rajasooyam

Tuesday, February 16, 2016

ടാക്റ്റിക്‌സ്

-ഹലോ, ബിആറല്ലേ
-അതേ കണ്ണാ
-സഖാവ് എന്നെ പിന്നേം പറ്റിച്ചൂട്ടോ
-ആര്? ശ്രീകുമാറോ?
-തന്നെ തന്നെ
-ഇത്തവണ എത്ര പോയി?
-350 ഇന്ത്യന്‍ റുപ്പീസ്
-സാരല്ല്യ. അടുത്ത ഓണക്കാലത്തെ സ്‌പെഷ്യല്‍ റിബേറ്റില്‍ അഡ്ജസ്റ്റ് ചെയ്യാലോ
-ആ ഒരു സമാധാനത്തിലാണ് ഞാന്‍
-അതുപോട്ടെ. എന്തായിരുന്നു പറ്റിപ്പിന്റെ പശ്ചാത്തലം?
-പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പുസഖ്യത്തെപ്പറ്റി ഒരു സാധാരണക്കാരനു തോന്നാവുന്ന സംശയം ഞാനൊന്നു ചോദിച്ചുപോയി. അതാണ് അബദ്ധമായത്
-കൊള്ളാം. മാര്‍ക്‌സിസം-ലെനിനിസം അരച്ചുകലക്കിക്കുടിച്ച ഒരാളോട് ചോദിക്കാന്‍ പറ്റിയ സംശയമാണോ കണ്ണാ അത്? എന്നിട്ട് എന്തായിരുന്നു പ്രതികരണം?
-സംശയം കേട്ടതും ഉഗ്രകോപത്തോടെ എന്നെയൊരു നോട്ടമാണ്. പിന്നെ പറഞ്ഞു:
ഇത്തരം പീറസംശയമൊന്നും മേലില്‍ എന്നോട് ചോദിച്ചേക്കരുത്. നിങ്ങള്‍ ദിമിത്രോവിന്റെ 'ടാക്റ്റിക്‌സ് ഓഫ് യുണൈറ്റഡ് ഫ്രണ്ട്' വായിച്ച്ട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് വീട്ടീപ്പോണവഴി അതിന്റെ ഒരു കോപ്പിവാങ്ങിക്കൊണ്ടുപോയി വായിക്ക്. അതോടെ ബംഗാളിലെ സഖ്യത്തെപ്പറ്റിയുള്ള സകല സംശയവും തീരും.
-എന്നിട്ട് കണ്ണന്‍ പുസ്തകം വാങ്ങിച്ചോ?
-ഒന്നും പറയണ്ട ബിആര്‍. ഞാന്‍ റൗണ്ടായ റൗണ്ടൊക്കെ റൗണ്ടടിച്ചുനോക്കി. ഒരൊറ്റ പുസ്തകക്കടയിലുംസാധനമില്ല. മാത്രല്ല, ദിമിത്രോവ് എന്നു പറയുമ്പോഴേക്കും അവര്‍ തുറിച്ചുനോക്കുകയായിരുന്നു! ഒടുവില്‍ റോഡ്‌സൈഡില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കണ ഒരാള്‍ടെ കൈയില്‍നിന്നാണ് തൊണ്ടിമുതല്‍ കണ്ടുകിട്ടിയത്.
-അയാള്‍ക്ക് എന്തു കൊടുക്കേണ്ടിവന്നു?
-350 ഇന്ത്യന്‍ റുപ്പീസ്
-എന്നിട്ട് കണ്ണന്‍ അതുമുഴുവന്‍ വായിച്ചോ?
-കമ്പോടുകമ്പ്. ച്ചാല്‍ ഏ ടു സെഡ്
-ഏതായാലും വായിച്ചുകഴിഞ്ഞപ്പോള്‍ ശങ്ക തീര്‍ന്നുകാണും അല്ലേ
-ഉവ്വ! അതല്ലേ ഞാന്‍ പറഞ്ഞത് സഖാവ് എന്നെ പറ്റിച്ചൂന്ന്.
-എങ്ങനെ?
-ബിമന്‍ ബോസിനെപ്പറ്റിയോ സൂര്യകാന്തമിശ്രയെപ്പറ്റിയോ മമതാബാനര്‍ജിയെപ്പറ്റിയോ അതേലെങ്ങും  കമാന്നൊരക്ഷരമില്ലെന്നേയ് !!!


Saturday, January 30, 2016

സൈഡ് ഇഫെക്റ്റ്

പ്രദീപേട്ടന്‍ പ്രീറിട്ടയര്‍മെന്റ് കൗണ്‍സലിങ്ങിന് തിരുവനന്തപുരത്തു പോയതും ഭസ്മാസുരനാവാതെ രക്ഷപെട്ടതും മറ്റും മാലോകരായ മാലോകരൊക്കെ ഇതിനകം അറിഞ്ഞിരിക്കുമല്ലൊ.
ആ സംഭവം നടന്നത് ജനുവരി രണ്ടാം വാരത്തിലായിരുന്നുവെങ്കില്‍ ഈ സംഭവം നടക്കുന്നത് നാലാം വാരത്തിലാണ്.
നാലാം വാരത്തിലെ ഒരു ദിവസം അയല്‍വക്കത്തെ ശാന്തേടത്തി പ്രദീപേട്ടന്റെ വൈഫിനോട്
സംസാരിക്കയാണ്:
-ചോദിക്കണോണ്ട് വെഷമൊന്നും തോന്നരുത്,ട്ടോ പ്രഭേ
-എന്താ ശാന്തേച്ചി?
-അല്ലാ, സാറിന് ഈയിടെയായിട്ട് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്താ ശാന്തേച്ചി അങ്ങനെ ചോദിക്കാന്‍?
-അതല്ലാ.. ഞാന്‍ ഇന്നലെ നോക്കുമ്പൊ സാറ് നിങ്ങടെ ഉമ്മറത്തിരുന്ന് കെഴക്കേലേ വലിയ മൂവാണ്ടന്‍ മാവിന്റെ തുഞ്ചത്തേക്ക് ഇമ വെട്ടാതെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു.............  അര മണിക്കൂറ് കഴിഞ്ഞ് നോക്കുമ്പോഴും അതേ ഇരിപ്പായിരുന്നു........... ഞാന്‍ ഇക്കാര്യം വീട്ടില് പറഞ്ഞപ്പൊ ചേട്ടനും പറഞ്ഞു, ഈയിടെയായി സാറ് രാവിലെ പാല് വാങ്ങാന്‍ പോവുമ്പൊ വഴീല് കാണണ മരങ്ങള്‌ടെ മോളിലേക്ക് സൂക്ഷിച്ച്‌നോക്കി അനങ്ങാതെ നിക്കണത് കാണാറ്ണ്ട്ന്ന്!
                                       ശാന്തേടത്തി പറഞ്ഞതുകേട്ടതും ഭൂമി കുലുങ്ങുന്നതുപോലെയും തല കറങ്ങുന്നതുപോലയും തോന്നി പ്രഭയ്ക്ക്.........

അന്നു വൈകുന്നേരം അത്താഴത്തിനിരിക്കുമ്പൊ പ്രദീപേട്ടനോട് ശ്രീമതി ചോദിച്ചു:
-അതേയ്, സത്യം പറയണം. ചേട്ടന് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-അല്ലാ, എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്തേ അങ്ങനെ ചോദിക്കാന്‍?
    ശാന്തേടത്തി പറഞ്ഞ കാര്യം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ പ്രഭ പ്രദീപേട്ടനെ ധരിപ്പിച്ചു.
അന്നേരം പൊട്ടിച്ചിരിച്ചുകൊണ്ട് തനി ബഷീറിയന്‍ സ്റ്റൈലില്‍ പ്രദീപേട്ടന്‍ പറഞ്ഞു:
-എടീ ബഡുക്കൂസെ, എനിക്ക് നീ പറയണ യാതൊരു പ്രശ്‌നോല്ല്യ.
-അപ്പൊപ്പിന്നെ ശാന്തേടത്തി പറഞ്ഞതോ?
-അതുപിന്നെ അന്ന് കൗണ്‍സലിങ്ങിനുവന്ന സാറ് ഹോബികളൊന്നുമില്ലാത്തവര്‍
കൈ പൊക്കാന്‍പറഞ്ഞു. ഞാന്‍ കൈ പൊക്കി. അപ്പൊ സാറ് പറഞ്ഞു, റിട്ടയര്‍ ചെയ്യുമ്പോള്‍ നിര്‍ബ്ബന്ധമായും     എന്തെങ്കിലും ഹോബി വേണമെന്നും അത് ഇപ്പോഴേ കണ്ടെത്തി പ്രാക്റ്റീസ് ചെയ്തു തുടങ്ങണമെന്നും. പിന്നെ ഹോബി സെലക്റ്റ് ചെയ്യാന്‍ വേണ്ടി അതിന്റെ ഒരു ലിസ്റ്റും തന്നു.
-എന്തൊക്കെയുണ്ടായിരുന്നു ലിസ്റ്റില്‍?
-ഗാര്‍ഡനിങ്, സ്റ്റാമ്പ് കളക് ഷന്‍, ചിത്ര രചന, സംഗീതാസ്വാദനം, ഫോട്ടോഗ്രഫി, ശീട്ടുകളി,
കുതിരക്കച്ചവടം, തീപ്പെട്ടിക്കൂട് ശേഖരണം, വീണ വായന, വീഴാത്ത വായന, ഗോസിപ്പെഴുത്ത്,
അടുക്കളപ്പണി... അങ്ങനെ ഒരു നൂറുകൂട്ടം
                      പ്രഭയ്ക്ക് ഉറപ്പായിരുന്നു, തന്നോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് പ്രദീപേട്ടന്‍
അടുക്കളപ്പണിയാവും തെരഞ്ഞെടുത്തിട്ടുണ്ടാവുകയെന്ന്. എന്നാലും വെറുതെ ചോദിച്ചു:
-എന്നിട്ട് പ്രദീപേട്ടന്‍ ഏത് ഹോബിയാണ് തെരഞ്ഞെടുത്തത്?
-ഒബ്‌സെര്‍വേഷന്‍
-ഒബ്‌സെര്‍വേഷനോ?
-അതെ. നിരീക്ഷണം. പക്ഷിനിരീക്ഷണം !!!



Tuesday, January 26, 2016

വെളുക്കാന്‍ തേച്ചത്

വെളുക്കാന്‍ തേച്ചത് പാണ്ടായി ഭവിച്ചു എന്നു പറഞ്ഞതുപോലായി പ്രദീപേട്ടന്റെ കാര്യം.

സംഭവമിങ്ങനെ:
2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ റിട്ടയര്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള കൗണ്‍സലിങ് ക്ലാസ് നടക്കുകയാണ് മെയിനാപ്പീസില്‍.
ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്ന പ്രദീപേട്ടനേയും സ്വാഭാവികമായും പ്രസ്തുത പരിപാടിയിലേക്ക്  ക്ഷണിച്ചിരുന്നു.
മാന്യന്മാരും മഹതികളുമടക്കം ആകെമൊത്തം ടോട്ടല്‍ 66 പേരുണ്ടായിരുന്നു ക്ലാസില്‍.
പലരേയും അനേകവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കാണുകയാണ് പ്രദീപേട്ടന്‍.
കൂടിക്കാഴ്ചക്കിടയില്‍ പ്രൗഢയും കുലീനയുമായ ഒരു ലേഡിയോട് പ്രദീപേട്ടന്‍ തികച്ചും നിര്‍ദ്ദോഷമായ ഒരു  കുശലാന്വേഷണം നടത്തി. ആ അന്വേഷണമാണ് പാണ്ടായിബ്ഭവിച്ചത്!
പ്രദീപേട്ടന്റെ ചോദ്യം കേട്ടതും അവര്‍ വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ പാര്‍വതീദേവിയെ ഇമിറ്റേറ്റ് ചെയ്ത് പ്രദീപേട്ടനെ ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി.
മഞ്ഞുകാലമായതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ പ്രദീപേട്ടന്‍ ഭസ്മായേനെ. ഭസ്മാസുരനായേനെ!

പ്രൗഢയോടുള്ള പ്രദീപേട്ടന്റെ തികച്ചും നിഷ്‌കളങ്കമായ ചോദ്യം ഇതായിരുന്നു:
''ഏതാ മാസം?''' !!!
 

Saturday, December 19, 2015

ലൈക്ക്

ലോകത്തുള്ള ഏതു കാഴ്ചബംഗ്ലാവില്‍ പോയാലും അവിടെക്കാണുന്ന പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും പ്രതിമകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്
ചെയ്യുക എന്നത്  വേണുപ്പണിക്കരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ആന്റിസോഷ്യല്‍ മീഡിയായില്‍ പുള്ളിക്കാരന്‍ അത്രയ്ക്ക് സജീവനാണെന്നര്‍ത്ഥം.

ഈയിടെ ഒരു ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് വേണു.
കൈയില്‍ നടേ പറഞ്ഞപോലത്തെ ഒരു സെല്‍ഫിയുണ്ട്.
ഏതോ മൃഗശാലയില്‍ വെച്ച് എടുത്തതാണ്.
ഒരു കരടി, ഒരു കാട്ടുപോത്ത്, ഒരു മരപ്പട്ടി ഒരു കരിങ്കുരങ്ങ്... ഇവര്‍ ഒരു ലൈനായി
നില്‍ക്കുകയാണ്. ഒത്ത നടുവിലായി വേണുവും - ഇതാണ് ചിത്രം.
കുളി കഴിഞ്ഞിട്ടാവാം പോസ്റ്റിംഗ് എന്നു നിരൂപിച്ച് ഫോട്ടോ മേശപ്പുറത്തുവെച്ച് വേണു
കുളിമുറിയില്‍ കേറി വാതിലടച്ചു.
ഈ തക്കത്തിന് വേണുവിന്റെ സന്തതസഹചാരിയും സന്തതികളുടെ അമ്മയും സര്‍വോപരി
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ വനജാക്ഷിയമ്മ ആ ഫോട്ടോയെടുത്ത് ഒരു
അടിക്കുറിപ്പോടെ സ്വന്തം ഫേസ്ബുക്കിലങ്ങ് പോസ്റ്റി.
അടിക്കുറിപ്പിന്റെ മേന്മകൊണ്ടാണോണറിയില്ല, ഒരാഴ്ച്ചക്കകം കാക്കത്തൊള്ളായിരത്തിരണ്ട്
ലൈക്കാണ് ആ പോസ്റ്റിന് കിട്ടിയത്!
പക്ഷേ അതോടെ വേണു ആന്റിസോഷ്യല്‍ മീഡിയയിലെ കളി നിര്‍ത്തി...

വനജാക്ഷിയമ്മയുടെ അടിക്കുറിപ്പ് ഇതായിരുന്നു:
''ഫോട്ടോയില്‍ ഇടത്തുനിന്ന് മൂന്നാമത് കാണുന്നത് എന്റെ ഹസ്ബന്റാണ്''' !!!

Monday, December 7, 2015

സ്‌പെഷ്യല്‍ റിബേറ്റ്

 ബിആറിന്റെ ചോദ്യം ഇതായിരുന്നു:
1500 രൂപ പ്രൈസ് ടാഗ് ഉള്ള ഒരു കുത്താമ്പുള്ളി കസവുമുണ്ട് സഖാവ് ശ്രീകുമാറിന്  60%
സ്‌പെഷ്യല്‍ റിബേറ്റില്‍ നല്‍കാമെന്ന് ആര്‍.കണ്ണന്‍ ഓഫര്‍ ചെയ്യുന്നു.
തലേന്നാള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുഫണ്ടിലേക്ക് ശ്രീകുമാര്‍ കണ്ണന്റെ കൈയില്‍നിന്ന് 200 രൂപ നിര്‍ബ്ബന്ധമായി പിരിച്ചിരുന്നു. എങ്കില്‍ കുത്താമ്പുള്ളിക്കസവിന്റെ യഥാര്‍ത്ഥവിലയെത്ര?

വാസ്തവത്തിൽ ജാവയേക്കാളും സിമ്പിളായിരുന്നില്ലേ ചോദ്യം.
പക്ഷേ ഇതുവരെ ഒരാൾപോലും ശരിയുത്തരം പറഞ്ഞില്ല !





Saturday, December 5, 2015

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ പറ്റ് ല്ല്യ !

ഡല്‍ഹിയില്‍ അസോസിയേഷന്റെ നാഷണല്‍ എക്‌സിക്യൂട്ടീവില്‍
പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ശ്രീകുമാറിന് ആ ഫോണ്‍കോള്‍ വരുന്നത്.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ ചോദിച്ചു: ലോഡോ? എന്ത് ലോഡ്?
-മണല്
-അതിന് ഞാന്‍ മണലിന് ഓഡറൊന്നും കൊടുത്തിട്ടില്ലല്ലൊ
ഫോണ്‍ കട്ടായി

5 മിനിറ്റ് കഴിഞ്ഞതേയുള്ളു. അതാ വീണ്ടും വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
-റോങ് നമ്പറാണ്. ഞാന്‍ മണലിന് ഓഡര്‍ കൊടുത്തിട്ടില്ല
ഫോണ്‍ കട്ടായി.

3 മിനിറ്റ് കഴിഞ്ഞപ്പോള്‍ വീണ്ടും അതേ വിളി.
-ഹലോ, ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ. എവിടാ തട്ടേണ്ടത്?
    ശ്ശെടാ ഇതു വലിയ പൊല്ലാപ്പായല്ലോ എന്നും പറഞ്ഞ് ശ്രീകുമാര്‍ ഫോണ്‍ കട്ട് ചെയ്തു.കഴിഞ്ഞ ഓണക്കാലത്ത് - കൃത്യമായി പറഞ്ഞാല്‍ കുത്താമ്പുള്ളി മുണ്ടുകളുടെ റിബേറ്റ്
ഓഫര്‍ നിരസിച്ച അന്നുമുതല്‍ - തുടങ്ങിയതാണ് ഇതുപോലെ തുമ്പും വാലുമില്ലാത്ത ഫോണ്‍
കോളുകളുടെ വരവ്....
മറുപടി പറഞ്ഞുപറഞ്ഞ് മടുത്തു.
ഇപ്പൊ വിളിച്ചയാള്‍ ഇപ്പൊത്തന്നെ വീണ്ടും വിളിക്കും. ഇനിയും എന്താണ്  അയാളോട്
പറയുക....
ചിന്താന്ത്യത്തില്‍ ശ്രീകുമാറിന്റെ മനസ്സില്‍ ഒരു കൊള്ളിയാന്‍ മിന്നി.
അല്ലാ, ഒന്നോര്‍ത്താല്‍ ഏതു കാര്യത്തിനാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍
പരിഹാരമില്ലാത്തത്? ഇല്ല, ഇതിനും അതില്‍ എന്തെങ്കിലും പരിഹാരം കാണാതിരിക്കില്ല.

യാത്രയില്‍ എപ്പോഴും കൂടെക്കരുതുന്ന വിശുദ്ധഗ്രന്ഥം നെഞ്ചോടുചേര്‍ത്ത് കണ്ണടച്ചുപിടിച്ച്
ശ്വാസമടക്കിപ്പിടിച്ച്  മുട്ടിപ്പായി ശ്രീകുമാര്‍  ഇങ്ങനെ പ്രാര്‍ത്ഥിച്ചു:
മാര്‍ക്‌സും എംഗല്‍സും ലെനിനും സ്റ്റാലിനും മാവോയും ചെഗുവേരയും കാസ്‌ട്രോയും കാരാട്ടും തുണയ്ക്കണേ. അടുത്ത വിളി വരുന്നതിനുമുമ്പ് പരിഹാരമാര്‍ഗ്ഗം നാവില്‍ ഗുളികനായി
തെളിയണേ...
    പ്രാര്‍ത്ഥന കഴിഞ്ഞതും വിളി വന്നു
-ഹലോ, ഷാജ്യേട്ടനല്ലേ. ലോഡെത്തീട്ട്ണ്ട്‌ട്ടോ. പൊറകിലെ ഗേറ്റ് അടച്ചിട്ടിരിക്ക്യാണല്ലൊ.
എവിടാ തട്ടേണ്ടത്?
ശ്രീകുമാര്‍ എന്ന ഷാജ്യേട്ടന്‍ പറഞ്ഞു:
അതോണ്ട് കൊഴപ്പല്ല്യ. ഫ്രണ്ടിലെ ഗേറ്റ് തൊറന്ന് കെടക്കണ്ണ്ടല്ലൊ. അവിടെ തട്ടിക്കോ !!!

Saturday, November 14, 2015

ഞൊട്ടും !

(സംഭവത്തിന് ദൃക്‌സാക്ഷിയാവാന്‍ ഭാഗ്യം സിദ്ധിച്ച മാള  വടമ സ്വദേശി വി. ആന്റണ്‍ വില്‍ഫ്രഡ് അവര്‍കള്‍ ചൊല്ലിക്കേട്ടത്)

സ്വര്‍ഗ്ഗത്തിന്റെ പരിസരപ്രദേശത്ത് റുട്ടീന്‍ പട്രോളിങ് നടത്തുന്നതിനിടയിലാണ് അത് വി. പത്രോസിന്റെ ശ്രദ്ധയില്‍ പെട്ടത്.
അതായത് സ്വര്‍ഗ്ഗത്തേയും നരകത്തേയും വേര്‍തിരിക്കുന്ന വാതിലിന്റെ ഒരു വിജാഗിരി ഇളകിക്കിടക്കുന്നു!

ഇതുപോലുള്ള മൈനര്‍ റിപ്പയേഴ്‌സ് ആവശ്യമായി വന്നാല്‍ ആയത് വി.പത്രോസും
ഹെല്‍-ഇന്‍-ചാര്‍ജ് വി. സാത്താനും അവരവരുടെ പക്ഷത്തെ എക്‌സ്‌പെര്‍ട്ട്‌സിനെക്കൊണ്ട് ഊഴമിട്ട് ചെയ്യിക്കണമെന്നാണ് വ്യവസ്ഥ.

വി.പത്രോസ് മെയിന്റനന്‍സ് റെജിസ്റ്റര്‍ മറിച്ചുനോക്കി.
കഴിഞ്ഞ തവണ മൈനര്‍ റിപ്പയര്‍ ചെയ്യിച്ചത് താനാണ്. അതുകൊണ്ട് ഇപ്പോഴത്തെ ഊഴം
സാത്താനാണ്.

സാത്താനെ ആവാഹിച്ചുവരുത്തി മുന്നില്‍നിര്‍ത്തി വി.പത്രോസ് പറഞ്ഞു:
-കണ്ടില്ലേ, വാതിലിന്റെ വിജാഗിരി ഇളകിക്കിടക്ക്വാണ്
-അതിന് ഞാനെന്തുവേണം?
-ഈ ടേണ്‍ നിങ്ങളുടേതാണ്
-അയാം സോറി മിസ്റ്റര്‍ പത്രോസ്. അവിടെ എല്ലാവരും ഓരോരോ കാര്യങ്ങളില്‍ എന്‍ഗേജ്ഡ് ആണ്.  ആര്‍ക്കും ശ്വാസം വിടാന്‍ പോലും സമയമില്ല
-എന്നു പറഞ്ഞാ പറ്റ്വോ. ബൈലോയില്‍ പറയണത് അനുസരിക്കണ്ടേ?
-എഗെയ്ന്‍ സോറി. എനിക്ക് മറ്റൊന്നും പറയാനില്ല
-എങ്കില്‍പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. അല്ലേ?
-ച്ചാലോ?
-ഞാന്‍ കേസ് ഫയല് ചെയ്യും.
                  ഇതുകേട്ടതും 'ഞൊട്ടും' എന്നും പറഞ്ഞ് സാത്താന്‍ ഉറക്കെ പൊട്ടിച്ചിരിച്ചു.
ദേഷ്യം വന്ന വി.പത്രോസ് ചോദിച്ചു:
-എന്താ ഇത്ര ചിരിക്കാന്‍?
-അതല്ല മാഷേ. കേസ് കൊടുത്താല്‍ അത് വാദിക്കാന്‍ ആരെയെങ്കിലും  കിട്ട്വോ നിങ്ങടെ
 സ്വര്‍ഗ്ഗത്തില്‌?  കംപ്ലീറ്റ് വക്കീലന്മാരും ഇപ്രത്തല്ലേ? !!!