rajasooyam

Saturday, July 24, 2010

5 മുതല്‍ 50 ശതമാനം വരെ.......

അതികഠിനമായ ദാഹം തോന്നിയപ്പോള്‍ ആയത് ശമിപ്പിക്കാന്‍ വേണ്ടി ഒരു കൂള്‍ഷോഡ കുടിക്കാനിറങ്ങിയതാണ് ഞാന്‍‍. ഗവണ്മെന്റ് മോഡല്‍ സ്‌കൂളിന്റെ ഗ്രൗണ്ട് കീറിമുറിച്ചുകടന്നിട്ടുവേണമല്ലൊ ഷോഡഫാക്റ്ററിയിലെത്താന്‍. ഏതാണ്ട് പാതിദൂരം ചെന്നവാറെ, ച്ചാല്‍ പെരിഞ്ചേരി ബില്‍ഡിങ്ങിനടുത്തെത്തിയപ്പോള്‍ എനിയ്ക്കൊരു സംശയം.
അല്ലാ, ഇന്നാണോ ലോകപ്രസിദ്ധമായ തൃശ്ശൂപ്പൂരം? അങ്ങനെവരാന്‍ വഴിയില്ലല്ലൊ, ആരും ഒന്നും പറഞ്ഞുകേട്ടില്ലല്ലൊ, കിഴക്കിവീട്ടില്‍ ദമോദരനേയും തിരുവമ്പാടി ശങ്കരന്‍കുട്ടിയേയും പാറമേക്കാവ് കുട്ടിക്കൃഷ്ണനേയും മറ്റും കണ്ടില്ലല്ലൊ, ഇലഞ്ഞിത്തറമേളം കേട്ടില്ലല്ലൊ, തെക്കോട്ടിറക്കവും വടക്കോട്ട് കേറ്റവും ഉണ്ടായില്ലല്ലൊ, ആപ്പീസില്‍നിന്ന്
പൂരപ്പാസ് തന്നില്ലല്ലൊ, പിന്നെ എന്തുകൊണ്ടാണിവിടെ പൂഴിയിട്ടാല്‍ താഴെവീഴാത്തത്ര പുരുഷാരം എന്നിങ്ങനെ ഒരോന്ന്ചിന്തിച്ച്ചിന്തിച്ച് അന്തിച്ചുനില്‍ക്കുമ്പോഴാണ് ഞാന്‍ ആ കാഴ്ച കണ്ടത്- ആപ്പീസിലെ സീനിയര്‍ അക്കൗണ്ടന്റ് പാലക്കാട് ബാലകൃഷ്ണന്‍ സാറ് (എക്സ് സര്‍വീസ്) ഷര്‍ട്ടൊന്നുമില്ലാതെ ഒരു പേന്റ് മാത്രമിട്ട് അടുത്തുള്ള ഒരു കെട്ടിടത്തിന്റെ കോലായില്‍ കേറിനില്‍ക്കുന്നു! സാറിന്റെ ഓഡര്‍ലി രാജഗോപാലന്‍ ഒപ്പം നിന്ന് വീശിക്കൊടുക്കുന്നു! പരിഭ്രാന്തനായ ഞാന്‍ ഓടിച്ചെന്ന് ചോദിച്ചു:'സാര്‍.....ഇപ്പോള്‍....ഇവിടെ...ഇങ്ങനെ....ഈ വേഷത്തില്‍...''
'ഒന്നും പറയണ്ട ബിആറേ. കല്യാണ്‍ സില്‍ക്‌സിലെ റിഡക് ഷന്‍ സെയില്‍സിനിറങ്ങിയതാ. ഹ്‌ഹൊ! ഇന്തോചൈനാ വാറിലും ഇന്തോമൈസൂര്‍പാക് യുദ്ധത്തിലും ഞാന്‍ ഫ്രണ്ടിലുണ്ടായിരുന്നു. പക്ഷേ ഇതുപോലൊരു യുദ്ധം....ഇല്ല. ഞാന്‍ കണ്ടിട്ടില്ല. തെരക്കിനിടയില്‍ ദേഹത്തുനിന്ന് ഷര്‍ട്ട് ഊരിപ്പോയതുപോലും അറിഞ്ഞില്ലെന്നുപറഞ്ഞാമതീലോ. ലേഡീസാണ് കൂടുതല്‍ തള്ളുണ്ടാക്കുന്നത്. അവര്‌ടെ തിരുവാതിരകളിയും കളംവെച്ചുപാട്ടുമാണവിടെ. അടുക്കാന്‍ നിവൃത്തിയില്ല.ഒരുകണക്കിന് ഞാന്‍ പെരുവിരലില്‍ എത്തിവലിഞ്ഞുനോക്കുമ്പോഴുണ്ട് ഞാന്‍ ഇട്ടോണ്ട് ചെന്ന എന്റെ ഷര്‍ട്ട് അവിടെ വില്‍ക്കാനിട്ടിരിക്കുന്ന തുണികളുടെ കൂട്ടത്തില്‍ കെടക്കണ്! പക്ഷേ അങ്ങോട്ടെത്തിപ്പെടാന്‍ ഒരു മാര്‍ഗ്ഗവുമില്ല. എന്തിനുപറയുന്നു, എന്റെ ഷര്‍ട്ടിന് അവിടത്തെ സെയില്‍സ്‌മേന്‍ 70 രൂപ വെല പറയുന്നതും 50% റിഡക്ഷന്‍ കഴിച്ച് 35 രൂപയ്ക്ക് അത് ഏതോ ഒരു സ്ത്രീ വാങ്ങിക്കൊണ്ടുപോകുന്നതും നിറഞ്ഞ കണ്ണുകളോടെ നിശ്ശബ്ദ വേദനയോടെ ഞാന്‍ നോക്കിക്കൊണ്ടുനിന്നു.....''
'സാരല്ല്യ സാര്‍. ആയതുപിന്നെയുമുണ്ടാക്കീടാം, കായം കിട്ടുകിലതുബഹുലാഭം എന്നല്ലേ കുഞ്ചന്‍ നമ്പ്യാര്‍ പാടിയിരിക്കുന്നത്''
'ആ ഒറ്റ ആശ്വാസത്തിലാണ് ഞാന്‍. പിന്നെ ഇതുകൊണ്ട് എനിക്കൊരു ഗുണപാഠം പഠിക്കാന്‍ കഴിഞ്ഞു കേട്ടോ.''
'എന്താണ് സാര്‍ ആ ഗുണകോഷ്ടകം?''
'പെണ്ണുങ്ങള്‍ കുത്തിമറിയുന്നേടത്ത് ആണുങ്ങള്‍ പോകാന്‍ പാടില്ല!''
******

2 comments:

  1. rajasooyam was a grant idea. 50 to 50% & achuvettan were fine. post your other grant items also in the bolg & communicate the blog address to all our frieds - pl joy

    ReplyDelete
  2. നന്നായിട്ടുണ്ട്. കല്യാൺ പൂരം മനസ്സിൽ കണ്ടു.ആൾക്കാർ വന്ന് വന്ന് തുണി തിന്നാണോ ജീവിയ്ക്കുന്നത് എന്ന് സംശയിച്ചു പോവുന്നു.

    ReplyDelete