rajasooyam

Wednesday, August 31, 2016


ലക്ഷ്മണന്‍റെ രണ്ടാമൂഴം
(പുന: സംപ്രേഷണം)

 

ഈക്കേബിയുടെ റിട്ടയര്‍മെന്റുമായി ബന്ധപ്പെട്ടാണ് സംഭവം.
അന്നൊന്നും ഇന്നത്തെപ്പോലെയല്ല. സംഘടനാഭേദമില്ലാതെ, കേഡര്‍ വ്യത്യാസമില്ലാതെ സ്റ്റാഫിന്റെ റിട്ടയര്‍മെന്റ് ഒരു ഉത്സവം പോലെ ആഘോഷിച്ചിരുന്ന കാലമായിരുന്നു അത്.
(
ഉവ്വ്, അന്യന്റെ സ്വരം സംഗീതം പോലെ ആസ്വദിച്ചിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നു നമുക്ക്.)

ഈക്കേബിയുടെ റിട്ടയര്‍മെന്റ് ഫങ്ഷനിലേക്ക് ഡിഏജിയെ ക്ഷണിക്കാന്‍ ഏല്‍പ്പിച്ചിരുന്നത് സാക്ഷാല്‍ കെ.കെ.ലക്ഷ്മണനേയും വി. ഹരിയേയുമായിരുന്നു.
കത്തിവെപ്പിന്റെ കാര്യത്തില്‍ പി.പി.ശിവദാസന്‍ സാറിന്റെ ഏട്ടനായിരുന്നു അന്നത്തെ ഡിഏജി.
ഹരിലക്ഷ്മണന്മാര്‍ ക്ഷണിക്കാന്‍ ചെല്ലുമ്പോള്‍ ഏതോ ഫയല്‍ നോക്കിക്കൊണ്ടിരിക്കയായിരുന്നു അദ്ദേഹം.
കണ്ഠശുദ്ധി വരുത്തിയശേഷം നിരുദ്ധകണ്ഠരരായി ഹരി വിളിച്ചു:
-
സര്‍..
-
യേസ്
-
സാറ് സ്ഥലത്തില്ലാതിരുന്നതുകൊണ്ട് നേരത്തെ പറയാന്‍ കഴിഞ്ഞില്ല, ഇന്ന് ഈക്കേബീടെ സെന്‍ഡോഫാണ്. താഴെ എല്ലാം റെഡിയാണ്. ഞങ്ങള്‍ സാറിനെ വിളിക്കാന്‍ വന്നതാണ്.
   
ഇതു കേട്ടതും ഡിഏജി ഫയല്‍ മാറ്റിവെച്ച് സീറ്റില്‍നിന്നെഴുന്നേറ്റ് ലക്ഷ്മണന്റെ കൈക്ക് കേറി ഒരു പിടുത്തമാണ്! പിന്നെ പറഞ്ഞു: ''വിഷ് യൂ ഏ ഹാപ്പി റിട്ടയര്‍മെന്‍റ് ലൈഫ്'' !!!

അന്ന് ഹരിയില്‍നിന്ന് ഈ കഥ കേട്ടുകഴിഞ്ഞപ്പോള്‍ ഒട്ടും വിശ്വാസം വരാതെ ബിആര്‍ ലക്ഷ്മണനോട് ചോദിച്ചു:
-
ഈക്കേബിയാണെന്ന് തെറ്റിദ്ധരിച്ചാണ് ഡിഏജി കൈക്ക് കയറി പിടിച്ചതെന്ന് അന്നേരം ലക്ഷ്മണന് മനസ്സിലായില്ലേ?
-
ഉവ്വ്
-
എങ്കില്‍പിന്നെ 'ഞാനല്ല ഈക്കേബി' എന്ന് അപ്പോള്‍ എന്തുകൊണ്ട് പറഞ്ഞില്ല?
-
അതിന് ഒരക്ഷരം അങ്ങോട്ട് പറയാന്‍ അനുവദിച്ചിട്ടുവേണ്ടേ. ദൈവമേ, ഇതുപോലെ നോണ്‍സ്റ്റോപ്പായി സംസാരിക്കുന്ന ഒരു മനുഷ്യനെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. നമ്മുടെ
 
ശിവദാസന്‍ സാറൊക്കെ അദ്ദേഹത്തിന്റെ മുമ്പില്‍ വെറും ശിശു!
-
അതു പോട്ടെ. ഡിഏജി കൈയില്‍ കേറി പിടിച്ചപ്പൊ പിടി വിടുവിക്കാന്‍ ലക്ഷ്മണന്‍ ശ്രമിച്ചില്ലേ?
-
എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. പക്ഷേ അദ്ദേഹം പിടി വിടണ്ടേ
-
കൈ വിടുവിക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, ലക്ഷ്മണന്‍ തിരിച്ച് അദ്ദേഹത്തിന്റെ കൈ പിടിച്ച് കുലുക്കിയെന്നാണ് ഹരി പറഞ്ഞോണ്ട് നടക്കുന്നത്. അതില്‍ വല്ല വാസ്തവവുമുണ്ടോ?
ശ്ലഥകാകളി വൃത്തത്തിലുള്ള ഒരു ഈരടിയാണ് ലക്ഷ്മണന്‍ അതിനു മറുപടിയായി പറഞ്ഞത്:
''
നിനച്ചിരിക്കാതൊരാള്‍ കൈ പിടിച്ചാല്‍
കുലുക്കയല്ലാതെ നാം എന്തുചെയ്യും?'' !!!

(സംഭവം നടന്നിട്ട് ഇപ്പോള്‍ ഏതാണ്ട് രണ്ട് പതിറ്റാണ്ടായി. ലക്ഷ്മണന്‍ ഇപ്പോഴും റിട്ടയര്‍ ചെയ്തിട്ടില്ല!)

Tuesday, August 2, 2016

What does it mean?

B R sent the following message to his colleagues the other day:
''Dear colleagues, I will retire from service on the 31st of this month”.

Quick came the response from nearly 90% of them:
''THANK YOU'' !!!

Sunday, May 29, 2016

ലോകസമാധാനത്തിന് ഒരു മാര്‍ഗ്ഗരേഖ

രണ്ടുപേരും വെരി വെരി സീനിയര്‍ അക്കൗണ്ട്‌സ് ഓഫീസര്‍മാരാണ്.
രണ്ടുപേരുടേയും സീറ്റുകള്‍ ഒരേ റൂമിനകത്തുമാണ്.
പറഞ്ഞിട്ടെന്തുകാര്യം. രണ്ടുപേരും പരസ്പരം കാണാറേയില്ല!

ഒരാള്‍ റൂമിന്റെ ഈശാനകോണില്‍ കിഴക്കോട്ടുതിരിഞ്ഞാണിരിപ്പ്.
മറ്റേയാള്‍ കന്നിമൂലയില്‍ പടിഞ്ഞാട്ടുതിരിഞ്ഞും.

ഒരാള്‍ രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് അഞ്ചര വരെ പേ റിവിഷന്‍ നോക്കിക്കൊണ്ടിരിക്കും.
മറ്റേയാള്‍ ആ സമയത്ത് പി എഫ് ക്ലോഷര്‍, എന്‍ ആര്‍ എ, ഫ്രോഡ് ഷീറ്റ് മുതലായവ
നോക്കിക്കൊണ്ടിരിക്കും.

ഇതിനിടയില്‍ വല്ലപ്പോഴും കിഴക്കുനോക്കിയാപ്പീസര്‍ കിഴക്കോട്ടുതന്നെ തിരിഞ്ഞിരുന്നു
കൊണ്ട് പടിഞ്ഞാറുനോക്കിയാപ്പീസറോട് എന്തെങ്കിലുമൊന്നുരിയാടിയെന്നിരിക്കും.
പറഞ്ഞത് ഒരു വഹ കേട്ടിട്ടുണ്ടാവില്ലെങ്കിലും പടിഞ്ഞാറുനോക്കിയാപ്പീസര്‍ ഉവ്വ്വോ, അതുശെരി, നന്നായി എന്നൊക്കെയങ്ങ് തട്ടിവിടും. അതല്ലെങ്കില്‍ വെറുതെ മൂളിക്കൊടുക്കും!
തിരിച്ചും തഥൈവ.

കുറ്റമറ്റ ഈ ദിനചര്യ  കൃത്യമായി അഡ്ഹ്യര്‍ ചെയ്തതിനാലാവണം ബിആറും വിജയമ്മ സാറും തമ്മില്‍ നാളിതുവരെ യാതൊരുവിധ ശണ്ഠയുമുണ്ടായിട്ടില്ല !!!

Tuesday, February 16, 2016

ടാക്റ്റിക്‌സ്

-ഹലോ, ബിആറല്ലേ
-അതേ കണ്ണാ
-സഖാവ് എന്നെ പിന്നേം പറ്റിച്ചൂട്ടോ
-ആര്? ശ്രീകുമാറോ?
-തന്നെ തന്നെ
-ഇത്തവണ എത്ര പോയി?
-350 ഇന്ത്യന്‍ റുപ്പീസ്
-സാരല്ല്യ. അടുത്ത ഓണക്കാലത്തെ സ്‌പെഷ്യല്‍ റിബേറ്റില്‍ അഡ്ജസ്റ്റ് ചെയ്യാലോ
-ആ ഒരു സമാധാനത്തിലാണ് ഞാന്‍
-അതുപോട്ടെ. എന്തായിരുന്നു പറ്റിപ്പിന്റെ പശ്ചാത്തലം?
-പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പുസഖ്യത്തെപ്പറ്റി ഒരു സാധാരണക്കാരനു തോന്നാവുന്ന സംശയം ഞാനൊന്നു ചോദിച്ചുപോയി. അതാണ് അബദ്ധമായത്
-കൊള്ളാം. മാര്‍ക്‌സിസം-ലെനിനിസം അരച്ചുകലക്കിക്കുടിച്ച ഒരാളോട് ചോദിക്കാന്‍ പറ്റിയ സംശയമാണോ കണ്ണാ അത്? എന്നിട്ട് എന്തായിരുന്നു പ്രതികരണം?
-സംശയം കേട്ടതും ഉഗ്രകോപത്തോടെ എന്നെയൊരു നോട്ടമാണ്. പിന്നെ പറഞ്ഞു:
ഇത്തരം പീറസംശയമൊന്നും മേലില്‍ എന്നോട് ചോദിച്ചേക്കരുത്. നിങ്ങള്‍ ദിമിത്രോവിന്റെ 'ടാക്റ്റിക്‌സ് ഓഫ് യുണൈറ്റഡ് ഫ്രണ്ട്' വായിച്ച്ട്ടുണ്ടോ? ഇല്ലെങ്കില്‍ ഇന്ന് വീട്ടീപ്പോണവഴി അതിന്റെ ഒരു കോപ്പിവാങ്ങിക്കൊണ്ടുപോയി വായിക്ക്. അതോടെ ബംഗാളിലെ സഖ്യത്തെപ്പറ്റിയുള്ള സകല സംശയവും തീരും.
-എന്നിട്ട് കണ്ണന്‍ പുസ്തകം വാങ്ങിച്ചോ?
-ഒന്നും പറയണ്ട ബിആര്‍. ഞാന്‍ റൗണ്ടായ റൗണ്ടൊക്കെ റൗണ്ടടിച്ചുനോക്കി. ഒരൊറ്റ പുസ്തകക്കടയിലുംസാധനമില്ല. മാത്രല്ല, ദിമിത്രോവ് എന്നു പറയുമ്പോഴേക്കും അവര്‍ തുറിച്ചുനോക്കുകയായിരുന്നു! ഒടുവില്‍ റോഡ്‌സൈഡില്‍ പഴയ പുസ്തകങ്ങള്‍ വില്‍ക്കണ ഒരാള്‍ടെ കൈയില്‍നിന്നാണ് തൊണ്ടിമുതല്‍ കണ്ടുകിട്ടിയത്.
-അയാള്‍ക്ക് എന്തു കൊടുക്കേണ്ടിവന്നു?
-350 ഇന്ത്യന്‍ റുപ്പീസ്
-എന്നിട്ട് കണ്ണന്‍ അതുമുഴുവന്‍ വായിച്ചോ?
-കമ്പോടുകമ്പ്. ച്ചാല്‍ ഏ ടു സെഡ്
-ഏതായാലും വായിച്ചുകഴിഞ്ഞപ്പോള്‍ ശങ്ക തീര്‍ന്നുകാണും അല്ലേ
-ഉവ്വ! അതല്ലേ ഞാന്‍ പറഞ്ഞത് സഖാവ് എന്നെ പറ്റിച്ചൂന്ന്.
-എങ്ങനെ?
-ബിമന്‍ ബോസിനെപ്പറ്റിയോ സൂര്യകാന്തമിശ്രയെപ്പറ്റിയോ മമതാബാനര്‍ജിയെപ്പറ്റിയോ അതേലെങ്ങും  കമാന്നൊരക്ഷരമില്ലെന്നേയ് !!!


Saturday, January 30, 2016

സൈഡ് ഇഫെക്റ്റ്

പ്രദീപേട്ടന്‍ പ്രീറിട്ടയര്‍മെന്റ് കൗണ്‍സലിങ്ങിന് തിരുവനന്തപുരത്തു പോയതും ഭസ്മാസുരനാവാതെ രക്ഷപെട്ടതും മറ്റും മാലോകരായ മാലോകരൊക്കെ ഇതിനകം അറിഞ്ഞിരിക്കുമല്ലൊ.
ആ സംഭവം നടന്നത് ജനുവരി രണ്ടാം വാരത്തിലായിരുന്നുവെങ്കില്‍ ഈ സംഭവം നടക്കുന്നത് നാലാം വാരത്തിലാണ്.
നാലാം വാരത്തിലെ ഒരു ദിവസം അയല്‍വക്കത്തെ ശാന്തേടത്തി പ്രദീപേട്ടന്റെ വൈഫിനോട്
സംസാരിക്കയാണ്:
-ചോദിക്കണോണ്ട് വെഷമൊന്നും തോന്നരുത്,ട്ടോ പ്രഭേ
-എന്താ ശാന്തേച്ചി?
-അല്ലാ, സാറിന് ഈയിടെയായിട്ട് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്താ ശാന്തേച്ചി അങ്ങനെ ചോദിക്കാന്‍?
-അതല്ലാ.. ഞാന്‍ ഇന്നലെ നോക്കുമ്പൊ സാറ് നിങ്ങടെ ഉമ്മറത്തിരുന്ന് കെഴക്കേലേ വലിയ മൂവാണ്ടന്‍ മാവിന്റെ തുഞ്ചത്തേക്ക് ഇമ വെട്ടാതെ സൂക്ഷിച്ചുനോക്കുന്നതു കണ്ടു.............  അര മണിക്കൂറ് കഴിഞ്ഞ് നോക്കുമ്പോഴും അതേ ഇരിപ്പായിരുന്നു........... ഞാന്‍ ഇക്കാര്യം വീട്ടില് പറഞ്ഞപ്പൊ ചേട്ടനും പറഞ്ഞു, ഈയിടെയായി സാറ് രാവിലെ പാല് വാങ്ങാന്‍ പോവുമ്പൊ വഴീല് കാണണ മരങ്ങള്‌ടെ മോളിലേക്ക് സൂക്ഷിച്ച്‌നോക്കി അനങ്ങാതെ നിക്കണത് കാണാറ്ണ്ട്ന്ന്!
                                       ശാന്തേടത്തി പറഞ്ഞതുകേട്ടതും ഭൂമി കുലുങ്ങുന്നതുപോലെയും തല കറങ്ങുന്നതുപോലയും തോന്നി പ്രഭയ്ക്ക്.........

അന്നു വൈകുന്നേരം അത്താഴത്തിനിരിക്കുമ്പൊ പ്രദീപേട്ടനോട് ശ്രീമതി ചോദിച്ചു:
-അതേയ്, സത്യം പറയണം. ചേട്ടന് എന്തെങ്കിലും പ്രശ്‌നണ്ടോ?
-എന്തു പ്രശ്‌നം?
-അല്ലാ, എന്തെങ്കിലും മാനസിക പ്രശ്‌നം?
-എന്തേ അങ്ങനെ ചോദിക്കാന്‍?
    ശാന്തേടത്തി പറഞ്ഞ കാര്യം വള്ളിപുള്ളി വിസര്‍ഗ്ഗം തെറ്റാതെ പ്രഭ പ്രദീപേട്ടനെ ധരിപ്പിച്ചു.
അന്നേരം പൊട്ടിച്ചിരിച്ചുകൊണ്ട് തനി ബഷീറിയന്‍ സ്റ്റൈലില്‍ പ്രദീപേട്ടന്‍ പറഞ്ഞു:
-എടീ ബഡുക്കൂസെ, എനിക്ക് നീ പറയണ യാതൊരു പ്രശ്‌നോല്ല്യ.
-അപ്പൊപ്പിന്നെ ശാന്തേടത്തി പറഞ്ഞതോ?
-അതുപിന്നെ അന്ന് കൗണ്‍സലിങ്ങിനുവന്ന സാറ് ഹോബികളൊന്നുമില്ലാത്തവര്‍
കൈ പൊക്കാന്‍പറഞ്ഞു. ഞാന്‍ കൈ പൊക്കി. അപ്പൊ സാറ് പറഞ്ഞു, റിട്ടയര്‍ ചെയ്യുമ്പോള്‍ നിര്‍ബ്ബന്ധമായും     എന്തെങ്കിലും ഹോബി വേണമെന്നും അത് ഇപ്പോഴേ കണ്ടെത്തി പ്രാക്റ്റീസ് ചെയ്തു തുടങ്ങണമെന്നും. പിന്നെ ഹോബി സെലക്റ്റ് ചെയ്യാന്‍ വേണ്ടി അതിന്റെ ഒരു ലിസ്റ്റും തന്നു.
-എന്തൊക്കെയുണ്ടായിരുന്നു ലിസ്റ്റില്‍?
-ഗാര്‍ഡനിങ്, സ്റ്റാമ്പ് കളക് ഷന്‍, ചിത്ര രചന, സംഗീതാസ്വാദനം, ഫോട്ടോഗ്രഫി, ശീട്ടുകളി,
കുതിരക്കച്ചവടം, തീപ്പെട്ടിക്കൂട് ശേഖരണം, വീണ വായന, വീഴാത്ത വായന, ഗോസിപ്പെഴുത്ത്,
അടുക്കളപ്പണി... അങ്ങനെ ഒരു നൂറുകൂട്ടം
                      പ്രഭയ്ക്ക് ഉറപ്പായിരുന്നു, തന്നോടുള്ള സ്‌നേഹക്കൂടുതല്‍ കൊണ്ട് പ്രദീപേട്ടന്‍
അടുക്കളപ്പണിയാവും തെരഞ്ഞെടുത്തിട്ടുണ്ടാവുകയെന്ന്. എന്നാലും വെറുതെ ചോദിച്ചു:
-എന്നിട്ട് പ്രദീപേട്ടന്‍ ഏത് ഹോബിയാണ് തെരഞ്ഞെടുത്തത്?
-ഒബ്‌സെര്‍വേഷന്‍
-ഒബ്‌സെര്‍വേഷനോ?
-അതെ. നിരീക്ഷണം. പക്ഷിനിരീക്ഷണം !!!



Tuesday, January 26, 2016

വെളുക്കാന്‍ തേച്ചത്

വെളുക്കാന്‍ തേച്ചത് പാണ്ടായി ഭവിച്ചു എന്നു പറഞ്ഞതുപോലായി പ്രദീപേട്ടന്റെ കാര്യം.

സംഭവമിങ്ങനെ:
2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ റിട്ടയര്‍ ചെയ്യുന്നവര്‍ക്കുവേണ്ടിയുള്ള കൗണ്‍സലിങ് ക്ലാസ് നടക്കുകയാണ് മെയിനാപ്പീസില്‍.
ഒക്ടോബര്‍ മാസത്തില്‍ റിട്ടയര്‍ ചെയ്യുന്ന പ്രദീപേട്ടനേയും സ്വാഭാവികമായും പ്രസ്തുത പരിപാടിയിലേക്ക്  ക്ഷണിച്ചിരുന്നു.
മാന്യന്മാരും മഹതികളുമടക്കം ആകെമൊത്തം ടോട്ടല്‍ 66 പേരുണ്ടായിരുന്നു ക്ലാസില്‍.
പലരേയും അനേകവര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായി കാണുകയാണ് പ്രദീപേട്ടന്‍.
കൂടിക്കാഴ്ചക്കിടയില്‍ പ്രൗഢയും കുലീനയുമായ ഒരു ലേഡിയോട് പ്രദീപേട്ടന്‍ തികച്ചും നിര്‍ദ്ദോഷമായ ഒരു  കുശലാന്വേഷണം നടത്തി. ആ അന്വേഷണമാണ് പാണ്ടായിബ്ഭവിച്ചത്!
പ്രദീപേട്ടന്റെ ചോദ്യം കേട്ടതും അവര്‍ വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിലെ പാര്‍വതീദേവിയെ ഇമിറ്റേറ്റ് ചെയ്ത് പ്രദീപേട്ടനെ ജ്വലിച്ച കണ്‍കൊണ്ടൊരു നോക്കുനോക്കി.
മഞ്ഞുകാലമായതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കില്‍ പ്രദീപേട്ടന്‍ ഭസ്മായേനെ. ഭസ്മാസുരനായേനെ!

പ്രൗഢയോടുള്ള പ്രദീപേട്ടന്റെ തികച്ചും നിഷ്‌കളങ്കമായ ചോദ്യം ഇതായിരുന്നു:
''ഏതാ മാസം?''' !!!
 

Saturday, December 19, 2015

ലൈക്ക്

ലോകത്തുള്ള ഏതു കാഴ്ചബംഗ്ലാവില്‍ പോയാലും അവിടെക്കാണുന്ന പക്ഷിമൃഗാദികളുടേയും വൃക്ഷലതാദികളുടേയും പ്രതിമകള്‍ക്കൊപ്പം നിന്ന് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ്
ചെയ്യുക എന്നത്  വേണുപ്പണിക്കരുടെ ഒരു സ്ഥിരം കലാപരിപാടിയാണ്.
ആന്റിസോഷ്യല്‍ മീഡിയായില്‍ പുള്ളിക്കാരന്‍ അത്രയ്ക്ക് സജീവനാണെന്നര്‍ത്ഥം.

ഈയിടെ ഒരു ഉത്തരേന്ത്യന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതാണ് വേണു.
കൈയില്‍ നടേ പറഞ്ഞപോലത്തെ ഒരു സെല്‍ഫിയുണ്ട്.
ഏതോ മൃഗശാലയില്‍ വെച്ച് എടുത്തതാണ്.
ഒരു കരടി, ഒരു കാട്ടുപോത്ത്, ഒരു മരപ്പട്ടി ഒരു കരിങ്കുരങ്ങ്... ഇവര്‍ ഒരു ലൈനായി
നില്‍ക്കുകയാണ്. ഒത്ത നടുവിലായി വേണുവും - ഇതാണ് ചിത്രം.
കുളി കഴിഞ്ഞിട്ടാവാം പോസ്റ്റിംഗ് എന്നു നിരൂപിച്ച് ഫോട്ടോ മേശപ്പുറത്തുവെച്ച് വേണു
കുളിമുറിയില്‍ കേറി വാതിലടച്ചു.
ഈ തക്കത്തിന് വേണുവിന്റെ സന്തതസഹചാരിയും സന്തതികളുടെ അമ്മയും സര്‍വോപരി
ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുമായ വനജാക്ഷിയമ്മ ആ ഫോട്ടോയെടുത്ത് ഒരു
അടിക്കുറിപ്പോടെ സ്വന്തം ഫേസ്ബുക്കിലങ്ങ് പോസ്റ്റി.
അടിക്കുറിപ്പിന്റെ മേന്മകൊണ്ടാണോണറിയില്ല, ഒരാഴ്ച്ചക്കകം കാക്കത്തൊള്ളായിരത്തിരണ്ട്
ലൈക്കാണ് ആ പോസ്റ്റിന് കിട്ടിയത്!
പക്ഷേ അതോടെ വേണു ആന്റിസോഷ്യല്‍ മീഡിയയിലെ കളി നിര്‍ത്തി...

വനജാക്ഷിയമ്മയുടെ അടിക്കുറിപ്പ് ഇതായിരുന്നു:
''ഫോട്ടോയില്‍ ഇടത്തുനിന്ന് മൂന്നാമത് കാണുന്നത് എന്റെ ഹസ്ബന്റാണ്''' !!!