്കെ ഇത്രയും വെലയുണ്ടെന്ന് എനിക്ക് ഇപ്പഴാ മനസ്സിലായത്. പൊക്കത്തങ്ങാടീലെ പോക്കർ സായ് വിനാ കൊടുത്തത്. അച്ചറായി നൂറ്റൊന്നു രൂപയും കിട്ടി.

ബാൽ കിഷൻ സാറ്‌ പറഞ്ഞതുപോലെ തന്നെ വില കേട്ടപ്പോൾ ടീച്ചർ ഞെട്ടി.
ബോബനും മോളിയും കഥയിലെ ചേട്ടന്റെ ചേട്ടത്തിയെപ്പോലെ ടീച്ചർ പറഞ്ഞു:
രണ്ടാൾ വട്ടം പിടിച്ചാൽ പിടിയെത്താത്ത തേക്കാണ്! വെറും തൊള്ളായിരം രൂപ... ചുരുങ്ങിയത് ഒരു ഒമ്പതിനായിരമെങ്കിലും കിട്ടുമായിരുന്നു....
ഈശ്വരാ! ഈ ലോകത്ത് ഇതിനുമാത്രം മനുഷ്യരുണ്ടായിട്ട് എനിയ്ക്ക്...
എന്നാലും ഈ മനുഷ്യന്റെ മുഖത്ത് കണ്ണില്ലെന്നോ...എവിടെയായിരിക്കും തെറ്റുപറ്റിയിട്ടുണ്ടാവുക?...
മനസ്സിലാണ് ഇത്രയും പറഞ്ഞത്. ഉറക്കെ പറയാൻ പറ്റില്ലല്ലൊ. ഭർത്താവ് കാണപ്പെട്ട ദൈവല്ലേ..

ഒടുവിൽ വെറുതേ ഒരു പ്രോബബിലിറ്റി തിയറി അപ്പ്ലൈ ചെയ്തുനോക്കാൻ അവർ തീരുമാനിച്ചു.
ടീച്ചർ ഹബ്ബിയോട് പറഞ്ഞു:
-ബാലേട്ടൻ പൂജ്യം മുതൽ ആയിരം കൂട്ടി പതിനായിരം വരെ ഒന്നെണ്ണിക്കേ
-ടീച്ചറെന്താ എന്നെ എണ്ണം പഠിപ്പിക്ക്യാ?
-അതല്ല. ന്യൂമറോളജി പ്രകാരം കാർഗിലിൽ ആര് കഷായം കുടിയ്ക്കുമെന്നറിയാനാണ്.
അതു കേട്ടപ്പോൾ ബാൽകിഷൻ സാറിന്  കൗതുകമായി. അദ്ദേഹം എണ്ണിത്തുടങ്ങി. പക്ഷേ പതിനായിരമെത്തുന്നതിനുമുമ്പ് ടീച്ചർക്ക് കാര്യങ്ങളെല്ലാം തെളിനീരുപോലെ വ്യക്തമാവുകയും തലയ്ക്ക് കൈയും വെച്ച് വിധിയെ പഴിച്ച് അവർ അടുക്കളയിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു.
കേണൽ (റിട്ട) എണ്ണിയത് ഇപ്രകാരമായിരുന്നു:
ജീറൊ
ആയിരം
രണ്ടായിരം
മൂവായിരം
നാലായിരം
അയ്യായിരം
ആറായിരം
ഏഴായിരം
എണ്ണായിരം
തൊള്ളായിരം!!!

Saturday, August 1, 2020

ഓർമ്മത്തിരകൾ-9

 

(1998)

 

രാവിലെ ഓടിക്കിതച്ച്  ഓഫീസിലെത്തിയപ്പോൾ ഡി സി ഹാളിൽ ആകപ്പാടെ ഒരു ജഗപൊഗ.

കമ്പൈലർമാരെല്ലാം എന്തോ കുശുകുശുക്കുന്നു.

ഡിസി-1 ലെ കമ്പൈലർമാർ ഡിസി-2 വിലേക്കോടുന്നു. ഡി സി 2-വിൽ ഉള്ളവർ ഡിസി-3 ലേക്ക്‌.

ഏ ഓ ബാലചന്ദൻ സാറ് എസ്സൊ എൽസി സാറിനോട് കെറുവിച്ചെന്തോ സംസാരിക്കുന്നു.

പി കെ രമേഷ് സേതുനാഥനോട് ചോദിക്കുന്നു:

-അണ്ണനെങ്ങന്യാ?

ശങ്കരനാരായണൻ നാഗപ്പൻ മാഷോട് ചോദിക്കുന്നു:

-മാഷ് ക്കെങ്ങന്യാ?

തങ്കമണി സാറ് വിനോദിനിയോട് ചോദിക്കുന്നു:

-കുട്ടിയ്ക്കെങ്ങന്യാ?

 

ചോദിച്ചുപിടിച്ചുവന്നപ്പോളാണറിയുന്നത്; തൃശ്ശൂർ  ട്രഷറിക്കാർ തമ്പുരാനെക്കുറിച്ച് ഒരൊറ്റ കാഷെക്കൌണ്ടിലും ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ കാണിച്ചിട്ടില്ല! എന്താണതിനു കാരണമെന്ന് ബാലചന്ദ്രൻ സാറ്  വിളിച്ചുചോദിച്ചപ്പോൾ ഇവിടെ നിന്നുള്ള ഇൻസ്ട്രക് ഷൻ പ്രകാരമാണ് അപ്രകാരം ചെയ്തതെന്ന് ട്രഷറി ആപ്പീസർ പറഞ്ഞുപോലും! അതിന്റെ നിജസ്ഥിതി അറിയാനാണ് ബാലചന്ദ്രൻ സാറ് വന്നിരിക്കുന്നത്.

ഒടുവിൽ അതാ എല്ലാവരും കേൾക്കെ  ങ്ഹാ..അവരെ അങ്ങനെ വിട്ടാ പറ്റില്ലല്ലൊ’ എന്നും പറഞ്ഞുകൊണ്ട് നാഗപ്പൻ മാഷ് സീറ്റിൽനിന്ന് എഴുന്നേൽക്കുന്നു. വൌച്ചർ ബണ്ടിലുകൾ ചാടിക്കടന്ന് ഫോണിനടുത്തെത്തുന്നു. ഫോണെടുത്ത് ട്രഷറിയിലേക്ക് വിളിക്കുന്നു:

-ഹലോ. ഡിസ് ട്രിക്റ്റ്  ട്രഷറിയല്ലേ

-(അതേ)

-ഇത് ഏജീസ് ഓഫീസീന്നാണ്. എനിക്ക് ജീറൊ ജീറോ ജീറോ വൺ ചെയ്യുന്ന ആളിനെ ഒന്നു കിട്ടണം

-(ഞാൻ തന്നെയാണ് അയാൾ)

-നിങ്ങളെന്താണ് മിസ്റ്റർ കാഷെക്കൌണ്ടില് ഡീറ്റെയ് ൽഡ് ക്ലാസ്സിഫിക്കേഷൻ വെയ്ക്കാത്തത്?

-(അത് അവിടെനിന്നുള്ള നിർദ്ദേശപ്രകാരമാണ്)

-(ഇവ്‌ടെ നോക്ക്. നെന്മാറ വല്ലങ്ങി വേല മുതല് വേലകകളനവധി കണ്ടിട്ടുള്ളവനാണ് ഈ ഞാൻ. എന്റടുത്ത് വേലയെറക്കരുത് കേട്ടോ.

-(അതല്ല സർ. അതങ്ങനെ റിട്ടണായി ആരും എഴുതി തന്നതല്ല. ഞാനൊരു ദിവസം അവിടെ വന്നപ്പൊ ഒരു സാറ് ഓറലായി പറഞ്ഞതാണ്)

-വേണ്ട വേണ്ട. വീണേടത്തുകെടന്ന് ഉരുളണ്ട. ഹല്ലേയ്. നിങ്ങടെയൊര് റിട്ടണായി എഴുതലും ഓറലായി പറയലും! ആ ക്ലാസ്സിഫിക്കേഷൻ ഇന്നുതന്നെ ഇങ്ങെത്തിച്ചേക്കണം. സ്റ്റേറ്റിന്റെ സിവിൽ അക്കൌണ്ട്സ് ലേറ്റായാൽ ഉത്തരവാദി നിങ്ങൾ മാത്രമായിരിക്കും. ജാക്രതൈ!

വെടിക്കെട്ട് കഴിഞ്ഞ് നാഗപ്പൻ മാഷ് ഒരു വലിയ ശബ്ദത്തോടെ ഫോൺ ക്രാഡിലിൽ വെച്ചു; തല തിരിച്ച്.

 

അനന്തരം എല്ലാവരും ചായയ്ക്ക് പിരിഞ്ഞപ്പോൾ, ഹാളിൽ ഞാനും നാഗപ്പൻ മാഷും തനിച്ചായപ്പോൾ, ഞാൻ മാഷിനോട് ചോദിച്ചു:

-എന്നാലും ആരായിരിക്കും മാഷേ, ട്രഷറിക്കാരോട് അങ്ങനെ ഓറലായി പറഞ്ഞിട്ടുണ്ടാവുക?

അന്നേരം ചുറ്റുപാടുമൊന്ന് കണ്ണോടിച്ച് മാഷ് പതുക്കെ പറഞ്ഞു:

-സാറായതുകൊണ്ട് ആളെ ഞാൻ പറയാം. പക്ഷേ ഒരു കണ്ടീഷനുണ്ട്

-എന്താണത്?

-കഥയെഴുതരുത്

-അക്കാര്യം ഞാനേറ്റു.

-എങ്കിൽ പറയാം. അത്....ഞാൻ തന്നെയാണ്!

-ഹമ്പമ്പട രാഭണാ!

-അതെസർ. ഒരു ദുർബ്ബലനിമിഷത്തിൽ അങ്ങനെ സംഭവിച്ചു എന്നു പറഞ്ഞാ മതീലൊ

-ഏതായിരുന്നു ആ അഭിശപ്ത നിമിഷം?

-കല്പാത്തി രഥോത്സവത്തിന്റെ പിറ്റേന്നാണ്. ഉത്സവത്തിന് കരിമ്പുകച്ചവടം നടത്തിയതിന്റെ കണക്ക് പരിശോധിച്ചുകൊണ്ടിരിക്കയായിരുന്നു ഞാൻ. ഇക്കൊല്ലം കച്ചവടം വലിയ നഷ്ടത്തിലായിരുന്നു. നഷ്ടത്തിൽ പാതി സ്ലീപ്പിങ്ങ് പർട്ട് ണർ ആയ ശങ്കരനാരായണന് കൊടുക്കുകയും വേണം ! ആകപ്പാടെ തല പൊകഞ്ഞിരിക്കുമ്പോളാണ് ആ ട്രഷറിക്കാരൻ കേറി വന്നത്. അയാൾ കാഷെക്കൌണ്ടിനെപ്പറ്റി വാതോരാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഒടുവിൽ അയാൾ ചോദിച്ചു: ‘അപ്പൊ കാഷെക്കൌണ്ടിന്റെ ഡേറ്റ് വാർ സ്റ്റേറ്റ്മെന്റ് വെച്ചാ മതീലൊ അല്ലേ’.

ആ ദുർബ്ബല നിമിഷത്തിൽ   ഞാൻ പറഞ്ഞു: ‘മതി മതി. ധാരാളം മതി’. അന്നേരം അയാളൊന്ന് പോയിക്കിട്ട്യാ മതിയായിരുന്നു എനിയ്ക്ക്.

-ഓ മൈ ഗോഡ്! അപ്പൊ ഈ ഫോൺ വിളിയും തട്ടിക്കയറലും മറ്റും ?

-അത് ഒരു വേല !!!


ഓർമ്മത്തിരകൾ-8

 

(1998)

 

റിക്രിയേഷൻ ക്ലബ്ബിന്റെ ആന്വൽ അത് ലറ്റിക് മീറ്റിനുള്ള വെറ്ററൻസിന്റെ ലിസ്റ്റിൽ സോമേട്ടന്റെ പേരുകണ്ടപ്പോൾ ഞാൻ  ശരിക്കും ഞെട്ടിപ്പോയി.

സർവീസ് സംഘടനയുടെ തലപ്പത്ത് വർഷങ്ങളോളം തിളങ്ങിനിന്ന ഒരു വ്യക്തി കളർ ബനിയനും കളസവുമിട്ട് നാല് ജനം കാൺകെ മൈതാനത്തിറങ്ങി ഓടുക എന്നൊക്കെപ്പറഞ്ഞാൽ... ആലോചിച്ചപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി.

 

സോമേട്ടനെ സൌകര്യത്തിനു കിട്ടിയപ്പോൾ ഞാൻ ചോദിച്ചു:

-എന്താ സോമേട്ടാ ഇപ്പോൾ ഇങ്ങനെ തോന്നാൻ?

പുകഞ്ഞുതീരാറായ സിഗരറ്റ് ഒന്നൂടെ ആഞ്ഞുവലിച്ച് കുറ്റി ദൂരേയ്ക്കെറിഞ്ഞുകൊണ്ട് സോമേട്ടൻ പറഞ്ഞു:

-അതോ... എറണാകുളത്തെ സപ്ലൈ ഓഫീസിൽ ഓഡിറ്റിനുപോകാൻ വേണ്ടിയാണ് ഡിസമ്പർ ആറാം തിയതി രാവിലെ ഞാൻ തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ഞാൻ ചെന്നുകയറിയതും ബോംബ് പൊട്ടിയതും ഒന്നിച്ചായിരുന്നു!

എന്റിഷ്ടാ, കണ്ണൊന്നുചിമ്മിത്തുറന്നപ്പോൾ ഞാൻ കണ്ടത് റെയിൽവേ സ്റ്റേഷനിൽനിന്ന് അഞ്ഞൂറ് മീറ്റർ ദൂരെയുള്ള എന്റെ വീടിന്റെ ഗേറ്റിൽ പിടിച്ച് കിതച്ചുനിൽക്കുന്ന എന്നെത്തന്നെയാണ്!

അന്നേരം തീരുമാനിച്ചതാണ് എന്തായാലും ഈയാണ്ടത്തെ അത് ലറ്റിക് മീറ്റിൽ

പങ്കെടുത്ത് വെന്നിക്കൊടി പാറിക്കണമെന്ന്. ഇനി അതിൽ ഒരു മാറ്റവുമില്ല.

-എങ്കിലും സോമേട്ടാ....

-ഒരെങ്കിലും പങ്കിലുമില്ല്യ. എനിയ്ക്കൊരു ദു:ഖമേയുള്ളൂ. ആ ഓട്ടത്തിനിടയിൽ എന്റെ ഒരു അപ്-റ്റു-ഡേറ്റ് കെ.എസ്.ആർ കളഞ്ഞുപോയി.

-ആയതുപിന്നെയുമുണ്ടാക്കീടാം/ കായം കിട്ടുകിലതുബഹുലാഭം അല്ലേ സോമേട്ടാ?

ഞാൻ ചോദിച്ചു. സോമേട്ടൻ ചിരിച്ചു.

 


Friday, July 31, 2020

ഓർമ്മത്തിരകൾ-7

 

(1996)

 

എട്ടേകാല് – എട്ടര- ഏറിയാൽ എട്ടേമുക്കാല്. അമ്പാട്ടെ നന്ദകുമാരൻ നായര് ആപ്പീസിൽ വരുന്നുണ്ടെങ്കിൽ അതിനകം എത്തിയിരിക്കും.

അതുവിട്ട് പോവാറില്ല.

(അരിമ്പൂരെ ഈ സ്ഥാനി നായർ അനതിവിദൂര ഭാവിയിൽ മേനോനാവും. ഏതോ ഒരു ചെറിയ പേപ്പറേ കിട്ടാനുള്ളൂ. അതും വിത്ത് ബുക്സാണ്)

മാർച്ച് മാസത്തിലെ ഒരു ദിവസം നേരം മണി ഒമ്പതായിട്ടും വുഡ്ബിമേനോനെ കാണാനില്ല.

ഇന്നിനി വരവുണ്ടാവില്ല. ബിആർ ആത്മഗതം പറഞ്ഞത് പ്രകാശമായിപ്പോയി. അത് കേൾക്കേണ്ട താമസം സെക് ഷനിൽ ഹാജരുണ്ടായിരുന്ന മറ്റ് നാലുപേരും സ്വിച്ചിട്ടതുപോലെ പണി തുടങ്ങി. ഇൻവേഡ് പേപ്പറും സർവീസ് ബുക്കും ബില്ലും ലീവുമെല്ലാം നെല്ലുകുത്തുമിഷ്യനിൽ നിന്ന് അരിവരുന്നപോലെ മണിമണിയായി ക്ലിയറായിത്തുടങ്ങി. വന്നോർക്കെല്ലാം ഇഷ്ടാനുസാരം പേസ്ലിപ്പും കൊടുത്തു. പിന്നെ പത്തര മണിയായപ്പോൾ ചായകുടിക്കാൻ പോയി. ചായയും കടിയും കഴിച്ച് വർദ്ധിതവീര്യരായി തിരിച്ചെത്തി. (ബിക്കോസ് കേസരിയായിരുന്നു കടി).

വീണ്ടും പണിതുടങ്ങി...

അപ്പോൾ ദാ കേറിവരുന്നു പാദത്തെ ചുംബിക്കുന്ന തോൾസഞ്ചിയും ശപ്പറശിപ്പറ തലമുടിയുമായി വിയർത്തുകുളിച്ച് ന.കു.നായർ!

വന്നവഴി അദ്ദേഹം സ്വിച്ചിന്റെ നേർക്കാണ് പോയത്. പിന്നെ ഫാൻ ഫുൾ സ്വിങ്ങിലാക്കി സീറ്റിൽ വന്ന് കണ്ണുമടച്ച് പ്രാർത്ഥനാനിരതദ്രവ്യമെന്നപോലെ ഒറ്റയിരിപ്പാണ്, ആരോടും ഒന്നും ഉരിയാടാതെ. വല്ലാതെ കിതയ്ക്കുന്നുമുണ്ടായിരുന്നു. ആ താ‍ടിരോമങ്ങളിൽ ഊറിനിന്നിരുന്ന സ്വേദകണങ്ങൾ ട്യൂബ് ലൈറ്റിൽനിന്നുതിർന്ന കതിർക്കണങ്ങളേറ്റ് മുത്തുമണികൾ പോലെ പ്രശോഭിച്ചു! (എങ്ങനിണ്ട്‌?)

ജയന്തി പദ്മിനിയെ നോക്കി; എന്താ പ്രശ്നം?

പത്മിനി മേരിത്തമ്പിയെ നോക്കി; എന്താണ് കാര്യം?

മേരിത്തമ്പി അശോകനെ നോക്കി; വാട്ട് ഹേപ്പെൻ ഡ്?

അശോകൻ ബിആറിനെ നോക്കി; സാറൊന്ന് ചോദിക്ക്.

ഒടുവിൽ മേശയ്ക്കകത്ത് പേപ്പറ് മുറിക്കാൻ വെച്ചിരുന്ന കത്തിയെടുത്ത് ബിആർ മൌനം മുറിച്ചു.

-ന.ന്ദോ

-എ.ന്ദോ

-എന്തുപറ്റി?

-ഒന്നൂല്ല്യ

-അത് കള

-സത്യം പറയാം

-പറയൂ

-പശു പറ്റിച്ചു

-പശുവോ

-അതന്നെ

-അതെങ്ങനെ
-രാവിലെ മൂത്രമൊഴിപ്പിക്കാൻ വേണ്ടി തൊഴുത്തീന്ന് അഴിച്ചുകൊണ്ടുവന്നതാണ്

-എന്നിട്ട്

-ഏതായാലും പല്ലുതേച്ചിട്ട് തിരിച്ചുകൊണ്ടുകെട്ടാമെന്നു കരുതി ഞാൻ പല്ലുതേയ്ക്കാനിരുന്നു

-ആര്ടേ? പശൂന്റ്യോ?

-ഇത്തരം കൊനുഷ്ഠ് ചോദ്യങ്ങളേ ബീആറിന്റെ നാവീന്ന് വരൂ

-എന്നാ അത് വിട്. എന്നിട്ടെന്തുണ്ടായി?

-കയറ് എങ്ങും കെട്ടീട്ട്ണ്ടായിരുന്നില്ല. പല്ല് തേച്ചുകൊണ്ടിരുന്നപ്പോഴാണ് ആ അനൌൺസ് മെന്റ് കേട്ടത്

-എന്തനൌൺസ് മെന്റ്?

-പ്രിയപ്പെട്ട നാട്ടുകാരേ, സഹകാരികളേ, സിനിമയിൽ അഭിനയിക്കാൻ താല്പര്യമുള്ള സുഹൃത്തുക്കൾ എത്രയും പെട്ടെന്ന് അരിമ്പൂർ ഗവണ്മെന്റ് മാപ്പിള യൂപ്പീസ്കൂൾ ഗ്രൌണ്ടിൽ ഉടൻ ഹാജരാവുക

-ച്ചാൽ?

-ഞാൻ ആ വിളി പ്രതീക്ഷിച്ചോണ്ടിരിക്കയായിരുന്നു. നാട്ടുകാരെല്ലാവരും കൂടി ജേസിയുടെ സംവിധാനത്തിൽ ഒരു ജനകീയ സിനിമ പിടിക്കണ് ണ്ടേയ്.

-അതെന്ത് സിനിമ?

-തികച്ചും ജനകീയം. ഒരു സങ്കീർത്തനം പോലെ എന്നാണ് പേര്. ആയിരം രൂപയാണ് ഒരു ഷെയറിന്. ഷെയറെടുക്കുന്നോർക്കെല്ലാം അഭിനയിക്കാൻ ചാൻസ് കിട്ടുമെന്ന് പറഞ്ഞിരുന്നു. എന്താ വിളിക്കാത്തേ വിളിക്കാത്തേന്ന് വിചാരിച്ചിരിക്കയായിരുന്നു ഞാൻ. അന്നേരമാണ് സ്വർഗ്ഗത്തിൽനിന്നെന്നപോലെ ആ വിളി വന്നത്

-ങ! എന്നിട്ട്?

-ആ വിളി കേട്ടതും..

-കേട്ടതും?

-ഒരൊറ്റ ഓട്ടമായിരുന്നു

-പശുവോ?

-ദേ വീണ്ടും കൊനുഷ്ഠ്. ഓടിയത് ഞാനാണെന്നേയ്

-എങ്ങോട്ട്

-ഗ്രൌണ്ടിലേക്ക്

-അപ്പൊ പശു?

- അതിന്റെ കാര്യം ഞാൻ പാടേ മറന്നു.

-അല്ലാ. അതിൽ നന്ദനെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യ. ഒരു പശൂനെ വേണോ അതോ സിനിമയിലഭിനയിക്കണോ എന്നാരെങ്കിലും ചോദിച്ചാൽ സിനിമയിലഭിനയിച്ചാ മതീന്നേ ആരും പറയൂ. അതു പോട്ടെ. എന്നിട്ട് ഏതു റോളാണ് കിട്ടിയത്?

-അതല്ലേ ട്രാജഡി. അവിടെ ചെന്നപ്പോളാണറിയണത് ഒരു ജാഥ ചിത്രീകരിക്കാൻ വേണ്ടിയാണ് അവർ കൂവി വിളിച്ച് ആളെ കൂട്ടിയതെന്ന്. എതായാലും അവിടം വരെ ചെന്നതല്ലേ, ജാഥയിലും തദ്വാരാ സിനിമയിലും ഒരു സെക്കൻഡെങ്കിൽ ഒരു സെക്കൻഡ് മുഖം കാണിച്ച് പോരാമെന്ന് ഞാനും കരുതി. ആൾക്കൂട്ടത്തിന്റെ മുന്നിൽ തന്നെ സ്ഥാനവും പിടിച്ചു. മണി എട്ടായി. ഒമ്പതായി .പത്തായി. പകൽ പഴുത്തുതുടങ്ങി. പക്ഷേ..

-പക്ഷേ?

-ആ മോഹം വെറും ജലരേഖയായിപ്പോയി ബിആർ...

-എന്തുപറ്റി?

-പത്തരയായപ്പൊ മൈക്കിലൂടെ അനൌൺസ് മെന്റ്; ജാഥയുടെ ചിത്രീകരണം കഴിഞ്ഞൂന്നും ജനങ്ങൾക്ക് പിരിഞ്ഞുപോകാമെന്നും!

-അതെങ്ങനെയാണ് ആൾക്കൂട്ടത്തിന്റെ മുമ്പിൽ നിൽക്കുന്ന നന്ദനറിയാതെ..?

-ആകെ നൂറ് പേരെയേ ജാഥക്ക് വേണ്ടിയിരുന്നുള്ളൂ. ജനക്കൂട്ടത്തിന്റെ പിന്നീന്ന് അവര് നൂറുപേരെ സെലക്റ്റ് ചെയ്തു. ഷൂട്ടിങ്ങും നടത്തി. മുമ്പില് നിന്ന് വെയിലുകൊണ്ടവർ യാതൊന്നുമറിഞ്ഞില്ല.

-ആ അനൌൺസ്മെന്റ് കേട്ടപ്പൊ ശെരിക്കും എന്താണ് തോന്നിയത്?

-എനിക്കെന്റെ പശൂനെ ഓർമ്മ വന്നു.

-പിന്നെ തിരിഞ്ഞൊരോട്ടമായിരുന്നു അല്ലേ

-അതേ. പക്ഷേ പശു നിന്നേടത്ത് ഒരു കുന്തി ചാണം മാത്രണ്ട്!

-പിന്നെ പശൂനേം തേടിയായി ഓട്ടം അല്ലേ

-നാടിന് നെടുകേയും കുറുകേയും  ക്രോസ് കണ്ട്രി ഓടി ഞാൻ ഈ പരുവമായി!

-എന്നിട്ട് തൊണ്ടിസാധനം കണ്ടുകിട്ടിയോ?

-കണ്ടുകിട്ടി

-എവിടെയുണ്ടായിരുന്നു?

-ഞാൻ കറങ്ങിത്തിരിഞ്ഞ് വീട്ടിൽ ചെല്ലുമ്പൊ അത്ണ്ട് തൊഴുത്തില് നിക്കണ്!


ഓർമ്മത്തിരകൾ-6

 

(1996)

 

പി.കുഞ്ഞിരാമൻ നായരെ നമ്മൾ ‘നഖശിഖാന്തം കവി’ എന്നു വിളിക്കാറില്ലേ. അതുപോലെ  ‘നഖശിഖാന്തം വിപ്ലവകാരി’ എന്നു വിശേഷിപ്പിക്കാവുന്ന ഒരാ‍ളാണ് വി.ശ്രീകുമാർ. നോക്കൂ, ആ ഇനീഷ്യല് തന്നെ അതിന്റെ സൂചകമാണ്. ച്ചാൽ ഊണിലും ഉറക്കത്തിലും സഖാവിന് വിപ്ലവത്തെപ്പറ്റിയല്ലാതെ മറ്റൊരു ചിന്തയില്ല.

 

ഉറങ്ങാൻ കിടക്കുമ്പോൾ വിപ്ലവഗാനങ്ങൾ കേൾക്കുന്നത് സഖാവിന്റെ ഒരു ശീലമാണ്. പറയുമ്പോൾ എല്ലാം പറയണമല്ലൊ. ഗാനാസ്വാദനത്തിന്റെ കാര്യത്തിൽ സഖാവിന്റെ ശ്രീമതിയും അത്ര മോശമല്ല. പക്ഷേ അവർക്ക് ഹിന്ദുസ്ഥാനി സംഗീതത്തിലാണ് കമ്പമെന്നു മാത്രം. മലയാളം പാട്ടുകൾ ഇഷ്ടമല്ലെന്നല്ല. സഖാവ്  വാങ്ങിക്കൊണ്ടുവരുന്ന മലയാളം കാസറ്റുകൾ ഒന്നുരണ്ടുവട്ടം കേൾക്കും. പിന്നെ അതിൽ ഏതെങ്കിലും ഹിന്ദി പാട്ട് പിടിപ്പിച്ച് അത് കേൾക്കും. അതാണ് ശ്രീമതിയുടെ രീതി.

 

അന്നുച്ചയ്ക്ക് സർവ്വരാജ്യ തൊഴിലാളി വർഗ്ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ച സമയത്തിൽ നിന്ന് അര മണിക്കൂർ കടമെടുത്ത് ഒന്നു മയങ്ങാൻ കിടന്നതാണ് സഖാവ്. ഏഴാച്ചേരി രാമചന്ദ്രന്റെ ‘രക്ത താരകം’ എന്ന കാസറ്റിട്ട് ടേപ്പ് ഓൺ ചെയ്തുകൊണ്ടാണ് കിടക്കയിലേക്ക് ചാഞ്ഞത്. പക്ഷേ സഖാവിനെ തഴുകിയുറക്കാനായി യന്ത്രത്തിൽനിന്ന് ഒഴുകിവന്ന വിപ്ലവഗാനം ഇതായിരുന്നു:

“ ആയേരേ ആയേരെ / ചോർ മചാതേ നാചേരേ......./..... രംഗീലാരേ ”

 


Thursday, July 30, 2020

ഓർമ്മത്തിരകൾ-5

(പപ്പടം പൊടിക്കുമ്പോലെ.....)

 

മുഴുക്കൈയൻ ജുബ്ബ. നമ്പർ വൺ ഡബ് ള്. മുറിയൻ മേൽമീശ. മുഖത്ത് പുഞ്ചിരി. ഇടത്തേ കക്ഷത്തിൽ കറുത്തൊരു ബേഗ്. വലതുകൈയിലെ ചൂണ്ടുവിരലിന്റേയും തള്ളവിരലിന്റേയും അഗ്രങ്ങൾ തൊട്ടൂതൊട്ടില്ല തൊട്ടൂതൊട്ടില്ല മൊട്ടിട്ടുവല്ലോ മേലാകെ എന്ന മട്ടിൽ. പ്രസ്തുത വിരലുകൾക്കിടയിൽ ഒരു നുള്ള്  ടിഏ എസ് രത്നം പൊടി – ഇത്രയുമായാൽ വരിക്കാരൻ (സബ്സ്ക്രൈബർ) മാഷിന്റെ നഖചിത്രമായി. (കൈവിരലുകൾ മുൻ ചൊന്നപോലെ പിടിക്കുന്നതിന് കഥകളിയിൽ ‘മുദ്രാഖ്യ’മെന്ന് പറയുമെന്ന് തൂതപ്പുഴയുടെ തീരങ്ങളിൽനിന്നുവരുന്ന പ്രഭാകരൻ)

ഹാളിലേക്ക് കാലെടുത്തുവെച്ച മാഷിനെ ആദ്യം എതിരേറ്റത് സി ഏ പിയിലെ മത്തായി സാറാണ്. മാഷിന്റെ സന്ദർശനോദ്ദേശ്യം മനസ്സിലാക്കിയ  മത്തായിസാർ പറഞ്ഞു:

-ദാ, ആ സെക് ഷന്റെ അങ്ങേയറ്റത്ത് മൂന്ന് താടിക്കാര് നെരന്നിരിക്കണില്ലേ. അതിൽ രണ്ടാം താടിയാണ് എസ്സൊ. അവിടെ ചോദിച്ചാ മതി.

മാഷ് എസ്സോന്റടുത്തെത്തി. ഭേഷായി തൊഴുതു. പിന്നെ പറഞ്ഞു:

-സർ, ഞാൻ പി.പി.തങ്കപ്പൻ. പാലക്കാട് ഗവണ്മെന്റ് മാപ്പിള യൂപ്പീ സ്കൂളിലെ ഹെഡ് മാസ്റ്ററാണ്.

-ഗ്ലാഡ് റ്റു മീറ്റ് യൂ, മാസ്റ്റർജീ. വാട്ട് ഷാൽ ഐ ഡൂ ഫോർ യൂ?

-ഞാൻ മറ്റൊരാവശ്യത്തിണ് തൃശൂര് വരെ വന്നതാണ്. അപ്പൊ തോന്നി ഇവിടെ കേറി ഒരു ശങ്ക തീർത്തുകളയാമെന്ന്.

ഇതു കേട്ടപ്പോൾ അതുവരെ തകൃതിയായി പോസ്റ്റിങ് ചെക്ക് ചെയ്തുകൊണ്ടിരിക്കയായിരുന്ന  സാജു പനയ്ക്കൽ തൊട്ടടുത്തിരിക്കുന്ന ശ്യാം കുമാറിനോട് മാഷ് കേൾക്കാതെ ചോദിച്ചു:

- അങ്ങനെ വഴിയേ പോവുന്നോർക്കൊക്കെ കേറിവന്ന് ശങ്ക തീർക്കാനുള്ള സ്ഥലമാണോ അക്കൌണ്ടാപ്പീസ്?

 

കേട്ടെങ്കിലും അത് കേൾക്കാത്തമട്ടിൽ എസ്സൊ മാഷിനോട് ചോദിച്ചൂ

-എന്താണ് മാഷിന്റെ ശങ്ക?

-എന്റെ 90-91ലെ ക്രെഡിറ്റ് കാർഡിനെപ്പറ്റിയാണ്

-എന്നാണ് ശങ്ക തുടങ്ങിയത്?

-91-92 ലെ കാർഡ് കിട്ടിയപ്പൊ

-അത് വിചിത്രമായിരിക്കുന്നു. ആട്ടെ, എന്താണ് ശങ്കയ്ക്ക് കാരണം?

മാഷ് 90-91ലെ കാർഡ് പുറത്തെടുത്തു. പിന്നെ പറഞ്ഞു:

-സർ ഇതിൽ ആറായിരം രൂപ വിത് ഡ്രോവൽ കാണിച്ചിട്ടുണ്ടല്ലൊ.

-ഉവ്വ്. സാറ് എൻ ആർ എ എടുത്തതല്ലേ

-ആ തുക ഞാൻ എടുത്തിട്ടില്ല!

എസ്സൊ ഒരു നിമിഷം സ്തബ്ധനായിപ്പോയി.

ഞെട്ടലിൽനിന്ന് മുക്തനായപ്പോൾ പാലക്കാട്-എ യൂണിറ്റിലെ ഗ്ലാ‍ാഡിസിനോട് പറഞ്ഞു:

-മേരി ഹെലൻ ഗ്ലാഡിസ്സേ, ഈ മാഷിന്റെ ലെഡ്ജറൊന്നെടുത്ത് അതിൽ 90-91ൽ ആറായിരം ഡെബിറ്റ് വന്നിട്ടുണ്ടോന്ന് നോക്കൂ

തത്ത ചീട്ടെടുക്കുമ്പോലെ ഗ്ലാഡിസ് തങ്കപ്പൻ മാഷിന്റെ ലെഡ്ജറെടുത്തു. അതിൽ 3-91ൽ ആറായിരം രൂപ കൃത്യമായി പോസ്റ്റ്  ചെയ്തിട്ടുണ്ട്.

എസ്സൊ മാഷിനെ വിളിച്ചു.

-ഇതില് പോസ്റ്റിങ്ങ് വന്നിട്ടുണ്ടല്ലൊ മാഷേ

-പക്ഷേ ആ കാശ് ഞാൻ എടുത്തിട്ടില്ല

-ഒറപ്പ്?

-ഒറപ്പ്

-കുറുപ്പിന്റെ?

-അല്ല

ഇനി എന്തു ചെയ്യും? എസ്സൊയ്ക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. അവസാനം ഇത്തരം സന്ദിഗ്ധാവസ്ഥകളിൽ സീയാർ ബാബു എടുക്കാറുള്ള അടവെടുത്തു. മാഷോട് പറഞ്ഞു:

-മഷേ ഒരു കാര്യം ചെയ്യൂ. ഒരര മണിക്കൂറ് കഴിഞ്ഞ് വരൂ. ഞങ്ങളൊന്ന് നോക്കട്ടെ.

(അതിനകം സംഗതി എങ്ങനെയെങ്കിലും സെറ്റ് ൽ ചെയ്യാൻ കഴിയുമെന്നാണ് വിശ്വാസം. അതിന് പറ്റിയില്ലെങ്കിൽ ശ്യാം കുമാർ പറയാറുള്ളതുപോലെ ഇതൊരു ബുക്ക് അഡ്ജസ്റ്റ്മെന്റാണെന്നും അടുത്ത കൊല്ലത്തിലെ കാർഡിലേ ശരിയാക്കാൻ പറ്റൂ എന്നും തട്ടിവിടണം.  അത് രണ്ടും ഫലിക്കാഞ്ഞാൽ സാജുവിന്റെ വജ്രായുധം - ഡമ്മി‌ പ്രയോഗിക്കേണ്ടിവരും. ഡമ്മിപ്രയോഗത്തിൽ മിക്ക മാഷ് മ്മാരും വീഴാറുണ്ട്)

മാഷ് പുറത്തുകടന്നയുടൻ എല്ലാവരും തപ്പും തുടിയും പരിപാടി തുടങ്ങി. 3-91ലെ  ഡെബിറ്റ് വൌച്ചേഴ്സും 90-91ലെ എൻ ആർ ഏ ഫയലും കിട്ടണം. കിട്ടിയേ തീരൂ. തപ്പിത്തപ്പി എല്ലാവരും വശം കെട്ടു. ഏതാണ്ട് പതിനഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും സെക് ഷൻ പൂഴിക്കടകൻ കഴിഞ്ഞ അങ്കത്തട്ട് പോലായി. പൊടികൊണ്ട് നെയ്യഭിഷേകം കഴിച്ചപോലായി.

പെട്ടെന്നതാ പാലാ‍ഴിയിൽനിന്ന് തൊണ്ടിപ്പഴമെന്നപോലെ പൊന്തിവരുന്നു തൊണ്ടിരണ്ടും! പി.പി.തങ്കപ്പന്റെ എൻ ആർ എ അപ്ലിക്കേഷനും ആറായിരത്തിന്റെ വൌച്ചറും.

തൊണ്ടി കണ്ടുകിട്ടിയപ്പോൾ വാസ്തവത്തിൽ എസ്സോയുടെ ടെൻഷൻ ഒന്നുകൂടി വർദ്ധിക്കയാണുണ്ടായത്.

(ദൈവമേ! ആ മാഷ് അതുവഴി അങ്ങ് പോയാ മതിയായിരുന്നു...ഇനീപ്പൊ എന്തൊക്കെയാണാവോ ഉണ്ടാവ് വാ. കൃഷ്ണകുമാറും പനയ്ക്കലും കൂടി അങ്ങേരെ നിർത്തിപ്പൊരിയ്ക്കില്ലേ. ഫ്രൈയാക്കില്ലേ...)

സംഭീതൻ പുറത്തിറങ്ങിനോക്കുമ്പോൾ തങ്കപ്പൻ വരാന്തയിൽ തേരാപ്പാരാ നടക്കുകയാണ്.

വിറയാർന്ന സ്വരത്തിൽ എസ്സൊ വിളിച്ചു:

-മാഷേ

-എന്താ‍ സർ

-മാഷ് ഊണ് കഴിച്ചോ

-ഇല്ല

-എങ്കിൽ പോയി കഴിച്ചിട്ട് വരൂ...അതാ നല്ലത്..

-ശെരി. ഞാൻ കഴിച്ചിട്ട് വരാം

മാഷ് പുറത്തേക്കുപോയപ്പോൾ എസ്സൊ കാന്റീനിലേക്ക് നടന്നു. ഊണുകഴിക്കാനിരിക്കുമ്പോഴും സെക് ഷനിലെ കാര്യമാണ് ഓർമ്മയിൽ. ഒരു സമാ‍ധാനവുമില്ല. ഒരു വിധത്തിൽ ഊണ് കഴിച്ചുകഴിച്ചില്ലെന്നു വരുത്തി കൈകഴുകി പുറത്തുകടന്നു. സെക് ഷനിൽ തിരിച്ചെത്തുമ്പോഴേക്കും ആശങ്കിച്ചതുപോലെ തന്നെ കൃഷ്ണകുമാറും ശ്യാം കുമാറും പനയ്ക്കലുമടങ്ങുന്ന ഡിവിൻ ബഞ്ചിന്റെ മുമ്പാകെ മാഷ് വിസ്തരിക്കപ്പെടാൻ തുടങ്ങിയിരുന്നു.

പനയ്ക്കൽ ചോദിക്കയാണ്:

-ഈ പീപ്പിത്തങ്കപ്പൻ പീപ്പിത്തങ്കപ്പൻ എന്നു പറയുന്ന ആൾ മാഷ് തന്നെയല്ലേ

-തന്നെ

-90-91ലെ ക്രെഡിറ്റ് കാർഡിൽ വിത് ഡ്രോവൽ കാണിച്ചിരിക്കുന്ന ആറായിരം രൂപ മാഷ് എടുത്തിട്ടില്ലെന്നുതന്നെയാണോ പറയുന്നത്?

-അതെ

-അതൊന്ന് മോത്തുനോക്കിപ്പറഞ്ഞേ

-അതിന്റെ ആവശ്യമില്ലല്ലൊ

-ഇതു കേട്ടപ്പോൾ ശ്യാം ഒരു കഷണം കടലാസെടുത്തുകൊടുത്തുകൊണ്ട് പറഞ്ഞു:

-മോത്തുനോക്കി പറയാൻ മടിയാണെങ്കിൽ ഇതിലൊന്നെഴുതിത്തന്നാൽ മതി

-അതിനല്പം ബുദ്ധിമുട്ടുണ്ട്

അരിശം വന്ന കൃഷ്ണകുമാർ ചോദിച്ചു:

-എന്ത് ബുദ്ധിമുട്ട്? മാഷ് ക്ക് എഴുത്തറിയില്ലേ

അപ്പോൾ തല ചൊറിഞ്ഞുകൊണ്ട് മാഷ് പറഞ്ഞു:

-അതല്ല സർ. ഇപ്പൊ എനിയ്ക്കൊരു സംശയം തോന്നുന്നു.

-എന്ത് സംശയം?

-ആ തുക ഞാൻ എടുത്തതുതന്നെയല്ലേന്ന്

അന്നേരം തുറുപ്പിനുപകരം വൌച്ചറെടുത്തടിച്ചുത്തടിച്ചുകൊണ്ട് കൃഷ്ണൻ ചോദിച്ചു:

-ഈ വൌച്ചറിൽ കാണുന്നത് മാഷിന്റെ കൈയൊപ്പല്ലേ

-അതെ

-അപ്പൊ ഈ ആറായിരം മാഷ് വാങ്ങിച്ചതല്ലേ

-അതേ

-അപ്പൊ ഇതുവരെ പറഞ്ഞതോ

-അപ്പാടെ വിഴുങ്ങാം സർ. ഓർമ്മപ്പിശക് പറ്റിയതാണ്

പാർലിമെന്ററിയായതെന്തോ പറയാൻ തുടങ്ങുകയായിരുന്ന കൃഷ്ണന്റെ വാ പൊത്തിപ്പിടിച്ചുകൊണ്ട് ഗദ്ഗദകണ്ഠനായി പനയ്ക്കൽ പറഞ്ഞു:

-മാഷ് ഞങ്ങടെ ആത്മാർത്ഥതയിലാണ് കൊടപ്പുളി പിഴിഞ്ഞൊഴിച്ചത്

-മനപ്പൂർവ്വമായിരുന്നില്ല സർ.

-ഞങ്ങളിവിടെ തീ തിന്ന്വായിരുന്നു മാഷേ. മാഷ് ക്കറിയ് യോ വൈക്കത്തെങ്ങന്യാ അമ്പലണ്ടായേന്ന്?

ഇതു ചോദിക്കുമ്പോഴേക്കും പനയ്ക്കൽ വല്ലാതെ ഇമോഷണലായിക്കഴിഞ്ഞിരുന്നു. ഒടുവിലത്തെ ചോദ്യം കേട്ട് മാഷിന്റെ തല കറങ്ങാൻ തുടങ്ങിയതായിരുന്നു. അപ്പോഴേക്കും ശ്യാം കുമാർ പനയ്ക്കലിന്റെ തോളത്തുതട്ടിക്കൊണ്ട് പറഞ്ഞു:

-ചുപ് രഹോ സാജു ഭായ്, ചുപ് രഹോ. ഡോണ്ട് ആസ്ക് ഹിം സച് എംബറാസിങ് ക്വസ്റ്റ്യൻസ്.

 

കൊട്ടിക്കലാശം കൃഷ്ണന്റെ വകയായിരുന്നു. കൃഷ്ണൻ പറഞ്ഞു:

-എന്നാലും ഇത് വളരെ മോശമായിപ്പോയി കേട്ടോ മാഷേ

-സാറമ്മാര് ക്ഷമിയ്ക്കണം. ആ കള്ളൻ എന്നെ പറ്റിക്കയായിരുന്നു...

-ഏത് കള്ളൻ?

-അവൻ. ആ ശശിധരൻ മാഷ്. അവനാണ്പറഞ്ഞത്. ഞാൻ ആ തുക എടുത്തിട്ടില്ലെന്ന്!

-അതു കൊള്ളാമല്ലോ. എന്റെ പ്രൊവിഡന്റ് ഫണ്ടീന്ന് ഞാനെടുത്ത കാശ് ഞാനെടുത്തിട്ടില്ലെന്നുപറഞ്ഞ് അവനെന്നെപ്പറ്റിച്ചു അല്ലേ?

-അതെ സർ. അതാണുണ്ടായത്....

 

പേമാരി പെയ്തുതീർന്നപ്പോൾ മാഷ് അടുത്തുവന്ന് ഒരോരുത്തരോടും യാത്ര ചോദിച്ചു:

-എന്നാൽ ഞാൻ പോട്ടെ. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിയ്ക്കണം.

അപ്പോഴേക്കും സൌമ്യശിരോമണിയായിക്കഴിഞ്ഞിരുന്ന സാജു പറഞ്ഞു:

-ഏയ്. എന്ത് ബുദ്ധിമുട്ട്? ഇതൊക്കെ ഞങ്ങൾടെ തൊഴിലിന്റെ ഭാഗല്ലേ മാഷേ. ഇനിയും ഇതുപോലെ ഇടയ്ക്കൊക്കെ വരണം കേട്ടോ.....