rajasooyam

Saturday, December 15, 2012

സദ്യാസംബന്ധം

അനന്തരം ഗുരു ശിഷ്യന്മാരോട് പറഞ്ഞു:
-ഇനി ഞാന്‍ ഒരു ചെറിയ സംഭവം പറയാം. ശ്രദ്ധിച്ചുകേട്ടിട്ട് എന്റെ ചോദ്യത്തിന്
 ഉത്തരം പറയണം.
-ശെരി ഗുരവേ നമ
-ഏതാണ്ട് മൂന്നു പതിറ്റാണ്ട് മുമ്പാണ്. ബാലപ്പണിക്കര്‍ അക്കൗണ്ടാപ്പീസില്‍
 സര്‍വീസിലുള്ള കാലം.  മകന്‍ വേണുപ്പണിക്കരും സര്‍വീസിലുണ്ട്. ഇന്നത്തെയത്ര
 ചെറുപ്പമല്ലെന്നുമാത്രം. അച്ഛനും മകനും തമ്മില്‍ സര്‍വീസില്‍ ഒരു ആറ് വര്‍ഷത്തെ
 വ്യത്യാസമുണ്ടായിരുന്നു.
-ഗുരവേ, ആരാണ് സര്‍വീസില്‍ ആദ്യം കേറിയത്?
-സ്വാഭാവികമായും അച്ഛന്‍ പണിക്കര്‍ തന്നെ. അങ്ങനെയിരിക്കെ ആപ്പിസിലെ ഒരു
 സ്റ്റാഫിന്റെ മകളുടെ കല്യാണം ഇവിടെ വൈകുണ്ഠം  കല്യാണമണ്ഡപത്തില്‍ വെച്ച്
 നടക്കുകയാണ്. പതിവുപോലെ അക്കൗണ്ടാപ്പീസിലെ ആബാലവൃദ്ധം ജനങ്ങളും
 ആപ്പീസില്‍ ഹാജര്‍ വെച്ചശേഷം കല്യാണത്തിന് ഹാജരായിട്ടുണ്ട്. ബൈ ദ ബൈ
 അക്കൗണ്ടാപ്പീസുകാര്‍ക്ക് ഒരു സ്വഭാവവിശേഷമുണ്ട്. അതായത് എവിടെ കല്യാണത്തിനു ചെന്നാലും ഫസ്റ്റ് റൗണ്ട് സദ്യ അവര്‍ക്കുള്ളതാണ്. അത് ആരും ആദരപൂര്‍വ്വം
 ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി കൊടുക്കുന്നതൊന്നുമല്ല. കയ്യൂക്കുകൊണ്ട് പിടിച്ചു
 പറ്റുന്നതാണ്. ച്ചാല്‍ ഊണുഹാളിന്റെ വാതില്‍ തുറക്കുന്നതും അക്കൗണ്ടാപ്പീസുകാര്‍ 
 അടുത്തുനില്‍ക്കുന്നവരെയെല്ലാം ഇടിച്ചോ തൊഴിച്ചോ കാലില്‍ ചവിട്ടിയോ
 പക്കിനുകുത്തിയോ അകറ്റിനിര്‍ത്തി അകത്തുകയറി സകലസീറ്റും കൈയടക്കും.
 അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. തികച്ചും സ്തിതിസമത്വ
 സിദ്ധാന്തമാണ് !  പക്ഷേ ആ പര്‍ട്ടിക്കുലര്‍ ഡേയിലെ ഫസ്റ്റ് ട്രിപ്പില്‍ ബാലപ്പണിക്കര്‍
 ഇന്‍-ന്നും വേണുപ്പണിക്കര്‍ ഔട്ടുമായി! ഇനി പറയൂ, എന്തുകൊണ്ടാണ് അങ്ങനെ
 സംഭവിച്ചത്?
   
ഉത്തരം പറയാന്‍ ശിഷ്യര്‍ക്ക് ഒരു നിമിഷം പോലും വേണ്ടിവന്നില്ല. കിറുകൃത്യമായ ആ ഉത്തരം കേട്ട് ആനന്ദാതിരേകത്താല്‍ ഗുരുവര്യന്റെ കണ്ണു നിറഞ്ഞുപോയി.

ഉത്തരം ഇതായിരുന്നു: '' അതുപിന്നെ ഗുരു പറഞ്ഞല്ലൊ, അച്ഛന്‍ പണിക്കര്‍ മകന്‍
പണിക്കരേക്കാള്‍ ആറുവര്‍ഷം സീനിയറാണെന്ന്. അപ്പോള്‍ പിന്നെ സംശയല്ല്യ,
എക്‌സ്പീരിയന്‍സിന്റെ കുറവുതന്നെയാണ് മകന്‍ പണിക്കര്‍ ആദ്യത്തെ പന്തിയില്‍
ഔട്ടാവാന്‍ കാരണം'' !!!

4 comments:

  1. ഒരു ചെറിയ ഇടവേളക്കു ശേഷം ശരിക്കും ബി.ആര്‍ ടച്ചുള്ള ഒരു പണിക്കര്‍ പുരാണം!!!!
    അഭിനന്ദനങ്ങള്‍ ....Keep it up..

    ReplyDelete
  2. ഒരു വായനക്കാരന്‍ എന്ന നിലയില്‍ രണ്ടടി പിന്നാക്കം നിന്ന് നോക്കുമ്പോള്‍ എനിക്ക് ഇതില്‍ ഏറ്റവും നന്നായി തോന്നിയ വാചകം ഇതാണ് :“(അന്ന്)ഇന്നത്തെയത്ര ചെറുപ്പമല്ലെന്നു മാത്രം”

    ReplyDelete
  3. അക്കൗണ്ടാപ്പീസുകാര്‍ക്ക് ഒരു സ്വഭാവവിശേഷമുണ്ട്. അതായത് എവിടെ കല്യാണത്തിനു ചെന്നാലും ഫസ്റ്റ് റൗണ്ട് സദ്യ അവര്‍ക്കുള്ളതാണ്. അത് ആരും ആദരപൂര്‍വ്വം
    ക്ഷണിച്ചുകൊണ്ടുപോയി ഇരുത്തി കൊടുക്കുന്നതൊന്നുമല്ല. കയ്യൂക്കുകൊണ്ട് പിടിച്ചു
    പറ്റുന്നതാണ്. ച്ചാല്‍ ഊണുഹാളിന്റെ വാതില്‍ തുറക്കുന്നതും അക്കൗണ്ടാപ്പീസുകാര്‍
    അടുത്തുനില്‍ക്കുന്നവരെയെല്ലാം ഇടിച്ചോ തൊഴിച്ചോ കാലില്‍ ചവിട്ടിയോ പക്കിനുകുത്തിയോ അകറ്റിനിര്‍ത്തി അകത്തുകയറി സകലസീറ്റും കൈയടക്കും.
    അവിടെ ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ല. തികച്ചും സ്തിതിസമത്വ
    സിദ്ധാന്തമാണ്! - വളരെ ശരിയായ ഒരു കാര്യം.......ഇന്നും അതിനു മാറ്റമില്ല.
    എത്ര ചൂട് ചോറായാലും ആദ്യം തീര്‍ക്കുന്നതും അക്കൌന്ടാപ്പീസുകാരായിരിക്കും.......
    അതും എക്സ്പീരിയെന്‌സ് തന്നെ...കാന്റീനിലെ......

    ReplyDelete
    Replies
    1. ശരിയായിരുന്നു. ആ വാചകം കൂടി ചേര്‍ക്കാമായിരുന്നു.Thank you RK

      Delete