പോക്കറ്റടി
-ജീയെസ്സ് അറിഞ്ഞിരുന്നോ
നമ്മുടെ നന്ദന് പോക്കറ്റടിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കിട്ടിയ കാര്യം?
-പോക്കറ്റടിയില്‍ പി ജി ഡിപ്ലോമയോ? ആദ്യായിട്ട് കേള്‍ക്കാണ്!
-ഹിപ്നോട്ടിസം എന്നോ മറ്റോ ആണ് അതിന് ഇംഗ്ലീഷില്‍ പറയുന്നത്.
-ഞാനറിഞ്ഞില്ല. എവിടെന്നാണ് കിട്ടിയത്?
-ഓണ്‍ലൈന്‍ വഴിയാണ് തരാക്കീത്
-ഏതാ യൂണിവേഴ്സിറ്റി?
-അണ്ണമല അണ്ണാമല എന്നാണ് പാട്ടില്‍ പറയുന്നത്
-എന്നിട്ട് ഓന്‍ പ്രാക്റ്റീസ് ചെയ്ത് തൊടങ്ങ്യോ
-തൊടങ്ങി
-എങ്ങനെയാണ്. മറ്റേ പ്ലസ് ടൂ പിള്ളേര് ചെയ്ത പോലെ തല കുനിച്ചുനിര്‍ത്തി
കഴുത്തിലെ കുതിഞരമ്പില്‍ ക്ലിപ്പിട്ടാണോ പരിപാടി?
-അല്ലല്ല. ഇതങ്ങനല്ല. ഈച്ചപൂച്ചയറിയില്ല
-സാക്ഷ്യമുണ്ടോ
-ഉണ്ടല്ലൊ. ഇന്നലെ പുള്ളിക്കാരന്‍റെ അടുത്തിരുന്ന് ഊണുകഴിച്ചുകൊണ്ടിരുന്ന
പാവം ഏപ്പി മോഹനന്‍റെ പോക്കറ്റീന്ന് മോഹനനറിയാതെ 500 രൂപ അടിച്ചുമാറ്റി സ്വന്തം പേരില്‍
സംഘടനയ്ക്ക് സംഭാവന കൊടുത്തു!
-അതു കൊള്ളാം. പിന്നെ പോളിടെക്നിക്കിലൊന്നും പോയിട്ടില്ലെങ്കിലും
അത്യാവശ്യം ഹിപ്നോട്ടിസമൊക്കെ എനിക്കും അറിയാം, കേട്ടോ ബി ആര്‍.
-അതെങ്ങനെ പഠിച്ചു?
-നാല്‍പത്തൊന്നു ദിവസത്തെ നിരന്തരമായ സാധനകൊണ്ട്. നിത്യാഭ്യാസിക്ക്
ഊരകം ശിവശങ്കരനെ എടുത്ത് പൊക്കാന്‍ പറ്റുംന്നല്ലേ പഴഞ്ചൊല്ല്?
-പഠിച്ചത് പ്രയോഗിച്ച ഒരു സന്ദര്‍ഭം പറയാമോ?
-പറയാം. 73ലെ 45 ദിവസത്തെ പെന്‍ഡൗണ്‍ സ്ട്രൈക്ക്. ആ സമരത്തിന്‍റെ
ഒരു രീതി എന്താണെന്നുവെച്ചാല്‍ നമ്മള്‍ രാവിലെ വന്ന് അറ്റന്‍ഡന്‍സ് റെജിസ്റ്ററില്‍
ഒപ്പിടും. പക്ഷേ റെജിസ്റ്റര്‍ സെക് ഷനില്‍ തന്നെ ഇരിക്കും. ആപ്പീസര്‍ക്ക് പോവില്ല.
കാരണം അതങ്ങോട്ട് കൊണ്ടുപോകാനുള്ള പ്യൂണും സമരത്തിലാണ്. അങ്ങനെയിരിക്കുമ്പോള്‍ ഒരു
ദിവസം ഞാനറിഞ്ഞു, ഒരു സെക് ഷനീന്ന്
മാത്രം അറ്റന്‍ഡന്‍സ് റെജിസ്റ്റര്‍ കൃത്യമായി ആപ്പീസറുടടുത്തേക്ക് പോകുന്നുണ്ടെന്ന്!
എന്നിലെ വാച്ച് ഡോഗ് ഉണര്‍ന്നു. പിറ്റേന്ന് അല്‍പം ദൂരെ പമ്മിനിന്ന് ഞാന്‍ സംഗതി കണ്ടുപിടിച്ചു; പത്തേകാലാവുമ്പൊ സെക് ഷനിലെ സൂപ്രണ്ട് (പേര് മറന്നു. അഥവാ പേരില്ല) അറ്റന്‍ഡന്‍സ്
റെജിസ്റ്റര്‍ നന്നായി ചുരുട്ടി പേന്‍റിന്‍റെ പോക്കറ്റിലാക്കി മണിച്ചിത്രത്താഴിലെ ഇന്നസെന്‍റ്
തമ്പ്യളിയോ തമ്പ്യളിയോ എന്നും വിളിച്ച് ഇടം
വലം നോക്കി ഓതിരം കടകം തിരിഞ്ഞ് ഭാര്‍ഗവീ നിലയത്തീന്ന് പുറത്തുകടക്കുന്നതുപോലെ ഒരു
പോക്കാണ് ആപ്പീസറുടെ മുറിയിലേക്ക്!
അതിന്‍റെ പിറ്റേന്ന് മുതലുണ്ടല്ലൊ, ഓരോ ദിവസവും സൂപ്രണ്ട് ആപ്പീസറുടെ മുറിയില്‍
ചെന്ന് പേന്‍റിന്‍റെ പോക്കറ്റില്‍ കൈയിട്ട് നോക്കുമ്പോളുണ്ടല്ലൊ,
പോക്കറ്റ് ശൂന്യ് ശൂന്യ് ശൂന്യ്!
അതിന്‍റെ പിന്നില്‍ ഈ ഞാനായിരുന്നു...