rajasooyam

Saturday, May 13, 2017

കൊളാക്കിയാല്‍

പതിവില്ലാത്തവിധം കൂര്‍ക്കഞ്ചേരി ടൗണില്‍ ബസ്സിറങ്ങി അങ്ങോട്ടുമിങ്ങോട്ടും
തേരാപ്പാരാ നടക്കുന്ന എം ഡി കൃഷ്‌ണേട്ടനെ കണ്ടപ്പോള്‍ ബിആര്‍ ചോദിച്ചു:
-ഇതെന്താ കൃഷ്‌ണേട്ടാ, ബസ്സ് മാറിക്കേറിയതാണോ?
-ഏയ്. അല്ലല്ല
-പിന്നെ?
-എനിക്ക് നമ്മുടെ ശിവദാസന്‍ സാറിനെ ഒന്നു കാണണം. ബിആറിന് സാറിന്റെ
  വീടറിയ്വോ?
-വഴിയൊക്കെ ഞാന്‍ പറഞ്ഞുതരാം. പക്ഷേ അതിനുമുമ്പ് എനിക്കൊരു കാര്യമറിയണം.
-എന്താണ്?
-കൃഷ്‌ണേട്ടന്‍ വല്ലാതെ പരിഭ്രാന്തനായി കാണപ്പെടുന്നുണ്ടല്ലൊ. എന്താ കാരണം?
-അതു പിന്നെ ബിആര്‍ മറ്റാരോടും പറയരുത്.
-ഇല്ലില്ല. അങ്ങനെയൊരു ചരിത്രമില്ല
-എനിക്ക് പാര്‍ട്ടീന്ന് ഷോക്കോസ് നോട്ടീസ് കിട്ടിയിരിക്ക്യാണ്
-എന്തിന്?
-ഫേസ് ബൂക് പോസ്റ്റില്‍ മാധ്യമങ്ങളെ അസഭ്യമായ ഭാഷയില്‍ അവഹേളിച്ചെന്നും
 പറഞ്ഞ്..
-ങ്‌ഹേ! കൃഷ്‌ണേട്ടന്‍ അങ്ങനെ ചെയ്‌തോ? മാധ്യമങ്ങളെന്നാല്‍ നമ്മുടെ
 റിപ്പബ്‌ളിക്കിന്റെ കാവല്‍ക്കാരല്ലേ? ദ് സോകോള്‍ഡ് ഫോര്‍ത്ത് എസ്റ്റേറ്റ്?
-മണ്ണാങ്കട്ട! ബിആര്‍ ഏത് ലോകത്താ ജീവിക്കണേ? സ്വാതന്ത്ര്യസമരകാലഘട്ടത്തിലോ?     ഇപ്പൊ റീഡര്‍ഷിപ്പ് കൂട്ടാന്‍ വേണ്ടി അവര്‍ എന്തും  ചെയ്യും. പട്ടിയെ പേപ്പട്ടിയെന്നു
പറഞ്ഞ് വളഞ്ഞിട്ടാക്രമിക്കും. ഇഷ്ടം പോലെ പെയ്ഡ് ന്യൂസ് കൊടുക്കും. എഴുത്തിലും സംസാരത്തിലും ഒരു മണ്ഡലം പ്രസിഡണ്ടിന്റെ നിലവാരം പോലുമില്ലാത്തവരാണ് ഭൂരിഭാഗവും. അപ്പോള്‍ അത്തരക്കാരെ വിമര്‍ശിക്കുമ്പൊ അവര്‍ അര്‍ഹിക്കുന്ന പ്രത്യേക
ഭാഷ പ്രയോഗിക്കേണ്ടിവരും.
-ച്ചാല്‍ അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ സഭ്യഭാഷയിതപൂര്‍ണ്ണമിങ്ങഹോ എന്നാണ്
 കൃഷ്ണാശാന്‍ പറഞ്ഞോണ്ടുവരുന്നത്
-അതെയതെ. പക്ഷേ എത്ര പറഞ്ഞാലും നമ്മുടെ പാര്‍ട്ടിക്കാര്‍ക്ക് അത് മനസ്സിലാവില്ല.
 പിന്നെ എന്തുവന്നാലും ഞാന്‍ വിട്ടുകൊടുക്കാന്‍ തയ്യാറല്ല കേട്ടൊ                
-പാര്‍ട്ടി നടപടി വന്നാലും?
-എന്തുതന്നെ വന്നാലും
-ദെന്‍ ഗോ എഹെഡ് കൃഷ്‌ണേട്ടാ. എല്ലാ ഭാവുകങ്ങളും നേരുന്നു. അപ്പൊ കൃഷ്‌ണേട്ടന്          എന്താ അറിയേണ്ടത്? ശിവദാസന്‍ സാറിന്റെ വീട്ടിലേക്കുള്ള വഴി അല്ലേ
-അതെ

        വഴി പറഞ്ഞുകൊടുത്തശേഷം ബിആര്‍ ചോദിച്ചു:
-അതുപോട്ടെ. എന്തിനാ ഇപ്പൊ ശിവദാസന്‍ സാറിനെ കാണുന്നത്?
-മുമ്പ് പറഞ്ഞതുമായി ബന്ധപ്പെട്ടുതന്നെ
-മനസ്സിലായില്ല
-ഇതിങ്ങനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ഞാന്‍ നടേ പറഞ്ഞല്ലൊ. പക്ഷേ
 നിര്‍ഭാഗ്യവശാല്‍ എന്റെ ആവനാഴീലെ അമ്പാ തീര്‍ന്നു
-അതും മനസ്സിലായില്ല
-ശിവദാസന്‍ സാറിന്റെ വൊക്കാബുലറിയില്‍ നല്ല മണിമണിപോലത്തെ കൊളോക്ക്യല്‍ പദങ്ങള്‍ ധാരാളം സ്‌റ്റോക്കുള്ളതായി കേട്ടിട്ടുണ്ട്. അതീന്ന് കൊറച്ച് കളക്റ്റ് ചെയ്യണം !!!

Saturday, April 15, 2017

ഭൂസുരേന്ദ്രന്‍



ഭൂസുരേന്ദ്രൻ

ഉറക്കമില്ലായ്മക്കുള്ള ചികിത്സക്കായി നൂറ്റിപ്പതിനഞ്ചും കഴിഞ്ഞ് നൂറ്റിപ്പതിനാറാമത്തെ ഡോക്ടറെ കാണാനെത്തിയിരിക്കയാണ് എൻബി പരമേശ്വരൻ തിരുമേനി.
ടെർമിനേറ്റർ സിനിമയിലെ നായകന്റെ പേരാണ് ഡോക്ടർക്ക്- ആർണോൾഡ് ശിവ്ശങ്കർ!
പ്രിസ്ക്രിപ്ഷൻ പാഡിലേക്ക് നോക്കിക്കൊണ്ട് ആർണോൾഡ് ചോദിച്ചു:
-എന്താ പേര്?
-എൻബി പരമേശ്വരൻ
-വാലുണ്ടോ?
-നമ്പൂതിരിയാണ്
-വയസ്സ്?
-52
-എന്താ സൂക്കേട്?
-ച്ചാൽ ഒറക്കല്ല്യായ
-എത്ര ദിവസായി തൊടങ്ങീട്ട്?
-അങ്ങനെ ദിവസം കൃത്യമായി പറയാൻ പറ്റ് ല്ല്യ. എത്ര കാലായി എന്നു ചോദിച്ചാ പറയാം
-എത്ര കാലായി?
-കുമാരനായിരിക്കുമ്പൊ തൊടങ്ങീതാണ്
-മനസ്സിലായില്ല
-കൌമാരകാലം തൊട്ടേന്നർത്ഥം
-ദിവസോം തേച്ച് കുളിക്കാറുണ്ടോ?
-പിന്നില്ലേ
-നോൺ വെജിറ്റേറിയൻ ഫുഡ് കഴിക്കാറുണ്ടോ?
-എന്റെ പേര് കേട്ടിട്ട് ഇങ്ങനെ ചോദിക്കാൻ ഡോക്ടർക്ക് എങ്ങനെ തോന്നി?
-സോറി. പുക വലിക്കാറുണ്ടോ?
-അയൽവക്കത്ത് പ്ലാസ്റ്റിക്ക് കത്തിക്കുമ്പൊ മാത്രം
-മദ്യപാനം?
-ഞങ്ങൾ ഭൂസുരന്മാർക്ക് അത് നിഷിദ്ധാണ്
-വെറ്റില മുറുക്കാറുണ്ടോ?
-ഉണ്ടായിരുന്നു. ഇപ്പൊ അതും നിർത്തി
                        അനുബന്ധമായി ചോദിച്ച ചോദ്യത്തിന്റെ ഉത്തരം കൂടി കേട്ടപ്പോൾ മൂന്നുമാസം കഴിഞ്ഞ് വരാൻ പറഞ്ഞ് ആർണോൾഡ് ശിവ് ശങ്കർ എൻബിയെ പറഞ്ഞുവിട്ടു.
                       
 അനുബന്ധ ചോദ്യവും ഉത്തരവും ഇതായിരുന്നു:
-മുറുക്ക് നിർത്തീട്ട് ഏതാണ്ട് എത്ര കാലമായി ക്കാണും?
-ലാസ്റ്റ് മുറുക്കീത് ഇന്നു രാവിലെ 7 മണിക്കാണ് !!!

Thursday, April 6, 2017

എളുപ്പവഴിയില്‍ ഒരു ക്രിയ

സത്യം പറഞ്ഞാല്‍ അത്  ഒരല്  ചെന്ന് മദ്ദളത്തിന്റടുത്ത് കംപ്ലെയ്ന്റ് ലോഡ്ജ് ചെയ്തതുപോലെയായി.
എന്തൊക്കെ കസര്‍ത്ത് കാണിച്ചിട്ടും ഹൈറ്റിനൊത്ത വെയ്റ്റ് ഗെയ്ന്‍ ചെയ്യുന്നില്ലെന്നാണ് കംപ്ലെയ്ന്റ്.
വാടാനപ്പിള്ളിക്കാരന്‍ സിപ്രനാണ് പരാതിക്കാരന്‍.
സങ്കടനിവൃത്തി വരുത്തിത്തരുവാന്‍ സിപ്രന്‍ കേണപേക്ഷിക്കുന്നതാകട്ടേ, കണക്കിന്റെ കാലസ്വരൂപനായ സാക്ഷാല്‍ എന്‍ബി പരമേശ്വരന്‍ തിരുമേനിപ്പാടിനോടും!
         നിനക്ക് എനിക്ക് എന്ന് എല്ലാവരും ചോദിച്ചുവാങ്ങുന്ന താംബൂലമിശ്രിതം ഇടതുകൈയിലെ
നടുവിരലിനും ചൂണ്ടുവിരലിനുമിടയിലൂടെ ചീറ്റിച്ചുവിട്ടശേഷം തിരുമേനി പറഞ്ഞു:
-ച്ചാല്‍ വഴീണ്ട്
-പെരുവഴീലാക്കരുത്
-ഹൈറ്റിനൊത്തെ വെയ്റ്റ് വേണംന്നല്ലേള്ളൂ?
-അതേ
-ആട്ടെ, എത്ര്യാപ്പൊ സിപ്രന്റെ ഹൈറ്റ്?
-5 അടി 10 ഇഞ്ച്
-ത്രാസില്‍ കേറി നിന്നാല്‍ എത്ര കിലോ തൂങ്ങും?
-59 കിലോന്‍
-വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ കണക്കു പ്രകാരം 5 അടി 10 ഇഞ്ചിന് എത്ര കിലോ തൂങ്ങണം?
-66 കിലോ
-59 കിലോന്റെ കറസ്‌പോണ്ടിങ് ഹൈറ്റ് എത്ര വരും?
-5 അടി 6 ഇഞ്ച്
-ദെന്‍ ഇറ്റീസ് വെരി സിമ്പ്ള്‍ മൈ ഡിയര്‍ വാട്‌സണ്‍
-ച്ചാലോ
-അടിയന്തിരമായി ഹൈറ്റ് 4 ഇഞ്ച് കൊറയ്ക്കാനൊള്ള വഴി നോക്ക്വന്നെ!!!



Friday, March 10, 2017

ഗണിതം മൂര്‍ദ്ധനിസ്ഥിതം



ഗണിതം മൂദ്ധനിസ്ഥിതം!

ഉറക്കത്തിന്റെ കാര്യത്തിൽ ഒരു കള്ളനാണയത്തിന്റെ ഇരുവശങ്ങളാണ് ആർ.കണ്ണനും എൻബി പരമേശ്വരൻ തിരുമേനിയും.
സാക്ഷാൽ കുംഭകർണ്ണന്റെ അളിയനായിട്ടുവരും കണ്ണൻ. ച്ചാൽ ദിവസവും രാത്രി 8 മണിക്ക് ഉറങ്ങാൻ കിടന്നാൽ  കൃത്യം 12 മണിക്കൂർ കഴിഞ്ഞ് പിറ്റേന്ന് രാവിലെ 8 മണിക്കേ ഉറക്കമുണരൂ.
എൻബീടെ കാര്യം പിന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലൊ.
ഉറക്കമില്ലായ്മക്ക് കോട്ടയത്തെ ഏതോ മനയ്ക്കൽ രണ്ടാഴ്ച താമസിച്ച് ചികിത്സിച്ചതും എൻബിയെ ഉറക്കമിളച്ചിരുന്ന് ചികിത്സിച്ചുചികിത്സിച്ച് അവിടത്തെ ചീഫ് തിരുമേനി ഉറക്കമില്ലായ്മക്ക് മെഡിക്കൽ കോളേജിൽ അഡ്മിറ്റായതും മറ്റും അത്രവേഗം മറക്കാനാവില്ലല്ലൊ
ഇപ്പോൾ ഇതു പറയാൻ കാര്യമെന്തെന്നാൽ-
കഴിഞ്ഞ ഫെബ്രുവരി 28ന് പാതിരാത്രി 12 മണി കഴിഞ്ഞതും ആർ. കണ്ണന് ഒരു ഫോൺ കോൾ വരുന്നു.
കുംഭകർണ്ണന്റളിയൻ അന്നേരം സമ്പൂർണനിദ്രയിലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ആദ്യം  റിങ് ചെയപ്പോൾ ആശാൻ അറിഞ്ഞതേയില്ല.
രണ്ടാമത്  റിങ് ചെയ്തപ്പോൾ  അത് ക്ലോക്കിലെ മണിയടിക്കുന്നതാണെന്നു കരുതി.
മൂന്നാമതും മണിയടിച്ചപ്പോൾ കണ്ണുരണ്ടും പിച്ചിപ്പൊളിച്ച്തുറന്ന് കണ്ണൻ ഫോണെടുത്തു:
-ഹലോ
-കണ്ണനല്ലേ
-അതേ
-ഇത് എൻബിയാണ്
-എന്തേ. മുറുക്കാൻ തീർന്നുപോയോ?
-അതല്ലാന്ന്. ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകതീണ്ട്. അതെന്താന്നറിയ്യ്യോ കണ്ണന്?
-ഇന്ന്ന്ന് പറയുമ്പോ..
-മാർച്ച് 1
-ഓർമ്മ വരണ് ല്ല്യാ
-എന്റെ കണ്ണാ. ഇന്ന് ലോക ഗണിതദിനല്ലേ
-തന്നെ?
-അതറിയില്ലല്ലേ. അക്കൌണ്ടാപ്പീസിലെ വല്ല്യ അക്കൌണ്ടന്റാണുപോലും.
“ യഥാ ശിഖ മയൂരാണാം
നാഗാണാം മണിയോ തഥ
യത് വത് വേദാന്തശാസ്ത്രാണാം
ഗണിതം മൂർദ്ധനിസ്ഥിതം”
ഈ സ്ലോഗന്റെ അർത്ഥറിയ്യോ തനിക്ക്?
-ഇല്ല
-മയിലിന് ശിഖ പോലെയും നാഗത്തിന് മണിപോലെയും വേദാന്തശാസ്ത്രങ്ങൾക്ക് മൂർദ്ധാവാണ് ഗണിതം എന്നർത്ഥം.
-ശിവ ശിവ! ഏതായാലും ഈ സമയത്ത് എന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞുതരാൻ അങ്ങേക്ക് തോന്നിയത് എന്റെ മുജ്ജന്മസുകൃതം കൊണ്ടാണെന്ന് ഞാൻ കരുതുകയാണ്. എന്നാപ്പിന്നെ ഞാൻ ഒറങ്ങിക്കോട്ടെ?
അന്നേരം വരട്ടെ വരട്ടെ എന്നും പറഞ്ഞ് എൻബി ഒരു ചോദ്യം ചോദിച്ചു. അതു കേട്ടതും ഗ്യാസ് ട്രബ്‌ൾ എന്ന ബിആർ കഥയിലെ സഹരാജൻ നായരെപ്പോലെ എൻബീടെ കൊന്നിക്കിട്ട് രണ്ട് പൊട്ടിക്കാനാണ് കണ്ണന് തോന്നിയത്
എൻബീടെ ചോദ്യം ഇതായിരുന്നു:
“അപ്പഴേയ്. ഈ പാതിരാനേരത്ത് ഒറക്കൊഴിച്ചിരുന്ന് അവ്ടെ എന്തെടുക്ക്വാ?” !!!

 (ഗ്യാസ് ട്രബ്ൾ-ൽ ക്ലിക്കുക)

Thursday, February 23, 2017

സംഭാവന !

കുറൂരെ സൂമാരന്‍ തിരുമേനി പറഞ്ഞതാകയാല്‍ നേരാവാതിരിക്കാന്‍ വഴിയില്ലാതില്ല.....

ഒരു ചിങ്ങമാസപ്പുലരിയില്‍ വകയില്‍ പെട്ട അമ്മായീടെ മോന്റെ കല്യാണത്തിന് ഡെല്‍ഹിയില്‍ പോകാന്‍ വേണ്ടി തൃശ്ശിവപേരൂര്‍ റെയില്‍വേസ്റ്റേഷനില്‍ തീവണ്ടി കാത്തുനില്‍ക്കുകയാണ് എന്‍ബിയും തല്‍പുത്രന്‍ നാലുവയസ്സുകാരന്‍ വിഷ്ണുവും.
പല വണ്ടികളും സ്റ്റേഷനില്‍ നിര്‍ത്തുകയും വിട്ടുപോകുകയും ചെയ്യുന്നുണ്ട്.
ആയതിന്റെ അനൗണ്‍സ്‌മെന്റുകളും അനുസ്യൂതം കേള്‍ക്കുന്നുണ്ട്.
അങ്ങനെയിരിക്കെ വിഷ്ണു എന്‍ബിയോട് ചോദിക്കയാണ്:
-അച്ഛാ, ഈ തീവണ്ട്യോളൊക്കെ ഏതെങ്കിലും ആനകള് സംഭാവന ചെയ്യണതാണോ?
ഇതുകേട്ടതും നെഞ്ചത്ത് കൈ വെച്ചുകൊണ്ട് എന്‍ബി പറഞ്ഞു:
-ന്റെ വിഷ്ണൂ, ഒന്നു പതുക്കെപ്പറ. ആളോള് കേള്‍ക്കും. നമ്പൂരിമാരില്‍ പൊട്ടരില്ല എന്നാണ് പഴഞ്ചൊല്ല്.  നീയായിട്ട് അത് പൊളിക്കരുത്. ആട്ടെ, എന്താപ്പൊ അങ്ങന്യൊരു സംശയം?
-അല്ലാ അച്ഛാ, ഓരോ വണ്ടി വരുമ്പോഴും ആ ചേച്ചി അങ്ങനെ  വിളിച്ചുപറയണ്‌ണ്ടേയ്
-എങ്ങനെ?
-'ആനേ കി സംഭാവനാ ഹേ' ന്ന് !!!

Sunday, December 4, 2016

THE TRUE PATRIOT



THE TRUE PATRIOT

ഇന്നലെ ബിആറിന്  കാടമുട്ട ഫെയിം ഷഷീടെ വക ഒരു എസ്.എം.എസ് കിട്ടി.
മെസേജ് ഇതായിരുന്നു:
‘’Dear BR, Being a true patriot and in tune with Government Policy, I joined the cashless group with effect from yesterday”
എന്താണാവോ കവി ഉദ്ദേശിച്ചത് എന്നറിയാൻ ബിആർ  ഉടൻ ഷഷിക്ക് ഫോൺ ചെയ്തു.
ഭാഗ്യവശാൽ  ഒന്നും ചോദിക്കേണ്ടിവന്നില്ല.
എല്ലാം ഷഷിയുടെ റിംഗ്ടോണിലുണ്ടായിരുന്നു
ആ പഴയ സിനിമാപ്പാട്ടിന്റെ ഈരടിയായിരുന്നു ഷഷിയുടെ പുതിയ റിംഗ്ടോൺ:
“ നയാപൈസയില്ലാ കയ്യിൽ നയാപൈസയില്ലാ!!!




(Please give a click on കാടമുട്ട. 
പൊട്ടാതെ നോക്കണേ...!)

Tuesday, November 1, 2016

ഷഷിയണ്ണനുണ്ടോ  ഹ്രസ്വവും ദീര്‍ഘവും !

വീട്ടില്‍നിന്ന് ശ്രീമതി എഴുതി കൊടുത്തയച്ച ഒരു നെടുനെടുങ്കന്‍ ലിസ്റ്റുമായിട്ടാണ് കാടമുട്ട ഫെയിം ഷഷിയണ്ണന്‍ സ്റ്റോറിലെത്തുന്നത്.
ആര്‍.കണ്ണനായിരുന്നു കൗണ്ടറില്‍.
സാധനങ്ങള്‍ ഓരോന്നായി സെലെക്റ്റ് ചെയ്ത് ബാസ്‌കറ്റ് നിറക്കുന്നതിനിടയില്‍ ഷഷിയണ്ണന്‍ ആര്‍. കണ്ണനോട്  ചോദിച്ചു:
-അതേയ് കണ്ണാ, ടൂത്ത് പൗഡറ് ലൂസുണ്ടോ?
തേട്ടിവന്ന ദേഷ്യം കടിച്ചമര്‍ത്തി കണ്ണന്‍ പറഞ്ഞു:
-ഇവിടെ ലൂസിന്റെ പരിപാടി ഇല്ലെന്നറിഞ്ഞൂടേ

കണ്ണനോട് സോറി പറഞ്ഞ് ഷഷി തെരഞ്ഞെടുപ്പ് തുടര്‍ന്നു.
ലിസ്റ്റ് കംപ്ലീറ്റായപ്പോള്‍ ബാസ്‌കറ്റ് തൂക്കിയെടുത്ത് കണ്ണന്റടുത്ത് ചെന്ന് ബില്ലടിക്കാന്‍ പറഞ്ഞു.

ബില്ലിന്റെ പകുതിയെത്തിയപ്പോഴാണ് കണ്ണന്‍ അതു ശ്രദ്ധിക്കുന്നത് - 200 ഗ്രാമിന്റെ നമ്പൂതിരീസ് ടൂത്ത്പൗഡര്‍ 5 എണ്ണമെടുത്തു വെച്ചിരിക്കുന്നു ഷഷിയണ്ണന്‍ !
ഇതെന്താ ഷഷിയണ്ണന്റെ വീട്ടില്‍ ഇതുവരെ പല്ലുതേപ്പൊന്നുമുണ്ടായിട്ടില്ലേ...കണ്ണന്‍ ആദ്യം ആത്മഗതം പറഞ്ഞു. പിന്നെ സംശയം തീര്‍ക്കാന്‍ വേണ്ടി പ്രകാശമായി ഷഷിയോട് ചോദിച്ചു:
-ഇതെന്താ ഷഷിയണ്ണാ, 200 ഗ്രാമിന്റെ ടൂത്ത്പൗഡറ് 5 എണ്ണമെടുത്തുവെച്ചിട്ടുണ്ടല്ലൊ. തെറ്റിയെടുത്തതാണോ?
-അല്ലല്ല. അതേയ്, പറഞ്ഞ സാധനം മുഴുവന്‍ വാങ്ങിക്കൊണ്ടുചെന്നില്ലെങ്കില്‍ എന്നെ വീട്ടീക്കേറ്റത്തില്ല.

കണ്ണന്റെ സംശയം അപ്പോഴും തീര്‍ന്നില്ല.
അത് തികച്ചും സ്വാഭാവികമാണല്ലൊ. ആരും കാണിക്കാത്ത പണിയല്ലേ ഷഷി കാണിച്ചേക്കണത്....
ഏതായാലും സംഗതി ഒന്നു കണ്‍ഫേം ചെയ്‌തേക്കാമെന്നു കരുതി കണ്ണന്‍ ഷഷീടെ കയ്യിലെ ലിസ്റ്റ് വാങ്ങി വായിച്ചുനോക്കി.
അതില്‍ ടൂത്ത് പൗഡര്‍ എന്ന ഒരു ഐറ്റമേയുണ്ടായിരുന്നില്ല!
ഉണ്ടായിരുന്ന ഒരൈറ്റം ഷഷിയണ്ണന്‍ എടുത്തിട്ടുമില്ല...
ആ ഐറ്റം ഇതായിരുന്നു:
പാല്‍പ്പൊടി: 1 കിലോ !!!


(Please give a click on കാടമുട്ട. 
പൊട്ടാതെ നോക്കണേ...!)