rajasooyam

Wednesday, June 24, 2020


നടുങ്ങിപ്പോയീ
ഞാൻ കിറുങ്ങിപ്പോയി

പാതിരാക്കോഴി കൂകാനായിക്കൊണ്ട് സ്റ്റെപ്പെടുത്തുവരുന്നേയുണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ദിഗന്തങ്ങൾ നടുങ്ങുമാറ്‌ വേണുപ്പണിക്കരുടെ മുറിയിൽനിന്ന് ആ വിളി കേട്ടത്.
വിളി കേട്ടതും ശ്രീമതി പണിക്കർ ഞെട്ടിയുണർന്നു. ലൈറ്റിട്ടുനോക്കുമ്പോൾ പണിക്കർ കൂർക്കം വലിച്ചുറങ്ങുകയാണ്!
ഉറക്കത്തനിടയിലും ഭരതമുനിയുടെ നവരസങ്ങളും പിന്നെ ജഗതീടെ പത്താം രസവും ആ മുഖത്ത് മിന്നി മറയുന്നുണ്ട്. അത് പിന്നെ അങ്ങനെയല്ലേ വരൂ. ശീലിച്ചതല്ലേ ഒറക്കത്തിലും പാലിയ് ക്കൂ.
പേടിച്ചരണ്ട ശ്രീമതി പണിക്കരെ തട്ടിവിളിച്ചു:
-ചേട്ടാ
പണിക്കർ ഒറക്കപ്പിച്ചോടെ ഉണർന്നു.
-എന്താ
-ചേട്ടൻ ആരെയാണിപ്പൊ ഹലോന്ന് വിളിച്ചത്?
- മീ? ഈ നട്ടപ്പാതിരയ്ക്കോ? ഡൂയിങ് നത്തിങ്
-ദേ ഒരു കാര്യം പറഞ്ഞേക്കാം. ചേട്ടൻ ഒരുമാതിരി മുല്ലപ്പള്ളിവർത്താനം പറയരുത്. ആ വിളി കേട്ടിട്ട് എന്റെ ചെവിക്കല്ല് പൊട്ടിപ്പോയി. ഹ്ഹൊ. എന്ത് ബാസ്സായിരുന്നു! ഹലോ.........
-എനിക്കൊന്നും മനസ്സ് ലാവണ് ല്ല്യ.
-ആട്ടെ. സത്യം പറ. ചേട്ടൻ ഇപ്പൊ ആരെയെങ്കിലും സൊപ്നം കണ്ടാര്ന്നോ?
-അതുവ്വ്
-ആരെയാണ്?
-മ്മ്ടെ പ്രദീപ് സാറിനെ
-അ. അ. ആ...അങ്ങനെ പറ. കൊറോണ കാരണം കൊറേ കാലായല്ലോ കണ്ടട്ട്. അപ്പൊ ഗഡീനെ കണ്ടപ്പൊ സന്തോഷം കൊണ്ട് നീട്ടിവിളിച്ചതാ അല്ലേ? ഹലോ.....എന്താ‍യിരുന്നു ബാസ്
-ങാ! അത് ചെലപ്പൊ ശെരിയാവും,ട്ടോ
-ഇല്ല്യ. ശെരിയാവ് ല്ല്യ. ഇങ്ങനെയായാ ശെരിയാവ് ല്ല്യ.
-നീ എന്തുട്ടാ പറയണേ
-അതേയ്, ഇനി സൊപ്നത്തില് ആരെയെങ്കിലും കാണുമ്പൊ ഇങ്ങനെ തൊള്ള പൊളിക്കണ്ടാട്ടോ. കൈ വീശിക്കാണിച്ചാമതി.
(പട്ടി പിടിക്കാനായിട്ട്. ബാക്ക്യൊള്ളോര്ടെ ഒറക്കോം പോയി!)


Tuesday, May 19, 2020


സ്നേഹവും കരുതലും

എം ജി ആർ സാർ തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞ് ബെഡ് റെസ്റ്റെടുത്തിരിക്കുന്ന കാലഘട്ടം.
രാപകലെന്യേ വിശ്രമിച്ചുകിടക്കുന്ന രവിസാറിനെ കാണാൻ ചെന്ന സഹൃദയനായ ഒരുസുഹൃത്ത് അദ്ദേഹത്തിന് ഒരു ഉപഹാരം കൊടുത്തു; വർണ്ണമനോഹരമായ ഒരു രവിവർമ്മച്ചിത്രം-
കാലിന്റെ ഉപ്പുറ്റിയിൽ ഗർഭമുനകൊണ്ടിട്ടെന്ന വ്യാജേന പുറകേ വരുന്ന ദുഷ്യന്തൻ മാഷിനെ പിൻ തിരിഞ്ഞുനോക്കുന്ന ശകുന്തളയുടെ ചിത്രം.
തിമിരത്തിന്റെ ഓപ്രേഷം കഴിഞ്ഞുകിടക്കുന്നയാൾക്ക് കണ്ണിമയ്ക്കാതെ കണ്ടിരിക്കാൻ ഇതിനേക്കാൾ പറ്റിയ ചിത്രമില്ല.
ചിത്രപടം കട്ടിലിനെതിർവശത്തെ ചുമരിൽ ഞാത്തിയിട്ടാൽ എന്നും കണികണ്ടുണരാം; രവിസാർ അപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു.

സുഹൃത്ത് പോയിക്കഴിഞ്ഞപ്പോൾ സാറ് അകത്തേക്ക് നീട്ടിവിളിച്ചൂ.
-ഭാരത്യേയ്
-എന്തോ
-ഒരാണിയും ആ ചുറ്റികയും ഇങ്ങെടുത്താട്ടെ
-എന്തിനാണാവോ
-ചുമരിലൊരു ചിത്രം തൂക്കാനാണ്
-ഓ. അതിനാണോ. എമർജൻസിയൊന്നുമല്ലല്ലൊ. ഞാൻ അല്പം തിരക്കിലാണ്
-എവിടെയാണ് ഇരിക്കണേന്നു പറഞ്ഞാ മതി. ഞാനെടുത്തോളാം.
-ഇത് വല്ലാത്ത പുകില് തന്നെ...ആണീടെ ചെപ്പ് അപ്രത്തെ മുറീലെ ചൊമരലമാരീല്ണ്ട്. ചുറ്റിക അവടത്തെ മേശവലിപ്പില്ണ്ടാവും.
-ഓക്കെ. തേങ്സ്
-പിന്ന്യേയ്...
-ങാ. പറയൂ
-മറ്റേ സാധനം ആ മരുന്നിന്റെ ചെപ്പില്ണ്ടാവുംട്ടാ. അതിനിനി വേറെ വിളിച്ചുകൂവണ്ട.
-എന്ത് സാധനം?
-ബാൻഡ് എയ്ഡ് !!!







Thursday, May 7, 2020


വിധിവിഹിതം!

-എം ജി ആർ സാറേ, ഒരു സിമ്പ് ൾ റിക്വെസ്റ്റുണ്ടായിരുന്നു
-എന്താണ്?
-ച്ചാൽ അടുത്തൂൺ പറ്റി വീട്ടിൽ ലോക് ഡൌൺ ആവുന്നേനുമുമ്പ് സാറ് ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ടല്ലൊ. ആ യാത്രകൾക്കിടയ്ക്ക് മറക്കാൻ പറ്റാത്ത എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
-പ്ലെന്റി
-പെട്ടെന്ന് ഓർമ്മയിലെത്തുന്ന ഒരു എപ്പിഡോസ് പറയാമോ?
-കമലിന്റെ പെരുമഴക്കാലം ഇറങ്ങിയ കാലമാണ്. വടക്കാഞ്ചേരി താലൂക്കാപ്പീസിലായിരുന്നു അന്ന് ഓഡിറ്റ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോരാൻ ബസ്സുകാത്ത് നിൽക്കുകയാണ് ഞാൻ. തുള്ളിക്കൊരുകൊടം പേമാരി എന്ന പാട്ടും പാടിയാണ് മഴ പെയ്യുന്നത്, മദ്ദളം കൊട്ടുന്നത്.
ഒരു മണിക്കൂറായിട്ടും ബസ്സൊന്നും കാണുന്നില്ല. പ്രൈവറ്റ് ബസ്സുകാർ ഇടിമിന്നൽ പണിമുടക്കിലാണെന്ന് അടുത്തുള്ള ചായപ്പീടികയിലിരുന്ന് ആരോ പറയുന്ന കേട്ടു. ബെസ്റ്റ്!
തുലാദൌ രാവേറിടും എന്ന തത്വപ്രകാരം നേരവും ഇരുട്ടിത്തുടങ്ങി. ഈശ്വരാ ഇന്നെങ്ങനെ വീടെത്തിപ്പറ്റും എന്നാകുലപ്പെട്ടങ്ങനെ നിൽക്കേ ‘സ്ക്രീം’ എന്ന ശബ്ദത്തോടെ ഒരു ടാക്സി കാർ എന്റെ നേരെ മുന്നിൽ സഡൺ ബ്രേയ്ക്കിട്ടു നിർത്തി. ‘സാറെങ്ങോട്ടാ?’ ഡ്രൈവർ ചോദിച്ചു. ‘തിരൂർക്ക്’, ഞാൻ പറഞ്ഞു. ‘എന്നാ കേറിക്കോ’ എന്നും പറഞ്ഞ് അയാൾ ഫ്രണ്ട് ഡോർ തുറന്നുതന്നു. അതിൽ വേറെ ആരും ഉണ്ടായിരുന്നില്ല. അയാൾ വണ്ടി വിട്ടു.
ഇരുട്ടിന് കനം വെച്ചു തുടങ്ങി. മഴ തൊഴിച്ചുപെയ്യുക തന്നെയാണ്. ഏതാണ്ട് നൂറ് കിലോമീറ്റർ സ്പീഡിലാണ് ഡ്രൈവർ വണ്ടിയോടിക്കുന്നത്. ഇടയ്ക്കിടെ അയാൾ സ്ക്രീം എന്ന് സഡൺ ബ്രേയ്ക്ക് ചവിട്ടുന്നുണ്ട്. എനിക്ക് ആകപ്പാടെ ഭയമായി. ഈ പോക്കുപോയാൽ തിരൂർ വരെ എത്തുമോ എന്ന ചിന്തയായി. എതിരേ വണ്ടികൾ വരുന്നതു കാണുമ്പോൾ ഞാൻ കണ്ണടച്ചിരുന്ന് ഈശ്വരനെ വിളിക്കും. അതിനിടെ രണ്ടുമൂന്നുവട്ടം അയാൾ ഇടത്തോട്ട് തല വെട്ടിച്ച് സംശയരൂപേണ എന്നെ നോക്കുന്നുണ്ടായിരുന്നു. പിന്നെ സംശയം തീർക്കാൻ വേണ്ടി ചോദിച്ചു :‘ എന്തുട്ടാ സാറെ ചെവിയിൽ അടച്ചുവെച്ചേക്കണത്? ’. ഞാൻ പറഞ്ഞു; ‘ഹിയറിങ് എയ്ഡാണ്’. ‘അപ്പോൾ സാറിന് ശരിക്ക് ചെവി കേൾക്കാൻ പറ്റില്ലേ’ന്ന് അയാൾ. ‘ഇല്ല’ എന്ന് ഞാൻ.
ആ വേളയിൽ ആ സന്ദർഭത്തിൽ അയാളിൽനിന്ന് ഒരാത്മഗതം പുറത്തുവന്നു.
അതു കേട്ടതും എന്റെ സപ്തനാഡികളും തളർന്നുപോയി!
-എന്തായിരുന്നു സാർ ആ ആത്മഗതം?
“ എന്താ പറയ് Ͻ..ഒരോരുത്തർക്കും ഓരോ വിധി! സാറിന് ശെരിക്ക് ചെവി കേട്ടൂട. എനിക്കാണെങ്കിൽ മര്യാദയ്ക്ക് കണ്ണും കാണ് ല്ല്യ” !!!














Sunday, May 3, 2020


എന്തരോ എന്തോ

ഉണക്കമീൻ വറുക്കുമ്പോൾ അതിൽ പച്ചമുളകാണോ വറ്റൽ മുളകാണോ ഇടേണ്ടത്?
ചെമ്മീൻ തോരൻ ഉണ്ടാക്കുമ്പോൾ ഉഴുന്നുപരിപ്പ് ചേർക്കണോ?
താറാവിറച്ചി കറിവെക്കുമ്പോൾ തക്കാളി അരിഞ്ഞിടണോ?
പന്നിയിറച്ചി പിരളൻ ഉണ്ടാക്കുമ്പോൾ മഞ്ഞൾപ്പൊടി വിതറണോ?
ഒരു കിലോ ബീഫ് ഫ്രൈ വെക്കാൻ എത്ര അല്ലി വെളുത്തുള്ളി ചേർക്കണം?
കോഴിയിറച്ചി ഉലർത്തുമ്പോൾ വിനാഗിരി ചേർക്കണോ?
മുട്രോസ്റ്റ് ഉണ്ടാക്കുമ്പോൾ മുട്ടയുടെ തോട് കളയണോ?
മട്ടൺ ബിരിയാണിയുണ്ടാക്കുമ്പോൾ പുതിനയില ഇടണോ?
ചിക്കൻ ബിരിയാണിയുണ്ടാക്കുമ്പോൾ തക്കാളി ചേർത്ത് വഴറ്റണോ?
ചെമ്മീൻ ബിരിയാണിയുണ്ടാക്കാൻ ചെമ്മീന്റെ തൊലി കളയണമെന്നുണ്ടോ?
ഇഞ്ചിപ്പോർക്കുണ്ടാക്കുമ്പോൾ ചില്ലി സോസ് ചേർക്കണോ?
മുട്ടനാടിന്റെ ഇറച്ചികൊണ്ട് മട്ടൺ കുറുമയുണ്ടാക്കാമോ?

          ഈ ചോദ്യങ്ങൾ ഓരോന്നിനും കൃത്യമായ ഉത്തരങ്ങൾ തരാൻ പറ്റുന്ന ഒരേ ഒരാളേയുള്ളൂ ബൂമി മലയാളത്തിൽ. അത് സാക്ഷാൽ കുറൂർ ഇല്ലത്തെ സൂമാരൻ തിരുമേനിയാണ് !
ഇവിടെ സ്വാഭാവികമായും ഒരു ചോദ്യമുയരാൻ സാദ്ധ്യതയുണ്ട്: സൂമാരൻ തിരുമേനി മാംസഭുക്കാണോ?

ഏതദ്വിഷയത്തിൽ ഇത്രമാത്രമേ പറക വയ് ക്കൂ.
ഒന്ന്: തിരുമേനി നോൺ വെജ് ഫുഡ് കഴിക്കുന്നത് നാളിതുവരെ ഒരാളും കണ്ടിട്ടില്ല- ഇല്ലത്തുള്ളോരടക്കം.
രണ്ട്: താൻ നോൺ വെജ് ഫുഡ് കഴിക്കില്ലെന്ന്  തിരുമേനി ഒരാളോടും പറഞ്ഞിട്ടുമില്ല.

എന്തരോ എന്തോ....














Tuesday, April 28, 2020


വി ഷാൽ ഓവർസ്ലീപ്

-ഹലോ
-ഹലോ.
-സഹരാജൻ നായരില്ലേ?
-ചേട്ടൻ ഒറങ്ങ്വാണല്ലൊ. ആരാ വിളിക്കുന്നെ?
-ബി ആറാണ്
-അതെയോ. ദിപ്പൊ വിളിക്കാട്ടോ
-അയ്യോ. വേണംന്നില്ല. ഒറങ്ങ്വല്ലേ
-അത് കൊഴപ്പല്ല്യ.
-(ചേട്ടാ. ദാ പിടിച്ചൊ.
-ആരാ?
-ബിആറാണ്
-ഒറക്കം കളഞ്ഞു )
-ങ്ഹ. ഹലോ
-പ്രമാണം
-ധ്വജ പ്രമാണം. എന്താ വിശേഷിച്ച് ?
-കൊറേ നാളായല്ലൊ കണ്ടിട്ടും കേട്ടിട്ടും. വെറുതേ വിശേഷമറിയാൻ വിളിച്ചതാണ്.
-ഓ. വിശേഷാൽപ്രതിയായി ഒന്നൂല്ല്യ. ചുമ്മാ കൈകഴുകിയും മാസ്ക് വെച്ചും അകലം പാലിച്ചും അങ്ങനെ പോകുന്നു.
-ഡാറ്റയൊന്നും പോയിട്ടില്ലല്ലൊ അല്ലേ
-ഇല്ലില്ല. അത് ഭദ്രമായി ഇവിടിരുപ്പുണ്ട്.
- ഭാഗ്യം. അത് പോയാൽ പോയില്ലേ എല്ലാം
-അതെയതെ. ജീവിതം നായ നക്കീത് തന്നെ
-പിന്നെ ആരോഗ്യസ്ഥിതിയൊക്കെ എങ്ങനെ?
-ങ്ഹ. ലോക് ഡൌൺ കാലത്ത് അത് വീണ്ടെടുക്കാനായി. അതാണ് അതിന്റെയൊരു പോസിറ്റീവ് സൈഡ്. പിന്നെ ഒറക്കത്തിന്റെ ലേശം പ്രശ്നം ഇല്ലാതില്ല.
-പെൻഷൻകാര്ടെ കാര്യമോർത്തിട്ടല്ലേ? അതൊന്നും സാരമില്ലെന്നേയ്. വരുമോരോ ദശ/ വന്നപോലെ പോം പോം/ എന്നല്ലേ സത്യവാഗീശ്വരനാശാൻ പാടിയിട്ടുള്ളത്. ആട്ടെ. എന്താണ് അതിന്റെയൊരു സ്വഭാവം? രാത്രിയിൽ തീരെ ഒറക്കം കിട്ടുന്നില്ലെന്നാണോ?
-അങ്ങനെയല്ല. രാത്രിയിൽ ഒരുവിധം സുഖമായി ഒറങ്ങാറ്ണ്ട്. ച്ചാൽ നേരം വെളുക്കുന്നത് അറിയാറേയില്ല.
-പിന്നെ പകലുറക്കത്തിന്റെ കാര്യാണോ പറയണത്?
-പകല് ഉച്ചയ്ക്ക് മുമ്പ് ഒരൊറക്കണ്ട്. അതും വെല്ല്യ കൊഴപ്പണ്ടാവാറ് ല്ല്യ.
-അപ്പൊപ്പിന്നെ എപ്പഴാണ് കൊഴപ്പം?!
- ഉച്ചയ്ക്ക് ഊണിന് ശേഷൊള്ള ഒറക്കണ്ടല്ലൊ. ഹ്ഹൊ! ഒന്നും പറയണ്ട. താനേ തിരിഞ്ഞും മറിഞ്ഞും/ തൻ താമര മെത്തയിലുരുണ്ടും/മയക്കം വരാതെ മാമകചിത്തം എന്ന പാട്ടും പാടി വെറുതേ മച്ചും നോക്കി കെടക്കാന്നല്ലാണ്ട് ഒരു പോള കണ്ണടയ്ക്കാമ്പറ്റാറ് ല്ല്യ!!!












Thursday, April 23, 2020


അസ്തപ്രജ്ഞൻ

കോവിഡ് പത്തൊമ്പതാമന്റെ വരവോടെ ഈരേഴ് പതിനാല് ലോകവും മൊത്തം കീഴ്മേൽ മറിഞ്ഞെന്ന് എം ജി രവീന്ദ്രൻ സാറിന് തികച്ചും ബോദ്ധ്യായത് ഈ കഴിഞ്ഞ ദിവസമാണ്.
ഉച്ചയൂണിനുപുറത്ത് കുംഭകർണ്ണസേവയ്ക്കുശേഷം ഉമ്മറത്ത് ചാരുകസേരയിൽ മനോരാജ്യം വായിച്ചിരിക്കവേ സാറിനൊരു മോഹം- ഒരു കട്ടൻചായ കുടിയ്ക്കണം.
അകത്തേയ്ക്ക് വിളിച്ചു കൂവി.
-ഭാരത്യേയ്. ഒരു കട്ടൻ ചായ
ആര് കേൾക്കാൻ!
അകത്തുള്ളാൾ പുറത്ത് തൊടിയിൽ ഏതോ പണിയിലാണ്.
എന്നാപ്പിന്നെ അനർത്ഥം സ്വയംകൃതമാക്കിക്കളയാം എന്ന ആത്മഗതത്തോടെ രവി സാർ അടുക്കളയിലേക്ക് പ്രവേശിച്ചു, നടന്നുകൊണ്ട്.
ഒരു വെട്ടുഗ്ലാസ്സ് വെള്ളമെടുത്ത് സോസ്പാനിലൊഴിച്ച്  സ്റ്റൗവിൽ വെച്ചു. തീയും കൊളുത്തി.
കൊമളകൾ വരാൻ തുടങ്ങിയപ്പോഴാണ് പൻസാരേടേം കണ്ണൻദേവന്റേയും മറ്റും കാ‍ര്യമോർത്തത്. രണ്ടും സമീപ പ്രദേശത്തൊന്നുമില്ല. നേരെ സ്റ്റോർ റൂമിലേക്കോടി.
ഹന്ത ഭാഗ്യം ജനാനാം! അവിടെ എല്ലാ സാധനങ്ങളും കൃത്യമായി അടുക്കിയൊതുക്കി വെച്ചിട്ടുണ്ട്. പോരാത്തതിന് ഓരോ ടിന്നിലും അതതു സാധനങ്ങളുടെ പേരും എഴുതി വെച്ചിട്ടുണ്ട്. അത്രയ്ക്ക് സിസ്റ്റമാറ്റിക്കും പെർഫെക്റ്റുമായിരുന്നു അറേഞ്ച്മെന്റ്!
അതു  കാൺകവേ, സ്വന്തം ഭാര്യയെപ്പറ്റി അനല്പമായ അഭിമാനം തോന്നി രവി സാറിന്. എന്തുവേണം....ഇനിയെന്തുവേണം....ഇന്ദുമുഖീയിനിയെന്തുവേണം...എന്ന പാട്ടുപാടാനും തോന്നി . പക്ഷേ പാടിയില്ല. പാട്ടുപാടാൻ പറ്റിയ നേരമായിരുന്നില്ലല്ലൊ അത്.
തത്ത ചീട്ടെടുക്കുമ്പോലെ എം ജി ആർ പൻസാരേടേം കണ്ണൻ ദേവന്റേം ടിന്നുകളെടുത്തു. പൻസാര ടിന്നുതുറന്ന് അതിൽ നിന്ന് രണ്ട് കരണ്ടി തിളച്ച വെള്ളത്തിലേക്ക് മറിച്ചതും വെള്ളത്തിന്റെ നിറം ചൊക ചൊകാന്നായി! പുറകേ ഘുമുഘുമാന്നൊരു മണവും!
അന്തം വിട്ടുപോയ എം ജി ആർ പഞ്ചസാരപ്പാത്രത്തിലേക്ക് സൂക്ഷിച്ചുനോക്കി. അപ്പോൾ കണ്ടതെന്തെന്നോ; ചുവക്കാതിരിരിക്കാൻ എനിക്കാവതില്ലേ എന്ന കവിതയും പാടിയിരിക്കുന്ന മുളകുപൊടി!
തലയിൽ കൈവെച്ചുകൊണ്ട് രവി സാറ്‌ കണ്ണൻ ദേവന്റെ ടിന്നുതുറന്നുനോക്കി. അതിൽ മുക്കാൽ ഭാഗത്തോളം സാധനമുണ്ട്.പക്ഷേ മല്ലിപ്പൊടിയായിരുന്നെന്നുമാത്രം!
ഇത് ഒരു നടയ്ക്ക് പോവില്ല എന്ന് ആത്മഗതമായി പറഞ്ഞ് എം ജി ആർ സാർ ഉമ്മറത്തേക്ക് മടങ്ങി.
ചാരുകസേരയിലിരുന്ന് വീണ്ടും മനോരാജ്യം വായിക്കാൻ തുടങ്ങി: ഇങ്ങനെ പോയാൽ പറ്റില്ലല്ലൊ. ഒരു കാര്യം ചെയ്യാം. സ്റ്റോറ് മൊത്തം ഒന്നു പരിശോധിച്ചുനോക്കാം.
വിചിത്രമായിരുന്നു പരിശോധനാഫലങ്ങൾ.
ഉപ്പ് എന്നെഴുതിവെച്ച ടിന്നിൽ പൻസാര!
കാപ്പിപ്പൊടി എന്നെഴുതിയ ടിന്നിൽ കോഴിമുട്ട!
ആട്ടട്ടിന്നിൽ ഉർളക്കെഴങ്ങ്!
കടുകിന്റെ ടിന്നിൽ കണ്ണൻ ദേവൻ!
ആകെ കൊളം!
രവി സാർ ഒരു ടൈമൌട്ട് കൂടിയെടുത്ത് ഉമ്മറത്തുപോയി അഞ്ചുമിനിറ്റ് മനോരാജ്യം വായിച്ചു: ഒരു വേള ഇത് ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ ഒരവസരം വീണുകിട്ടിയതല്ലെന്നു വരുമോ!
ഈ ബൾബ് കത്തിയതും വായനയവസാനിപ്പിച്ച് അഞ്ചാറ്‌ ന്യൂസ് പേപ്പറുമെടുത്ത് വീണ്ടും സ്റ്റോറിലേക്കു ചെന്നു. പേപ്പറുകൾ നിലത്തുവിരിച്ച് ടിന്നുകളിലെ മെറ്റീരിയൽ സ് ഓരോ ഭാഗത്ത് ചെരിഞ്ഞു. പിന്നെ ഓരോ ഐറ്റവുമെടുത്ത് ലേബലനുസരിച്ച് അതാതിന്റെ ടിന്നുകളിൽ നിറച്ചു. ഒടുവിൽ ഡബ് ൾ ചെക്ക് ചെയ്ത് എല്ലാം ഉറപ്പാക്കി.
അനന്തരം മനസ്സിൽ പറഞ്ഞു: ഭാരതീ എല്ലാം ഭദ്രം. സുഭദ്രം. നീ വന്നു നോക്കുമ്പോൾ അന്തം വിടും.
പണിയെടുത്ത് വിയർത്തുപോയ ഏം ജി ആർ ആത്മഗതരൂപേണ പറഞ്ഞു:
എന്നാൽ ഇനി മേലൊന്നു കഴുകിയിട്ടാവാം ചായയുണ്ടാക്കുന്നത് .
          അടുപ്പത്തിരുന്ന മുളകുവെള്ളമെടുത്ത് സിങ്കിലൊഴിച്ച് എം ജി ആർ കുളിമുറിയിലേക്കു പോയി.
എന്നാൽ കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സാറിനെ എതിരേറ്റത് സ്വന്തം ഭാര്യയുടെ ഉച്ചസ്ഥായിയിലുള്ള ഈ ഉദീരണമായിരുന്നു: ഈശ്വരാ! ഈ മനുഷ്യനെക്കൊണ്ട് ഞാൻ തോറ്റു! ആന കരിമ്പുന്തോട്ടത്തില് കേറ്യ പോലെയല്ലേ ന്റെ സ്റ്റോറ് റൂം കാട്ടിവെച്ചേക്കണേ! ഇനി ഞാൻ ഒരാഴ് ച്ച പണ്യെട്ക്കണ്ടേ ഇതൊന്ന് നേര്യാക്കാൻ!
എന്താ പറയ് Ͻ  ആരോടാ പറയ് Ͻ എന്നറിയാതെ  ‘ഞാനാരാ രാമന്നായരേ, എന്റെ പേരെന്താ’ എന്നു ചോദിച്ച മുകുന്ദന്റെ കഥാപാത്രത്തെപ്പോലെ അസ്തപ്രജ്ഞനായി നിന്നുപോയി എം ജി ആർ!!!












Monday, March 23, 2020


വൈദ്യഭൂഷണം തൃപ്രയാര്‍ ശ്രീകുമാരവര്‍മ്മ
(എന്നോ എഴുതിയത്)

കണ്ണന്റെ കൈത്തരിപ്പിനെപ്പറ്റിയായിരുന്നു അസോസിയേഷന്‍ ഹാളിലെ അന്നത്തെ ചര്‍ച്ച.
ഏതാണ്ട് ഒരു വര്‍ഷത്തോളമായി കണ്ണന് കൈത്തരിപ്പു തുടങ്ങിയിട്ട്. വലതുകൈയും
ഷോള്‍ഡറും തമ്മില്‍ ബന്ധിപ്പിക്കുന്ന കപ്ലിങ്ങിലാണ്  കംപ്ലെയ്ന്റ്.
ഒരു പരിധിവരെ മാത്രമേ കൈ ഉയര്‍ത്താന്‍ പറ്റുന്നുള്ളു. അവിടന്നങ്ങോട്ട് ഉയര്‍ത്തിയാല്‍ കൈ തരിച്ചുതുടങ്ങും. അതുകൊണ്ടുതന്നെ കുറേക്കാലമായി കണ്ണന്‍ വലതുകൈ ഉയര്‍ത്താറുമില്ല.

ഒരുമാതിരിപ്പെട്ട അലോപ്പതിഡോക്ടര്‍മാരെയൊക്കെ ഇതിനകം കണ്ടുകഴിഞ്ഞെന്ന് കണ്ണന്‍
പറഞ്ഞപ്പോള്‍ എന്നാല്‍ ഇനി കുറച്ചുനാള്‍ ആയുര്‍വേദപ്പൊതി നോക്കിക്കൂടേ എന്ന് സൂമാരൻ.
തേക്കിന്‍പൂക്കുലാദി ലേഹ്യം കഴിച്ചാല്‍ സംഗതി പെട്ടെന്ന് മാറുമെന്ന് തേക്കേല്‍ കേറിയ
കൃഷ്‌ണേട്ടന്‍.
മര്‍മ്മം നോക്കി ആണിയടിക്കുന്ന മര്‍മ്മാണിവിദ്യ ഒന്നു പരീക്ഷിച്ചുനോക്കാന്‍ സിപ്രന്‍.
ഉപദേശങ്ങള്‍ക്ക് യാതൊരു പഞ്ഞവുമുണ്ടായിരുന്നില്ല.
എല്ലാവരുടേയും ഉപദേശങ്ങള്‍ കഴിഞ്ഞപ്പോള്‍ അതുവരെ ഒന്നും മിണ്ടാതിരുന്ന ശ്രീകുമാര്‍
പറഞ്ഞു:
കണ്ണന്‍ നാളെ രാവിലെ ഒമ്പതേമുക്കാലിന് എന്റെ കൂടെ വരൂ. ഇരുപത്തിനാല് മണിക്കൂറിനകം അസുഖം ഞാന്‍ ഭേദപ്പെടുത്തിത്തരാം. ഇല്ലെങ്കില്‍ കണ്ണന്റെ പേര്  എന്റെ പട്ടിക്കിട്ടോ.
സഖാവ് എന്നാണ് വൈദ്യം പയറ്റാന്‍ തുടങ്ങിയത് എന്ന് എല്ലാവരും ആശ്ചര്യപ്പെട്ടുനില്‍ക്കേ
പുള്ളിക്കാരന്‍ പറഞ്ഞ കണ്ടീഷന്‍ തരക്കേടില്ലെന്നു തോന്നിയിട്ടോ എന്തോ കണ്ണന്‍ അതങ്ങ്
സമ്മതിച്ചു.
പിറ്റേന്ന് രാവിലെ പറഞ്ഞ സമയത്തുതന്നെ കണ്ണന്‍ ഹാജരായി. ഉടന്‍ തന്നെ രണ്ടുപേരും കൂടിപുറത്തേക്ക് പോവുകയും ചെയ്തു.
പിന്നെ രണ്ടുദിവസത്തേക്ക് കണ്ണന്റെ യാതൊരു അഡ്രസ്സുമില്ല.
മൂന്നാം ദിവസവും കക്ഷിയെ കാണാതായപ്പോള്‍ ബിആര്‍ എസ് എം എസ് അയച്ചു:
വാട്ട് ഹാപ്പെന്‍ഡ്?
10 മിനിറ്റ് കഴിഞ്ഞപ്പോള്‍ മറുപടി വന്നു: ചെക്ക് യുവര്‍ മെയില്‍.
ഇന്‍ബോക്‌സ് തുറന്ന് ബിആര്‍ കണ്ണന്റെ ഈമെയില്‍ വായിച്ചു:
പ്രിയപ്പെട്ട ബിആര്‍,
അന്ന് സഖാവ് എന്നെ നേരെ കൊണ്ടുപോയത് തെക്കേ ഗോപുരനടയില്‍ കോണ്‍ഫെഡറേഷന്റെ ധര്‍ണ്ണ നടക്കുന്നിടത്തേക്കാണ്. കൃത്യം 10 മണിക്ക് ധര്‍ണ്ണ തുടങ്ങി. 24 മണിക്കൂര്‍ കഴിഞ്ഞ്
പിറ്റേന്ന് രാവിലെ 10 മണിക്ക് അവസാനിക്കുകയും ചെയ്തു. ശെരിക്കും ഒരു എക്‌സെര്‍സൈസ് തന്നെയായിരുന്നു അത്. 24 മണിക്കൂര്‍ അന്തരീക്ഷത്തിലേക്ക് മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ചുകഴിഞ്ഞപ്പോഴേക്കും എന്റെ കൈയിന്റെ തരിപ്പെല്ലാം മാറി. ഇപ്പോള്‍ വലതുകൈ ശെരിക്കും
ഉയര്‍ത്താനും താഴ്ത്താനും പറ്റുന്നുണ്ട്.
പക്ഷേ ആഹ്ലാദിക്കാന്‍ വകയില്ലാതായിപ്പോയി ബിആര്‍.
കാരണം മന്ത് മറ്റേ കാലിലേക്ക് മാറി.
ച്ചാല്‍?
എന്റെ സൗണ്ട്‌ബോക്‌സ് പോയി !!!