rajasooyam

Wednesday, July 20, 2022

 

ത്രിശങ്കു

(പേപ്പർ ബാലറ്റ് കാലത്തെ ഒരു തെരഞ്ഞെടുപ്പനുഭവം)

 

 -മിസ്റ്റർ വേണുപ്പണിക്കർ, മൊത്തത്തിൽ എങ്ങനെയുണ്ടായിരുന്നു ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി?

-പരമ സുഖായിരുന്നു

-എവിടായിരുന്നു പോളിംഗ് സ്റ്റേഷൻ?

-വളരെ അടുത്തായിരുന്നു

-ച്ചാൽ?

-കേരള-തമിഴ്നാട് ബോഡറിൽ!

-പോളിംഗ് സ്റ്റേഷനിൽ അത്യാവശ്യം സൗകര്യങ്ങളൊക്കെ യുണ്ടായിരുന്നോ?

-ഒന്നും പറയണ്ട മാഷേ. അതൊരു ഗവണ്മെന്റ് മാപ്പിള യു പി സ്കൂളായിരുന്നു. ഒടിയാത്ത ബഞ്ചുകൾ വിരളമായിരുന്നു. അതുകൊണ്ട് തലേന്ന് രാത്രിയിൽ കിടക്കാൻ നന്നേ ബുദ്ധിമുട്ടി. കുടിവെള്ളത്തിന് വിഷമമുണ്ടായില്ല. നടുമുറ്റത്തൊരു കിണറുണ്ടായിരുന്നു. ആരോ ഒരു പാളേങ്കയറും കൊണ്ടുവെച്ചിരുന്നു. കുളിമുറിയൊന്നുമുണ്ടായിരുന്നില്ല.

-കുളിതോരണങ്ങൾ പിന്നെ എങ്ങനെ നടത്തി?

-വെളുക്കണേനുമുമ്പ്

-ദിഗംബരരായിട്ട്?

-അതന്നെ

-മൂത്രപ്പുര?

-ഉണ്ടായിരുന്നില്ല

-അപ്പോൾ പോളിംഗ് ദിവസം ഒന്നിനുപോയത്?

-പോയില്ല

-ഇത്രയും ത്യാഗം സഹിച്ച് എന്തിനാണ് കൊല്ലം തോറും അങ്ങുന്ന് ഈ പണിക്ക് പോണത്? അറസ്റ്റ് ഒഴിവാക്കാനാണോ?

-അല്ല. ജനാധിപത്യത്തോടുള്ള താല്പര്യം ഒന്നുകൊണ്ടുമാത്രം.

-ഇക്കാലത്ത് അങ്ങയെപ്പോലുള്ള മായാത്യാഗികളെ കണ്ടുകിട്ടുക വിഷമമാണ്. അതുപോട്ടെ, ഡ്യൂട്ടിക്കിടയിൽ മനസ്സിനെ മഥിച്ച എന്തെങ്കിലും അനുഭവമുണ്ടായോ?

-എല്ലാം സഹിക്കാം മാഷേ. പക്ഷേ പോളിംഗ് മെറ്റീരിയൽസ് തിരിച്ചേൽപ്പിക്കുന്ന നേരത്ത് ബാലറ്റ് ബോക്സുകൊണ്ട് തലയ്ക്കൊരടീണ്ട്. അത് സഹിക്കാൻ പറ്റൂല്ല.

-അങ്ങനെയൊരു ചടങ്ങുള്ളതായി ഹേൻഡ്ബുക്കിൽ കണ്ടിട്ടില്ലല്ലൊ. ഒന്നു വിശദീകരിക്കാമോ?

-ഒരു കുടുസ്സുമുറിയായിരുന്നു റിസീവിങ്ങ് കൌണ്ടർ. ഒരേ ബസ്സിലുണ്ടായിരുന്ന പത്തുപന്ത്രണ്ട് പോളിംഗ് പാർട്ടിക്കാർ അവരവരുടെ പെട്ടിയും കിടയ്ക്കയും ബാലറ്റ് ബോക്സും കാർഡ്ബോഡ് കമ്പാർട്ട്മെന്റും സാറ്റ്യൂട്ടറി കവറും നോൺ സ്റ്റാറ്റ്യൂട്ടറി കവറും എക്സ്ട്രാ കവറും തുണി സഞ്ചിയും മറ്റുമായി മുറിയിലേക്ക് ഇടിച്ചുകയറിയപ്പോൾ അവിടെ പെരുവനം പൂരത്തിന്റെ തിരക്കായിരുന്നു. ബഹളത്തിനിടയിൽ യാതൊന്നും കേൾക്കാൻ വയ്യ. ‘എന്റെ കാലേൽ ചവിട്ടല്ലേ’, ‘താനെന്റെ തോളേൽ ആണ് കേറിയിരിക്കണത്’, ’തന്റെ മെറ്റൽ സീലെന്തിനാ എന്റെ പോക്കറ്റിൽ തപ്പണത്?’ ‘അയ്യോ എന്റെ കമ്പാർട്ട്മെന്റ് പോയേ’ എന്നിങ്ങനെയുള്ള ഒച്ചപ്പാടുകൾ മാത്രം. ദ ഗ്രേറ്റ് വാഗൺ ട്രാജഡി അവിടെ റിപ്പീറ്റ് ചെയ്യുമോ എന്ന് ഒരു നിമിഷം ഞാൻ ശങ്കിച്ചുപോയി. അങ്ങനെയിരിക്കെയാണ് റിസീവർ സാറ് എന്റെ പേര് വിളിച്ചത്. അവർ ചോദിച്ച ഓരോ കവറും സഞ്ചിയിൽനിന്ന് കവടിയെടുക്കുമ്പോലെ ഞാൻ എടുത്തുകൊടുത്തു. ഒടുവിൽ ബാലറ്റ് ബോക്സ് ചോദിച്ചപ്പോളാണ് പ്രശ്നമായത്. ബാലറ്റ് ബോക്സും പിടിച്ച് പിന്നിൽ നിന്നിരുന്ന പോളിംഗ് അസിസ്റ്റന്റ് അപ്പുക്കുട്ടന് മുന്നിലെത്താൻ ഒരു വഴിയുമില്ല! പലതവണ മുന്നോട്ടാഞ്ഞ അപ്പുക്കുട്ടനെ ആളുകൾ ഉന്തിത്തള്ളി പിന്നിലേക്കാക്കുകയാണ്. എന്തായാലും അതു കൊടുക്കാതെ തടി കിഴിച്ചിലാക്കാൻ പറ്റില്ലല്ലൊ. ബാലറ്റ് ബോക്സ് തലയ്ക്കുമുകളിലൂടെ പൊക്കിയെടുത്ത് കൈമാറി കൈമാറി അരങ്ങിലെത്തിക്കാൻ പ്രിസൈഡിംഗ് ഓഫീസർ എന്ന നിലയിൽ ഞാൻ എന്റെ ടീമിന് ഓഡർ കൊടുത്തു. അങ്ങനെ അന്തരീക്ഷത്തിൽ തുള്ളിത്തുള്ളി തേങ്ങിത്തേങ്ങി പെട്ടി ഒരു കണക്കിന് എന്റെ പുറകിലെത്തി. അപ്പോളാണ് തൊട്ടുപുറകിൽ നിന്നിരുന്ന ഒരാൾ തിരക്കിൽ പെട്ട് താഴെ വീണത്! ആ ആച്ചിലിൽ പെട്ടിവന്ന് എന്റെ തലയ്ക്കൊരടിയാണ്! ഠേ!

-ഭാഗ്യം. അത്രയല്ലേ സംഭവിച്ചുള്ളൂ. അതിരിക്കട്ടെ, പോളിംഗ് നടന്നുകൊണ്ടിരിക്കുമ്പോൾ എപ്പോളെങ്കിലും അങ്ങ് വിചാരിച്ചിരുന്നോ വരാൻ പോകുന്നത് ഒരു തൂക്കുപാർലിമെന്റാവുമെന്ന്‌?

-ഉവ്വ്

-കവടിനിരത്തി കണ്ടുപിടിച്ചതാണോ?

-അതിനൊക്കെ എവിടെ നേരം. ലക്ഷണം കോണ്ട് മനസ്സിലാക്കിയതാണ്

-എങ്ങനെ?

-സമയം 12 മണിയായപ്പോൾ 80 കഴിഞ്ഞ ഒരു വല്ല്യമ്മച്ചി ഓട്ടിടാൻ വന്നു. അത്തരം ആളുകളുടെ മേൽ ഞാനൊരു കണ്ണുവെയ്ക്കാറുണ്ട്. ബാലറ്റ് പേപ്പറുമായി വോട്ടിംഗ് കമ്പാർട്ട്മെന്റിൽ പോയ വല്ല്യമ്മ തിരിച്ചുവന്നപ്പൊ കൈയിൽ ബാലറ്റ് പേപ്പറില്ല! ‘വോട്ടെവ്ട്യാ വെല്ല്യമ്മേ?’ ഞാൻ ചോദിച്ചു. ‘ഓട്ടിട്ടു മോനേ’ വല്ല്യമ്മ. ‘ഇല്ലല്ലോ വെല്ല്യമ്മേ” ഞാൻ. ‘ഉവ്വല്ലോ മോനേ’ വെല്ല്യമ്മ.

ഞാൻ ചെന്ന് വോട്ടിംഗ് കമ്പാർട്ട്മെന്റിൽ നോക്കി. ഇല്ല. അത് അവിടെയില്ല....

ബൂത്ത് മുഴുവൻ ഞാൻ അരിച്ചുപെറുക്കി. സാധനം എവിടെയുമില്ല. ഒടുവിൽ ഇതികർത്തവ്യതാമൂഢനായ ഞാൻ തലയ്ക്കു കൈയും കൊടുത്ത് ആ മേശയുടെ അടുത്ത് തറയിൽ ഇരുന്നുപോയി...

ഞാൻ ഉള്ളുരുകി ഊരകത്തമ്മയെ വിളിച്ചു. എന്റെ ബാലറ്റ് പേപ്പർ അക്കൌണ്ട് കൊളാവൂലോ ദേവ്യേയ്....

അന്നേരം ദേവി വിളി കേൾക്കുമ്പോലെ എനിക്കുതോന്നി.

ഒരു വെളിപാടുകൊണ്ടെന്നപോലെ ആ തറയിൽ അതേ ഇരുപ്പിലിരുന്നുകൊണ്ട് ഞാൻ  വെറുതെ മേലോട്ടുനോക്കി. അപ്പോൾ അതാ ഒരുബാലറ്റ് പേപ്പർ മേശയ്ക്കു നടുവിലുള്ള വിടവിലൂടെ താഴേക്ക് തൂങ്ങിക്കിടക്കുന്നു! മേശയുടെ മുകളിലുമല്ല, താഴെയുമല്ല എന്ന പരുവത്തിൽ!

 

ആ ലക്ഷണം കണ്ട നിമിഷം ഞാൻ നിശ്ചയിച്ചു:

വരാൻ പോകുന്നത് ഒരു തൂക്കുപാർലിമെന്റായിരിക്കും!

Friday, July 8, 2022

 

ജുഗൽബന്ദി

 (വി.ശ്രീകുമാർ എന്ന വി എസ്  ‘തൂലിക’ എന്ന ഹിന്ദി മാഗസിനിൽ എഴുതിയ ‘നശാബന്ദി’ എന്ന ലേഖനത്തിന്റെ പദാനുപദ തർജ്ജമ)

 

ഈ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും പ്രതിഭാസവുമെടുത്ത് പരിശോധിച്ചുനോക്കിയാലും അതിൽ വൈരുദ്ധ്യാത്മക ഭൗതികവാദം ഒളിഞ്ഞിരിക്കുന്നതു കാണാം. അഥവാ, ഈ എം എസ് പറഞ്ഞതുപോലെ, ഈ ലോകത്തെ ഏതൊരു സംഗതിയേയും ഡയലക്റ്റിക്കൽ മെറ്റീരിയലിസം കൊണ്ട് വ്യാഖ്യാനിക്കാം. എന്തിനധികം. നമ്മുടെ ചാരായത്തിന്റെ കാര്യം തന്നെ എടുക്കുക. ചരിത്രാതീതകാലം മുതല്ക്കേ കൊടും രോഗങ്ങൾക്കെതിരെ മാനവരാശി പ്രയോഗിച്ചുപോന്ന ഒരു ദിവ്യൗഷധമത്രേ ചാരായം. അതേസമയം അതേ കണ്ണുകൾകൊണ്ടുതന്നെ അതിനെ ഒരു വിഷമായും ജനം കണ്ടുപോന്നു. വൈരുദ്ധ്യാത്മകം എന്നല്ലാതെ മറ്റെന്താണ് ഇതിനെ പറയുക?

ഈയിടെ ബാബിലോണിയയിലെ കുഴൽക്കിണർ പണിക്കാർക്ക് ഭൂമിയുടെ മൂവായിരം അടി താഴെ നിന്ന് ഏതാണ്ട് നാലായിരം വർഷം പഴക്കമുള്ള ഒരു ശിലാലിഖിതം കണ്ടുകിട്ടുകയുണ്ടായി. ലിഖിതം ഇതായിരുന്നു:

“ബി. സി.നാലായിരാമാണ്ട് കന്നിമാസം ഒന്നാം തിയതിമുതൽ ബാബിലോണിയായിൽ ചാരായം നിരോധിച്ചിരിക്കുന്നു”

ഈ ലിഖിതത്തിൽ സർവത്ര വൈരുദ്ധ്യങ്ങളല്ലേ?

ഒന്നാമത് അന്നേയ്ക്ക് നാലായിരം വർഷങ്ങൾക്കുശേഷം ദൈവപുത്രൻ പശുത്തൊഴുത്തിൽ ഭൂജാതനാകുമെന്ന് ആർക്കാനും മുൻ കൂട്ടി പറയാൻ കഴിയുമായിരുന്നോ? പിന്നെ ഗ്രിഗോറിയൻ കലണ്ടറിലുണ്ടോ ചിങ്ങവും കന്നിയും?

ഇന്ത്യാ മഹാരാജ്യത്ത് രണ്ടായിരം വർഷങ്ങൾക്ക് മുന്നേതന്നെ ചാരായം നിരോധിച്ചിരുന്നതായി വിക്രമാദിത്യസർവകലാശാലയിലെ ഡീൻ ദയാൽ ഉപാധ്യായയായിരുന്ന കൗടില്യന്റെ അർത്ഥശാസ്ത്രം എന്ന ഗ്രന്ഥവരിയിൽ പറയുന്നുണ്ട്. എന്നാലോ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെപ്പറ്റി കൂലംകഷമായി പഠിച്ചിട്ടുള്ള സാക്ഷാൽ കാൾ മാർക്സിന്റെ മൂലധനത്തിൽ ഇതേപ്പറ്റി യാതൊരു പ്രസ്താവവുമില്ലതാനും. വീണ്ടും വൈരുദ്ധ്യം!

ഇനി മെറ്റീരിയലിസത്തിന്റെ ചുവന്ന കണ്ണട മാറ്റിവെച്ച് ആദ്ധ്യാത്മികതയുടെ പച്ച കണ്ണടവെച്ച് ഒന്നു നോക്കൂ. അവിടേയും കൊടിവെച്ച വൈരുദ്ധ്യമാണ് കാണുന്നത്. ചാരായം കാണുമ്പോൾ മുസ്ലീങ്ങൾ ‘ഹ, റാം’ എന്നു പറഞ്ഞിരുന്നത്രേ!

ഇങ്ങനെ ചിന്തിച്ചുപോയാൽ ഒരന്തവും കിട്ടില്ല. അതുകൊണ്ട് ഡയക്റ്റിക്കൽ മെക്കാനിസത്തെപ്പറ്റി നമുക്ക് മിണ്ടാതിരിക്കുക. വൈരുദ്ധ്യങ്ങളുടെ ഘോഷയാത്രയുമായി ചരിത്രം അതിന്റെ വഴിക്കുപോകട്ടെ.

 

ഇന്നിപ്പോൾ മദ്യം കഴിക്കുന്നത് കേവലം ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി തള്ളിക്കളയാൻ കഴിയാത്ത അവസ്ഥയാണ്. കൗടുമ്പികവും സാമൂഹ്യവുമായ ഒരാഗോളപ്രശ്നമായി അത് മാറിയിരിക്കുന്നു. ആത്മഹത്യ ചെയ്യാൻ പേര് റെജിസ്റ്റർ ചെയ്തിരിക്കുന്നവരിൽ  60 ശതമാനത്തോളം പേർ മദ്യം കഴിക്കുന്നവരാണ്. കിസ്ത് പ്രശ്നത്തിൽ സ്വീഡനിലേയും നോർവേയിലേയും ഫിലാഡാൽഫിയയിലേയും ചാരായക്കടകൾ കുറെ നാൾ പൂട്ടിക്കിടന്നപ്പോൾ അവിടങ്ങളിലെ കുറ്റകൃത്യങ്ങളിൽ 50 ശതമാനത്തോളമാണ് കുറവുവന്നത് !

ബ്രിട്ടനിൽ നടക്കുന്ന വാഹനാപകടങ്ങളിൽ 20 ശതമാനവും സംഭവിക്കുന്നത് വാഹനങ്ങളിൽ പെട്രോളിനുപകരം ചാരായം ഒഴിക്കുന്നതുകൊണ്ടാണെന്ന കാര്യം സാധാരണക്കാർക്കറിയില്ല.

ഒരു വെടിക്ക് രണ്ട് പക്ഷി എന്ന കണക്കിന് മനവും തനുവും മരുഭൂമിയാക്കുന്നതോടൊപ്പം സ്വന്തം തറവാട് കുളം തോണ്ടുക കൂടിയാണ് ഒരു യഥാർത്ഥ മദ്യപ്രേമി ചെയ്യുന്നത്. കേവലം ഒരു നിയമഭേദഗതി കൊണ്ടുവന്നതുകൊണ്ടോ പാർലമെന്റിൽ അത് അത് ശബ്ദവോട്ടോടെ പാസ്സാക്കിയതുകൊണ്ടോ അവരെ ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. പിന്നെയോ?

പോത്തുകളുടെ ചെവിയിൽ വേദം ഓതിക്കൊണ്ടേയിരിക്കണം.

നിരന്തരം.

 

 

അണ്ണനോർമ്മകൾ-3

 

അണ്ണൻ ദ ഇന്നസെന്റ്

 

ബി ആർ നോക്കുമ്പോൾ അണ്ണൻ കൃഷൻ ദാസ് അല്പമകലെയിരുന്ന് എന്തോ തുരുതുരാ ടൈപ്പ് ചെയ്യുകയാണ്. ഇടയ്ക്കിടെ പതിവുപോലെ കണ്ണടയുടെ മുകളിലൂടെ ബി ആറിനെ നോക്കുന്നുമുണ്ട്.

കട്ട് ചെയ്ത സ്റ്റെൻസിൽ പേപ്പർ ആപ്പീസറെക്കൊണ്ട് ഒപ്പിടുവിച്ച് ആൻഡ്രൂസിനെ ഏൽപ്പിച്ചശേഷം അണ്ണൻ ബിആറിന്റെ അടുത്തുവന്ന് ഇരിപ്പുറപ്പിച്ചു.

ഈയിടെയായി അണ്ണന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു വിഷാദഭാവമാണ്. ഒരു പന്തിയില്ലായ. ഒരരുതായ. ഒരു രുചിയില്ലായ. ബി ആർ കാര്യം തിരക്കി:

-അണ്ണൻ എന്താണ് ഇങ്ങനെ വിഷണ്ണൻ ആയിരിക്കുന്നത്?

-ഓ. പ്രാസത്തിലാണല്ലൊ പ്രയോഗം?

-അപ്പറഞ്ഞതിലുമില്ലേ ഒരു പ്ര പ്രാസം?

-ഒവ്വ

-അതിരിക്കട്ടെ. ഞാൻ ചോദിച്ചതിന് ഉത്തരം പറയൂ

-ഒന്നും പറയണ്ട ബിആർ. മടുത്തു. എല്ലാം മടുത്തു.

-അങ്ങനെ മടുക്കരുതണ്ണാ. കർമ്മണ്യേവാധികാരസ്തേ മാഫലേഷു കദാചനാ എന്നല്ലേ. ആട്ടെ എന്താണിപ്പോഴത്തെ മടുപ്പിന് ഹേതു?

-സെക് ഷനു പുറത്തിറങ്ങി നടക്കാൻ മേലെന്നായിരിക്കുന്നു.

-അത് ആ കണ്ണട വെച്ചപ്പൊഴേ ഞാൻ തീരുമാനിച്ചതാണ്

-ശ്ശെ. അതല്ലാന്ന്. പുറത്തിറങ്ങുമ്പോ ഓരോരുത്തരുടെ വക കമന്റ്; അണ്ണാ അത് വേണ്ടായിരുന്നൂട്ടോ, അണ്ണൻ എനിക്കിട്ട് പാര വെച്ചു അല്ലേ എന്നൊക്കെ. പോസ്റ്റിംഗ് ഓഡറുകളെപ്പറ്റിയാണ്. ഞാനാണ് ഓരോരുത്തരെ പിടിച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്നതെന്നാണ് ഇവരുടെ വിചാരം. സത്യം പറഞ്ഞാൽ പല പോസ്റ്റിംഗ് ഓഡറുകളും ഞാൻ വായിച്ചുനോക്കാറുപോലുമില്ല.ആപ്പീസർ പ്രൊപ്പോസസ്. ഞാൻ ഡിസ്പോസസ്. അത്രന്നെ.

അണ്ണൻ പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് മനസ്സിലാവാൻ അഞ്ചുനിമിഷം പോലും വേണ്ടിവന്നില്ല.

പോക്കറ്റിൽനിന്നും കൈലേസെടുത്ത് കണ്ണീരൊപ്പുകയായിരുന്ന അണ്ണന്റെ മുമ്പിൽ പോസ്റ്റിംഗ് ഓഡറിന്റെ ബാക്കിയുണ്ടായിരുന്ന കോപ്പികളുമായി സാക്ഷാൽ മണികണ്ഠൻ പ്രത്യക്ഷപ്പെട്ടു.

അണ്ണൻ ചോദിച്ചു:

-എല്ലാവർക്കും കൊടുത്തുകഴിഞ്ഞോ മണീ?

-കഴിഞ്ഞു. ഇനി സാറിനു മാത്രേ തരാനുള്ളൂ.

-ങ്ഹേ! എനിക്കോ?

-അതേ. സാറ് തന്നെയല്ലേ കെ.പി.കൃഷൻ ദാസ്?

-അത് ഞാന്തന്നെ

        കൺഫ്യൂഷൻ സഹിക്കവയ്യാതായപ്പോൾ മണികണ്ഠന്റെ കൈയിൽനിന്നും കടലാസ് വാങ്ങി ബിആർ വായിച്ചുനോക്കി.

അത് അല്പം മുമ്പ് അണ്ണൻ ടൈപ്പ് ചെയ്ത് ആൻഡ്രൂസ് സ്റ്റെൻസിലെടുത്ത പേപ്പറായിരുന്നു!

അണ്ണനെ OE യിൽനിന്ന് GE യിലേക്ക് മാറ്റിക്കൊണ്ടുള്ള ഓഡറായിരുന്നു!!

 

അണ്ണനോർമ്മകൾ-2

 

വീണിതല്ലോ കിടക്കുന്നു

 

സമയം 9-45

ഓടിക്കിതച്ചാണ് ബക്കർ സായ്‌വിന്റെ വരവ്.

(ഒരു മിനിറ്റ് കൂടി കഴിഞ്ഞാൽ അറ്റൻഡൻസിൽ താറാമുട്ട വരയ്ക്കപ്പെടും)

സീറ്റിൽ വന്ന് പേനയുമെടുത്ത് സായ്‌വ് ആപ്പീസറുടെ മുറിയിലേക്കോടുന്നു. ഹാഫ് ഡോറിന്റെ ഒരു കതകിൽ പിടിച്ച് പുറകിലേക്ക് ആഞ്ഞുവലിക്കുന്നു.

ധീം തരികിട ധോം!

ദാ കിടക്കുന്നു,സായ്‌വ് അടിയിലും അണ്ണൻ മുകളിലുമായി ‘വീണിതല്ലോ കിടക്കുന്നു ഭരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ’ എന്ന മട്ടിൽ !

ഭാഗ്യവശാൽ അണ്ണന്റെ വിശ്വവിഖ്യാതമായ കണ്ണടയ്ക്ക് പരിക്കൊന്നും പറ്റിയില്ല.

അല്ലെങ്കിൽ അവിടെ ഓണേഷ് അടി നടന്നേനെ!

(എന്നാലും ആ കോയിൻസിഡെൻസ് ഒന്നു നോക്കണേ. ഒരു പോസ്റ്റിംഗ് ഓഡർ ഒപ്പിടുവിച്ച് ആപ്പീസറുടെ മുറിയിൽ നിന്ന് പുറത്തുകടക്കുകയായിരുന്നു അണ്ണൻ.

അണ്ണൻ പുഷ് ചെയ്തതും സായ്‌വ് പുൾ ചെയ്തതും ഒരേ കതക്! അതും ഒരേ നിമിഷം!)

 

 

Tuesday, July 5, 2022

 

അണ്ണനോർമ്മകൾ-1

 

അണ്ണന്റെ കണ്ണട

 

ഒരു പ്രത്യേകതരം കണ്ണടയാണ് അണ്ണന്റേത്. യേശുദാസിനും ബിച്ചു തിരുമലയ്ക്കും മാത്രമേ ഇതിനുമുമ്പ് ഇത്തരം കണ്ണട കണ്ടിട്ടുള്ളു. ഇനി അവരെപ്പോലെ അണ്ണനും സിനിമാപ്പാട്ടുമായി വല്ല ബന്ധവും കാണുമോ.

ഈ സംശയം മനസ്സിൽവെച്ചുരുട്ടിക്കൊണ്ടിരിക്കുമ്പോളാണ് ഒരിക്കൽ സെക് ഷനിൽ രണ്ടുപേർ തമ്മിൽ നടന്ന ഈ സംഭാഷണം ബി ആർ ശ്രദ്ധിക്കുന്നത്:

-അതേയ് നമ്മുടെ അണ്ണൻ പാടുമോ?

-പിന്നില്ലേ. ഹൌസിങ്ങ് കോളണിയിലെ ബാലകലോത്സവത്തിന് അണ്ണൻ പാട്ടിന് സമ്മാനം വാങ്ങീട്ട്ണ്ട്.

-ഫസ്റ്റ് പ്രൈസോ?

-അല്ല, സെക്കൻഡ്

-അതെന്തേ സെക്കന്റായിപ്പോയത്?

-അത് പാട്ട് സെലക്റ്റ് ചെയ്തതിൽ പറ്റിയ ഒരു ചെറിയ   പിഴവായിരുന്നു.

-ഏത് പാട്ടാണ് അണ്ണൻ പാടിയത്?

-നിന്റെ തുമ്പ് കെട്ടിയ ചുരുൾ മുടിയിൽ

-ആര്ടെ തുമ്പ്?

-നിന്റെ

-എന്നിട്ടെന്തുപറ്റി?

-ആദ്യത്തെ വരി പാടിക്കഴിഞ്ഞപ്പോഴേക്കും ജഡ്ജ് എണീറ്റുനിന്ന് പറഞ്ഞു മറ്റേതെങ്കിലും പാടാൻ

-പിന്നെ ഏതാണ് പാടിയത്?

-അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം. അന്ന്/

നമ്മളൊന്നായ് തുഴഞ്ഞില്ലേ കൊതുമ്പുവള്ളം/

നമ്മുടെ നെഞ്ചിലാകെ അനുരാഗ കരിക്കിൻ വെള്ളം.

-ഭേഷ്! ബാലകലോത്സവത്തിന് പാടാൻ പറ്റിയ പാട്ടന്നെ! എന്നിട്ട് അതിനെന്താ ഫസ്റ്റ് പ്രൈസ് കിട്ടാഞ്ഞത്?

-അതിൽ ‘തണ്ടൊടിഞ്ഞ താമര ഞാൻ കൊണ്ടുവന്നപ്പോൾ’ എന്നൊരു വരിയുണ്ടല്ലൊ. അതു പാടിയപ്പോൾ എന്തുകൊണ്ടെന്നറിയില്ല, അണ്ണന്റെ കണ്ഠമിടറിപ്പോയി...

Monday, June 13, 2022

 

യുദ്ധമുറ

 

പണ്ടത്തെ നായർ പട്ടാളത്തിൽ ഇങ്ങനെയൊക്കെയായിരുന്നത്രേ കാര്യങ്ങൾ:

പത്ത് പട്ടാളക്കർക്ക് ഒരു തോക്ക് എന്ന തോതിലായിരുന്നു ആംസ് ആൻഡ് അമ്യുനിഷൻ ഡിസ്ട്രിബ്യൂട്ട് ചെയ്തിരുന്നത്.

ശത്രുക്കളെ കാണുന്ന മാത്രയിൽ തന്നെ തോക്ക് കൈവശമുള്ളയാൾ വെടിവെക്കണം. അതിനുശേഷം ആയുധം അടുത്തയാൾക്ക് കൈമാറണം.

പട്ടാളത്തിലെ റാങ്കനുസരിച്ചായിക്കൊള്ളണമെന്നില്ല വെടിവെക്കാനുള്ള ഊഴം. അതിനെച്ചൊല്ലി യാതൊരുവിധ കശപിശയും ഉണ്ടാക്കാൻ പാടില്ല.

ഊഴത്തിന്റെ കാര്യത്തിൽ കമാന്റിങ് നായരുടെ തീരുമാനം അന്തിമമായിരിക്കും.

ഒരൾ വെടിവെക്കുമ്പോൾ ട്രൂപ്പിലുള്ള മറ്റ് ഒമ്പതുപേരും അറ്റൻഷനായിനിന്ന് ശത്രുവിനുനേരെ ബ്ലാക്ക് ബെൽട്ട് കരാട്ടെക്കാർ ചെയ്യുന്നതുപോലെ അലറണം.

അലറലോടലറൽ. അല്ലെങ്കിൽ അറലലോറടൽ.

അല്ലാതെ തങ്ങളുടെ ഊഴമെത്തട്ടെ എന്നു നിനച്ച്  ക്രിക്കറ്റ് കളിക്കാൻ പോകരുത്.

എന്നിട്ടും ശത്രു പിൻവാങ്ങുന്നില്ലെങ്കിൽ കണ്ണിൽ കാണുന്ന കല്ലും കട്ടയും അവർക്കുനേരെ വലിച്ചെറിയണം.

സ്വന്തം വിവേചനാധികാരമുപയോഗിച്ച് കമാന്റിങ് നായർക്ക് വേണമെങ്കിൽ വെടിവെക്കുന്നയാളുടെ അദ്ധ്വാനഭാരം മൂന്നാൾക്കായി ഡിവൈഡ് ചെയ്യാം.

അതായത് ഒരാൾ തോക്ക് തോളിൽ വെക്കുമ്പോൾ അടുത്തയാൾ ഇടത്തേ കണ്ണടയ്ക്കുക. മൂന്നാമത്തെയാൾ കാഞ്ചിവലിക്കുക!

ധർമ്മയുദ്ധത്തിന്റെ മാന്വൽ പ്രകാരം ഒരാൾ വെടിവെച്ചശേഷം തോക്ക് അടുത്തയാൾക്ക് കൈമാറുന്ന ഇടവേളയിൽ ശത്രുവിനോട് അല്പം വെയ്റ്റ് ചെയ്യാൻ കമാന്റിങ് ഓഫീസർക്ക് ആവശ്യപ്പെടാവുന്നതാണ്.

 

(കൊല്ലം ജില്ലയിലെ തൃക്കാവിൽവട്ടം ദേശത്ത് ഖനനം നടത്തിയപ്പോൾ കിട്ടിയ ചെമ്പോലയിൽ കണ്ടതാണ്. ഇതൊക്കെ നേരാണോ എന്തോ!)

Thursday, April 7, 2022

 

R341-ഉം പോളീസ് ക്ലിനിക്കും തമ്മിലെന്ത്?

 

ഏതാണ്ട് രണ്ട് പതിറ്റാണ്ടുമുമ്പ്  ഒരുദിവസം രാവിലെ 11 മണിക്ക് കാന്റീനിലിരുന്ന് വിത്തൗട്ടടിക്കുകയായിരുന്നു എംജിആര്‍ സാർ . ചായ കുടിക്കുമ്പോള്‍ മൂളിപ്പാട്ട്പാടുക പുള്ളിക്കാരന്റെ ഒരു ശീലമാണ്. 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ'എന്നു തുടങ്ങുന്ന പാട്ടാണ് അന്നേരം മൂളിക്കൊണ്ടിരുന്നത്. അപ്പോളാണ് ഒരു കൈയില്‍ ചായ ഗ്ലാസ്സും മറുകൈയില്‍ സ്‌റ്റോറിന്റെ താക്കോലുമായി ജോയ് പാലയൂരിന്റെ വരവ്. തൊട്ടടുത്ത സീറ്റിലിരുന്ന ജോയ് സ്വകാര്യമെന്നോണം എംജിആറിന്റെ ചെവിയില്‍ പറഞ്ഞു:

-കൊറച്ചുനാളായി ഞാന്‍ സാറിനോടൊരു കാര്യം പറയണമെന്നു വിചാരിക്കുന്നു.

-വയലാര്‍ ശരശ്ചന്ദ്രവര്‍മ്മ.

-നമ്മടെ സ്‌റ്റോറില്‍ ഒരു പത്തിരുപത്തഞ്ച് ടിന്‍ ഓട്‌സ് ഇരിക്കുന്നുണ്ട്.

-എനിക്ക് സംശയല്ല്യ. അതെഴുതിയിരിക്കണത് ശരശ്ചന്ദ്രവര്‍മ്മ തന്ന്യാ.

-അതവിടെയിരുന്ന് പൂക്കാന്‍ തൊടങ്ങിയിരിക്കുന്നു.

-ഏത്? ശരശ്ചന്ദ്രവര്‍മ്മയോ. അതോ പാട്ടോ?

        തങ്ങളിരുവരും പറയുന്നത് പരസ്പരം ക്യാച്ച് ചെയ്യുന്നില്ലെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ജോയ് ഒന്ന് വശം മാറിയിരുന്ന് എംജിആറിന്റെ മറ്റേ ചെവിയില്‍ നിറയൊഴിച്ചു:

-അതേയ്. നമ്മടെ സ്‌റ്റോറില്‍ പത്തിരുപത്തഞ്ച് ടിന്‍ ഓട്‌സിരുന്ന് പൂക്കാന്‍ തൊടങ്ങിയിരിക്കുന്നു.

-ഓ. അതാണോ കാര്യം. പൂക്കട്ടേടോ. പൂക്കുന്നിതാ മുല്ല പൂക്കുന്നിലഞ്ഞി പൂക്കുന്നു തേന്മാവ് പൂക്കുന്നശോകം. കൂട്ടത്തില്‍ ഓട്‌സും പൂത്തോട്ടെ. അങ്ങനെ ഒരായിരം പൂക്കള്‍ വിടരട്ടെ.

- സാറ് വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. പുഷ്പിക്കുന്നു എന്ന അര്‍ത്ഥത്തിലല്ല പൂക്കുന്നു എന്ന് ഞാന്‍ പറഞ്ഞത്.

-പിന്നെയോ?

-അതൊക്കെ പൂപ്പല് പിടിച്ച് ചീത്തയാകാന്‍ പോകുന്നു എന്നാണൂദ്ദേശിച്ചത്.

-അതെ ശെരി. അങ്ങനെയാണെങ്കില്‍ സംഗതി സീരിയസ്സാണല്ലൊ. എന്താണതിനൊരു പ്രതിവിധി?

-അതു തന്നെയാണ് എനിക്ക് സാറിനോട് ചോദിക്കാനുള്ളത്.

എംജിആര്‍ കുറച്ചുനേരം പല്ല്  കടിച്ചുപിടിച്ചിരുന്നാലോചിച്ചു. പിന്നെ കുറച്ചുനേരം താടിക്ക് കൈയും കൊടുത്തിരുന്നാലോചിച്ചു. പിന്നെ കുറച്ചുനേരം കൈക്ക് താടി കൊടുത്തിരുന്നാലോചിച്ചു .പിന്നെ കുറച്ചുനേരം കണ്ണടച്ചിരുന്ന് മനോരാജ്യം വായിച്ചു. ആ വായനക്കിടയില്‍ രാവിലെ പോര്‍ട്ടിക്കോയില്‍ കണ്ട ഒരു നോട്ടീസ് എംജിആറിന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു:

നാളെ രാവിലെ 10ന് റികിയേഷന്‍ ക്ലബ്ബ് ഹാളില്‍ പോളീസ് ക്ലിനിക്കുകാര്‍ സ്‌പൊണ്‍സര്‍ ചെയ്യുന്ന രക്ത പരിശോധനാ ക്യാമ്പ്. പങ്കെടുക്കുക. വിജയിപ്പിക്കുക.''

                പണ്ട് ഐസക് ന്യൂട്ടന്റെ തലയില്‍ കോമാങ്ങ വീണപ്പോള്‍ എന്താണ് സംഭവിച്ചത്? അത് തന്നെ ഇവിടേയും സംഭവിച്ചു. MGR jumped with Joy.

(ച്ചാല്‍ എംജിആര്‍ ജോയ് പാലയൂരുമൊത്ത് തുള്ളിച്ചാടീന്നര്‍ത്ഥം.)

അന്ന് വൈകീട്ട് ഓഫീസ് വിട്ടപ്പോള്‍ എംജിആര്‍ നേരെ പോയത് സ്വന്തം വീട്ടിലേക്കല്ല, പോളീസ് ക്ലിനിക്കിന്റെ മാനേജരുടെ വീട്ടിലേക്കാണ്.

എംജിആര്‍ മാനേജരെ കാണേണ്ടതുപോലെ കണ്ടിട്ടുണ്ടെന്നാണ് മനോരമയുടെ പിന്നാമ്പുറത്തും മാതൃഭൂമിയുടെ സ്വകാര്യത്തിലും കാണുന്നത്.

സംഗതി ശരിയായിരിക്കണം. കാരണം പോളീസ് ക്ലിനിക്കുകാരുടെ പരിശോധനയില്‍ അക്കൗണ്ടാപ്പീസിലെ 80 ശതമാനം പേര്‍ക്കും കൊളസ്‌ട്രോളുണ്ടായിരുന്നു!

പിറ്റേന്ന് സ്റ്റോക്കെടുത്തപ്പോൾ R341-ല്‍ ഓട്‌സിന്റെ ഒരു തരി പോലും ബാക്കിയുണ്ടായിരുന്നില്ല!!!