ഗ്രെയ്റ്റ്
എസ്കെയ്പ്പ് !
(രണ്ട്
പതിറ്റാണ്ട് മുമ്പ് എഴുതിയതാണ്. അതുകൊണ്ടുതന്നെ ഇതിൽ പറയുന്ന കാര്യങ്ങൾ എങ്ങനെ
സംഭവിച്ചു എന്ന് ഇപ്പോൾ ഓർമ്മയില്ല. സൂക്ഷ്മാംശങ്ങൾ പ്രോട്ടഗണിസ്റ്റ് തന്നെ സംഭാവന
ചെയ്തതായിരിക്കണം. അതല്ലാതെ ഇങ്ങനെ വന്യമായി ചിന്തിക്കാൻ ആർക്കും പറ്റില്ലല്ലൊ)
അന്ന്
പാണക്കാട്ട് ചെന്ന് ശിഹാബ് തങ്ങളുടെ കാലുതൊട്ട് വന്ദിച്ച് പൊന്നാനിയിൽ പോയി
തൊപ്പിയുമിട്ട് ചെറിയ കുഞ്ഞിക്കോയ എന്ന പേരും സ്വീകരിച്ച് ടിപ്പുസുൽത്താന്റെ തറവാട്ടുവക
കപ്പലിൽ ലക്ഷദ്വീപുകൾ ലക്ഷ്യമാക്കി യാത്ര തിരിക്കുമ്പോൾ നായർ സാബ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊക്കെ
സംഭവിക്കുമെന്ന്.
ലക്ഷദ്വീപുകളുടെ
തലസ്ഥാനമായ കവരത്തിയിൽ പേ ആൻഡ് അക്കൌണ്ട്സ് ആപ്പീസിലെ അരമണിക്കൂർ നേരത്തെ അമിതാ
ദ്ധ്വാനം കഴിഞ്ഞാൽ ഒന്നുകിൽ മനോരാജ്യം കാണുകയോ അതല്ലെങ്കിൽ അത് വായിക്കുകയോ
മാത്രമായിരുന്നു സാബിന്റെ ഹോബി.
ഒരുദിവസം –കൃത്യമായി
പറഞ്ഞാൽ ആഗസ്റ്റ് മാസം 11ന്- നടേ പറഞ്ഞവ രണ്ടും ചെയ്തുകഴിഞ്ഞിട്ടും പിന്നേയും സമയം
ബാക്കിയായപ്പോൾ മുന്നൂറ്ററുപതു ഡിഗ്രി കറങ്ങുന്ന കസേരയിൽ ചാരിയിരുന്ന് ‘
ഇന്നെന്റെയിണക്കിളി അക്കരേ.....ഇടനെഞ്ഞുപൊട്ടി ഞാൻ ഇക്കരേ....’ എന്ന മൂളിപ്പാട്ടും
പാടി താളവും പിടിച്ചിരിക്കയായിരുന്നു നായർജി. അന്നേരമാണ് അഡ്മിനിസ്ട്രേട്ടറുടെ
ആപ്പീസിലെ സീനിയർ സൂപ്രണ്ട് വലിയ പാറ്റക്കോയ കടന്നുവന്നത്.
സാബിനെ ഒന്നു
ചൂടാക്കാൻ വേണ്ടി അയാൾ പറഞ്ഞു: അസലാമു അലൈക്കും.
സാബുണ്ടോ
വിട്ടുകൊടുക്കുന്നു: വ്വ, ആലൈക്കും
അസലാം.
(ഹമുക്കേ,
നീ എന്നെ അലക്കിയാൽ ഞാൻ
നിന്നേം അലക്കും!)
അതുകേട്ടപ്പോൾ ഒരു ചെറുചിരിയോടെ
പാറ്റക്കോയ തുടർന്നു:
-സർ,
ഒരു പ്രത്യേക കാര്യം പറയാനാണ്
ഞാൻ വന്നത്
-പറയൂ
-ഇന്ന് ആഗസ്റ്റ് 11. സ്വാതന്ത്ര്യം
കിട്ടാൻ ഇനി മൂന്നേമൂന്ന് ദിവസമേ ബാക്കിയുള്ളൂ.
-അപ്പൊ കൊല്ലം കൊല്ലം ഇവിടേയും
സ്വാതന്ത്ര്യം കിട്ടാറുണ്ടോ?
-ഉവ്വ്
- ആഗസ്റ്റ് പതിനാലാന്തി
അർദ്ധരാത്രിയ്ക്കന്നെ?
-തന്നെ
-ശരി. അതിന് ഞാനെന്തുവേണം?
-പരേഡ് നടത്തണം
-ങ്ഹേ! ഞാനോ?
-അല്ല സർ. അതിന് ഞങ്ങൾ സി ആർ പി ക്കാരെ
ഏർപ്പാടാക്കീട്ട്ണ്ട്. മൂന്ന് കമ്പനീണ്ട് ഇവിടെ. വെറുതെ ചൊറിയും കുത്തി ഇരിപ്പാണ്.
നാളെയാണ് ഡ്രസ്സിട്ട റിഹേഴ്സൽ
-എന്റെ റോളെന്താണെന്ന് പാറ്റക്കോയ ഇനിയും
പറഞ്ഞില്ല
-സാർ സല്യൂട്ട് സ്വീകരിക്കണം
-ഞാനോ? അഡ്മിനിസ്ട്രേറ്ററല്ലേ
അതിന്റെയാള്?
-ഇത് കേവലം ഡ്രസ്സ് റിഹേഴ്സലല്ലേ സർ. അതിൽ
അഡ്മിനിസ്ട്രേറ്ററുടെ തൊട്ടു താഴെയുള്ളയാൾ സല്യൂട്ട് സ്വീകരിക്കണമെന്നാണ്
പ്രോട്ടോക്കോൾ.
-നല്ല കോള്! ഇനി മറ്റേത്
പരിശോധിക്കണമെന്നു കൂടി പറഞ്ഞേക്കല്ലെ കേട്ടോ. അതെനിക്കറിയില്ല
-ഏത് മറ്റേത്?
-ഗാഡ് ഓഫ് ഓണർ.
-ഇല്ല സർ. അത്
അഡ്മിനിസ്ട്രേറ്റർ നേരിട്ട് ചെയ്തോളും.
അങ്ങനെ
ആഗസ്റ്റ് 12ന് രാവിലെ 10 മണിയായപ്പോഴേക്കും ലക്ഷദ്വീപിലെ എല്ലാ വഴികളും ജവഹർ ലാൽ
നെഹ്രു വക കോളേജിന്റെ ഗ്രൌണ്ടിലേക്കായി. ആബാലവൃദ്ധം ജനങ്ങളും ഹാജരായിട്ടുണ്ട്
ചടങ്ങുകൾ കാണാൻ.
വെയിലിന് സാമാന്യം നല്ല ചൂടുണ്ടായിരുന്നു.
ഗ്രൌണ്ടിന്റെ ഈശാനകോണിൽ ഓല കെട്ടിമേഞ്ഞ പൊഡിയത്തിലാണ് നായർ സാബിന്റെ ഇരിപ്പിടം.
പത്തരയായപ്പോഴേക്കും
പടിഞ്ഞാറുഭാഗത്തുനിന്ന് ആന കുതിര കാലാൾപ്പടകൾ അടിവെച്ചടിവെച്ച് വരാൻ തുടങ്ങി.
ലെഫ്റ്റനന്റ് കൊളോണൽ ത്രിലോചൻ സിങ്ങാണ്
കാലാൾപ്പടയുടെ ക്യാപ്റ്റൻ.
നാലടി നീളമുള്ള ഒരു വാളും കൈയിലേന്തിയാണ്
നായകന്റെ നടപ്പ്. പൊഡിയത്തിനു മുന്നിലെത്തിയപ്പോൾ ത്രിലോചൻ ഹാൾട്ടടിച്ചു. പിന്നെ
കായംകുളം വാൾ സ്വന്തം മൂക്കിനുനേരെ ഭൂമിയ്ക്ക് ലംബമായി പിടിച്ച് അറ്റൻഷനായി. വടിവാളിൽ
പതിച്ച സൂര്യകിരണങ്ങൾ നാല്പത്തഞ്ചുഡിഗ്രി വെട്ടിത്തിരിഞ്ഞ് നേരെ പൊഡിയത്തിലിരിക്കുന്ന
നായർജിയുടെ മുഖത്തുപോയി പതിച്ചു. സാബിന്റെ കണ്ണ് മഞ്ഞളിച്ചുപോയി.
സ്വാഗതപ്രസംഗം സമാരംഭിച്ചു. അതങ്ങനെ നീണ്ടുനീണ്ടുപോകവേ
മുകുന്ദന്റെ എതോ കഥയിൽ പറയുന്നപോലെ പെട്ടെന്ന്
ത്രിലോചനനിൽ ‘എന്തോ സംഭവിച്ചു’!
ത്രിലോചൻ നിന്നു വിറയ്ക്കാൻ തുടങ്ങി. വിറയൽ
തുള്ളലായി മാറി. അടുത്ത നിമിഷം ‘ഹുയ്യ...ഹൂയ്...’ എന്നൊരലർച്ചയോടെ കൈയിലെ വാളുമായി
പൊഡിയത്തിലിരിക്കുന്ന നായർ സാബിന്റെ അടുത്തേയ്ക്ക്
പാഞ്ഞു!
പിന്നെ കണ്ടത് നായർജിയുടെ ഒരു റിഫ്ലക്സ് ആക്ഷ്
ഷനാണ്.
പണ്ട് നായർപട്ടാളത്തിൽ റാപ്പിഡ് ആക് ഷൻ വിഭാഗത്തിൽ
സേവനമനുഷ്ഠിച്ചിട്ടുള്ള സാബ് രണ്ടാമതൊന്നാലോചിക്കാതെ പത്തൊമ്പതാമത്തെ അടവെടുത്തു.
ഓട്ടത്തിൽ നായർ സാബിനെ വെട്ടിക്കാൻ നായർ സാബിനേ
കഴിയൂ. (ഈ ഓട്ടവുമായി കമ്പെയർ ചെയ്യുമ്പോൾ ഓട്ടം ഓഫ് ദ പാട്രിയാർക്ക് വെറും ചവറ്!)
പക്ഷേ സർദാർജിയും മോശക്കരനായിരുന്നില്ല. ഹെലിപാഡിലെത്തുമ്പോൾ
സാബും ത്രിലോചനും തമ്മിലുള്ള ഡിസ്റ്റൻസ് കേവലം നാലംഗുലമായിരുന്നു!
ഒരു മിനിറ്റുകൂടി വൈകിയിരുന്നെങ്കിൽ എന്തുതന്നെ
സംഭവിക്കുമായിരുന്നില്ല?
പറന്നുയരാൻ തുടങ്ങിയ ഹെലിക്കോപ്റ്ററിന്റെ
കോക്ക്പിറ്റ് ലക്ഷ്യമാക്കിയാണ് നായർജി ചാടിയത്. പിടി കിട്ടിയതാകട്ടെ അതിന്റെ അടിയിലെ
പിടിയിലും. ത്രിലോചനും ഒപ്പം ചാടിയെങ്കിലും പിടി കിട്ടിയത് സാബിന്റെ ഇടം കാലിലാണ്.
ഇണ്ടനമ്മാവൻ ഇടങ്കാലിലെ ചെളി സ്വന്തം വലം കാലുകൊണ്ടു തുടച്ചപോലെ ഒന്നു തുടച്ചപ്പോൾ
ഗുരുത്വാകർഷണം മൂലം ത്രിലോചൻ ദാണ്ടെ കിടക്കുന്നു താഴെ! (അന്നേരം നായർ സാബ് ഐസക് ന്യൂട്ടണ്
മനസ്സിൽ നന്ദി പറഞ്ഞു)
കോളിളക്കത്തിലെ ജയനെപ്പോലെ യന്ത്രപ്പക്ഷിയുടെ
അടിപ്പടിയിൽ ഞാന്നുകിടന്നുകൊണ്ടുള്ള ആ ഗഗന സഞ്ചാരവും പിന്നെ കൊച്ചിൻ എയർ പോർട്ടിലെ
ആ ബെല്ലി ലാൻഡിങ്ങും ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ലെന്നാണ് നായർ സാബ് പറയുന്നത്.
അങ്ങനെയൊക്കെ ആയിട്ടുള്ളതായിട്ടുള്ള മധുരമനോജ്ഞ ലക്ഷദ്വീപിനെയാണ് ഈ പോടാ പട്ടേൽ കടലിനുള്ളിലെ കുളമാക്കിക്കൊണ്ടിരിക്കുന്നത് എന്നത് എത്രമേൽ സങ്കടകരം!!!
ReplyDelete