rajasooyam

Sunday, January 12, 2014

ഡിപ്രീസിയേഷന്‍

-നോക്കൂ സര്‍, ഈ കാറ് കണ്ടോ?  2005 മോഡല്‍ സ്വിഫ്റ്റാണ്. വെറും 3 ലക്ഷമാണ്
 ഞങ്ങള്‍ ഇതിന് വിലയിട്ടിരിക്കുന്നത്.
-ഇത്രയും പഴയ കാറിന് 3 ലക്ഷം രൂപയോ? ദാറ്റ്‌സ് ടൂ മച്ച്.
-ഒരിക്കലുമല്ല സര്‍. സാര്‍ ഇതിന്റെ ഓഡോമീറ്ററിലേക്കൊന്നു നോക്കണം. വെറും 8025
 കിലോമീറ്ററാണ് ഇത് ഓടിയിരിക്കുന്നത്. ദാറ്റ് മീന്‍സ് കാര്യമായ വെയര്‍ ആന്‍ഡ്
 റ്റെയറില്ല. അതുകൊണ്ടാണ് സര്‍ ഇത്ര വില വരുന്നത്.
-സോറി. ഐ ഡോണ്ട് വാണ്ട് റ്റു പര്‍ച്ചെയ്‌സ് വണ്‍ അറ്റ് ദ മൊമെന്റ്. പിന്നീടാവാം.
-എങ്കില്‍ പിന്നെ വേറെ ഏതെങ്കിലും ഐറ്റം എടുക്കണം സര്‍.
 ഗ്‌ളോബല്‍ സെക്കന്‍ഡ്‌സില്‍ വന്നിട്ട് എന്തെങ്കിലും വാങ്ങാതെ പോകുന്നത് ഞങ്ങള്‍ക്ക് 
 ഷെയ്മാണ് സര്‍.
-വേറെ എന്തെടുക്കാനാണ്.
-യൂ നെയ്മിറ്റ്, വി ഹേവിറ്റ്. അതാണ് സര്‍ ഗ്‌ളോബല്‍ സെക്കന്‍ഡ്‌സിന്റെ പ്രത്യേകത.
 സൂര്യനു കീഴെയുള്ള എന്തിന്റേയും സെക്കന്‍ഡ്‌സ് ഇവിടെ കിട്ടും സര്‍.
 സാറിന് ബ്രെയിന്‍ വേണോ?
-ബ്രെയിനോ!?
-യാ യാ. ഹ്യൂമന്‍ ബ്രെയിന്‍. ബ്രെയിനുകളുടെ വമ്പിച്ച ഒരു ശ്രേണി തന്നെയുണ്ട് സര്‍ 
 ഞങ്ങളുടെ ഷോറൂമില്‍. സര്‍ക്കാരുദ്യോഗസ്ഥന്മാരായിരുന്നവരുടെ ബ്രെയിനുകളാണ് ഈ നിര മുഴുവന്‍.
 സാറിന് ഏതാണ് വേണ്ടത്? ദാ, ഇത് മതിയോ? 35 വര്‍ഷത്തെ
 സര്‍വീസിനുശേഷം റിട്ടയര്‍ ചെയ്ത ബിആര്‍ എന്നയാളുടെ
 ബ്രെയ്‌നാണിത്. വെറും 56000 രൂപയേയുള്ളു വില.
-സെക്കന്‍ഡ് ഹാന്‍ഡിന് ഇത്ര വിലയോ? അപ്പോള്‍ എന്തായിരുന്നു ഇതിന്റെ ഒറിജിനല്‍ വില?
-സിക്സ്റ്റി തൗസന്‍ഡ് സര്‍.
-അതാണെനിക്ക് മനസ്സിലാകാത്തത്. മുപ്പത്തഞ്ച് കൊല്ലത്തെ ഡിപ്രീസിയേഷന്‍ വെറും
 4000 രൂപയോ?
-അത് പിന്നെ അത്രയേ വരൂ സര്‍. തേയ്മാനത്തിനനുസരിച്ചാണല്ലോ ഡിപ്രീസിയേഷന്‍ വാല്യു
 കണക്കാക്കുന്നത്.
-മനസ്സിലായില്ല
-35 കൊല്ലത്തിനിടയില്‍ ഇത് ഒരിക്കല്‍ പൊലും ഉപയോഗിച്ചിട്ടില്ല സര്‍ !!!

Tuesday, December 31, 2013

വമ്പന്‍ സ്രാവ്

-സഖാവ് സ്റ്റാലിന്‍, നിങ്ങള്‍ക്ക് ചെറിയ പരല്‍മീനുകളെയാണ് നോട്ടം അല്ലേ?
 വമ്പന്‍ സ്രാവുകളെ പേടിയാണല്ലേ?
-വളച്ചുകെട്ടാതെ കാര്യം പറ കുത്താമ്പുള്ളി കണ്ണാ
-അതല്ല, ധര്‍ണ്ണയില്‍ പങ്കെടുക്കാതിരുന്നതിന്  പാവം  ബാലുവിനെതിരെ
 നടപടിയെടുക്കാന്‍ അച്ചടക്കക്കമ്മറ്റിക്ക് വലിയ ആവേശമായിരുന്നല്ലൊ. ഇപ്പൊ
 കൃഷ്‌ണേട്ടനെ കാണുമ്പൊ കവാത്ത് മറക്കുന്നതെന്താണ്?
-കൃഷ്‌ണേട്ടന്‍ എന്തു ചെയ്‌തെന്നാണ്?
-അപ്പൊ അതറിഞ്ഞില്ലല്ലേ? ഇന്നലെ അസോസിയേഷന്‍ ഹാളില്‍ എന്‍ബിടി
 അനുസ്മരണം നടക്കുമ്പൊ കൃഷ്‌ണേട്ടന്‍ എന്തു ചെയ്യുകയായിരുന്നു?
-എന്തു ചെയ്യുകയായിരുന്നു?
-നെയ്, പരിപ്പ്, കശുവണ്ടി, കാളന്‍, ഓലന്‍, തോലന്‍, കൂട്ടുകറി, മൊളോഷ്യം,
 മാങ്ങാക്കറി, തേങ്ങാക്കറി, സമ്പാറ്, തൈര്, മോര്, പുളിശ്ശേരി, ചെറുശ്ശേരി, ഉപ്പിലിട്ടത്,
 വല്ല്യപ്പ്ടം ഇതുകളൊക്കെക്കൂട്ടി മുക്തകണ്ഠം സ്‌പെഷല്‍മീല്‍സ്   അടിക്കുകയായിരുന്നു പുള്ളിക്കാരന്‍.
-എവിടെ? മിഥില ഹോട്ടലിലോ?
-അതല്ലാന്ന്. ഇവിടെ മീറ്റിങ് നടക്കുമ്പൊ കൃഷ്‌ണേട്ടന്‍ ഗംഭീരമായ ഒരു കല്യാണസദ്യയില്‍   പങ്കെടുക്കുകയായിരുന്നു.
-അത് ശെരിയായില്ല
-ഇല്ലല്ലൊ. അപ്പൊ ഇനി ചാര്‍ജ് നമ്പര്‍ ടു
-അതെന്താണ്?
-കല്യാണസദ്യ എവിടായിരുന്നൂന്നറിയ്യ്വോ?
-എവിടായിരുന്നു?
-ഒരു വര്‍ഗ്ഗശത്രുവിന്റെ പേരിലുള്ള ഹാളില്‍!
-അത് തീരെ ശെരിയായില്ല
-അങ്ങനെ പറഞ്ഞതുകൊണ്ടായില്ലല്ലൊ. കൃഷ്‌ണേട്ടനെതിരെ നിങ്ങള്‍ നടപടിയെടുക്ക്വോ?   അതാണ് ഞങ്ങള്‍ക്കറിയേണ്ടത്?
-എന്താ സംശയം? അത്യന്തം ഗുരുതരമായ അച്ചടക്കലംഘനമാണ് കൃഷ്‌ണേട്ടന്‍
 നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും നടപടിയെടുക്കും.
-ഞങ്ങള്‍ക്ക് അത്ര വിശ്വാസം പോര. എന്നാലും ചോദിക്കട്ടെ, ഇത്തരം കൃത്യങ്ങള്‍ക്ക്
 എന്തുതരം നടപടിയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്?
-തരം താഴ്ത്തല്‍
-നടക്കണ കാര്യം വല്ലതുമുണ്ടെങ്കില്‍ പറ സഖാവേ
-അച്ചടക്ക സമിതിയെപ്പറ്റി സഖാവ് കണ്ണന്‍ എന്താണ് ധരിച്ചുവെച്ചിരിക്കുന്നത്?
 സമിതീടെ നെക്സ്റ്റ് സിറ്റിങ്ങില്‍ കൃഷ്‌ണേട്ടനെ തരം താഴ്ത്തിയിരിക്കും
-എന്നാല്‍ ഞാന്‍ പറയുന്നു. അത് ഈ ജന്മം നടക്കാന്‍ പോണില്ല
-നടക്കില്ലെന്ന് സഖാവ് കണ്ണന് എന്താണിത്ര ഒറപ്പ്?
-മാക്‌സിമം തരം താഴ്ന്നിരിക്കുന്ന ഒരാളെ ഇനി എവിടോട്ട് താഴ്ത്താന്‍ ? !!!

Saturday, December 21, 2013

കൗണ്‍സലിങ്ങ്

അസോസിയേഷന്റെ അച്ചടക്കസമിതി അദ്ധ്യക്ഷന്‍ സ്റ്റാലിന്‍ ബാബുവിന് പിടിപ്പത്
പണിയാണിപ്പോള്‍.
അണികള്‍ ഇങ്ങനെ തുടങ്ങിയാല്‍പിന്നെ എങ്ങനെയാണ് ബാബുവിന്
പണിയില്ലാതാവുക.
ഹ്യര്‍ ഈസ് ദ ലേറ്റസ്റ്റ് എപ്പിസോഡ് :

ആര്‍ കണ്ണന്‍ തന്നെ ലാടന്‍ തിരുമേനീന്ന് വിളിച്ചെന്ന് എന്‍ബി !
എന്‍ബി തന്നെ കിണ്ണാ എന്നുവിളിച്ചെന്ന് കണ്ണനും!
ആര് ആരെ ആദ്യം വിളിച്ചു എന്നത് തര്‍ക്ക വിഷയം.

സോദരര്‍ തമ്മിലെ പോരൊരു പോരല്ലെന്നിരിക്കലും മാറിയ സാഹചര്യത്തില്‍
അച്ചടക്കനടപടി എടുക്കാതെ വയ്യ.
2 പ്രതികളും അച്ചടക്കസമിതി മുമ്പാകെ ഹാജരാകാന്‍ സ്റ്റാലിന്‍ ബാബു നോട്ടീസയച്ചു.

കൂട്ടുപ്രതികള്‍ യധാവിധി ഹാജരായപ്പോള്‍ സ്റ്റാലിന്‍ പറഞ്ഞു:
-ഇനി മേല്‍ അച്ചടക്കമില്ലായ്മയും അച്ചപ്പം തീറ്റയും വെച്ചുപൊറുപ്പിക്കാന്‍
 പറ്റില്ലെന്നാണ് മോളീന്നുള്ള ഉത്തരവ്്. നമ്മടെ ബാലൂന്റെ കാര്യം നിങ്ങക്കറിയാലൊ,.
-എന്തു പറ്റി ബാലകന്?
-പ്ലീനം റാലിയില്‍ പങ്കെടുക്കാന്‍ അനുവദിക്കണം എന്ന പുള്ളിക്കാരന്റെ അപേക്ഷ
എക്‌സിക്യൂട്ടീവ് കമ്മറ്റി നിഷ്‌കരുണം തള്ളിക്കളയുകയായിരുന്നു!
-ഉവ്വ്വോ? എന്താണാവോ കാരണം?
-ഫയല് പരിശോധിച്ചപ്പൊ 2012 ആഗസ്റ്റ് 12ന് ഹെഡ് പോസ്‌റ്റോഫീസിനുമുമ്പില്‍
 കോണ്‍ഫെഡറേഷന്‍ നടത്തിയ ധര്‍ണ്ണയില്‍ പുള്ളിക്കാരന്‍ പങ്കെടുത്തിട്ടില്ല...
-ഈശ്വരാ!
-ഈശ്വരനെ വിളിച്ചിട്ടൊന്നും കാര്യല്ല്യ.
-അപ്പൊപ്പിന്നെ എന്തു ചെയ്യും?
-ശിക്ഷ വേണ്ടെങ്കില് രണ്ടാളും തമ്മില് ഒത്തുതീര്‍പ്പാവാന്‍ നോക്ക്.

എന്‍ബി പറഞ്ഞു:എന്റെ പട്ടി വരും ഒത്തുതീര്‍പ്പിന്.
അപ്പോള്‍ കണ്ണന്‍: പട്ടിയുമായി ഒരൊത്തുതീര്‍പ്പുചര്‍ച്ചക്കും ഞാന്‍ തയ്യാറല്ല.
അപ്പോള്‍ സ്റ്റാലിന്‍: എന്നാപ്പിന്നെ ശിക്ഷ ഏറ്റുവാങ്ങാന്‍ രണ്ടുപേരും തയ്യാറെടുത്തോളൂ.

-എന്താണ് ശിക്ഷ?
-കിഴക്കിന്റെ പുത്രിയും പോരാട്ടത്തിന്റെ പെണ്‍വഴികളും പത്തുകോപ്പിവീതം രണ്ടാളും 
 വാങ്ങണം.
-വാങ്ങിയാല്‍ മാത്രം മതിയോ?
-പോരാ. വായിക്കയും വേണം.
-അയ്യൊ. അതിലും ഭേദം ഒത്തുതീര്‍പ്പാണ്
-അങ്ങനെ വഴിക്ക് വാ
-ഏതാ വഴി?
-കുറ്റപ്പേര് വിളിച്ചതിന് രണ്ടുപേരും പരസ്പരം മാപ്പ് ചോദിക്കണം.

അപ്പോള്‍ കണ്ണന്‍: എന്‍ബിയെ കുറ്റപ്പേര് വിളിച്ചതിന് ഞാന്‍ നിരുപാധികം
മാപ്പ് ചോദിക്കുന്നു.
അപ്പോള്‍ എന്‍ബി: കണ്ണനെ കുറ്റപ്പേര് വിളിച്ചതിന് ഞാനും മാപ്പ് ചോദിക്കുന്നു.
അതു കഴിഞ്ഞ് രണ്ടുപേരും കൂടി: മാപ്പ് പറഞ്ഞ സ്ഥിതിക്ക് പുസ്തകമെടുത്ത്
വീശുന്നതിനുമുമ്പ് ഞങ്ങള്‍ക്ക് പോകാമോ?
അപ്പോള്‍ സ്റ്റാലിന്‍: പോകാറായില്ല. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ നിങ്ങള്‍
എന്റെ വക ഒരു കൗണ്‍സലിങ്ങിനു വിധേയരാകണം.

ഏതാണ്ട് ഒരുമണിക്കൂര്‍ 38 മിനിറ്റ് നീണ്ട കൗണ്‍സലിങ്ങിനൊടുവില്‍ ബാബു പറഞ്ഞു: അപ്പൊ ഞാന്‍ പറഞ്ഞതൊക്കെ കേട്ടല്ലൊ. ഇനി രണ്ടുപേരും പരസ്പരം കൈ
കൊടുത്ത്  വിഷ് ചെയ്ത് പിരിഞ്ഞോളൂ.

അതുകേട്ടതും കണ്ണന്‍ ധൃതിയില്‍ എന്‍ബിക്ക് കൈ കൊടുത്തു.
നമ്പൂരിയായതുകൊണ്ടാവണം എന്‍ബി കണ്ണന് ഹസ്തം ദാനം ചെയ്യുകയായിരുന്നു,
പശുദ്ദാനം പോലെ.

അനന്തരം അടുത്ത ഞാറ്റുവേലക്ക് തമ്മില്‍ കാണാം എന്നും പറഞ്ഞ് രണ്ടുപേരും
ഇങ്ങനെ ഉപചാരം ചൊല്ലി പിരിഞ്ഞു:
'' അപ്പൊ ശെരി, ലാടന്‍ തിരുമേനീ'' !
'' ശെരി, കിണ്ണാ'' !!



Tuesday, November 19, 2013

മേനോന്‍ & കൃഷ്ണന്‍

-കേട്ടോ ബീആര്‍. നമ്മടെ മേനോന്റെ കാര്യം കട്ടപ്പൊഹയാവുംന്നാ തോന്നണേ
-എന്തുപറ്റി കണ്ണാ മേനോന്?
-അച്ചടക്കനടപടീടെ വാള്‍മുനയിലാണ് പുള്ളിക്കാരന്റെ നടപ്പ്
-എത്ക്ക്?
-എംഡി കൃഷ്‌ണേട്ടനോട് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പെരുമാറിയതിന്
-എങ്ങനെയാണ് മേനോന്‍ പെരുമാറിയത്?
-ബിആറിനറിയ്വോ, ഈ മേനോന്‍ വള്ളിട്രൗസറുമിട്ട് മൂക്കിളയുമൊലിപ്പിച്ചുനടന്ന
 കാലത്തേ സംഘടനാരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതാണ് സഖാവ് കൃഷ്‌ണേട്ടന്‍.
 കൃഷ്‌ണേട്ടന്‍ പങ്കെടുത്തിട്ടുള്ള പഠനക്ലാസ്സുകള്‍ക്ക് കൈയും കണക്കുമില്ല. ദേര്‍ ഈസ്
 നോ ഹാന്‍ഡ് ആന്‍ഡ് മാത്തമാറ്റിക്‌സ്. ആ കൃഷ്‌ണേട്ടനോട്  മേനോന്‍   ഒരിക്കലും
 അങ്ങനെ  പറയാന്‍ പാടില്ലായിരുന്നു. ഒരിക്കലും.
-മേനോന്‍ സഖാവ് കൃഷ്‌ണേട്ടന്‍ സഖാവിനോട് എന്തു പറഞ്ഞെന്നാണ് കണ്ണന്‍ സഖാവ്  പറയുന്നത്?
-ആപ്പീസ് വിടുമ്പോള്‍ ഹെഡ് പോസ്റ്റോഫീസിനുമുമ്പില്‍ കോണ്‍ഫെഡറേഷന്റെ സായാഹ്ന ധര്‍ണ്ണയ്ക്ക്  ചെല്ലണമെന്ന്!
-ശ്ശെ! മേനോന്‍ എന്തു പണിയാ കാണിച്ചേ
-അതിനൊള്ളത് അനുഭവിച്ചോളും. അച്ചടക്കമുള്ള പ്രവര്‍ത്തകനായ കൃഷ്‌ണേട്ടന്‍
 മേനോനോട് മറുത്തൊന്നും പറയാന്‍ നിന്നില്ല. നേരേ പോയി എക്‌സിക്യൂട്ടീവ്
 കമ്മറ്റിയില്‍ പരാതി കൊടുക്കുകയാണുണ്ടായത്.
-കമ്മറ്റി എന്തു ചെയ്തു?
-അന്വേഷണക്കമ്മീഷനെ വെച്ചിരിക്കയാണ്. സീആര്‍ ബാബുവാണ് കണ്‍വീനര്‍.
-അപ്പൊപ്പിന്നെ വധശിക്ഷ ഒറപ്പ്
-ചെലപ്പൊ അതിലും വലുതാവാനും മതി
-അതിലും വലുതേതാ?
-മൂലധനം മൂന്നാവര്‍ത്തി വായിക്ക !!!

Saturday, November 9, 2013

വരാനുള്ളത്

എല്ലാം പെട്ടെന്നായിരുന്നു....
വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലൊ.
വിധിവിഹിതം എന്നു സമാധാനിക്കയേ നിവൃത്തിയുള്ളൂ...

നവമ്പറിലെ ആദ്യത്തെ തിങ്കളാഴ്ചയാണ് സംഭവം.
സമയം രാവിലെ ഒമ്പതേമുക്കാലായിക്കാണും.
സ്വരാജ് റൗണ്ടിലൂടെ ബൈക്കില്‍ 110 മൈല്‍ സ്പീഡില്‍ ചീറിപ്പായുകയാണ്
എന്‍ബി പരമേശ്വരന്‍ തിരുമേനി.
അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍ വര വീഴുന്നതിനുമുമ്പ് ആപ്പീസിലെത്തണം: അതിനുള്ള
മരണപ്പാച്ചിലാണ്.

വണ്ടി നായ്ക്കനാലിലെത്തിയതും ജാതകത്തില്‍ എഴുതിവെച്ചാലെന്നതുപോലെ 
വിതിന്‍ എ ഫ്രാക് ഷന്‍ ഓഫ് എ സെക്കന്‍ഡ് അത് സംഭവിച്ചു.

അതെ. ആലിന്റെ മുകളില്‍ നിന്ന് ഒരു ദുഷ്ടന്‍ കാക്ക എന്‍ബീടെ തലയില്‍
മുറുക്കിത്തുപ്പി !!!



Tuesday, October 22, 2013

ബെസ്റ്റ് റിങ് ടോണ്‍ !
എന്തെങ്കിലും ദുരുദ്ദേശത്തോടെയാണോണെന്നറിയില്ല, ഒരു ദിവസം ബിആറിന്റെ
(ഫോണിന്റെ) സ്‌ക്രൂ ഇളകിക്കിടന്നിരുന്നത് ശെരിയാക്കുന്നതിനിടയില്‍ ടെലിഫോണ്‍
ഓപ്പറേറ്റര്‍ രാജരാജചന്ദ്രന്‍ ചോദിച്ചു:
-സാറിന് ജെനറല്‍ സെക് ഷനിലെ എന്‍പി രെവിയെ അറിയാമോ?
-നൂറുവട്ടം. എന്തേ ചോദിക്കാന്‍?
-അല്ലാ, ഒന്നൂല്ല്യാ. പുള്ളിക്കാരന്‍ ഫുള്‍ ടൈം തണ്ണിയാണേയ്
-ഉവ്വ്വോ ! അതെനിക്കറിയില്ലായിരുന്നു.
-സാറ് ഒന്നുപദേശിച്ചാല്‍ കൊള്ളാം. ഞാന്‍ പറഞ്ഞൂന്നൊന്നും പറഞ്ഞേക്കല്ലേ
-ഇല്ലില്ല.
-എങ്കില്‍ ഒരു കാര്യം കൂടി ചോദിക്കട്ടെ
-തെല്ലും ശങ്കിക്കണ്ട
-എന്താണ് അയാളെ എല്ലാവരും എന്‍പി രെവി എന്‍പി രെവീന്ന്
 വിളിക്കണതെന്നറിയ്യ്യോ?
-ഇതു നല്ല ചോദ്യം. എന്‍ പീന്ന് പറയണത് അയാള്‍ടെ ഇനീഷ്യലല്ലേ
-അപ്പൊ ഞാന്‍ ചോദിക്കട്ടെ. എന്റെ പേര് കെ.കെ.രാജചന്ദ്രന്‍. എന്നെ ആരെങ്കിലും
 കെ കെ രാജചന്ദ്രാ കെ കെ രാജചന്ദ്രാന്ന് വിളിക്കണ്‌ണ്ടോ? അതുപോലെ
 സിപി കേശവനെ ആരെങ്കിലും സീപി കേശവാ സീപി കേശവാന്ന് വിളിക്കണ്‌ണ്ടോ?
-അതില്ല
-അപ്പൊപ്പിന്നെ രെവീനെ മാത്രം എല്ലാവരും എന്‍പി രെവീന്ന്
 വിളിക്കണതെന്താണെന്നാണ് എന്റെ ചോദ്യം.
-ഹാവൂ! ഒരു ക്ലൂ തരാമോ?
-മെഹബൂബ്
-ഒവ്വ ! ഒരെണ്ണം കൂടി തരൂ
-കെ. രാഘവന്‍
-തൊപ്പി! ഒരെണ്ണം കൂടി,
-പി. ഭാസ്‌കരന്‍
-വണ്‍ മോര്‍ പ്ലീസ്
-9447832330
-അതൊരു മൊബൈല്‍ നമ്പറല്ലേ?
-അതെയതെ
-ആര്‌ടെയാണ്?
-എന്‍പി രെവീടെ!
-എന്നിട്ടും ഉത്തരമൊന്നും കിട്ടുന്നില്ലല്ലോ രാജരാജാ. ഒരു ലാസ്റ്റ് ക്ലൂ കൂടി ആയിക്കൂടേ?
    ഇനി ഒരു കുളുവുമില്ല, സ്‌ക്രൂ ഇളകുമ്പോള്‍ സാറ്  വിളിക്കാന്‍ മറക്കണ്ട എന്നും മറ്റും പറഞ്ഞ് രാജചന്ദ്രന്‍ പോയി.
ബിആറിന് ഇരിക്കപ്പൊറുതിയില്ലാതെയായി. എങ്ങനെയെങ്കിലും ഉത്തരം
കണ്ടെത്തിയേ പറ്റൂ.
ആലോചിച്ചാലോചിച്ച് ഒടുവില്‍ ഫോണെടുത്ത് രാജരാജന്‍ പറഞ്ഞ നമ്പര്‍
വെറുതെയൊന്നു കറക്കിനോക്കി.
രെവീടെ ഫോണിന്റെ റിങ് ടോണ്‍ കേട്ടതും രാജചന്ദ്രന്റെ ചോദ്യത്തിന്റെ ഉത്തരം പൊട്ടന്‍ ബിആറിന് പെട്ടെന്നു പിടികിട്ടി.
റിങ് ടോണ്‍ ഇതായിരുന്നു:
'' നയാപൈസയില്ലാ.... കൈയില്‍ നയാപൈസയില്ലാ...''   

Saturday, October 19, 2013

അഭിജ്ഞാനപാരമേശ്വരം

ഉച്ചയൂണിനുശേഷം എന്തുചെയ്യണം എന്ന പുസ്തകം വായിച്ചോണ്ടിരിക്കയിരുന്നു
ആര്‍കണ്ണന്‍ അസോസിയേഷന്‍ ഹാളില്‍.
(തെറ്റിദ്ധരിക്കരുത്. ഉച്ചയൂണിന് ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് ഇതുവരെ കണ്ണന്അറിയത്തില്ലേ എന്നു ചോദിക്കരുത്. വ്യാകരണത്തില്‍ ബിആര്‍ ഒരു പിന്നാക്കസമുദായക്കാരനാണ്. എന്തു ചെയ്യണം എന്നത് ലെനിന്‍ എഴുതിയ പുസ്തകമത്രേ. അതു തീര്‍ത്തിട്ടുവേണമായിരുന്നു കണ്ണന് കിഴക്കിന്റെപുത്രിയും
പോരാട്ടത്തിന്റെ പെണ്‍വഴികളും വായിക്കാന്‍).

അന്നേരമാണ് സൂമാരന്‍ തിരുമേനി വന്ന് കണ്ണനോട് ഇങ്ങനെ ചോദിക്കുന്നത്:
ഇന്ന് എന്‍ബി വന്നിട്ടില്ലേ?

കണ്ണന്‍ പുസ്തകത്തില്‍നിന്ന് കണ്ണെടുത്ത് റൂമിലെ മേശപ്പുറം മുഴുവന്‍
അരിച്ചുപെറുക്കി പരിശോധിച്ചു.
പിന്നെ പറഞ്ഞു; ഇല്ല ഇന്ന് വന്നിട്ടുണ്ടാവില്ല.

രംഗം കണ്ടോണ്ടിരുന്ന ബിആറിന് ഒന്നും മനസ്സിലായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലൊ.
ആലോചിച്ചിട്ട് ഒരു തുമ്പും വാലും കിട്ടാണ്ടായപ്പോള്‍ ബിആര്‍ കണ്ണനെത്തന്നെ
ശരണം പ്രാപിച്ചു:
-അതേയ്  ഇപ്പൊ സൂമാരന്‍ തിരുമേനി വന്ന് സഖാവിനോട് എന്‍ബി വന്നിട്ടുണ്ടോന്ന്
 ചോദിച്ചില്ലേ?
-ഉവ്വ
-അന്നേരം സഖാവ് മേശപ്പുറത്ത് പരതിനോക്കിയശേഷം എന്‍ബി വന്ന്ട്ട് ണ്ടാവ് ല്ല്യാന്ന്
 പറഞ്ഞില്ലേ?
-ഉവ്വ
-അതെന്താ എന്‍ബി മേശപ്പുറത്താണോ ഇരിക്കാറ്?
-ശ്ശെ. അതല്ല. മേശപ്പൊറത്ത് മൊബൈല്  വെച്ചിട്ടുണ്ടോന്ന്  നോക്കിയതാണ്.
-മനസ്സിലായില്ല
-ഈ ബിആറൊരു മണ്ടന്‍ തന്നെ. എന്‍ബി ഒരു ചെയിന്‍ മുറുക്കര്‍ ആണെന്ന കാര്യം   അറിയാമോ?
-അതറിയാം
-ഓരോ തവണ താമ്പൂലമിശ്രിതം തുപ്പിക്കളയാന്‍ ടോയ്‌ലെറ്റില്‍ പോകുമ്പോഴും
 പുള്ളിക്കാരന്റെ പോക്കറ്റീന്ന് മൊബൈല്‍ ഫോണ്‍ ഒന്നുകില്‍ വാഷ് ബേസിനില്‍
 അല്ലെങ്കില്‍ ക്ലോസെറ്റില്‍ വീഴും....
-അയ്യ്യേയ്
-അപ്പോഴെല്ലാം തിരുമേനി അതെടുത്ത് കഴുകി വൃത്തിയാക്കി പപ്പും തോലും പറിച്ച്
 സിം കാര്‍ഡും മെമ്മറി കാര്‍ഡും വീഡിയോ ക്ലിപ്‌സും മറ്റും വെവ്വേറെയാക്കി ഈ
 മേശപ്പൊറത്ത് നെരത്തി ഒണക്കാന്‍ വെക്കും.
-അതായത് സഖാവ് പറഞ്ഞുവരുന്നത്...
-അത് തന്നെ. അസോസിയേഷന്‍ റൂമിലെ മേശപ്പൊറത്ത് മൊബൈല് ഒണക്കാന്‍
 വെച്ചിട്ടുണ്ടോ, എന്‍ബി വന്നിട്ടുണ്ട്. അല്ലെങ്കിലില്ല !!!