റിസ്ക്
എന്‍ബി പരമേശ്വരന്‍ തിരുമേനീടെ അപാരമായ മറവിശക്തിയെപ്പറ്റി ബിആര്‍ അനവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 'എന്‍ബ്യേട്ടന്‍', 'ഹന്ത മറവിതന്‍ ആള്‍ രൂപമേ',
'നല്ല ഇംപ്രൂവെമെന്റുണ്ട്', ' ഒരു നമ്പൂരിശ്ശങ്ക', 'രണ്ട് മണ്ടന്മാരും ഒരു ബൈക്കും'
എന്നിവ അവയില്‍ ചിലതുമാത്രം.
ഇതൊക്കെ വായിച്ചിട്ടാണെന്നു തോന്നുന്നു, ഒരു മുതുവറേശ്വരസുപ്രഭാതത്തില്‍
അകത്തുള്ളാള്‍ സാവി എന്‍ബിത്തിരുമേനിയോട് പറഞ്ഞു:
-ഇനി ബിആര്‍ നിങ്ങളെപ്പറ്റി എഴുതിയാല്‍ കൊല്ലും ഞാന്‍
-ഞാനും കൂടാം. ഞാനും കുറേനാളായി അത് വിചാരിക്കുന്നു.
-ഏത്?
-ബിആറിനെ കൊല്ലണ കാര്യം
-അയ്യട! നിങ്ങളെ കൊല്ലുംന്നാണ് ഞാന്‍ പറഞ്ഞത്.
-അതെന്തിന്?
-മനുഷ്യരെ ഇങ്ങനെ നാണം കെടുത്തണേന്
-അതിന് ഞാന്‍ എന്ത് ചെയ്യാനാണ്
-ഏതെങ്കിലും ഒരു നല്ല ഡോക്ടറെ പോയി കാണ് മനുഷ്യാ
-എന്തിന്?
-മറവിക്ക് മരുന്ന് വല്ലതുമുണ്ടോന്നറിയാന്‍
അങ്ങനെ സാവീടെ കൊലവെറി പേടിച്ചിട്ടാണ് മനസ്സില്ലാമനസ്സോടെ എന്‍ബി
ഡോക്ടറെ കാണാന്‍ പോയത്.
വിശദമായ വണ്‍ ടു വണ്‍ ചര്‍ച്ചക്കൊടുവില്‍ എന്‍ബി പറഞ്ഞു:
-അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. ഈയിടെയായി മറവി അല്പം
കൂടണ്‌ണ്ടോന്നും സംശയണ്ട്...ഏതെങ്കിലും സാധനം എവിടെയെങ്കിലും കൊണ്ടുവെച്ചാല്‍പിന്നെ അത് അവിടെന്ന് എടുക്കാന്‍ മറന്നുപോവുന്നു. എന്തിനുപറയണ്, ഇന്നാളൊരുദിവസം വിഷ്ണൂനേം കൂട്ടി സൂപ്പര്‍മാര്‍ക്കറ്റീപ്പോയിട്ട് അവനെ വച്ചേടത്ത്ന്ന് എടുക്കാന്‍ മറന്നു...ബൈക്ക് എവിടെയാണ് പാര്‍ക്ക് ചെയ്തതെന്ന് ഓര്‍മ്മ കിട്ടാതെ തൃശ്ശൂര്‍ റൗണ്ട് ഞാന്‍ പലതവണ ചുറ്റിയിട്ടുണ്ട്...അതുപോലെ നിനക്ക് എനിക്ക് എന്ന് എല്ലാവരും ചോദിച്ചുവാങ്ങണ നിജാം പാക്കും നിശ്ചയതാമ്പൂലവും ചുണ്ണാമ്പും കൂടി വായില്‍
കിടന്ന് കൊളകൊളാന്നായാലും പലപ്പോഴും തുപ്പാന്‍ മറന്നുപോവുന്നു.... തുപ്പേട്ടന്‍
പറഞ്ഞില്ലെങ്കില്‍ തുപ്പില്ലെന്ന സ്ഥിതിയാണ്...ഇനീണ്ട്‌ലൊ, ചെലപ്പൊ എവിടെക്കാ ഞാന്‍ പോണേന്നൊരു നിശ്ശണ്ടാവ് ല്ല്യ. ഇനീപ്പൊ എവിടേക്കാ പോണേന്ന് നിശ്ശണ്ടായാലോ,
എന്തിനാ പോണേന്ന് നിശ്ശണ്ടാവ് ല്ല്യ...ഇതിന് ചികിത്സയില്ലേ ഡോക്ടര്‍?
കുറച്ചുനേരം തലപുകഞ്ഞാലോചിച്ചശേഷം ഡോക്ടര്‍ പറഞ്ഞു:
-തിരുമേനി ആ കട്ടിലില്‍ കേറി ഒന്നു കെടക്ക് . ഒന്നു പരിശോധിച്ചുനോക്കാം.
-എന്താണ് ഡോക്ടര്‍?
-തിരുമേനീടെ തല!
തിരുമേനി കട്ടിലില്‍ കേറി കിടന്നു, തല കീഴ്ക്കണാംപാടായി.
പരിശോധനക്കായി സീറ്റില്‍നിന്നെണീറ്റ് കട്ടിലിനരികിലേക്ക് ചെന്ന ഡോക്ടര്‍ ഒരു നിമിഷം ഒന്നു ശങ്കിച്ചുനിന്നു. പിന്നെ പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു: അല്ലെങ്കില്‍ വേണ്ട. റിസ്‌ക് എടുക്കണ്ട.
ഇതുകേട്ട തിരുമേനി ഒരു ഞെട്ടലോടെ ചോദിച്ചു:
-ങ്‌ഹേ! അത്രയ്ക്ക് റിസ്‌ക്കുള്ള പരിശോധനയാണോ ഡോക്ടര്‍?
-അതല്ല, തിരുമേനീ. തിരുമേനീടെ അസുഖത്തിന്റെ സിംടംസ് ഓര്‍ത്തപ്പൊ ഞാന്‍
എന്നോടുതന്നെ പറഞ്ഞതാണ്, റിസ്‌ക് എടുക്കണ്ടാന്ന്...
-മനസ്സിലായില്ല്യ
-ഒന്നൂല്ല്യാ തിരുമേനീ. പരിശോധിക്കണേനുമുമ്പ് എന്റെ ഫീസ് ഇങ്ങുതന്നോളൂ...!!!
നിലവാരമുള്ള കൊച്ചു കൊച്ചു കഥകളും സംഭവങ്ങളും അവതരിപ്പിക്കുന്നതില്‍ ബേബിരാജന്റെ ' രാജസൂയം ' തന്നെയാണ് മലയാള ബ്ലോഗുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. ഹ്യുമര്‍ സെന്‍സിലും തനതായ അവതരണ ശൈലിയിലും രാജസൂയം ഒന്നാമത് തന്നെയാണ്. എന്‍ ബി , വി ജി പണിക്കര്‍ , എം.ജി .ആര്‍ , അച്ചു , വില്‍ഫി തുടങ്ങിയ റിയല്‍ ലൈഫ് കാരിക്കേച്ചറൂകളെ അടുത്തറിയാവുന്ന എജീസാഫീസ് സഹപ്രവര്‍ത്തകര്‍ക്ക് കൂടുതലായി ആസ്വദിക്കാമെങ്കിലും മറ്റു സാഹിത്യ ആസ്വാദകര്‍ക്കും 'രാജസൂയം ' സ്വീകാര്യം തന്നെ ആയിരിക്കും.
ReplyDeleteഅഭിനന്ദനങ്ങള്‍ ബി ആര്‍ !!! മലയാള സാഹിത്യ നഭസ്സില്‍ താങ്കളുടെ 'രാജസൂയം ' തുടരുക . എല്ലാ വിധ ആസംശകളും നേരുന്നു.
കഥാപാത്രങ്ങള്‍ക്കും വായനക്കാര്‍ക്കുമായി ഞാന്‍ എന്റെ നന്ദി വീതിച്ചുനല്‍കട്ടെ.....
Delete