ഈ പോക്കുപോയാല്‍ എന്‍ബി പരമേശ്വരന്റെ അന്ത്യം സഖാക്കളുടെ കൈകൊണ്ടായിരിക്കും.....
സഹരാജന്‍ നായരുടെ കൈയില്‍ നിന്നും കിട്ടിയതിന്റെ ചൂട് ആറിയിട്ടില്ല.
(അക്കഥ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലൊ. ലെസ്റ്റ് യൂ ഫൊര്‍ഗെറ്റ് :
ഗ്യാസ് ലീക്കാവാതിരിക്കാനുള്ള സുനാപ്പിയും വാങ്ങിച്ചോണ്ട് അസോസിയേഷന്‍ ഹാളിലേക്കുവന്ന നായരോട് എന്‍ബി ചോദിച്ചു:
അതേയ്, ഇത് ഫിറ്റ് ചെയ്താ അത്യാവശ്യം ഗ്യാസില്ലാതേം സ്റ്റൗ കത്തിക്കാമ്പറ്റ്വോ?
ആ ചോദിച്ചതേ ഓര്‍മ്മയുണ്ടായിരുന്നുള്ളൂ......)
ഇതിപ്പോള്‍ അതിനേക്കാള്‍ കേമമായെന്നേ പറയേണ്ടൂ.
കാന്റീനില്‍ വെച്ച് ഒരുപാടാളുകള്‍ കണ്ടുനില്‍ക്കേയാണ് സംഭവം.
ശ്രീകുമാറിന്റെ ഷര്‍ട്ടിന്റെ കൈയില്‍ ഒരു സെല്ലോടെയ്പിന്റെ കഷണം ഒട്ടിപ്പിടിച്ചിരിക്കുന്നതു കണ്ടപ്പോള്‍ അത് സ്വന്തം കൈനഖേന്ദുകൊണ്ട് എടുത്തുകളഞ്ഞു എന്ന ഒറ്റ അപരാധമേ പ്രത്യക്ഷത്തില്‍ എന്‍ബി ചെയ്തുള്ളൂ.
പക്ഷേ കൃത്യം കഴിഞ്ഞതും എന്‍ബിയുടെ മുതുകത്ത് ശ്രീകുമാറിന്റെ കൈപ്പത്തിചിഹ്നം ആഞ്ഞുപതിച്ചതും ഒന്നിച്ചായിരുന്നു!
വെടിയൊച്ച പോലെയുള്ള അടിയൊച്ച കേട്ട് ഒരുനിമിഷം ഞെട്ടിപ്പോയ ബിആര്‍ സാവധാനം സമനില വീണ്ടെടുത്ത് ശ്രീകുമാറിനോട് ചോദിച്ചു:
-ഒരു നല്ലകാര്യം ചെയ്തതിന് ഒരാളെ ഇങ്ങനെ ശിക്ഷിക്കാമോ?
-എങ്ങനെ ശിക്ഷിക്കാതിരിക്കും ബിആര്‍?
-അപ്പോള്‍ ആക്ച്വലി എന്താണുണ്ടായത് ?
-രാവിലെ സെക് ഷനില്‍ വെച്ച് റാക്കിന്റെ സൈഡിലൂണ്ടായിരുന്ന ആണികൊണ്ട് എന്റെ ഷര്‍ട്ടിന്റെ കൈ ഒന്നു കുത്തിക്കീറി. കീറിയത് പെട്ടെന്ന് കാണാതിരിക്കാന്‍ വേണ്ടിയാണ് സെല്ലോടെയ്പ് വെച്ച് ഒട്ടിച്ചത്. അതാണ് ഇപ്പോള്‍ ഇയാള്‍ എടുത്തുകളഞ്ഞത്.
-പാവം എന്‍ബി. അയാള്‍ അറിയാതെ ചെയ്തതല്ലേ
-അല്ലല്ലൊ.
-അതെങ്ങനെയറിയാം?
-അര മണിക്കൂര്‍ മുമ്പ് അയാള്‍ തന്നെയാണ് അത് ഷര്‍ട്ടില്‍ ഒട്ടിച്ചുതന്നത്....!!!
No comments:
Post a Comment