rajasooyam

Friday, March 8, 2013

സത്യവാന്‍

അന്നൊരു ഞായറാഴ്ചയായിരുന്നു.
കടവല്ലൂരില്‍ അന്യോന്യം നടക്കുന്ന സമയമാണ്.
അതിരാവിലെ ഒരു കട്ടന്‍ കാപ്പിക്കുപുറത്ത് ഉമ്മറത്തിരുന്ന് പത്രം
വായിക്കുകയായിരുന്നു കണ്ണന്‍.
വായിച്ചുവായിച്ച് കണ്ണന്റെ കണ്ണുകള്‍ അന്യോന്യത്തിന്റെ റിപ്പോര്‍ട്ടിലെത്തി.
നല്ല ഒഴുക്കുണ്ടായിരുന്നു ആ റിപ്പോര്‍ട്ടിന്.
തൃശൂര്‍ യോഗക്കാര്‍ മുമ്പിലിരുന്നതും അഗ്നിര് ഹോതാന ഗംഭീരമായി പ്രയോഗിച്ചതും
തിരുനാവായക്കാര്‍ വൃഷഭം ചരഷണീതം പിഴക്കാതെ ചൊല്ലിയതും അതിനിടെ ചിലര്‍
കൈ കാണിച്ചതും മറ്റുചിലര്‍ കണ്ണുരുട്ടിക്കാണിച്ചതും ജടയെടുത്തടിച്ചതും ഇനിയും
ചിലര്‍ സോമ:സോമേട്ട എന്നു തുടങ്ങുന്ന ഋക്ക് അതിഭംഗിയായി അവതരിപ്പിച്ചതും മറ്റും ഒരു വീകെഎന്‍ കഥ വായിക്കുന്ന രസത്തോടെ കണ്ണന്‍ വായിച്ചുപോയി. പക്ഷേ
ഒടുവിലത്തെ വാചകം കണ്ണനെ ശരിക്കും കുഴക്കിക്കളഞ്ഞു. വാചകം ഇതായിരുന്നു:
പാത്രമംഗലത്തെ പോതായന്‍ നമ്പൂതിരി രഥ പ്രയോഗിച്ചു!
എന്താണ് ഈ രഥ?
എത്ര ആലോചിച്ചിട്ടും കണ്ണന് അതിന്റെ അര്‍ത്ഥം പിടികിട്ടിയില്ല.
ആരോടാണൊന്ന് ചോദിക്കുക?
എന്‍ബിയോട് ചോദിച്ചാലോ? തൊട്ടടുത്താണ് താമസം. വേദേതിഹാസങ്ങള്‍
അരച്ചുകലക്കിക്കുടിച്ച മഹാനുഭാവുലുവുമാണ്. പക്ഷേ പറഞ്ഞിട്ടെന്തുകാര്യം?
ഭയങ്കര മറവിയാണ്. ഒരു വഹ ഓര്‍മ്മയുണ്ടാവില്ല.
ഏതായാലും തൊട്ടടുത്തല്ലേ, കേറി ചോദിച്ചുകളയാം എന്ന് മനസ്സില്‍ പറഞ്ഞ് കണ്ണന്‍ എന്‍ബീടെ വീട്ടിലേക്ക് നടന്നു.

കണ്ണന്‍ ചെല്ലുമ്പോള്‍ ഉമ്മറത്ത് കുന്തുകാലിലിരുന്ന് വെറ്റില മുറുക്കുകയാണ് എന്‍ബി.
സമയം പാഴാക്കാതെ കണ്ണന്‍ പറഞ്ഞു:
-ഞാന്‍ ഒരു സംശയം ചോദിക്കാന്‍ വന്നതാണ്'
-ചോദിക്ക ചോദിക്ക
-അന്യോന്യത്തില്‍ ഒരു തിരുമേനി രഥ പ്രയോഗിച്ചതായി പത്രത്തില്‍ വായിച്ചു.
 എന്താണീ രഥ?

        ദിപ്പൊ പറഞ്ഞുതരാം എന്നും പറഞ്ഞ് എന്‍ബി മേലോട്ടുനോക്കി
ആലോചിക്കാന്‍ തുടങ്ങി.
ഏതാണ്ട് ഒരു പത്തുമിനിറ്റോളം അതേ ഇരുപ്പിരുന്നു പുള്ളിക്കാരന്‍.
അനന്തരം കണ്ണനോട് പറഞ്ഞു:
-സോറി കണ്ണാ, എനിക്ക് അത് നല്ല നിശ്ശണ്ടായിരുന്നു. പക്ഷേ മറന്നുപോയി   

തന്നോട് ചോദിക്കാന്‍ വന്ന എന്നെ വേണം തല്ലാന്‍ എന്ന് ആദ്യം
ആത്മഗതം ചെയ്തശേഷം പിന്നെ  പ്രകാശമായി കണ്ണന്‍ പറഞ്ഞു:
-ശെരി, എന്നാ ഞാന്‍ പോട്ടേ?
           തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ കണ്ണനെ കൈ കൊട്ടി തിരിച്ചുവിളിച്ച്
 എന്‍ബി പറഞ്ഞു:
-നിക്ക് നിക്ക്. ഞാന്‍ വേറൊരു വഴി നോക്കട്ടെ.
-ഏതു വഴി?
-ലേശം വളഞ്ഞ വഴിയാണ്. അതേയ്, കണ്ണന്‍ പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയൂ
-ഇത് നല്ല കൂത്ത്! ഇതും അതുമായിട്ട് എന്താ ബന്ധം?
-താന്‍ ഞാന്‍ പറയണത് അങ്ങട് കേക്ക്വാ. പുരാണത്തിലെ കൊറേ രാജാക്കന്മാര്‌ടെ
 പേര് പറയ്യ്യാ.
         വേറെ നിവൃത്തിയില്ലെന്നു കണ്ടപ്പോള്‍ കണ്ണന്‍ പറഞ്ഞുതുടങ്ങി:
-അംബരീഷന്‍, ഇക്ഷ്വാകു, വിരാടന്‍, ദക്ഷന്‍, ലോനപ്പന്‍, ജനകന്‍...
-പോരട്ടെ പോരട്ടെ
-ഋതുപര്‍ണ്ണന്‍, പുരൂരവസ്സ്, ശുദ്ധോദനന്‍, വാറുണ്ണി, കാര്‍ത്തവീര്യന്‍, ശിശുപാലന്‍...
-പോരാ പോരാ
-ചന്ദ്രകേതു, ചിത്രരഥന്‍, ജരാസന്ധന്‍, ഇടിക്കുള, ദ്രുപദന്‍, ദശരഥന്‍,
 യയാതി, സത്യവാന്‍....
-ആ. മതി മതി മതി . ആ ഒടുവില്‍ പറഞ്ഞാള്‍ടെ ഭാര്യടെ പേരെന്താ?
-സാവിത്രി
        
          ആ പേര് കേട്ടതും അകത്തേക്കുനോക്കി എന്‍ബി വിളിച്ചുപറയുകയാണ്:
-സാവിത്ര്യേയ്. ഈ കണ്ണന് രഥേടെ അര്‍ത്ഥം ഒന്ന് പറഞ്ഞുകൊട്ക്ക്വാ !!!

2 comments:

  1. ഇന്നേ വായിക്കാൻ കഴിഞ്ഞുള്ളൂ.... കലക്കീട്ടുണ്ട് എന്ന് പറയാതിരിക്കാൻ വയ്യ..........

    ReplyDelete
  2. നന്ദി ആര്‍.കെ

    ReplyDelete